By:
ന്യൂഡല്‍ഹി: ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് (ഐ.ഡി.ബി.) മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വികസനത്തിനുവേണ്ടി ഇന്ത്യയില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഏകദേശം 274 കോടി രൂപ ചെലവഴിച്ചെന്ന് ബാങ്ക് പ്രസിഡന്റ് ഡോ. അഹമ്മദ് മുഹമ്മദ് അലി പറഞ്ഞു.
ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍ (ഒ.ഐ.സി.) സ്ഥാപിച്ച ഐ.ഡി.ബി., ഒ.ഐ.സി. അംഗങ്ങളല്ലാത്ത രാഷ്ട്രങ്ങള്‍ക്കു നല്‍കിവരുന്ന സഹായത്തിന്റെ ഭാഗമാണിത്. ഐ.ഡി.ബി. സഹായത്തോടെ പ്രഫഷനല്‍ ബിരുദമെടുത്ത വിദ്യാര്‍ഥികളുടെ സംഘടനയായ ഐഗ(എ.ഐ.ജി.എ)യുടെ 10ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഡോ. മുഹമ്മദ് അലി.
1988-ല്‍ തന്റെ പ്രഥമ ഇന്ത്യാസന്ദര്‍ശനവേളയില്‍ തുടങ്ങിവച്ച സ്‌കോളര്‍ഷിപ്പ് പദ്ധതി ഇന്ത്യയിലാണ് ഏറ്റവും കാര്യക്ഷമമായി നടക്കുന്നതെന്നും അതിനു ഡല്‍ഹിയിലെ മുസ്‌ലിം എജ്യുക്കേഷന്‍ ട്രസ്റ്റ് പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇതിനകം 2800ലധികംപേര്‍ മെഡിക്കല്‍, എന്‍ജിനീയറിങ് ബിരുദമെടുത്ത് ഇന്ത്യയിലും ലോകത്തിന്റെ മറ്റു പലഭാഗങ്ങളിലും സേവനമനുഷ്ഠിക്കുന്നുണ്ട്.
ഇപ്പോള്‍ ആയിരത്തിലധികംപേര്‍ വിവിധ കോഴ്‌സുകള്‍ക്കു പഠിക്കുന്നു. 271 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബാങ്ക് സഹായം നല്‍കി.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അഞ്ഞൂറോളം പ്രഫഷനല്‍ ബിരുദധാരികള്‍ പങ്കെടുത്ത ചടങ്ങില്‍ ഐഗ പ്രസിഡന്റ് താരീഖ് സജാദ്(റാഞ്ചി) അധ്യക്ഷത വഹിച്ചു.
കേന്ദ്രമന്ത്രി റഹ്മാന്‍ ഖാന്‍, ഡല്‍ഹി കൃഷിമന്ത്രി ഹാറൂണ്‍ യൂസുഫ്, മുസ്‌ലിം എജ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ അമാനുല്ല ഖാന്‍, ജമാഅത്തെ ഇസ്‌ലാമി അമീര്‍ ജലാലുദ്ദീന്‍ ഉമരി, പ്രഫ. പി കോയ, എം.ഇ.എസ്. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ കെ അബൂബക്കര്‍, എ എ വഹാബ്, സ്ഥാനമൊഴിയുന്ന ഐഗ പ്രസിഡന്റ് മുഹമ്മദ് മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു.