വിശ്വാസവും നിശ്ചയദാര്‍ഢ്യവും

 മുസ്തഫാ റിയാദ്

പവിത്രമായ റമദാന്‍ നമ്മെ കുളിരണിയിച്ചിരിക്കുന്നു. വിശ്വാസം പുതുക്കുന്നതിന്റെയും അല്ലാഹുവിനോടുള്ള ബാധ്യതയില്‍ തനിക്കുപറ്റിയ വീഴ്ചകള്‍ വിശ്വാസി വിലയിരുത്തുന്നതിന്റെയും മാസമാണ് അത്. തിന്മകളില്‍ നിന്ന് സ്വയം ശുദ്ധീകരിക്കാനും, നന്മകള്‍ ഇരട്ടിപ്പിക്കാനും വിശ്വാസി റമദാനില്‍ ശ്രമിക്കുന്നു. തന്റെ ആത്മീയമായ ബാറ്ററി ചാര്‍ജുചെയ്യാനുള്ള അവസരമാണ് വിശ്വാസിക്ക് റമദാന്‍. അശ്രദ്ധയിലും വികാരങ്ങള്‍ക്കടിപ്പെട്ടും നമസ്‌കരിക്കാതെയും കഴിച്ചുകൂട്ടിയ നിമിഷങ്ങളുടെ പേരില്‍ അവര്‍ ഖേദം പ്രകടിപ്പിക്കുന്നു. പാപമോചിതനായി പുറത്തുവരാന്‍ വിശ്വാസിക്ക് നല്‍കിയ അവസരമാണ് റമദാന്‍. ‘വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി റമദാനില്‍ നോമ്പനുഷ്ഠിച്ചവന്റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെട്ടിരിക്കുന്നു’ എന്നാണ് നബിതിരുമേനി(സ) അരുള്‍ ചെയ്തത്.
ഈ മഹത്തായ അവസരം ലഭിക്കുകയും പാപങ്ങള്‍ പൊറുക്കപ്പെടാതിരിക്കുകയും ചെയ്തവന്‍ അമ്പേ പരാജിതനാണ്! അവന്‍ തന്നെയാണ് തികഞ്ഞ ദൗര്‍ഭാഗ്യവാന്‍. അവനെതിരില്‍ ജിബ്‌രീല്‍ പ്രാര്‍ത്ഥിക്കുകയും പ്രവാചകന്‍(സ) ആമീന്‍ ചൊല്ലുകയും ചെയ്തിരിക്കുന്നു. ആകാശത്തിലെ വിശ്വസ്തന്റെ പ്രാര്‍ത്ഥനയ്ക്ക് ഭൂമിയിലെ വിശ്വസ്തന്റെ ആമീന്‍.

ശുദ്ധീകരണത്തിനും പാപമോചനത്തിനുമുള്ള അവസരമാണ് റമദാന്‍. പ്രവാചകന്‍(സ)യുടെ പ്രഭാഷണം ഹദീസ് ഗ്രന്ഥങ്ങളില്‍ ഇപ്രകാരം വന്നിരിക്കുന്നു ‘അനുഗ്രഹത്തിന്റെ മാസമായ റമദാന്‍ നിങ്ങളില്‍ വന്നണഞ്ഞിരിക്കുന്നു. അല്ലാഹു അവന്റെ കാരുണ്യത്താല്‍ റമദാനില്‍ നിങ്ങളെ പൊതിയുകയും പാപങ്ങള്‍ മായ്ചുകളയുകയും പ്രാര്‍ത്ഥന സ്വീകരിക്കുകയും ചെയ്യുന്നു. അല്ലാഹു നന്‍മകള്‍ക്കായുള്ള നിങ്ങളുടെ മത്സരം വീക്ഷിച്ചുകൊണ്ട് മാലാഖമാര്‍ക്ക് മുന്നില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് നന്മ കാണിച്ചുകൊടുക്കുക. റമദാനില്‍ അല്ലാഹുവിന്റെ കാരുണ്യം തടയപ്പെട്ടവനാണ് അങ്ങേയറ്റം ദൗര്‍ഭാഗ്യവാന്‍’.
റമദാനെത്തിയാല്‍ ‘പാപങ്ങളെ ശുദ്ധീകരിക്കുന്നവന് സ്വാഗതം’ എന്നുപറഞ്ഞാണ് പൂര്‍വസൂരികള്‍ അതിനെ വരവേല്‍ക്കാറുണ്ടായിരുന്നത്. പാപങ്ങളില്‍ നിന്നും ഹൃദയത്തെ ശുദ്ധീകരിക്കാനും അവയില്‍ നിന്ന് കുളിച്ചുകയറാനുമായിരുന്നു അവര്‍ റമദാനെ ഉപയോഗിച്ചിരുന്നത്. അതിനാല്‍ തന്നെ സദുദ്ദേശ്യത്തോടും സത്യസന്ധമായ ദൃഢനിശ്ചയത്തോടും കൂടിയായിരുന്നു അവരതിന് വേണ്ടി തയ്യാറായിരുന്നത്. പക്ഷേ, വര്‍ത്തമാനകാലത്ത് നാം ഏറ്റവും സ്വാദിഷ്ടമായ വിഭവങ്ങളൊരുക്കിയാണ് റമദാനെ വരവേല്‍ക്കുന്നത്. റമദാന് വേണ്ടി ഒരുങ്ങുന്ന വിശ്വാസികളെ നാം കമ്പോളങ്ങളിലും തെരുവുകളിലുമാണ് കാണുന്നത്. മറ്റുമാസങ്ങളില്‍ ഭക്ഷിക്കുന്നതിന്റെയും ചെലവഴിക്കുന്നതിന്റെയും എത്രയോ ഇരട്ടിയാണ് റമദാനില്‍ മുസ്‌ലിംകള്‍ ഭക്ഷിക്കുകയും ചെലവഴിക്കുകയും ചെയ്യുന്നു.
റമദാനിലെ നോമ്പിലൂടെയാണ് ഉമ്മത്ത് തഖ്‌വ ആര്‍ജിക്കുന്നത്. വിശ്വാസി ഭക്ഷണത്തില്‍ നിന്ന് നോമ്പനുഷ്ഠിക്കുന്നു. വയറും ലൈംഗികാവയവും മറ്റ് അവയവങ്ങളും മാത്രമല്ല നോമ്പനുഷ്ഠിക്കുന്നത്. ആക്ഷേപവും ഏഷണിയും പരദൂഷണവും മുഖേന നാവ് നോമ്പുമുറിക്കുന്നു. നിഷിദ്ധങ്ങള്‍ വീക്ഷിച്ച് കണ്ണുകള്‍ നോമ്പുമുറിക്കുന്നു. അശ്ലീല ഗാനങ്ങള്‍ കേട്ട് ചെവികള്‍ നോമ്പുമുറിക്കുന്നു.
നിശ്ചയദാര്‍ഢ്യത്തെ  കരുപ്പിടിപ്പിക്കാനുള്ള മാസമാണ് റമദാന്‍. ക്ഷമകൊണ്ട് അര്‍ത്ഥമാക്കുന്നത് ദൃഢനിശ്ചയമുണ്ടാക്കുകയെന്നതാണ്. എങ്ങനെയാണ് ക്ഷമിക്കുകയെന്നും ദൃഢനിശ്ചയം രൂപവത്കരിക്കുകയെന്നും നാം റമദാനില്‍ നിന്ന് പഠിക്കേണ്ടിയിരിക്കുന്നു. ദൈവബോധം സദാ നിലനിര്‍ത്തുന്നതിനായി  റമദാനില്‍ നമ്മുടെ മനസ്സിനെ ഒരുക്കേണ്ടിയിരിക്കുന്നു. മാലാഖമാരോട് മത്സരിക്കാന്‍ നമ്മുടെ ആത്മാക്കളെ തയ്യാറാക്കിനിര്‍ത്തേണ്ടിയിരിക്കുന്നു.
നന്മയില്‍ മല്‍സരിക്കാനുള്ള സദുദ്ദേശ്യത്തോടും സത്യസന്ധമായ തീരുമാനത്തോടും കൂടി നാം റമദാനെ സ്വീകരിക്കണം. ഏറ്റവും നന്നായി നോമ്പനുഷ്ഠിക്കുകയും നമസ്‌കരിക്കുകയും ചെയ്യേണ്ടതുണ്ട്. ഇസ്‌ലാമിക ജീവിതത്തിന്റെ വസന്തമാണ് റമദാന്‍. വിജ്ഞാനവും മനനവും ചേര്‍ന്ന്  ബുദ്ധി സചേതനമാകുന്ന സന്ദര്‍ഭമാണത്. ഹൃദയം വിശ്വാസവും ആരാധനയും കൊണ്ടലങ്കൃതമാവുന്ന നിമിഷങ്ങളാണത്. പരസ്പരസന്ദര്‍ശനവും, നോമ്പുതുറ സല്‍കാരവും മുഖേന കുടുംബബന്ധം ദൃഢതരമാകുന്ന ദിനങ്ങളാണവ. ദരിദ്രരെയും അഗതികളെയും അന്നം നല്‍കി പരിചരിക്കുന്ന സാമൂഹികകെട്ടുറപ്പിന്റെ പ്രഘോഷണമാണത്.
റമദാനില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളേണ്ട നിര്‍ണായകമായ സാഹചര്യത്തിലാണ് ഇന്ന് മുസ്‌ലിം സമുദായം ഉള്ളത്. വിശ്വാസികള്‍ക്കും ശത്രുക്കള്‍ക്കുമിടയില്‍ ധാരാളം പോരാട്ടങ്ങള്‍ നടന്ന മാസമാണ് ഇത്. വിശ്വാസികള്‍ വിജയിക്കുകയും, പ്രസ്തുത പോരാട്ടങ്ങളിലൂടെ ഖുര്‍ആന്റെ സന്ദേശം ലോകത്ത് പരക്കുകയും ചെയ്തു .
നമ്മുടെ ആത്മാവിനെ വിശ്വാസവും, ദൃഢനിശ്ചയവും കൊണ്ട് ബലപ്പെടുത്തേണ്ട സന്ദര്‍ഭമാണിത്. നമ്മുടെ നാഥനോടുള്ള ബന്ധം നാം സുദൃഢപ്പെടുത്തേണ്ടിയിരിക്കുന്നു. ഒരിക്കലും അറ്റുപോവാത്ത ദൃഢമായ പാശം നാം മുറുകെ പിടിക്കേണ്ടിയിരിക്കുന്നു. മുസ്‌ലിം ഉമ്മത്തിനെ ഗ്രസിച്ച ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് അതിന്റെ അശ്രദ്ധയാണ്. റബ്ബിനെക്കുറിച്ച് അശ്രദ്ധരായ, നാഥനെ വിസ്മരിച്ച സമൂഹത്തിന് ഒരിക്കലും വിജയിക്കാനാകില്ല.

Related Post