റമദാന്‍ : ഇസ്‌ലാമിക ജീവിതത്തിന്റെ വസന്ത കാലം

ഡോ. യൂസുഫുല്‍ ഖറദാവി
—————————-
മനുഷ്യന്റെ ദ്വിമുഖത്തോടെയുള്ള ഈ സൃഷ്ടിപ്പ് സോദ്യേശത്തോടെയാണ്. കാരണം മനുഷ്യന്‍ ആrdoത്മീയതയുടെയും ഭൗതികതയുടെയും ലോകത്ത് ജീവിക്കേണ്ടതുണ്ട്. അവന് ഭൂമിയില്‍ ഇടപഴകുകയും ആകാശത്തോട് സംവദിക്കുകയും ചെയ്യേണ്ടതുണ്ട്. ഭൂമിയില്‍ ഭക്ഷണം, വസ്ത്രം, ജീവിതം തുടങ്ങിയവയെല്ലാം നിര്‍വഹിക്കേണ്ടതുണ്ട്. ‘ദൈവദൂതന്മാര്‍ക്കു നാം അന്നം തിന്നാത്ത ശരീരം നല്‍കിയിട്ടില്ല. അവരിവിടെ സ്ഥിരവാസികളുമായിരുന്നില്ല.’ (അമ്പിയാഅ്.8). വിണ്ണില്‍ നിന്നും ദൈവികമായ സന്ദേശം അവനിലേക്ക് ഇറങ്ങേണ്ടതുണ്ട്. അല്ലാഹുവിനെ അറിയാനും സത്യം പ്രാപിക്കാനും നന്മയോട് സ്‌നേഹമുണ്ടാകാനും സൗന്ദര്യം ആസ്വദിക്കാനും സല്‍കര്‍മങ്ങളിലേര്‍പ്പെടാനുമെല്ലാം ഇത് അനിവാര്യമാണ്. ഭൂമി പരിപാലിക്കാനും അതിലെ വിഭവങ്ങള്‍ ആസ്വദിക്കാനും ഉള്ള ജന്മസിദ്ധമായ സിദ്ധി മനുഷ്യനില്‍ ഒരുക്കിയിട്ടുള്ളതും അവന്‍ തന്നെ.

മനുഷ്യനിലെ ഇത്തരം വികാരങ്ങളും ജന്മവാസനകളും മണ്ണുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈ വികാരം അവനില്‍ സ്വാധീനം ചെലുത്തുമ്പോള്‍ നാല്‍ക്കാലികളെ പോലെയായിത്തീരും. അല്ലെങ്കില്‍ അവയെക്കാള്‍ അധപ്പതിക്കും. മനുഷ്യനിലെ ആത്മീയത ഉയരുമ്പോള്‍ അവന്റെ പദവി മാലാഖമാരിലോളം ഉയരുകയും ചെയ്യും. മനുഷ്യനിലെ ഭൗതികതയുടെ അംശത്തേക്കാളേറെ ആത്മീയതയുടെ വശത്തെ ഉയര്‍ത്തലാണ് ദീനിപരമായ ഉത്തരവാദിത്തം. ഇത് എളുപ്പമുള്ള കാര്യമല്ല. കാരണം മനുഷ്യമനസ്സ് താല്‍പര്യങ്ങളുടെയും വികാരങ്ങളുടെയും പൂര്‍ത്തീകരണത്തിലേക്ക് വശീകരിച്ചുകൊണ്ടിരിക്കും. സന്മാര്‍ഗത്തിന്റെയും സത്യത്തിന്റെയും പാത ഭാരമുള്ളതാക്കി തോന്നിപ്പിക്കും. അതിനാല്‍ തന്നെ വിശ്വാസ ദാര്‍ഢ്യത്തിന്റെയും സഹനത്തിന്റെയും ആയുധമുപയോഗിച്ച് ദീനില്‍ ഇമാമത്ത് പദവി ലഭ്യമാകുന്നത് വരെ ആത്മ സമരത്തില്‍ നിരന്തരമായി മനുഷ്യന്‍ ഏര്‍പ്പെടേണ്ടതുണ്ട്. ‘അവര്‍ ക്ഷമപാലിക്കുകയും നമ്മുടെ വചനങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുകയും ചെയ്തപ്പോള്‍ അവരില്‍ നിന്നു നമ്മുടെ കല്‍പനയനുസരിച്ച് നേര്‍വഴി കാണിക്കുന്ന നേതാക്കന്മാരെ നാം ഉണ്ടാക്കി.'(സജദ:24). സഹനം വികാരങ്ങളെ പ്രതിരോധിക്കും. വിശ്വാസദാര്‍ഢ്യം സംശയങ്ങളെ അകറ്റും. തദനുസൃതമായി ദൈവിക സരണിയിലൂടെ ഒരു വിശ്വാസിക്ക് പുണ്യവാളന്മാരുടെ പദവിയിലെത്താന്‍ സാധിക്കും.

ഭൗതികമായ വശത്തെ അതിജയിക്കാനുള്ള മാര്‍ഗങ്ങള്‍ ഇസ്ലാം നിയമമാക്കിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് പഞ്ചസ്തംഭങ്ങളായ ആരാധനകള്‍
മനുഷ്യന്റെ ആത്മീയ സാധന നേടിയെടുക്കാനുള്ള ഏറ്റവും പ്രധാന ആയുധമായാണ് നോമ്പിനെ ഇസ്ലാം ദര്‍ശിക്കുന്നത്. അതിലൂടെ മനുഷ്യന്‍ ദൈവപ്രീതി കാംക്ഷിച്ച് അന്നപാനീയങ്ങളും വികാരങ്ങളും അടക്കിനിര്‍ത്തുന്നു. അടുത്ത് ഭക്ഷണമുണ്ടായിരിക്കെ അവന്‍ അത് ആഹരിക്കുന്നില്ല, പാനീയം ലഭ്യമായിട്ടും അവനത് കുടിക്കുന്നില്ല. തന്റെ ജീവിത പങ്കാളി കൂടെയുണ്ടായിട്ടും അവന്‍ ബന്ധപ്പെടുന്നില്ല, സിഗരറ്റ് ലഭ്യമായിട്ടും അവന്‍ അത് കത്തിക്കുന്നില്ല. മനുഷ്യന്റെ വിശ്വാസവും ഉദ്ദേശ്യവും യഥാര്‍ഥത്തില്‍ പരീക്ഷിക്കുകയാണിവിടെ. വിശ്വാസി ഈ പരീക്ഷണത്തില്‍ വിജയിക്കുന്നു. മനുഷ്യന്റെ പൈശാചികതയുടെ മേല്‍ ആത്മീയത കരുത്ത് പ്രാപിക്കുകയും വിജയം നേടുകയും ചെയ്യുവാനുള്ള ഒരു പരിശീലനമാണിത്.

മനുഷ്യനും മൃഗങ്ങളും തമ്മില്‍ അടിസ്ഥാന പരമായി തന്നെ വ്യത്യാസമുണ്ട്. മൃഗങ്ങള്‍ സ്ഥല കാല പരിതസ്ഥിതികള്‍ പരിഗണിക്കാതെ ആഗ്രഹിക്കുന്നതെല്ലാം ചെയ്യും. എന്നാല്‍ മനുഷ്യന്‍ തന്റെ പ്രവര്‍ത്തനങ്ങളെല്ലാം ബുദ്ധിയുടെയോ ദീനിന്റെയോ അടിസ്ഥാനത്തിലായിരിക്കും ഏര്‍പ്പെടുക. അതിലൂടെ ദൈവിക പ്രീതി മാത്രമാണ് അവന്‍ കാംക്ഷിക്കുക. എന്നാല്‍ ദേഹേഛകളുടെ പിന്നാലെ വികാരപൂര്‍ത്തീകരണത്തിനായി നടക്കുന്ന മനുഷ്യരെ നമുക്ക് കാണാം. അവരെ അഭിസംബോധന ചെയ്തു കൊണ്ട് അബുല്‍ ഫതഹ് അല്‍ബുസ്തി തന്റെ കവിതയില്‍ ചില ചോദ്യങ്ങളുന്നയിക്കുന്നുണ്ട്.
തന്റെ ശരീരത്തിന്റെ സേവകാ! എത്ര അധ്വാനങ്ങളാണ് ശരീരത്തെ പുഷ്ടിപ്പെടുത്താനായി നീ ചിലവഴിച്ചു കൊണ്ടിരിക്കുന്നത്.
നഷ്ടകരമായ കച്ചവടത്തില്‍ ലാഭമന്വേഷിക്കുകയാണോ നീ.
നീ നിന്റെ ആത്മാവിന്റെ സദ്ഗുണങ്ങള്‍ സാക്ഷാല്‍കരിക്കാന്‍ വേണ്ടി മുന്നിട്ടിറങ്ങുക..
കാരണം താങ്കള്‍ ശരീരം കൊണ്ടല്ല, ആത്മാവ് കൊണ്ടാണ് മനുഷ്യനായത്!
നോമ്പിനെ തന്നോട് ബന്ധപ്പെടുത്തി അല്ലാഹു വിവരിക്കുന്നത് അത് കൊണ്ടാണ്. ഖുദുസിയ്യായ ഹദീസില്‍ അല്ലാഹു പറയുന്നു. ‘മനുഷ്യ പുത്രന്റെ എല്ലാ കര്‍മങ്ങളും അവനുള്ളതാണ്. നോമ്പൊഴികെ. കാരണം അത് എനിക്കുള്ളതാണ്, അതിന്റെ പ്രതിഫലം ഞാനാണ് നല്‍കുന്നത്’.

ശുദ്ധീകരണത്തിന്റെ മാസം
ഒരു മാസം മുഴുവന്‍ വികാരങ്ങളും ആനന്ദങ്ങളും അല്ലാഹുവിന് വേണ്ടി മാത്രം അടിമ കയ്യൊഴിയുന്നു. എല്ലാവിധ മ്ലേഛതകളില്‍ നിന്നും അവനെ ശുദ്ധീകരിക്കുന്നു. അതിന്റെ പ്രതിഫലനം വര്‍ഷം മുഴുവനോ, ജീവിതത്തിലുടനീളമോ നിഴലിച്ചു നില്‍ക്കുന്നു. അവന്റെ എല്ലാ പാപങ്ങളും കഴുകി പരിശുദ്ധനാക്കിത്തീര്‍ക്കുന്നു. പ്രവാചകന്‍(സ) പറഞ്ഞു.’ വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി ആരെങ്കിലും റമദാന്‍ നോമ്പ് അനുഷ്ടിച്ചാല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടും’. ദിനേന അഞ്ച് നേരം വിശ്വാസിയെ ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് നമസ്‌കാരമെങ്കില്‍ വര്‍ഷം മുഴുവനും ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് നോമ്പ്. റമദാന്‍ എന്നത് നോമ്പിന്റെ മാത്രം മാസമല്ല, പകലില്‍ നോമ്പനുഷ്ടിക്കുന്നു, രാത്രി നമസ്‌കരിക്കുന്നു. പള്ളികള്‍ നമസ്‌കാരക്കാരെ കൊണ്ട് നിറയുന്നു. വിശ്വാസിയുടെ ജീവിതത്തില്‍ ഇതിനേക്കാളേറെ നയനാനന്ദകരമായ സന്ദര്‍ഭങ്ങള്‍ വേറെയേതുണ്ട്! ഭൗതികതയുടെ തടവറയില്‍ കഴിയുന്ന മനുഷ്യന് ഇത് അനുഭവിക്കാന്‍ സാധ്യമല്ല. ഈ ആത്മീയമായ അനുഭൂതി അവരില്‍ നിന്നും തടയപ്പെട്ടിരിക്കുന്നു. ഇതിനെ കുറിച്ചാണ് പൂര്‍വസൂരികള്‍ പറഞ്ഞിട്ടുള്ളത്. ‘ഞങ്ങള്‍ക്ക് ലഭിക്കുന്ന ആത്മീയാനുഭൂതിയും സൗഭാഗ്യവും കൊട്ടാരങ്ങളില്‍ അഭിരമിക്കുന്ന രാജാക്കന്മാര്‍ അറിഞ്ഞിരുന്നുവെങ്കില്‍ അത് നേടിയെടുക്കാന്‍ അവര്‍ യുദ്ധം ചെയ്‌തേനെ’.

ദൈവികാനുഗ്രഹങ്ങളെ കുറിച്ച ഉല്‍ബോധനം
വിശപ്പിലൂടെയും ദാഹിച്ചുകൊണ്ടും മനുഷ്യന്‍ തങ്ങള്‍ക്ക് ലഭ്യമായ ദിവ്യാനുഗ്രഹങ്ങളെ കുറിച്ച് മനസ്സിലാക്കുന്നു. ഒരു വസ്തു നഷ്ടപ്പെട്ടു പോകുമ്പോഴാണല്ലോ അതിന്റെ മൂല്യം നാം അറിയുന്നത്. ആരോഗ്യം കിരീടമാണ്, രോഗിയായ ഒരാള്‍ക്കല്ലാതെ അതിന്റെ മൂല്യം അറിയുകയില്ല എന്ന് പറയാറുള്ളത് ഇതിനാലാണ്. അതിനാലാണ് നോമ്പ് തുറക്കുന്ന സമയത്തില്‍ ഈ പ്രാര്‍ഥന ഉരുവിടണമെന്ന് പ്രവാചകന്‍ പഠിപ്പിച്ചത്. ‘ ദാഹം ശമിച്ചു; ഞരമ്പുകള്‍ നനഞ്ഞു, അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം സ്ഥിരപ്പെടുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ പ്രകൃതിപരമായ സന്തോഷം പങ്കുവെക്കുന്നു. പ്രവാചകന്‍ (സ) പഠിപ്പിച്ചു. നോമ്പ്കാരന് രണ്ട് സന്തോഷങ്ങളുണ്ട്. നോമ്പ് മുറിക്കുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന സന്തോഷമാണ് ഒന്നാമത്തെത്. നോമ്പുമായി തന്റെ നാഥനെ കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന സന്തോഷമാണ് രണ്ടാമത്തെത്.

ദയാനുകമ്പയുടെ മാസം
നോമ്പിലൂടെ മറ്റുള്ളവരുടെ വേദനകള്‍, വിശപ്പ്, വിശപ്പിന്റെ rdtകാഠിന്യം എന്നിവ മനുഷ്യന്‍ അറിയുകയും മാനസികമായി അവരോട് അനുകമ്പ പുലര്‍ത്തുകയും സഹായ ഹസ്തം അവരിലേക്ക് നീട്ടുകയും ചെയ്യുന്നു. സദഖയുടെയും പുണ്യങ്ങളുടെയും സാഹോദര്യത്തിന്റെയും മാസമെന്ന് റമദാന്‍ അറിയപ്പെടുന്നത് അതിനാലാണ്. അടിച്ചു വീശുന്ന കാറ്റിനേക്കാള്‍ ഉദാരവാനായിരുന്നു പ്രവാചകന്‍ ഈ നാളുകളിലെന്ന് ഇബ്‌നു അബ്ബാസ് (റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈജിപ്തിലെ ഖജനാവിന്റെ ഉടമയായിരുന്നിട്ടും യൂസുഫ് നബി വയറ് നിറയെ ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ല .എന്താണതിന് കാരണമെന്ന് അന്വേഷിച്ചപ്പോള്‍ ‘ വയറ് നിറയെ ഭക്ഷണം കഴിച്ചാല്‍ ദരിദ്രരുടെ വിശപ്പിനെ ഞാന്‍ വിസ്മരിക്കും ‘എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുസ്ലിമിന്റെ വ്യക്തി, കുടുംബ, സാമൂഹ്യ ജീവിതത്തില്‍ അത്യപൂര്‍വമായ അനുഭൂതിയാണ് റമദാന്‍ പകര്‍ന്നു നല്‍കുന്നത്. അതിനാല്‍ ഇസ്ലാമിക ജീവിതത്തിന്റെ വസന്തം എന്നാണ് ഞാനതിനെ വിശേഷിപ്പിക്കുന്നത്. അതില്‍ ജീവിതം മുഴുവനായി നവീകരിക്കുന്നു. വിജ്ഞാനത്താല്‍ ബുദ്ധി നവീകരിക്കുന്നു. വിശ്വാസത്താലും തഖവയാലും ഹൃദയം നവീകരിക്കുന്നു, പരസ്പര ബന്ധത്താലും സഹവര്‍തിത്വത്താലും സമൂഹം നവീകരിക്കപ്പെടുന്നു. നന്മയുടെ മുന്നേറ്റത്താല്‍ ദൃഢനിശ്ചയം നവീകരിക്കപ്പെടുന്നു, നന്മയുടെ പ്രേരകങ്ങള്‍ വര്‍ദ്ധിക്കുന്നതോടൊപ്പം തിന്മയുടെയും പ്രേരകങ്ങള്‍ കുറയുകയും ചെയ്യുന്നു. നന്മയുടെ മാലാഖമാര്‍ തിന്മയുടെ പിശാചുക്കളെ ആട്ടിയോടിക്കപ്പെടുന്നു. നബി(സ) പറഞ്ഞു. റമദാന്‍ ആഗതമായാല്‍ സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുന്നു, നരകവാതിലുകള്‍ കൊട്ടിയടക്കപ്പെടും, പിശാചുക്കളെ ബന്ധനസ്ഥരാക്കും, നന്മേഛുക്കളായ മനുഷ്യാ, മുന്നിട്ടു വരൂ, തിന്മയില്‍ വിഹരിച്ച മനുഷ്യാ, നിര്‍ത്തൂ എന്ന് വിളിച്ചു പറയുകയും ചെയ്യും.
റമദാന്‍ ആഗതമാകുന്നതിനു മുമ്പും ശേഷവുമുള്ള മുസ്ലിങ്ങളുടെ ജീവിതം പരിശോധിക്കുന്നവര്‍ക്ക് സാമൂഹികമായ ഈ യാഥാര്‍ഥ്യം ബോധ്യപ്പെടുന്നതാണ്. നന്മയില്‍ മല്‍സരിച്ച് മുന്നേറുന്നതും തിന്മയിലേര്‍പ്പെടുന്നതില്‍ നിന്ന് വിമുഖത കാണിക്കുന്നതുമായ പ്രവണ ഈ മാസത്തില്‍ എല്ലായിടത്തും കാണാം. റമദാനിന്റെ അവസാനത്തില്‍ ഇതിന്റെ നൈരന്തര്യം കാത്തു സൂക്ഷിക്കുവാന്‍ പ്രബോധകന്മാര്‍ ഉല്‍ബോധനം ചെയ്യാറുള്ളത് ഇപ്രകാരമാണ്.’ ആരെങ്കിലും റമദാനിനെ ആരാധിച്ചെങ്കില്‍ റമദാന്‍ ഇതാ മരിച്ചിരിക്കുന്നു. ആരെങ്കി അല്ലാഹുവിനെ ആരാധിക്കുന്നുവെങ്കില്‍ അല്ലാഹു എന്നെന്നും ജീവിക്കുന്നവനാണ്. റമദാനില്‍ മാത്രം അല്ലാഹുവിനെ മനസ്സിലാക്കുന്ന ജനത്തിന്റെ അവസ്ഥ എത്ര പരിതാപകരം! നിങ്ങള്‍ റബ്ബിന്റെ ആളുകളാകുക! റമദാന്റെ അടിമകളാവരുത്.

സാമൂഹിക ജീവിതത്തില്‍ വലിയ പ്രതിഫലനം ഈ മാസത്തിനുള്ളതായി നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. കുടുംബ ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നു. ഒരുമിച്ച് നോമ്പ് മുറിക്കുകയും നോമ്പ് പിടിക്കുകയും ചെയ്യുന്നു. സമൂഹവുമായുള്ള ബന്ധം കൂടുതല്‍ ഹൃദ്യമാകുന്നു. ജനങ്ങള്‍ പരസ്പരം സന്ദര്‍ശിക്കുകയും നോമ്പ് തുറപ്പിക്കുകയും ചെയ്യുന്നു. ദരിദ്രര്‍ മറ്റു മാസങ്ങളേക്കാള്‍ നല്ല ഒരവസ്ഥയിലേക്ക് ഉയരുന്നു. സേവന, സദഖ, സകാത്ത് സംരംഭങ്ങള്‍ കൂടുതല്‍ സജീവമാകുന്നു. മുസ്ലിം സമൂഹം ഫലപ്രദമായി ഈ മാസത്തെ ഉപയോഗപ്പെടുത്തണം. കാരണം ഇത് മുത്തഖികളുടെ വസന്ത കാലമാണ്. സ്വാലിഹീങ്ങളുടെ അങ്ങാടിയാണ്. നന്മയില്‍ മുന്നേറുന്നവരുടെ കളമാണ്. പാശ്ചാത്താപത്താല്‍ പാപം കഴുകുന്നവര്‍ക്കുള്ള നീര്‍ത്തടമാണ്. അതിനാല്‍ തന്നെ റമദാന്‍ ആഗതമായാല്‍ മുന്‍ഗാമികള്‍ ഇപ്രകാരം പറഞ്ഞിരുന്നു. ‘ ശുദ്ധീകരിക്കുന്ന മാസമേ നിനക്ക് സ്വാഗതം! പാപങ്ങളില്‍ നിന്നും ശുദ്ധീകരിക്കാനുള്ള സുവര്‍ണാവസരമാണിത്. പുണ്യങ്ങളാലും സല്‍കര്‍മങ്ങളാലും പാഥേയമൊരുക്കാനുള്ള അസുലഭ സന്ദര്‍ഭമാണിത്.’

റമദാനിനെ നാം വിശ്വാസപരമായ താവളമാക്കണം. അതിലൂടെ ശക്തി സംഭരിക്കണം, ഉദ്ദേശ്യങ്ങളെ കരുത്തുറ്റതാക്കണം. ദൃഢനിശ്ചയങ്ങളെ ബലവത്താക്കണം. ഉന്നതമായ സ്വപ്‌നങ്ങള്‍ സാക്ഷാല്‍കരിക്കാനുള്ള പ്രേരകങ്ങളെ ഇളക്കിവിടണം. സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യത്തിലേക്ക് തിരിച്ചുവിടണം, മാതൃകകളെ സംഭവലോകത്തേക്ക് പറിച്ചുനടണം.അറബ് ഇസ്ലാമിക സാഹിത്യകാരനായ മുസ്തഫാ സ്വാദിഖ് അര്‍റാഫി റമദാനിനെ കുറിച്ച് പറഞ്ഞതെത്ര സത്യം!
‘ഹേ റമദാന്‍! ജനങ്ങള്‍ നിന്നോട് നീതികാണിച്ചിരുന്നുവെങ്കില്‍ അവര്‍ നിന്നെ മുപ്പത് ദിവസത്തെ പാഠശാല എന്നു വിളിക്കുമായിരുന്നു.’

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

(Islam Onlive)

Related Post