ഇസ്ലാമിക പ്രബോധകര്‍ ലോകാവസാനത്തെപ്പറ്റിയാണ് കൂടുതലും സംസാരിക്കുന്നത്. കലാപങ്ങളെയും യുദ്ധങ്ങളെയും ലോകാന്ത്യത്തിന്റെ ലക്ഷണങ്ങളെയും സംബന്ധിച്ചാണവര് വാചാലമാകുന്നത്. പ്രതീക്ഷക്കു വക നല്‍കാത്ത സംസാരങ്ങള്‍ കേള്‍ക്കുന്നവര്‍ക്ക് ഇസ്ലാം പരാജയത്തിലും ദൈവനിഷേധം വന്‍ വിജയത്തിലുമാണെന്നാണ് തോന്നുക. സര്‍വ തിന്മകളും നന്മകളും ജയിച്ചടക്കി നൃത്തം വെക്കുകയും നന്മയുടെയാളുകള് പിന്തിരിഞ്ഞോടുകയുമാണെന്നാണ്. ഈ സംസാരങ്ങളുടെ ധ്വനി ഇനിയൊരിക്കലും മാറ്റത്തിനു വകയില്ലെന്നാണ് തോന്നിക്കുന്നത്. ദിനരാത്രങ്ങളോരോന്നും ഒന്നിനൊന്ന് വഷളായി നാശമടഞ്ഞുകൊണ്ടിരിക്കുകയും ഒരിക്കലും നന്നാക്കാന്‍ കഴിയാത്തവിധം ചീത്തയില്‍ നിന്നും ചീത്തയിലേക്കാണ് പോകുന്നതെന്നുമാണ് പൊതു സംസാരം. ചരിത്രം തിരുത്തിക്കുറിക്കാനുതകും വിധത്തിലുള്ള യാതൊരു ആശ്വാസവാക്കും ആരും പറഞ്ഞുകേള്‍ക്കുന്നില്ല.
വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഇസ്ലാമിക ചരിത്രവും വിളിച്ചറിയിക്കുന്ന സാന്ത്വനവാക്കുകളും യാഥാര്‍ഥ്യമായി പുലരുന്ന വാഗ്ദാനങ്ങളും സത്യമായി സംഭവിച്ച വസ്തുതകളും എന്തുകൊണ്ട് പ്രബോധകര്‍ ജനങ്ങളോട് പറയുന്നില്ല? ഭാവിയും നാളെയുമൊക്കെ ഇസ്ലാമിനാണെന്നും ആരൊക്കെ വെറുത്താലും ആ മതം സര്‍വത്തിനെയും കീഴടക്കുമെന്നുമുള്ള വ്യക്തമായ പ്രവചനങ്ങളും എന്തുകൊണ്ട് മുഖവിലക്കെടുക്കുന്നില്ല? ഈയൊരു സാഹചര്യത്തില്‍ ഖുര്‍ആനിലും പ്രവാചകാധ്യാപനങ്ങളിലും ആവേശോജ്വലമായ ഇസ്ലാമിക ചരിത്രത്തിലും സ്ഥിരപ്പെട്ടുകാണുന്ന പ്രതീക്ഷക്കു വകനല്കുന്ന സന്തോഷകരമായ സാന്ത്വന വാക്കുകളെ അനാവരണം ചെയ്യേണ്ടതായി നാം മനസ്സിലാക്കുന്നു.
ഖുര്‍ആനിലെ സുവിശേഷങ്ങള്‍
ദൈവനിഷേധികളും ബഹുദൈവാരാധകരും ഒന്നിച്ചു വെറുത്താലും ശരി, അല്ലാഹുവിന്റെ പ്രകാശം അവന് പരിപൂര്ണമാക്കുമെന്നും അവന്റെ മതമായ ഇസ്ലാം അന്തിമവിജയം പ്രാപിക്കുമെന്നും വിശുദ്ധ ഖുര്‍ആന്‍ ദൈവദാസന്മാരോട് വാഗ്ദാനം ചെയ്യുന്നതായി നാം കാണുന്നു. ഇസ്ലാമിനോട് കടുത്ത ശത്രുത വെച്ചുപുലര്‍ത്തുന്ന ബഹുദൈവാരാധകരെക്കുറിച്ചും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തെറ്റിക്കുകയും, അവരുടെ സമ്പത്ത് അന്യായമായി ഭക്ഷിക്കുകയും, പണ്ഡിതന്മാരെയും പുരോഹിതന്മാരെയും ദൈവതുല്യരായി കാണുകയും മതനിയമങ്ങളെ തന്നിഷ്ടപ്രകാരം മാറ്റിമറിക്കുകയും ചെയ്യുന്ന ജൂത ക്രിസ്തീയരെ കുറിച്ചും മറ്റും പരാമര്‍ശിക്കുന്നേടത്ത് ഖുര്‍ആന്‍ വ്യക്തമാക്കുന്നതിങ്ങനെയാണ്: “അവര്‍ അവരുടെ വായകള്‍ കൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ അല്ലാഹു അവന്റെ പ്രകാശത്തെ പൂര്‍ണമാക്കാതെ സമ്മതിക്കുകയില്ല. അവിശ്വാസികള്‍ വെറുത്താലും ശരി. അല്ലാഹുവാണ് അവന്റെ ദൂതനെ സത്യമതവും സന്മാര്ഗവും കൊണ്ട് നിയോഗിച്ചത്. അതിനെ മറ്റെല്ലാ മതങ്ങളെക്കാളും ഉപരി വിജയിപ്പിക്കാന്‍ വേണ്ടി. ബഹുദൈവാരാധകര്‍ വെറുത്താലും ശരി.”(തൗബ 32:33)
ഇവിടെ വേദക്കാരിലും ബഹുദൈവാരാധകരിലുമുള്ള ആളുകള്‍ അല്ലാഹുവിന്റെ പ്രകാശത്തെ ഊതിയണയ്ക്കാനാണ് കരുതുന്നതെന്ന് പറഞ്ഞിട്ടുള്ളത്, സത്യവും സന്മാര്ഗവും നല്കി അന്ത്യപ്രവാചകനെ നിയോഗിച്ചപ്പോഴുണ്ടായ എതിര്‍പ്പുകളെ സംബന്ധിച്ച് അവര്‍ക്കു മറുപടിയെന്നോണമാണ് പ്രപഞ്ചനാഥന് ഇങ്ങനെ ഉറപ്പിച്ചുപറയുന്നത്. അല്ലാഹുവിന്റെ വാഗ്ദാനം സത്യമായി പുലരുന്നതു തന്നെയാണെന്ന് പ്രവാചകനും(സ) അരുളിയിട്ടുണ്ട്.
ഒരിക്കല്‍ നബി(സ) ഇങ്ങനെ പറഞ്ഞു: എനിക്ക് കിഴക്കും പടിഞ്ഞാറും അല്ലാഹു അധീനമാക്കിത്തരികയും എന്റെ സമുദായത്തിന്റെ ആധിപത്യം അതില്‍ മുഴുവനും വ്യാപിക്കുകയും ചെയ്യും (മുസ്ലിം, അബൂദാവൂദ്). ഇമാം അഹ്മദ്(റ) തന്റെ മുസ്നദില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു: അദിയ്യുബ്നു ഹാതിം നബി(സ)യുടെ അടുക്കല്‍ പ്രവേശിച്ചു. അപ്പോള്‍ പ്രവാചകന് പറഞ്ഞു: അദിയ്യേ, നീ മുസ്ലിമായാല് നിനക്ക് രക്ഷ പ്രാപിക്കാം. അദ്ദേഹം പറഞ്ഞു: ഞാന്‍ ഒരു മതത്തിന്റെയാള് തന്നെയാണ്. അപ്പോള്‍ പ്രവാചകന്(സ) പറഞ്ഞു: നിന്റെ മതതത്തോടുള്ള ബന്ധം എനിക്കറിയാം. പക്ഷേ, നിനക്ക് ഇസ്ലാം സ്വീകരിക്കുന്നതിന് തടസ്സമായി നിലകൊള്ളുന്നത് അശക്തരും സാധുക്കളുമായ ആളുകളാണ് ഇസ്ലാം സ്വീകരിച്ചിട്ടുള്ളത് എന്ന് മാത്രമാണ്. എങ്കില്‍ നീ ഒരു കാര്യം മനസ്സിലാക്കണം. എന്റെ ആത്മാവ് ആരുടെ അധീനതയിലാണോ അവന് തന്നെ സത്യം. ഈ മതത്തിന്റെ പൂര്‍ത്തീകരണം സംഭവിക്കുക തന്നെ ചെയ്യും. എത്രത്തോളമെന്നാല്‍ യമനില്‍ നിന്ന് ഒരു സ്ത്രീ നിര്‍ഭയത്വത്തോടെ കഅ്ബാലയത്തില്‍ വന്ന് പ്രദക്ഷിണം ചെയ്യും. കിസ്റായുടെ നിധികളും ശേഖരങ്ങളും ജയിച്ചടക്കും. അദിയ്യ് സംശയപൂര്‍വം ചോദിച്ചു: കിസ്റയുടേതോ? അതെ എന്ന് പ്രവാചകന് പ്രതിവചിച്ചു. തന്നെയുമല്ല, ധനം കവിഞ്ഞൊഴുകും. അത് സ്വീകരിക്കാനാളില്ലാത്തവിധം സമ്പന്നമാകും. ഇതുകേട്ട അദിയ്യ് പറയുകയാണ്: ഞാന്‍ കിസ്റായുടെ ശേഖരങ്ങള്‍ കീഴടക്കിയ ജേതാക്കളോടൊപ്പമുണ്ടായിരുന്നു. എന്റെ ആത്മാവ് ആരുടെ കൈവശമാണോ അവര്‍ തന്നെയാണ് സത്യം. അവസാനം പറഞ്ഞതും സത്യമായി പുലരും. കാരണം, അത് റസൂലിന്റെ വാക്കുകളാണ്. (മുസ്നദ് 4:257)
ഈ അര്‍ഥത്തിലുള്ള അറിയിപ്പുകളും വാഗ്ദാനങ്ങളും ഖുര്‍ആനിലെ വിവിധ അധ്യായങ്ങളില്‍ വന്നിട്ടുണ്ട്. “അവര്‍ അവരുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താന്‍ ഉദ്ദേശിക്കുന്നു. എന്നാല്‍ അല്ലാഹു അവന്റെ പ്രകാശത്തെ പൂര്‍ത്തീകരിക്കുന്നവനാണ്. അവിശ്വാസികള്‍ എത്ര വെറുത്താലും ശരി. അവനാണ് അവന്റെ പ്രവാചകനെ സന്മാര്ഗവും സത്യമതവും കൊണ്ട് നിയോഗിച്ചയച്ചവന്‍. എല്ലാ മതങ്ങളേക്കാളും അതിനെ വിജയിപ്പിക്കാന്‍ വേണ്ടിയാണത്. ബഹുദൈവാരാധകര്‍ എത്ര വെറുപ്പുള്ളവരായാലും ശരി.” (വി.ഖു. 61:8,9)
ഖുര്‍ആന്‍ നല്കുന്ന സുവിശേഷങ്ങളില്‍ ഒരിടത്ത് ഇങ്ങനെ കാണാം: “നിങ്ങളില്‍ നിന്ന് സത്യവിശ്വാസികളാവുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരോട് അല്ലാഹു വാഗ്ദാനം ചെയ്യുന്നു. അവര്‍ക്ക് അവരുടെ മുന്ഗാമികള്ക്ക് ഭൂമിയില്‍ നില്‍കിയ പോലെ പ്രാതിനിധ്യം നല്‍കാമെന്ന്. അവര്‍ എന്നെ മാത്രം ആരാധിക്കുകയും എന്നില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ അവരുടെ ഭയത്തിനു ശേഷം നിര്‍ഭയത്വം പകരം നല്‍കാമെന്നും (വാഗ്ദാനം ചെയ്യുന്നു.)” (വി.ഖു 24:55).
ഇമാം ഇബ്നുകസീര്‍ ഈ സൂക്തത്തിന്റെ വിശദീകരണത്തില്‍ പറയുന്നത് ഇങ്ങനെയാണ്: മേല്‍ സൂചിപ്പിച്ച ആയത്ത് വ്യക്തമാക്കുന്നത് അല്ലാഹുവിന്റെ വാഗ്ദാനത്തെപ്പറ്റിയാണ്. മുഹമ്മദ് നബി(സ)യുടെ സമുദായത്തിന് ഭൂമിയില്‍ സ്വാധീനവും അധികാരവും നല്‍കുമെന്നും അവര്‍ ഭൂമിയില്‍ നന്മകള് നിലനിര്‍ത്തുമെന്നും അവര്‍ക്കുണ്ടായിരുന്ന ഭയം നീക്കി പകരം നിര്‍ഭയാവസ്ഥ പ്രദാനം ചെയ്യുമെന്നുമാണ് ഇവിടെ സൂചിപ്പിച്ചിട്ടുള്ളത്. പ്രവാചകന്റെ(സ) വിയോഗം ഉണ്ടാകുന്നതിനു മുമ്പ് തന്നെ മക്കയും ഖൈബറും ബഹ്റൈനും യമനും മറ്റു അറേബ്യന്‍ ഉപദ്വീപുകളും ശാമിന്റെ ഭാഗങ്ങളും പ്രവാചകന് അധീനപ്പെട്ടിരുന്നു. ശക്തരായ രാജാക്കന്മാരായി അറിയപ്പെട്ടിരുന്ന റോമിലെ ഹിര്ഖലും മുഖൗക്കിസ് രാജാവും ഒമാന്‍ രാജാക്കന്മാരും നജ്ജാശിയും മറ്റും പ്രവാചകനെ അംഗീകരിക്കേണ്ടി വന്നു. നബി തിരുമേനിയുടെ വിയോഗാനന്തരം ഖലീഫയായി തെരഞ്ഞെടുക്കുകയും അവിടെ ഭരണം നടത്തുകയും ചെയ്തു. കൂടാതെ പേര്‍ഷ്യയുടെ ഒട്ടനവധി പ്രദേശങ്ങളും സിറിയ, ഈജിപ്ത് തുടങ്ങിയ വിവിധ ഭാഗങ്ങളും കീഴ്പ്പെടുത്തി.
ഖാലിദ്(റ), അബൂഉബൈദ(റ), അംറുബ്നുല്‍ ആസ്വ്(റ) എന്നിവരായിരുന്നു സേനാനായകന്മാര്. അബൂബക്കറിന്റെ(റ) കാലശേഷം ഖലീഫയായി നിശ്ചയിക്കപ്പെട്ട ഉമറിന്റെ(റ) കാലഘട്ടം സമ്പൂര്‍ണമായ നീതിയുടെയും പ്രവാചകചര്യകളുടെ പ്രായോഗികവല്ക്കരണത്തിന്റെയും സമയമായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് പേര്‍ഷ്യയും മിസ്വ്റും ശാമും ഏകദേശം മുഴുവനുമായി കീഴടങ്ങി. കൈസറും കിസ്റായും പരാജിതരായി പിന്തിരിഞ്ഞോടി. തുടര്‍ന്ന് കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് നീങ്ങി. പ്രവാചകന്റെ(സ) പ്രവചനങ്ങള്‍ ഒന്നൊന്നായി പുലര്ന്നുകൊണ്ടേയിരിക്കുകയായിരുന്നു. ശേഷം ഉസ്മാന്റെ(റ) ഭരണഘട്ടം വന്നു. അക്കാലത്ത് ഇസ്ലാമിക സാമ്രാജ്യം കിഴക്കും പടിഞ്ഞാറും വ്യാപകമായി. കിസ്റാ വധിക്കപ്പെട്ടതോടെ അവരുടെ അധികാരം മുഴുവനുമായി മുസ്ലിംകളുടെ അധീനതയില്‍ വന്നു. ഇറാക്കും ഖുറാസാനും അഹ്വാസും കീഴടങ്ങിയതോടെ ഖലീഫ ഉസ്മാന്റെ (റ) സന്നിധിയിലേക്ക് കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നികുതികള്‍ വരാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ വിനയത്തിന്റെയും പഠനത്തിന്റെയും ഖുര്‍ആന്‍ പാരായണത്തിന്റെയും സമുദായത്തെ ഖുര്‍ആന്‍ മനപ്പാഠമാക്കാന്‍ പ്രേരിപ്പിച്ചതിന്റെയും അനുഗ്രഹങ്ങളാകാം ഇതെല്ലാം.
സത്യവിശ്വാസികളോടുള്ള ദൈവിക വാഗ്ദാനം അതേപോലെ ഇപ്പോഴും സ്ഥിരപ്പെട്ടുകിടക്കുന്നവയാണ്. ഖുലഫാഉര്‍റാശിദുകള്‍ക്കു ശേഷവും അതു തുടരുന്നു. അല്ലാഹുവിന്റെ വാഗ്ദാനം അവന് ലംഘിക്കുകയില്ല. “എന്റെ റബ്ബിന്റെ വാഗ്ദാനം സത്യമായതാണ്”(കഹ്ഫ് 98). എന്നാല്‍ ഈ കരാറുകള്‍ സത്യമായി പുലര്‍ന്നു കാണണമെങ്കില്‍ അതിനുള്ള നിബന്ധനയായി അല്ലാഹു ഓര്‍മിപ്പിക്കുന്നത് ഇതാണ്. 1). സത്യവിശ്വാസം, 2). സല്‍കര്‍മങ്ങള്‍, 3). അല്ലാഹുവില്‍ പങ്കുചേര്ക്കാതിരിക്കല്. അല്ലാഹു പറയുന്നു: “അവര്‍ എന്നില്‍ ആരെയും പങ്കുകാരാക്കാതെ എന്നെ മാത്രം ആരാധിക്കട്ടെ.” (സൂറതുന്നൂര്‍ 55)
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നാം അവര്‍ക്ക് കാണിക്കും: ഖുര്‍ആനിലെ സുവിശേഷങ്ങള്‍ പരിശോധിച്ചാല്‍ ഇങ്ങനെ കാണാം. അല്ലാഹു പറയുന്നു: “ചക്രവാളങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നാമവര്‍ക്ക് കാണിച്ചുകൊടുക്കും. ഇതാണ് സത്യമെന്ന് അവര്‍ക്ക് വ്യക്തമാകും വരെയും” (ഫുസ്സ്വിലത്ത് 53). അല്ലാഹുവിന്റെ ഈ വാഗ്ദാനത്തിന്റെ സാക്ഷാല്‍കാരമെന്നോണം മാനവലോകം ഒട്ടനേകം അത്ഭുതങ്ങള്‍ കണ്ടനുഭവിച്ചുകൊണ്ടിരിക്കുന്നതിനാല് അവയൊന്നും ഓരോന്നോരായി വിശദമാക്കണമെന്നില്ല. കണ്ണും കാതും ഹൃദയവുമുള്ളവര്‍ക്ക് വിശദീകരണത്തിന്റെ ആവശ്യമില്ലല്ലോ. ഖുര്‍ആന്‍ അംഗീകരിക്കാത്ത അമുസ്ലിംകള് പോലും ഇത്തരം യാഥാര്‍ഥ്യങ്ങള്‍ സമ്മതിച്ചിട്ടുണ്ട്.
പ്രവാചകന്മാരുടെ ചരിത്രവും വിശ്വാസികളുടെയും അവിശ്വാസികളുടെയും പര്യവസാനവും വിവരിക്കുന്നേടത്ത് ഖുര്‍ആനിന്റെ പ്രതിപാദന ശൈലി പരിശോധിച്ചാല്‍ അല്ലാഹുവിന്റെ വാഗ്ദാനങ്ങള്‍ സത്യമായി പുലര്‍ന്നതിന്റെ ജീവനുള്ള തെളിവുകള്‍ കാണാനാകും. പ്രവാചകന് മൂസാ(അ)യുടെയും ഫറോവയുടെയും ചരിത്രത്തില്‍ നിന്നുള്ള മതിയായൊരു ഉദാഹരണമാണ് ഇസ്റാഈല്‍ സന്തതികളുടെ മോചനവും ഫറോവയുടെ പതനവും. അവ പ്രസ്തുത വാഗ്ദാനങ്ങളുടെ പുലര്‍ച്ചയല്ലാതെ മറ്റെന്താണ്?
ദൈവിക സഹായം ചില വാഗ്ദാനങ്ങള്‍: ഖുര്‍ആനിന്റെ വരികള്‍ക്കിടയിലൂടെ കണ്ണോടിച്ചാല്‍ അല്ലാഹുവിന്റെ സഹായവും രക്ഷയും വിജയവും സംബന്ധമായി സത്യവിശ്വാസികളെ ബോധ്യപ്പെടുത്തുന്ന സത്യപ്രസ്താവനകള്‍ കാണാന്‍ കഴിയും. മാത്രമല്ല, അല്ലാഹുവിന്റെ വാഗ്ദാനവും സന്തോഷവാര്‍ത്തകളും നമുക്കതില്‍ കണ്ടെത്താന്‍ കഴിയും. “സത്യവിശ്വാസികളെ സഹായിക്കല്‍ നമ്മുടെ കടമയാണ്” (റൂം 47). “പിന്നെ നാം നമ്മുടെ ദൂതന്മാരെയും വിശ്വാസികളെയും രക്ഷിക്കും.” സത്യവിശ്വാസികളെ രക്ഷപ്പെടുത്തല്‍ നമ്മുടെ കര്‍ത്തവ്യവുമാണ്”(യൂനുസ് 103). “സത്യവിശ്വാസികളുടെ രക്ഷാധികാരി അല്ലാഹുവാണ്. അവര്‍ അവരെ ഇരുട്ടുകളില്‍ നിന്നും പ്രകാശത്തിലേക്ക് നയിക്കുന്നു” (അല്‍ബഖറ 257) തുടങ്ങിയ വചനങ്ങള്‍ അവയില്‍ ചിലതു മാത്രമാണ്. പ്രവാചകനും വിശ്വാസികളും ഒന്നടങ്കം ഭയവിഹ്വലരായി. എപ്പോഴാണ് നമുക്ക് അല്ലാഹുവിന്റെ സഹായം വന്നുകിട്ടുകയെന്ന് വ്യാകുലപ്പെട്ട സന്ദര്‍ഭത്തില്‍ അല്ലാഹു അറിയിക്കുന്നത് ഇങ്ങനെയാണ്: “അറിയുക അല്ലാഹുവിന്റെ സഹായം ആസന്നമാകുന്നു” (അല്‍ബഖറ 214). മേല്‍ സൂചിപ്പിച്ച ആയത്തുകളിലെല്ലാം സത്യവിശ്വാസികളെ സഹായിക്കല്‍ നിര്‍വഹിക്കപ്പെടുന്ന ഒരു വാഗ്ദാനമായി നിലകൊള്ളുമെന്ന് ഉറപ്പുതരുന്നു.
ഡോ. യൂസുഫുല്‍ ഖര്‍ദാവി
സംഗ്രഹം: അബ്ദുല്‍അലി മദനി
(Shabab Weekly)