റമദാനിലെ അവസാന പത്ത് ദിനങ്ങള്‍ക്ക് പ്രാധാന്യം ഏറെയാണ്. ആരാധനാ കര്‍മ്മങ്ങളില്‍ പ്രവാചകന്‍ (സ) കൂടുതല്‍ ഉത്സാഹം കാണിച്ച ദിവസങ്ങളായിരുന്നു ഈ ദിനങ്ങള്‍. ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ടത ഏറിയ ദിനമായ ലൈലതുല്‍ ഖദ്‌റും ഈ പത്തിലാണ് ഉള്ളത്. ഈ ദിവസങ്ങളിലെ രാത്രികളില്‍ ഏകാന്തനായി ഇരുന്ന് ആരാധനയിലും മറ്റ് പുണ്യപ്രവര്‍ത്തനങ്ങളും ഏര്‍പ്പെടുന്ന പതിവ് പ്രവാചകനുണ്ടായിരുന്നു. വര്‍ഷത്തിലെ മറ്റു ദിവസങ്ങളേക്കാളും ആരാധനകള്‍ക്കായി പ്രവാചകന്‍ കൂടുതല്‍ സമയം ഉഴിഞ്ഞുവെച്ചിരുന്നതും ഈ ദിവസങ്ങളിലായിരുന്നു.
ആയിശ (റ) പറയുന്നു : ‘റമദാന്റെ അവസാന നാളുകളില്‍ പ്രവാചകന്‍ മുണ്ട് മുറുക്കി ഉടുക്കുകയും രാത്രി സജീവമാക്കുകയും കുടുംബാംഗങ്ങളെ വിളിച്ചുണര്‍ത്തുകയും ചെയ്യുമായിരുന്നു’ (ബുഖാരി)
ആയിശ (റ) തന്നെ പറയുന്നു : ‘റമദാനിലല്ലാതെ മറ്റൊരിക്കലും പ്രവാചകന്‍ ഒരു ദിവസം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ മുഴുവനും പാരായണം ചെയ്ത് തീര്‍ക്കുന്നതും, രാത്രി മുഴുവന്‍ നമസ്‌കാരത്തില്‍ കഴിച്ചു കൂട്ടുന്നതും, മാസം മുഴുവന്‍ നോമ്പെടുക്കുന്നതും ഞാന്‍ കണ്ടിട്ടില്ല’. (ഇബ്‌നു മാജ, നസാഈ). ഇപ്രാകരം പ്രവാചകന്‍ രാത്രി മുഴുവന്‍ ആരാധനയില്‍ കഴിച്ചുകൂട്ടിയിട്ടുണ്ടെങ്കില്‍ നമ്മളും അപ്രകാരം പ്രവര്‍ത്തിക്കേണ്ടതുണ്ട്.
കുടുംബത്തെ വിളിച്ചുണര്‍ത്തുക
റമദാനിലെ അവസാന പത്തുദിവസങ്ങളില്‍ പ്രവാചകന്‍ കുടുംബാംഗങ്ങളെ വിളിച്ചുണര്‍ത്താറുണ്ടായിരുന്നു എന്നാണ് ആയിശ (റ) വ്യക്തമാക്കിയത്. തീര്‍ച്ചയായും, വര്‍ഷത്തിലെ മറ്റു ദിവസങ്ങളിലും പ്രവാചകന്‍ ഇപ്രകാരം സ്വപത്‌നിമാരെ നമസ്‌കാരത്തിനായി വിളിച്ചുണര്‍ത്താറുണ്ടായിരുന്നു, പക്ഷെ രാത്രിയില്‍ അല്‍പ്പനേരം നമസ്‌കരിക്കാന്‍ വേണ്ടി മാത്രമായിരുന്നു ഇത്. എന്നാല്‍ മറ്റ് സന്ദര്‍ഭങ്ങളെ അപേക്ഷിച്ച് റമദാനിന്റെ അവസാന പത്ത് ദിവസങ്ങളില്‍ ദീര്‍ഘ നേരം നിന്ന് നമസ്‌കരിക്കുന്നതിന് വേണ്ടിയാണ് പ്രവാചകന്‍ ഭാര്യമാരെ വിളിച്ചുണര്‍ത്തിയിരുന്നത്.
ആരാധനക്കായി ഉഴിഞ്ഞിരിക്കുക
ആയിശ (റ) പറയുന്നു : ‘വര്‍ഷത്തിലെ മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് റമദാനിന്റെ അവസാന പത്ത് രാത്രികളില്‍ പ്രവാചകന്‍ ആരാധനകള്‍ക്കായി ഉഴിഞ്ഞിരിക്കാറുണ്ടായിരുന്നു’ (മുസ്‌ലിം)
പ്രമുഖ കര്‍മ്മശാസ്ത്ര പണ്ഡിതന്‍ ഇമാം ശാഫിഈ പറയുന്നു : ‘റമദാനിന്റെ അവസാന പത്ത് രാത്രികളില്‍ ആരാധനകള്‍ക്കായി ഉഴിഞ്ഞിരിക്കലും അതില്‍ ഉത്സാഹം കാണിക്കലും പ്രവാചകചര്യയില്‍ പെട്ടതാണ്’. ‘പ്രവാചകന്‍ മുണ്ട് മുറുക്കി ഉടുക്കാറുണ്ടായിരുന്നു’ എന്ന ആയിശ (റ) ന്റെ ആലങ്കാരിക പ്രയോഗവും ആരാധനകള്‍ നിര്‍വഹിക്കുന്നതില്‍ പ്രവാചകന്‍ കാണിച്ച ഔത്സുക്യവും ഊര്‍ജ്ജസ്വലതയുമാണ് വ്യക്തമാക്കുന്നത്.
ലൈലതുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ചിരിക്കുക
റമദാനിന്റെ അവസാന പത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ലൈലതുല്‍ ഖദ്ര്‍ എന്ന പവിത്രമായ രാവ് ഈ ദിനങ്ങളിലാണെന്നതാണ്. ആയിരം മാസങ്ങളേക്കാള്‍ പവിത്രമായ രാവ്. 84 വര്‍ഷം തുടര്‍ച്ചയായി ആരാധനകള്‍ നിര്‍വഹിച്ചാല്‍ ലഭിക്കുന്ന പുണ്യം ഈയൊരു ദിനത്തിലെ ആരാധനകള്‍ക്ക് കൊണ്ട് മാത്രം നേടിയെടുക്കാന്‍ ഒരു മുസ്‌ലിമിന് സാധിക്കുന്നു. വിശ്വാസി സമൂഹത്തിന് അല്ലാഹു നല്‍കിയ മഹത്തായ അനുഗ്രഹമാണിത്. പ്രവാചകനില്‍ നിന്നും അബൂഹുറൈറ റിപ്പോര്‍ട്ട് ചെയ്യുന്നു : ‘അല്ലാഹുവില്‍ വിശ്വസിച്ചും അവന്റെ തൃപ്തി കാംക്ഷിച്ചും ലൈലതുല്‍ ഖദ്‌റില്‍ പ്രാര്‍ഥനയില്‍ മുഴുകിയവന്റെ കഴിഞ്ഞകാല പാപങ്ങളെല്ലാം പൊറുത്തു കൊടുക്കപ്പെടും’ (ബുഖാരി, മുസ്‌ലിം)
ഒറ്റയായ ദിനങ്ങളിലാണ് ലൈലതുല്‍ ഖദ്ര്‍ ഉണ്ടാകുകയെന്ന് പ്രവാചകനില്‍ നിന്നും ആയിശ (റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ കാണാം. ‘റമദാനിന്റെ അവസാന പത്തിലെ ഒറ്റയായ രാവുകളില്‍ നിങ്ങള്‍ ലൈലതുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുക’ (ബുഖാരി, മുസ്‌ലിം).
ഉബയ്യിബ്‌നു കഅ്ബില്‍ നിന്നുമുള്ള ഒരു റിപ്പോര്‍ട്ടില്‍ ലൈലതുല്‍ ഖദ്‌റിന് കൂടുതല്‍ സാധ്യതയുള്ള ദിവസം റമദാന്‍ 27 ആണെന്ന് കാണാം. ‘അല്ലാഹുവാണേ, ആ ദിവസം ഏതാണെന്ന് എനിക്കറിയാം. അല്ലാഹുവിന്റെ പ്രവാചകന്‍ ആരാധനകളില്‍ മുഴുകാന്‍ ഞങ്ങളോട് ആവശ്യപ്പെട്ട ദിവസമാണത്. റമദാനിന്റെ 27 ാമത്തെ രാത്രിയാണത്’ (മുസ്‌ലിം).
അതുകൊണ്ട് റമദാനിന്റെ അവസാന പത്ത് ദിവസങ്ങളില്‍ വിശ്വാസി വ്യത്യസ്തങ്ങളായ ആരാധനാ കര്‍മ്മങ്ങളില്‍ മുഴുകണം. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തും നാഥനോട് പാപമോചനം തേടിയും ദിക്‌റുകള്‍ വര്‍ധിപ്പിച്ചും കഴിച്ചു കൂട്ടുക. ‘ലൈലതുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ചിരിക്കേണ്ടത് ആരാധനാ കര്‍മ്മങ്ങളില്‍ അധികമായി മുഴുകിയാണെന്ന്’ പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹു പറഞ്ഞിരിക്കുന്നു : ‘വിധി നിര്‍ണായക രാവ് ആയിരം മാസത്തെക്കാള്‍ മഹത്തരമാണ്. ആ രാവില്‍ മലക്കുകളും ജിബ്‌രീലും ഇറങ്ങി വരുന്നു. സമസ്ത കാര്യങ്ങളെയും സംബന്ധിച്ച തങ്ങളുടെ നാഥന്റെ ഉത്തരവുമായി. പുലരൊളി വിരിയും വരെ അത് പ്രശാന്തമായിരിക്കും.’ (അല്‍ഖദ് ര്‍ 3-5)
ഇഅ്തികാഫിന്റെ പത്ത്
റമദാനിന്റെ അവസാന പത്തില്‍ നിര്‍വഹിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മമാണ് ഇഅ്തികാഫ്. ആയിശ (റ) പറഞ്ഞു : ‘പ്രവാചകന്‍ (സ) മരണപ്പെടുന്നത് വരെ റമദാനിന്റെ അവസാന പത്തു ദിവസങ്ങളില്‍ പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം പത്‌നിമാരും അത് തുടര്‍ന്നിരുന്നു’ (ബുഖാരി, മുസ്‌ലിം). അല്ലാഹുവുമായുള്ള ഹൃദയബന്ധം കൂടുതല്‍ സുദൃഢമാക്കുന്നതിനുള്ള മാര്‍ഗമാണ് ഇഅ്തികാഫ്. അല്ലാഹുവിന്റെ അനുഗ്രഹവും അവന്റെ സാമീപ്യവും തേടിയാണ് ഓരോ വ്യക്തിയും ഇഅ്തികാഫ് അനുഷ്ഠിക്കുന്നത്.
ഇഅ്തികാഫ് അനുഷ്ഠിക്കുന്ന വ്യക്തി അത്യാവശ്യങ്ങള്‍ക്കല്ലാതെ പള്ളിയില്‍ നിന്നും പുറത്ത് പോകരുത്. ഇഅ്തികാഫിലായിരിക്കുമ്പോള്‍ അഞ്ചു നേരത്തെ നമസ്‌കാരത്തിന് പുറമെ മറ്റു ഐഛിക കര്‍മ്മങ്ങളിലും ദൈവിക സ്മരണയിലും ഖുര്‍ആന്‍ പാരായണത്തിലുമായി കഴിച്ചു കൂട്ടണം. അതോടൊപ്പം അനാവശ്യ സംസാരങ്ങളും വര്‍ജിക്കണം.
ദാനശീലം വര്‍ധിപ്പിക്കുക
വിശ്വാസികള്‍ പിശുക്ക് കാണിക്കാതെ ഉദാരതയില്‍ മുന്നേറേണ്ട ദിനങ്ങളാണിത്. അബ്ബാസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു : ‘അല്ലാഹുവിന്റെ പ്രവാചകന്‍ ധാരാളമായി ദാനധര്‍മ്മങ്ങള്‍ ചെയ്യുന്ന ആളായിരുന്നു, റമദാനിലായിരുന്നു പ്രവാചകന്‍ ഏറ്റവും കൂടുതല്‍ ദാനധര്‍മ്മങ്ങള്‍ നിര്‍വഹിച്ചിരുന്നത്. എല്ലാ റമദാനിലും ജിബ്‌രീല്‍ പ്രവാചകനുമായി കൂടിക്കാഴ്ച്ച നടത്തുകയും പ്രവാചകന്‍ ജിബ്‌രീലിന് വിശുദ്ധ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചു കൊടുക്കുകയും ചെയ്യും. ജിബ്‌രീലുമായുള്ള കൂടിക്കാഴ്ച്ച കഴിഞ്ഞാല്‍ പ്രവാചകന്‍ അത്യധികം ഔദാര്യവാനാകും’ (ബുഖാരി, മുസ്‌ലിം)
ഇമാം നവവി പറയുന്നു : ‘ ഉദാരതയും മഹാമനസ്തകയും റമദാന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്, പ്രത്യേകിച്ച് അവസാന പത്ത് ദിവസങ്ങളില്‍. അപ്രകാരം ചെയ്യുന്നതിലൂടെ നമ്മളുടെ മാര്‍ഗദര്‍ശിയായ പ്രവാചകനെ പിന്തുടരാനാണ് നാം ശ്രമിക്കുന്നത്. നന്മകള്‍ക്ക് മറ്റ് മാസങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന അനുഗ്രഹീത മാസമാണിത്. അതുപോലെ ജനങ്ങള്‍ നോമ്പിലും മറ്റു ആരാധനാ കര്‍മ്മങ്ങളിലുമായി കൂടുതല്‍ മുഴുകുന്ന ഈ മാസത്തില്‍ അവര്‍ അവരുടെ ഉപജീവന മാര്‍ഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്നു, അതിനാല്‍ ഈ സന്ദര്‍ഭത്തില്‍ ജനങ്ങള്‍ക്ക് സഹായം ആവശ്യമായിരിക്കും’.