ഇന്ത്യന്‍ ജനാധിപത്യത്തില്‍ ജുഡീഷ്യറിക്ക് വലിയ സ്ഥാനമാണുള്ളത്. നിരവധി സംവിധാനങ്ങളുള്ള നീതിന്യായ വകുപ്പിന്റെ പ്രകട മുഖവും ജിഹ്വയുമാണ് കോടതി. ജനാധിപത്യത്തില്‍ കോടതികളുടെ റോള്‍ നിയമനിര്‍മാണമല്ല; നിയമം വ്യാഖ്യാനിക്കുകയും ഭരണഘടനയുടെയും നിര്‍മിക്കപ്പെട്ട നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ പൗരന് നീതി ലഭ്യമാക്കുകയുമാണ്. വിശിഷ്യാ സാധാരണക്കാര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും. എന്തൊക്കെ പോരായ്മകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും നീതിന്യായ കോടതികള്‍ ജനങ്ങള്‍ക്ക് ആശ്വാ സം പകരുന്നവയാണ്. ഈ വസ്തുത ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ പറയട്ടെ, സദാചാരത്തിന്റെ യും മാനവികതയുടെയും കാര്യത്തില്‍ കോടതികള്‍ ഇന്നും ഇരുട്ടില്‍ തപ്പുകയാണ്.
`കോടതി പറയുന്നു, കോടതി നിര്‍ദേശിക്കുന്നു, കോടതി ഉത്തരവിട്ടു’ തുടങ്ങിയ കാര്യങ്ങള്‍ക്ക് ജനങ്ങള്‍ ഏറെ വില കല്പിക്കുന്നു. ഒരുപരിധിവരെ എതിര്‍വാക്കില്ലാത്ത `തിരുമൊഴികള്‍’ കൂടിയാണത്. അതിനെക്കാള്‍ ഉന്നതകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സ്വാതന്ത്ര്യും പൗരന് ഉണ്ടെങ്കിലും അപെക്സ് കോടതി ഉത്തരവിട്ടാല്‍ അത് അംഗീകരിക്കുകയേ നിര്‍വാഹമുള്ളൂ. കോടതിവിധികള്‍ക്കെതിരെ അഭിപ്രായം പറയുന്നത് കോടതി അലക്ഷ്യവും ശിക്ഷാര്‍ഹവുമാണ്. ഇവിടെ അതിനൊന്നും മുതിരുന്നില്ല. എന്നാല്‍ മാനവിക മൂല്യങ്ങളെപ്പറ്റി ഇടക്കിടെ വന്നുകൊണ്ടിരിക്കുന്ന പരസ്പര വിരുദ്ധങ്ങളായ `കോടതി മൊഴി’കള്‍ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു എന്ന് ചൂണ്ടിക്കാട്ടുകയാണ്. `കോടതി ഉത്തരവ്’ എന്ന് പറഞ്ഞാല്‍ ആത്യന്തികമായി അത് ഒരു വ്യക്തിയുടെ വാക്കുകള്‍ തന്നെയാണ്. നിയമത്തിന്റെ വിശദാംശങ്ങളും മുന്‍കാല വിധികളും ബെഞ്ചി ലെ സഹജഡ്ജിമാരുമായുള്ള കൂടിയാലോചനയും എല്ലാം കണിശമായി കണക്കിലെടുത്ത വിധിയില്‍പോലും `വിധി കര്‍ത്താവിന്റെ’ വൈയക്തികമായ വിശ്വാസവും കാഴ്ചപ്പാടും സാമൂഹിക പ്രതിബദ്ധതയും പ്രതിഫലിക്കുക സ്വാഭാവികമാണ്. ക്രിമിനല്‍, സിവില്‍ കേസുകളെന്നതിനേക്കാള് പൊതുതാല്പര്യ പ്രശ്നങ്ങളിലും മാനവിക വിഷയങ്ങളിലുമാണ് ഇത്തരം പ്രതിഫലന വൈരുദ്ധ്യങ്ങള്‍ പ്രകടമായി കാണുന്നത്. കുടുംബ സംവിധാനവുമായി ബന്ധപ്പെട്ട ചില പ്രധാന വിധിന്യായങ്ങളാണ് ഇത്തരം ഒരു `വിചാര’ത്തിലെത്തിലേക്കു നയിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയില്‍നിന്ന് പുറത്തുവന്ന ഒരു വിധിയാണ് മുന്നിലുള്ളത്. `നിയമപരമായി വിവാഹിതരാവാതെ പുരുഷനോടൊപ്പം താമസിക്കുന്ന സ്ത്രീക്ക് ജീവനാംശത്തിനോ നഷ്ടപരിഹാരത്തിനോ അവകാശമില്ലെന്ന്’ കേരള ഹൈക്കോടതി വിധിച്ചിരിക്കുന്നു. `ഇതിലെന്താണ് അത്ഭുതം, കാര്യം ഇങ്ങനെത്തന്നെയല്ലേ, എന്നാണ് സുമനസ്സുകള്‍ ചിന്തിക്കുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞില്ലെങ്കിലും കുറച്ചുകാലം ഒരുമിച്ചുജീവിച്ചാല് ആ പെണ്ണിന് ഗാര്‍ഹിക പീഡന നിരോധനനിയമപ്രകാരം നഷ്ടപരിഹാരത്തിനും ജീവനാംശത്തിനും അവകാശമുണ്ടെന്ന് നെയ്യാറ്റിന്‍കരയില്‍ നിന്നുള്ള ഒരു കേസില്‍ കീഴ്ക്കോടതി വിധിച്ചിരുന്നു. ഈ വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ജസ്റ്റിസ് പി ഭവനദാസിന്റെ ശ്രദ്ധേയമായ ഉത്തരവ്. അനില്‍ എന്ന പുരുഷന്റെ കൂടെ സ്വന്തം വീട് വിട്ടിറങ്ങി കറങ്ങിത്തിരിഞ്ഞ് പലയിടത്തും താമസിച്ച് അവന്റെ ആവശ്യം കഴിഞ്ഞപ്പോള്‍ വേര്‍പിരിഞ്ഞ സ്ത്രീയാണ് നിയമപരിരക്ഷക്കായി കോടതിയെ സമീപിച്ചത്. ഇതിലാണ് യഥാര്‍ഥ ഭാര്യക്കുള്ള നിയമപരിരക്ഷ ആ സ്ത്രീക്ക് കീഴ്ക്കോടതി അനുവദിച്ചത്.
കീഴ്ക്കോടതി വിധി കീഴ്മേല്‍ മറിച്ചുകൊണ്ട് ഹൈക്കോടതി മാനവികമൂല്യം ഉയര്‍ത്തിപ്പിടിച്ച് കണിശമായ ചില ഉപദേശങ്ങള്‍ അനുബന്ധമായി നല്‍കിയിട്ടുണ്ട്. `പരപുരുഷനുമായി ബന്ധപ്പെടുമ്പോള്‍ അതിന് അനന്തരഫലങ്ങളുമുണ്ടാകുമെന്ന് ഉയര്‍ന്ന വിദ്യാഭ്യാസവും തൊഴിലും ഉള്ള സ്ത്രീകള്‍ മനസ്സിലാക്കണമെന്നും സ്ത്രീകള്‍ സൂക്ഷിക്കണമെന്നും ജസ്റ്റിസ് തന്റെ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ഇതിന് ഉപോത്ബലകമായി ഒരു സുപ്രീംകോടതിവിധി ഹൈക്കോടതി എടുത്തുപറയുകയും ചെയ്തു. വേലുസ്വാമി പച്ചമ്മാള്‍ കേസിലെ ആ വിധി ഇപ്രകാരമാണ്: `വെപ്പാട്ടിയായോ ലൈംഗിക ആവശ്യത്തിനോ വേണ്ടി മാത്രം കൂടെ ജീവിക്കുന്ന സ്ത്രീക്ക് ജീവനാംശം നല്‍കേണ്ടതില്ല’.
എന്നാല്‍ ജുഡീഷ്യറിയുടെ വൈരുധ്യങ്ങളില്‍പെട്ട ഒരു വിധിവന്നത് കഴിഞ്ഞ നവംബറിലാണ്. വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നത് കുറ്റമോ പാപമോ അല്ലെന്നും വിവാഹം കഴിക്കണമോ വേണ്ടയോ എന്നത് വ്യക്തിപരമായ കാര്യമാണെന്നും ജസ്റ്റിസ് കെ ആര് രാധാകൃഷ്ണന് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെതാണ് വിധി. മാത്രമല്ല, വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന പെണ്ണിനും അവള്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്കും സംരക്ഷണം നല്‍കുന്നതിന് ആവശ്യമായ നിയമനിര്‍മാണം പാര്‍ലമെന്റ് നടത്തണമെന്നും ആ വിധിയില്‍ `കോടതി’ നിര്‍ദേശിച്ചു. അതേസമയം ഡല്‍ഹിയിലെ ഒരതിവേഗ കോടതി ജഡ്ജി ജസ്റ്റിസ് വീരേന്ദ്രഭട്ടിന്റെ ശ്രദ്ധേയമായ മറ്റൊരു വിധി വന്നിട്ട് ഒരാഴ്ചയേ ആയുള്ളൂ. വിവാഹപൂര്‍വ ലൈംഗികബന്ധം അധാര്‍മികമാണെന്നും മതങ്ങള്‍ അതനുവദിക്കുന്നില്ലെന്നും ജസ്റ്റിസ് ഭട്ട് വിധി പറഞ്ഞു. എല്ലാം കൂടി കൂട്ടിവായിച്ചാല്‍ ധാര്‍മിക സദാചാരരംഗത്ത് വരുന്ന പ്രശ്നങ്ങളില്‍ വ്യക്തമായ തീരുമാനത്തിലെത്താന്‍ നിയമക്കോടതികള്‍ക്ക് കഴിയുന്നില്ല. ഓരോ ജഡ്ജിയും തന്റെ `ഇംഗിത’ത്തിനൊത്ത് അഭിപ്രായം പറയുന്നു. നിയമം ഇരുട്ടില്‍ തപ്പുന്നു. ജനം തോന്നിയത് ചെയ്യുന്നു. സ്വവര്ഗരതിയെപ്പറ്റിയുള്ള ചില വിധികളും ചര്‍ച്ചകളും വിവാദമായത് തീര്‍ന്നിട്ടില്ല.
ഇവിടെ നമുക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്. ഇന്ത്യക്ക് ഒരു മതമില്ല. മതനിരപേക്ഷതയുടെ അര്‍ഥം അതാണ്. എന്നാല്‍ ഒരു മതത്തെയും ഇന്ത്യ നിരാകരിക്കുന്നില്ല. ആര്‍ഷ ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യം ധര്‍മത്തെയും സദാചാരത്തെയുംകാത്തുസൂക്ഷിക്കുന്നത് തന്നെയാണ്. സമൂഹത്തിന്റെ പ്രാഥമിക ഏകകവും സംസ്കാരത്തിന്റെ പ്രഭവകേന്ദ്രവും കുടുംബമെന്ന `പഴഞ്ചന്‍’ സ്ഥാപനമാണെന്നാണ് മുഴുവന്‍ മതങ്ങളും ഘോഷിക്കുന്നത്. പ്രാചീന നാഗരികതകള്‍ വളര്‍ന്നുവന്നതും ആ നിലപാടു തറയില്നിന്നുതന്നെയാണ്. ഉത്തരവാദിത്വ പൂര്‍ണമായ സ്ത്രീ-പുരുഷ ബന്ധത്തിന്റെ ഉത്പന്നവും സ്വസ്ഥ സമൂഹത്തിന്റെ അടിത്തറയും സമാധാന പൂര്‍ണമായ മാനുഷിക ബന്ധങ്ങളുടെ ഉറവിടവുമാണ് നിയമാനുസൃത വിവാഹബന്ധങ്ങളിലൂടെ ഉരുത്തിരിയുന്ന കുടുംബങ്ങള്‍. മനുഷ്യപ്രകൃതിക്കനുയോജ്യമായ പ്രത്യുത്പാദന രീതിയും മാനവികതയുടെ നിലനില്പും ഇതുതന്നെയാണ്. അതുകൊണ്ടുതന്നെയാണ് വിവാഹേതര ലൈംഗിക ബന്ധങ്ങള്‍, ജാതി-മത-കാല-ദേശമെന്യേ, പാപമായി കാണുന്നതും. കഴിഞ്ഞകാലങ്ങളിലൊക്കെ ഈ നിയമങ്ങള്‍ ലംഘിച്ചവരും ചട്ടക്കൂടില്‍നിന്ന് പുറത്തുപോയവരുമുണ്ട്. പക്ഷേ, അവര്‍ സനാതനത്വത്തെ ചോദ്യം ചെയ് തിരുന്നില്ല. തിന്മകള് തിരിച്ചറിഞ്ഞ് തിരിച്ചുനടന്നവരാണധികവും.
നിര്‍ഭാഗ്യവശാല്‍, ഈ അടിത്തറ ചോദ്യം ചെയ്യുന്ന തലമുറ വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത. കമ്പോള സംസ്കാരം, ഭോഗതൃഷ്ണ, പാശ്ചാത്യനാഗരികതയുടെ അധിനിവേശം, സാമ്പത്തിക സുസ്ഥിതി, എല്ലാം കൂടിച്ചേരുമ്പോള്‍ വിവാഹത്തിന്റെ ആവശ്യകത പോലും ചോദ്യം ചെയ്യപ്പെട്ടു. കുടുംബത്തിന്റെ പ്രസക്തി കാണാതെ പോയി. തലമുറയുടെ അനാഥത്വം പല ആളുകളുടെയും മുഖമുദ്രയായി. അതിന്റെ തിക്തഫലങ്ങള്‍ മാറാവ്യാധികളായും ബന്ധത്തകര്ച്ചയായും ആരംഭിച്ചുകഴിഞ്ഞു. വിവരമില്ലാത്ത രാഷ്ട്രീയ നേതൃത്വം, വിവേകമില്ലാത്ത രാഷ്ട്രീയ നേതൃത്വം, മുഖമില്ലാത്ത ജുഡീഷ്യറി, ലഹരിയിലമര്‍ന്ന സാഹിത്യകാരന്മാര്, ലാഭം മാത്രം ലാക്കാക്കിയ മീഡിയ…. എല്ലാവരും ഓശാന പാടി. ലൈംഗികത എന്ന നൈസര്ഗികതയുടെ സ്വാഭാവിക പതനം മൃഗങ്ങളെ നാണിപ്പിക്കുന്ന സ്വവര്ഗരതിയിലെത്തി. മദ്യത്തിന്റെ കുത്തൊഴുക്ക് പിശാചിനെ വെല്ലുന്ന പീഡനപരമ്പരകള്‍ക്ക് സാക്ഷ്യം വഹിച്ചു. വിവേകവും വിചാരവും നഷ്ടപ്പെട്ട് വികാരങ്ങള്‍ക്കടിപ്പെട്ട്, വിവാഹ തല്പരനല്ലാത്ത സ്വാര്‍ഥന്റെ കൂടെ ഇറങ്ങിത്തിരിച്ച പെണ്ണ്, പ്രകൃതി പരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമ്പോള്‍, `വഞ്ചിച്ചു’ എന്ന് പറഞ്ഞ് കോടതികയറുന്ന ദുര്യോഗങ്ങളുടെ പ്രതിഫലനം മാത്രമാണ് ഇത്തരം കോടതിവിധി. അപ്പോള്‍ അവര്‍ക്ക് ജീവനാംശം വേണം, സുരക്ഷ വേണം, ഗാര്‍ഹിക പീഡന സംരക്ഷണം വേണം!
ഈ അവസ്ഥയ്ക്ക് മാറ്റം വേണം. നിയമാനുസൃതം കുടും ബ ജീവിതം നയിക്കമ്പോള് ഭര് ത്താവിനും ഭാര്യക്കും ലഭിക്കേണ്ട നിയമ പരിരക്ഷക്കാണ് ഗാര്‍ഹിക സുരക്ഷാ നിയമങ്ങള്‍. താന്തോന്നികള്‍ക്ക് ഭാര്യയെവിടെ, ഭര്‍ത്താവെവിടെ, കുടുംബമെവിടെ, ഗൃഹമെവിടെ! ഈ അരക്ഷിതാവസ്ഥയ്ക്ക് പുരോഗമനം എന്ന് പേരുവെച്ചാല്‍ മാനവികതയ്ക്ക് ഊനം വരുത്തും, തീര്‍ച്ച.
(Shabab Weekly)