മനുഷ്യന് സാഹോദര്യബോധം നല്‍കിയത് ഇസ്‌ലാം – ലിന്റാ ദില്‍ഗാഡോ,,,
ഇപ്പോള്‍ അമ്പത്തിയേഴ് വയസുതികഞ്ഞ ക്രിസ്ത്യന്‍വനിതയാണ് ഞാന്‍. അഞ്ചുവര്‍ഷംമുമ്പാണ് ഇസ് ലാംസ്വീകരിച്ചത്. ഏതെങ്കിലും ക്രൈസ്തവസഭയില്‍ ഞാന്‍ അംഗമായിരുന്നില്ല. ശരിയായ സത്യം എവിടെയാണ് എന്നതായിരുന്നു ജീവിതകാലം മുഴുവന്‍ അന്വേഷി്ച്ചുകൊണ്ടിരുന്നത്. ഒരുപാട് ചര്‍ചുകളില്‍ പോവുകയും അവിടെയുള്ള അധ്യാപകരുമായി സംസാരിക്കുകയും ചെയ്തു. അതെല്ലാം പക്ഷേ യാതൊരുഗുണവും ചെയ്തില്ല.
എനിക്ക് ഒമ്പതുവയസുള്ളപ്പോള്‍ തൊട്ട് കൃത്യമായി ബൈബിള്‍ വായിക്കുമായിരുന്നു. എന്റെ സത്യാന്വേഷണപരീഷണം അന്നേയുണ്ട്. കുറേവര്‍ഷങ്ങള്‍ ആഴ്ചയില്‍ രണ്ടുപ്രാവശ്യം പാതിരിയോടൊപ്പം കത്തോലിക്കാമതത്തെപ്പറ്റി പഠിച്ചു. പക്ഷേ,കത്തോലിക്കാവിശ്വാസം ഉള്‍ക്കൊള്ളാനായില്ല. പിന്നീട് യഹോവസാക്ഷികളുടെ ചര്യകളെ പഠിച്ചു. അതും എനിക്ക് സ്വീകാര്യമായില്ല. മോര്‍മോണുകളുടെയും യഹൂദരുടെയും ചര്യകളെ പ്പറ്റി പഠിച്ചു. പ്രൊട്ടസ്റ്റന്റ് സഭാചര്‍ച്ചുകളില്‍പോയി അവരുമായി സംശയനിവാരണങ്ങള്‍നടത്തി. പക്ഷേ തൃപ്തികരമായ ഉത്തരം എങ്ങുനിന്നുംലഭിച്ചില്ല.
യേശു ദൈവമല്ലെന്നും അദ്ദേഹം ഒരു പ്രവാചകനാണെന്നും എന്റെ ഹൃദയം മന്ത്രിച്ചുകൊണ്ടിരുന്നു. ആദമുംഹവ്വയും ചെയ്തതെറ്റിന് അവര്‍മാത്രമാണ് ഉത്തരവാദിയെന്ന് ഞാനറിഞ്ഞു. ദൈവത്തോടുമാത്രമേ പ്രാര്‍ഥിക്കാവൂ എന്ന് ആത്മാവ് കല്‍പിച്ചു. എന്റെ നല്ലതുംചീത്തയുമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഞാന്‍തന്നെ ഉത്തരവാദിയായിരിക്കുമെന്ന് അന്തരംഗം എന്നെയുണര്‍ത്തി. എനിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് പറയാന്‍ ദൈവംമനുഷ്യരൂപം സ്വീകരിച്ച് പ്രത്യക്ഷപ്പെടില്ലെന്ന് എനിക്കു ബോധ്യമായി. ദൈവമെന്തിന് മനുഷ്യനായി വന്ന് മരണംവരിക്കണം?!
ഇത്തരത്തില്‍ ഒട്ടേറെ സംശയങ്ങളും ആശയക്കുഴപ്പങ്ങളുമായി ഞാന്‍ സദാ ദൈവത്തോട് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. സത്യം കണ്ടെത്താനാകാതെ മരണപ്പെട്ടേക്കുമോയെന്നുപോലും ഭയപ്പെട്ടു തുടങ്ങി. പിന്നെ സദാ സമയവും പ്രാര്‍ഥനതന്നെയായിരുന്നു. മിഷണറിമാരില്‍നിന്നും സുവിശേഷകരില്‍നിന്നും എനിക്കുലഭിച്ച മറുപടി ഇതായിരുന്നു: ‘ഇതെല്ലാം ദുരൂഹങ്ങളാണ്’. ദൈവമെന്താണെന്നോ, അവന്റെ കഴിവുകളെന്തെന്നോ എന്നുമുള്ള യാഥാര്‍ഥ്യമറിയാതെ ജനങ്ങള്‍ ഭൂമിയില്‍ ജീവിച്ച് സ്വര്‍ഗത്തില്‍ പ്രവേശിച്ചോട്ടെ എന്ന് ദൈവം നിശ്ചയിച്ചുറപ്പിച്ചതുപോലെയായിരുന്നു അവരുടെ വര്‍ത്തമാനം.
നാലുവര്‍ഷത്തിനുമുമ്പ് പോലീസ് സര്‍വീസിലെ നീണ്ട 24 വര്‍ഷത്തെ സേവനത്തിനുശേഷം ഞാന്‍ വിരമിച്ചു. ഭര്‍ത്താവും പോലീസ് ഓഫീസറായിരുന്നു. ആഗോളതലത്തില് പോലീസ് ഓഫീസര്‍മാര്‍ തമ്മില്‍ പരസ്പരം സഹോദരി-സഹോദരബന്ധം പുലര്‍ത്തിയിരുന്നു. അത് രാജ്യാന്തരഅതിര്‍ത്തികള്‍ പ്രശ്‌നമല്ല. ഞങ്ങള്‍ എന്തുക്രമസമാധാനപ്രശ്‌നമുണ്ടായാലും പരിഹാരത്തിനായി പരസ്പരം സഹായിച്ചിരുന്നു.
അങ്ങനെയിരിക്കെ ഒരു സംഘം സൗദി പോലീസ് ഉദ്യോഗസ്ഥര്‍ പരിശീലനത്തിനായി ഞാന്‍താമസിക്കുന്ന അമേരിക്കന്‍ പട്ടണത്തിലെത്തി. ഇംഗ്ലീഷ് ഭാഷയും അമേരിക്കന്‍ ചിട്ടവട്ടങ്ങളും പഠിക്കുന്നതിനായി ഹോംസ്‌റ്റേ താമസസൗകര്യം നോക്കുകയായിരുന്നു അവര്‍. ആ സമയത്ത് എന്റെ മകന്‍ തന്റെ ഒരുമകളുമൊത്ത് ഒറ്റക്ക് താമസിക്കുകയായിരുന്നു. എന്റെ വീടിനടുത്തായാണ് അവര്‍ക്ക് താമസമൊരുക്കിയിരുന്നത്. ഞാന്‍ ഭര്‍ത്താവുമായി സംസാരിച്ച് സൗദിസംഘത്തിന് താമസസൗകര്യം നല്‍കാനുറച്ചു. അപ്പോഴാണ് അവര്‍ മുസ് ലിംകളാണെന്ന വിവരം എനിക്കുലഭിച്ചത്. എന്നിലെ ആകാംക്ഷ അലതല്ലി.
അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ സൗദി ഭാഷാവിവര്‍ത്തകന്‍ തന്റെ കൂടെ അബ്ദുല്‍ എന്നെ യുവപോലീസുകാരനെയും കൂട്ടി ഞങ്ങളെ കാണാന്‍ വന്നു. അയാള്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാനറിയില്ലായിരുന്നു. ഞങ്ങള്‍ അബ്ദുലിന് ബെഡ്‌റൂമും അനുബന്ധസൗകര്യങ്ങളും കാട്ടിക്കൊടുത്തു.അയാളുടെ പെരുമാറ്റംനിറഞ്ഞ പെരുമാറ്റവും മറ്റും എന്റെ ഹൃദയംകവര്‍ന്നു.
പിന്നീട് വന്നത് ഫഹദ് എന്ന യുവപോലീസുകാരനായിരുന്നു. തികഞ്ഞ നാണംകുണുങ്ങിയായിരുന്നു അയാളെങ്കിലും ആകര്‍ഷകവ്യക്തിത്വമായിരുന്നു അയാളുടേത്. ഞാന്‍ അവരുടെ അധ്യാപികയായി പലകാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. സൗദി-അമേരിക്കന്‍ പോലീസ് വകുപ്പുകള്‍, സൗദി അറേബ്യ, ഇസ്‌ലാം എന്നിവ അതില്‍ കടന്നുവന്നു. ഇംഗ്ലീഷ് പഠിക്കാന്‍ എന്റെ നാട്ടില്‍വന്ന ആ പതിനാറുപേരും പരസ്പരം സഹകരിച്ചും സഹായിച്ചും കഴിഞ്ഞുകൂടിയത് ഞാന്‍ നിരീക്ഷിച്ചു.
അവരിവിടെയായിരുന്ന സമയത്ത് അമേരിക്കന്‍ സംസ്‌കാരം അവരുടെ ജീവിതത്തില്‍ കടന്നുവരാതെ അവര്‍ വിശുദ്ധിപുലര്‍ത്തിയത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. അത് എന്നില്‍ അവരോട് വല്ലാത്ത മതിപ്പുണ്ടാക്കി. അവര്‍ വെള്ളിയാഴ്ചകളില്‍ പള്ളിയില്‍ പോയി. എത്ര ക്ഷീണിതരാണെങ്കിലും നമസ്‌കാരം കൃത്യമായി നിര്‍വഹിച്ചു. ഭക്ഷണകാര്യത്തില്‍ ഹറാമുകളെ അകറ്റിനിര്‍ത്തി. ചില സൗദി വിഭവങ്ങള്‍ എങ്ങനെയുണ്ടാക്കാമെന്ന് അവരെന്നെ പഠിപ്പിച്ചു. അറബ് മാര്‍ക്കറ്റുകളിലും റസ്റ്റോറന്റുകളിലും അവരെന്നെ കൊണ്ടുപോയി. എന്റെ പേരക്കുട്ടിയെ അവര്‍ താലോലിച്ചു. വാത്സല്യപൂര്‍വം തലോടി. അവള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. തമാശകള്‍ പറഞ്ഞ് അവളെ ചിരിപ്പിച്ചു.എന്നോടും ഭര്‍ത്താവിനോടും ആദരവോടും ഭവ്യതയോടും പെരുമാറി. എനിക്കെന്തെങ്കിലും വാങ്ങിക്കൊണ്ടുവരേണമോ എന്ന് അവര്‍ മാര്‍ക്കറ്റില്‍ പോകുമ്പോഴൊക്കെ അന്വേഷിച്ചിരുന്നു.
ഒരു നാള്‍ അവരുടെ അടുക്കല്‍ ഖുര്‍ആനുണ്ടോയെന്ന് ഞാന്‍ ചോദിച്ചു. അവര്‍ വാഷിങ്ടണ്‍ ഡിസിയിലെ സൗദി എമ്പസിയില്‍നിന്ന് ഇംഗ്ലീഷ് പരിഭാഷ കൊണ്ടുവന്ന് നല്‍കി. കൂട്ടത്തില്‍ ചില വീഡിയോകളും ലഘുലേഖകളും നല്‍കി. എന്റെ അപേക്ഷയിന്‍മേല്‍ ഞങ്ങള്‍ പരസ്പരം ഇസ് ലാമിനെക്കുറിച്ച് സംസാരിക്കാന്‍ ആരംഭിച്ചു. അവര്‍ക്ക ് എല്ലാം ഇംഗ്ലീഷില്‍ സംസാരിക്കേണ്ടതുണ്ടായിരുന്നു. അവരുടെ പഠനത്തിന്റെ ഭാഗമായിരുന്നു അത്.
അവര്‍ പഠനം കഴിഞ്ഞ് സ്വദേശത്തേക്ക് പോകാന്‍ സമയമായി. അവര്‍ക്ക് ഗംഭീരമായ ഒരു വിരുന്നുനല്‍കാന്‍ ഞാന്‍ തീരുമാനിച്ചു. അറേബ്യന്‍ വിഭവങ്ങള്‍ ഞാന്‍ വാങ്ങിക്കൊണ്ടുവന്നു. കൂട്ടത്തില്‍ ഒരു അബായയും പര്‍ദയും വാങ്ങിച്ചു. ഒരു മുസ് ലിംസഹോദരിയെന്നനിലയില്‍ അവരെന്നെ പരിഗണിച്ചോട്ടെ എന്നുകരുതിയായിരുന്നു അത്.
ഞങ്ങള്‍ ഭക്ഷണംകഴിക്കാന്‍തുടങ്ങുംമുമ്പ് ഞാന്‍ ശഹാദത് കലിമ ചൊല്ലി. വിസ്മയംപൂണ്ട ആ ചെറുപ്പക്കാര്‍ സന്തോഷഭരിതരായി കരയുകയും പുഞ്ചിരിക്കുകയുംചെയ്തു. വര്‍ഷങ്ങളായുള്ള എന്റെ പ്രാര്‍ഥനയ്ക്ക് ഉത്തരമായാണ് ആ ചെറുപ്പക്കാരെ അല്ലാഹു അയച്ചതെന്ന് ഞാനിന്നും വിശ്വസിക്കുന്നു. ഇസ് ലാമിനെ എന്റെ വീട്ടിലേക്ക് കൊണ്ടുവന്നത് അല്ലാഹുവായിരുന്നു. എന്നോട് കാണിച്ച കാരുണ്യത്തിനും ദയാവായ്പിനും അവനോട് ഞാന്‍ നന്ദിയുള്ളവനാണ്.
മാറ്റങ്ങള്‍ക്ക് മാറ്റമില്ല
ഒരാഴ്ച കഴിഞ്ഞപ്പോള്‍ എന്റെ സൗദിചെറുപ്പക്കാര്‍ വീട്ടിലേക്ക് മടങ്ങി. അവരെ കാണാതെ എന്റെ മനസ്സില്‍ ഒരു വിഷാദംതളംകെട്ടി. എന്നാലും മനസ്സ് സന്തോഷഭരിതമായിരുന്നു. അടുത്തുള്ള പള്ളിയില്‍ പോയി രജിസ്റ്റര്‍ചെയ്തു. മുസ് ലിംസഹോദരങ്ങളില്‍നിന്ന് വളരെ ഊഷ്മളമായ സ്‌നേഹം ഞാന്‍ പ്രതീക്ഷിച്ചു. എല്ലാ മുസ്‌ലിംകളും സൗദിചെറുപ്പക്കാരെപ്പോലെയാണെന്ന് ഞാന്‍ തെറ്റുധരിച്ചു.
എന്റെ കുടുംബമാകട്ടെ , ഞെട്ടിത്തരിച്ചുനില്‍ക്കുകയായിരുന്നു. അല്‍പനാളത്തേക്കുള്ള ഒരു ഭ്രാന്തുമാത്രമാണെന്ന് എന്റേതെന്ന് അവര്‍ കരുതി. എന്റെ കൗമാരകാലത്ത് ഞാന്‍ പല വിശ്വാസധാരയിലും കടന്നുചെന്നിരുന്നുവല്ലോ. എന്റെ ജീവിതത്തിലെ മാറ്റങ്ങള്‍ പക്ഷേ അവരെ അമ്പരപ്പിച്ചു. ഭര്‍ത്താവ് എന്റെ ആശയങ്ങളോട് യോജിക്കുന്നയാളായിരുന്നു. വീട്ടില്‍ ഇനിമുതല്‍ ഹലാല്‍ഭക്ഷണം വാങ്ങിയാല്‍മതി എന്ന തീരുമാനത്തോട് അദ്ദേഹം യോജിച്ചു.
എന്റെ കുടുംബത്തോട് ഇസ്‌ലാമിനേക്കുറിച്ചും എന്റെ പരിവര്‍ത്തനത്തെക്കുറിച്ചും വിവരിച്ചുകൊണ്ട് കത്തെഴുതി. ഇസ് ലാമിന്റെ അടിസ്ഥാനതത്ത്വങ്ങളെക്കുറിച്ച് ചിലത് അതില്‍ കുറിച്ചിരുന്നു. ജോലിയില്‍നിന്ന് ഒഴിവുകിട്ടുമ്പോള്‍ അടുത്തുള്ള പള്ളിയില്‍പോയി ഇസ് ലാമിന്റെ അടിസ്ഥാനതത്ത്വങ്ങളെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന ക്ലാസില്‍ പങ്കെടുക്കും.
വിശ്വാസിനിയായി ആറുമാസംകഴിഞ്ഞിട്ടും പള്ളിയില്‍ എന്റെ സഹോദരിമാര്‍ വലിയ അടുപ്പമൊന്നുംകാട്ടിയില്ല. ഞാന്‍ നിരാശയായി. അന്യനാട്ടുകാരിയെപ്പോലെ എനിക്ക് തോന്നിത്തുടങ്ങി. ഞാനാകെ വിഷമിച്ചു. സമുദായപ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായി പങ്കെടുക്കാന്‍ ഔത്സുക്യംകാട്ടി. സൗദി യുവാക്കള്‍ പരസ്പരം പുലര്‍ത്തിയിരുന്ന സൗഹൃദവും സഹകരണവും ഞാനേറെ ആഗ്രഹിച്ചു.
പള്ളിയിലെ പല കര്‍മങ്ങളിലും പ്രത്യേകിച്ച് നമസ്‌കാരങ്ങളിലും അതിന്റെ അനുഷ്ഠാനമുറകളില്‍ ഞാന്‍ പല അബദ്ധങ്ങളും ചെയ്തിരുന്നു. ഒരു പരിപാടിയില്‍ പങ്കെടുക്കവേ ഇടതുകൈ കൊണ്ട് ഭക്ഷിച്ചിരുന്നു. കയ്യില്‍ നെയില്‍പോളീഷ് ഇട്ടിട്ടുണ്ടായിരുന്നു. വുദു ക്രമത്തിലായിരുന്നില്ല. ആളുകള്‍ എന്നെ ശകാരിച്ചു. അതോടെ എന്റെ ധൈര്യം ചോര്‍ന്നുപോയി.
ഒരിക്കല്‍ ഇന്റെര്‍നെറ്റിലൂടെ പരിചയപ്പെട്ട കൂട്ടുകാരിയുടെ അടുക്കല്‍നിന്ന് എനിക്ക് ഒരു പാക്കേജ് ലഭിച്ചു. അതില്‍ അബായയും സില്‍ക് കാലുറകളും ഹിജാബും കൂട്ടത്തില്‍ കത്തുമുണ്ടായിരുന്നു. കുവൈറ്റിലാണ് അവളുടെ വീട്. സൗദിയില്‍നിന്ന് മറ്റൊരു സഹോദരി എനിക്ക് കൈത്തുന്നലിലുണ്ടാക്കി നമസ്‌കാരകുപ്പായം നല്‍കി. ബഹിഷ്‌കൃതയായോ എന്ന തോന്നലുണ്ടാകുമ്പോഴൊക്കെ എന്നെ ആശ്വസിപ്പിക്കുന്ന ഒരു കുറിപ്പ് ഞാനോര്‍ക്കുന്നു. ‘മുസ്‌ലിംകളെ കണ്ടുമുട്ടുംമുമ്പ് ഇസ് ലാംസ്വീകരിക്കാനായി എന്നതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. ‘ ഇതൊരു ആക്ഷേപമല്ല. ഇസ്‌ലാം സമ്പൂര്‍ണമാണെന്നതിന്റെ സാക്ഷ്യമാണത്. മുസ് ലിംകളാണ് ഇസ് ലാമിലേക്ക് പൂര്‍ണമായും കടന്നുവരാത്തതെന്നതിന്റെ തെളിവാണത്. എനിക്ക് ഒട്ടേറെ തെറ്റുകുറ്റങ്ങള്‍ പറ്റിയതുപോലെ മറ്റുസഹോദരങ്ങള്‍ക്കും തെറ്റുപറ്റുന്നുണ്ട്. സാഹോദര്യബോധമാണ് ഇസ് ലാം മനുഷ്യരാശിക്ക് പകര്‍ന്നുതന്ന ഏറ്റവും വലിയ അനുഗ്രഹമെന്ന് ഞാന്‍ വിചാരിക്കുന്നു.
ഞാന്‍ മുസ് ലിമായതിനെ ഉള്‍ക്കൊള്ളാന്‍ എന്റെ കുടുംബംതയ്യാറായി. പരീക്ഷണഘട്ടങ്ങളില്‍ അതിനെയെല്ലാം തരണംചെയ്യാന്‍ കഴിഞ്ഞതില്‍ അല്ലാഹുവിന് നന്ദിയര്‍പിക്കുന്നു.
ശാരീരിമായി കൂടുതല്‍ അവശതയായതോടെ സമുദായപ്രവര്‍ത്തനങ്ങള്‍ക്ക് പോകാന്‍ കഴിയാതെയായി. അതോടെ ഒരു ഒറ്റപ്പെടല്‍ അനുഭവിച്ചു. അറബി ഉച്ചാരണം പരമാവധിശരിയാക്കാന്‍ പരിശ്രമിക്കുകയാണിപ്പോഴും.
കുറച്ച് നാള്‍കഴിഞ്ഞ് ചെറിയ അധ്യായങ്ങള്‍ കാണാതെ പഠിച്ചെടുത്തു. പിന്നീട് രണ്ടുകൊല്ലംകൊണ്ട് അത്യാവശ്യം ചിലപ്രാര്‍ഥനകള്‍ പഠിച്ചെടുത്തു.
ഇസ് ലാമിക് റോസ് ബുക്‌സ് എന്ന പേരില്‍ മുസ് ലിം-അമുസ് ലിം ഭേദമന്യേ ചെറുപ്പക്കാരുടെയും യുവതികളുടെയും ഇസ് ലാം അനുഭവങ്ങളെയും മറ്റുംകുറിക്കുന്ന പുസ്തകം എഴുതിത്തുടങ്ങി. മുസ് ലിംഎഴുത്തുകാരികളെ പിന്തുണച്ചുകൊണ്ട് ഈ-മെയില്‍ ഗ്രൂപുണ്ടാക്കി അവരെ പ്രോത്സാഹിപ്പിച്ചു. പുസ്തകപ്രസാധനരംഗത്തേക്ക് കാലുവെച്ചു. അതിന്റെ ലാഭവിഹിതത്തില്‍നിന്ന് കുട്ടികളുടെ ലൈബ്രറിയിലേക്കാവശ്യമായ പുസ്തകങ്ങല്‍ വാങ്ങിനല്‍കി. ഇസ് ലാമിനെക്കുറിച്ച് ഇനിയും ഒട്ടേറെ അറിയാനിരിക്കുന്നു. ഇസ് ലാമികചരിത്രത്തിലെ യുഗപുരുഷന്‍മാരെക്കുറിച്ച വായനയിലാണിപ്പോള്‍. ഇസ് ലാമിലേക്കുള്ള യാത്ര തുടര്‍ന്നുകൊണ്ടിരിക്കുന്നു. പരീക്ഷണങ്ങള്‍ ഇനിയും പ്രതീക്ഷിക്കുകയാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ.