അറഫയിലെ പ്രവാചകന്‍ (സ)യുടെ മനുഷ്യാവകാശ പ്രഖ്യാപനം

 

By:Islam Onlive

 

ഹിജ്‌റ വര്‍്ഷം പത്തില്‍ നബി തിരുമേനി ഹജ്ജ് നിര്‍വഹിച്ചു. حقوق الإنسانകൂടെ ലക്ഷത്തിലേറെ അനുയായികളുമുണ്ടായിരുന്നു. പ്രവാചക ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ഹജ്ജായിരുന്നു അത്. അറഫാ മലയിലെ ‘ഉര്‍നാ’ താഴ്‌വരയില്‍ വെച്ച് നബി തിരുമേനി, വിശ്വാസികളുടെ മഹാ സാഗരത്തെ അഭിമുഖീകരിച്ച് സംസാരിച്ചു. ‘ഖസ്‌വാ’ എന്ന തന്റെ ഒട്ടകപ്പുറത്തിരുന്നു നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രഭാഷണം ജനം കേള്‍ക്കാനായി റാബിഅഃതു ബിന്‍ ഉമയ്യ അത്യുച്ചത്തില്‍ ആവര്‍്ത്തിക്കുകയായിരുന്നു. ‘വിടവാങ്ങല്‍ പ്രസംഗം’ എന്ന പേരിലറിയപ്പെടുന്ന ഈ അറഫാ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു:

‘ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക. ഇനി ഒരിക്കല്‍ കൂടി ഇവിടെ വെച്ച് നിങ്ങളുമായി സന്ധിക്കാന്‍ സാധിക്കുമോയെന്ന് എനിക്കറിയില്ല.’ ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അന്ത്യനാള്‍ വരെ പവിത്രമാണ്. ഈ മാസവും ഈ ദിവസവും പവിത്രമായ പോലെ. തീര്‍ച്ചയായും നിങ്ങള്‍ നിങ്ങളുടെ നാഥനെ കണ്ടുമുട്ടും. അപ്പോള്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങളെക്കുറിച്ച് നിങ്ങളോടു ചോദിക്കും. ഈ സന്ദേശം നിങ്ങള്‍ക്കെത്തിച്ചു തരികയെന്ന ചുമതല ഞാന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. അല്ലാഹുവേ, നീയിതിനു സാക്ഷി! ‘വല്ലവരുടെയും വശം വല്ല അമാനത്തുമുണ്ടെങ്കില്‍ അത് അതിന്റെ അവകാശികളെ തിരിച്ചേല്‍പിച്ചുകൊള്ളട്ടെ. എല്ലാ പലിശ ഇടപാടുകളും ഇന്നു മുതല്‍ നാം ദുര്‍ബലമാക്കിയിരിക്കുന്നു. എന്നാല്‍ മൂലധനത്തില്‍ നിങ്ങള്‍ക്കവകാശമുണ്ട്. അതിനാല്‍ നിങ്ങള്‍ക്കൊട്ടും നഷ്ടം പറ്റുകയില്ല. പലിശ പാടില്ലെന്ന് അല്ലാഹു വിധിച്ചു കഴിഞ്ഞു. ആദ്യമായി എന്റെ പിതൃവ്യന്‍ അബ്ബാസിന് കിട്ടാനുള്ള പലിശയിതാ ഞാന്‍ റദ്ദുചെയ്യുന്നു. അനിസ്‌ലാമിക കാലത്തെ എല്ലാ കുടിപ്പകയും ഇന്നത്തോടെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. അനിസ്‌ലാമിക കാലത്തെ എല്ലാവിധ കുലമഹിമകളും പദവികളും ഇതോടെ അസാധുവാക്കിയിരിക്കുന്നു. ജനങ്ങളേ, നിങ്ങള്‍ക്ക് സ്ത്രീകളോട് ചില ബാധ്യതകളുണ്ട്. അവര്‍ക്ക് നിങ്ങളോടും. നിങ്ങള്‍ക്കിഷ്ടമില്ലാത്തവരെ നിങ്ങളുടെ വിരിപ്പ് സ്പര്‍ശിക്കാന്‍ അവരനുവദിക്കരുത്. വ്യക്തമായ നീച വൃത്തികള്‍ ചെയ്യുകയുമരുത്. സ്ത്രീകളോട് നിങ്ങള്‍ ദയാപുരസ്സരം പെരുമാറുക. അവര്‍ നിങ്ങളുടെ ആശ്രിതരും പങ്കാളികളുമാണ്. അല്ലാഹുവിന്റെ അമാനത്തായാണ് നിങ്ങളവരെ വിവാഹം ചെയ്തത്. ജനങ്ങളേ, വിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. തന്റെ സഹോദരന്‍ മനസ്സംതൃപ്തിയോടെ തരുന്നതല്ലാതെ ആര്‍ക്കും ഒന്നും അനുവദനീയമല്ല. അതിനാല്‍ നിങ്ങളന്യോന്യം ഹിംസകളിലേ്‌പ്പെടാതിരിക്കുക. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ സത്യനിഷേധികളാകും. ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക; വളരെ വ്യക്തമായ കാര്യം ഇവിടെ വിട്ടേച്ചാണ് ഞാന്‍ പോകുന്നത്. അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയുമാണത്. ജനങ്ങളേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാം ഒരേ പിതാവിന്റെ മക്കളാണ്. നിങ്ങളെല്ലാം ആദമില്‍ നിന്നുള്ളവരാണ്. ആദമോ മണ്ണില്‍നിന്നും. അതിനാല്‍ അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ ഒട്ടും ശ്രേഷ്ഠതയില്ല. ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ. അല്ലാഹുവേ, ഞാന്‍ ഈ സന്ദേശം എത്തിച്ചുകൊടുത്തില്ലേ? അല്ലാഹുവേ, നീയിതിനു സാക്ഷി. അറിയുക: ഈ സന്ദേശത്തിന് സാക്ഷിയായവര്‍ അത് ലഭിക്കാത്തവര്‍ക്ക് എത്തിച്ചുകൊടുക്കട്ടെ.’

Related Post