മുസ്‌ലിമായിത്തീരുന്നതെങ്ങിനെ?

ഇസ്‌ലാമിനെ മതമായി അംഗീകരിച്ച്‌  thalugu ishar 013മുസ്‌ലിമായിത്തീരുന്നതെങ്ങിനെ?

 വിവരണം: ഇസ്‌ലാമിനെ മതമായി അംഗീകരിച്ച്‌ ഒരു യഥാര്‍ത്ഥ മുസ്‌ലിമായിത്തീരുന്നതിന്‌ ആവശ്യമായ നടപടിക്രമങ്ങളെക്കുറിച്ചുള്ള പ്രതിപാദനമാണിത്‌.

 
വര്‍ണ്ണ-ദേശ-വംശ പരിഗണനകള്‍ക്കതീതമായി ദൈവിക നിയമങ്ങള്‍ക്ക്‌ പൂര്‍ണ്ണമായും

സമര്‍പ്പിതനായിത്തീര്‍ന്നവനെയാണ്‌ മുസ്‌ലിം‘ എന്നു-വിളിക്കപ്പെടുന്നത്‌.

മുസ്‌ലിമാവുക എന്ന പ്രക്രിയ വളരെ എളുപ്പമേറിയ തും ലഘുവായ കാര്യവുമാണ്‌. അതിന്‌ മുന്‍

ഉപാധികളുടെ ആവശ്യമില്ല. ഒറ്റക്കോ മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ വെച്ചോ ഇസ്‌ലാമിലേക്കുള്ളപരിവര്‍ത്തനംസാധ്യമാക്കാവുന്നതാണ്‌.

മുസ്‌ലിമാവാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും അതോടൊപ്പം ദൈവം അവതരിപ്പിച്ച യഥാര്‍ത്ഥ മതം ‘ഇസ്‌ലാം’ (സമര്‍പ്പണം) മാത്രമാണ്‌ എന്ന ശക്തവും ദൃഡവുമായ വിശ്വാസം രൂഢമൂലമാവുകയും ചെയ്തു കഴിഞ്ഞാല്‍ ഉടനെ ശഹാദത്ത്‌ എന്ന വിശ്വാസ പ്രഖ്യാപനം നടത്തുക മാത്രം മതി ഒരാള്‍ മുസ്‌ലിമായിത്തീരാന്‍. ഇസ്‌ലാമിന്‍റെപഞ്ചസ്തംഭങ്ങളില്‍ പ്രഥമവും ഏറ്റവുംപ്രാധാന്യമര്‍ഹിക്കുന്നതും  ശഹാദത്ത്‌ആണ്‌.

ഈ സത്യസാക്ഷ്‌യം  അഥവാ ശഹാദത്ത്‌ വിശ്വാസ ദാര്‍ഢ്യതയോടെയും ആത്മാര്‍ത്ഥതയോടെയും പ്രഖ്യാപിക്കുന്നതോടു കൂടി ഒരു വ്യക്തി ഇസ്‌ലാമിലേക്ക്‌ പ്രവേശിച്ചു കഴിഞ്ഞു. ദൈവതൃപ്തി മാത്രം ലക്ഷ്‌യമാക്കി ക്കൊണ്ട്‌ ഇങ്ങനെ ഇസ്‌ലാമില്‍ പ്രവേശിക്കുന്നതോടു കൂടി അദ്ദേഹത്തിന്‍റെ മുന്‍കടന്ന പാപങ്ങള്‍ പൊറുക്കപ്പെടുന്നു. ശുദ്ധവും നിഷ്കളങ്കവുമായ മനസ്സും ശരീരവുമായി ഒരു പുതു ജീവിതത്തിലേക്ക്‌ അദ്ദേഹം കാലെടുത്തുവെക്കുന്നു.

‘ഇസ്‌ലാം’  സ്വീകരിക്കുന്നതിന്‌ ഉപാധികള്‍ വെച്ച ഒരു വ്യക്തിയോട്‌ പ്രവാചകന്‍ (ദൈവത്തിന്‍റെ ശാന്തിയും സമാധാനവും അദ്ദേഹത്തില്‍ വര്‍ഷിക്കുമാറാകട്ടെ) ചോ ദിച്ചത്‌ ഇപ്രകാരമായിരുന്നു.

ഇസ്‌ലാം  സ്വീകരിക്കുന്നതോടു കൂടി അതിനു മുന്‍പുള്ള മുഴുവന്‍ പാപങ്ങളും നശിപ്പിക്കപ്പെടുമെന്ന്‌ നിനക്കറിയില്ലേ? (സ്വഹീഹ്‌- മുസ്‌ലിം)

‘ഇസ്‌ലാം’  സ്വീകരിക്കുന്നതോടെ മൗലികമായി ഒരു മനുഷ്യനില്‍ സംഭവിക്കുന്നതെ ന്താണ്‌? പഴയ ജീവിതത്തില്‍ താന്‍ സ്വീകരിച്ചിരുന്ന വിശ്വാസങ്ങളില്‍ നിന്നും ആചരിച്ചു വന്നിരുന്ന മാര്‍ഗ്ഗങ്ങളില്‍ നിന്നും മാനസാന്തരപ്പെടുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നു. ഒരാളും അയാള്‍ പണ്ട്‌ ചെയ്തു വെച്ച പാപങ്ങളുടെ പേരില്‍ അമിതഭാരം ചുമക്കപ്പെടേണ്ടതില്ലല്ലൊ?. മാതാവിന്‍റെ ഗര്‍ഭാശയത്തില്‍ നിന്നും പിറന്നു വീണ കുഞ്ഞിനെപ്പോലെ അയാളുടെ ജീവിതരേഖ ശൂന്യമാവുകയാണ്‌. ഭാവിജീവിതം ഭാസുരമാകുന്നതിന്‌ പാപങ്ങളില്‍ നിന്നും മുക്തനായി ജീവിക്കുവാനും പരമാവധി പുണ്യം ചെയ്യുവാനും അത്യധ്വാനം ചെയ്യുകയാണ്‌ ഇനി അയാള്‍ വേണ്ടത്‌.


ഇസ്‌ലാമിക മാര്‍ഗ്ഗം പിന്തുടരപ്പെടേണ്ടതിന്‍റെ പ്രാധാന്യം വിശുദ്ധ ഖുര്‍ആനും പ്രവാചക വചനങ്ങളും ഊന്നിപ്പറയുന്നുണ്ട്‌. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

ദൈവത്തിങ്കല്‍ മതം ഒന്നു മാത്രമേയുള്ളൂ.അത്‌ ‘ഇസ്‌ലാം’ (സമര്‍പ്പണം) മാത്രമാകുന്നു.‘ ( 3-19)

മറ്റൊരു വചനം ശ്രദ്ധിക്കുക:

ഇസ്‌ലാം  (സമര്‍പ്പണം) അല്ലാത്ത മറ്റേതൊന്നിനേയും മതമായി ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവനില്‍ നിന്ന്‌ അത്‌ സ്വീകരിക്കപ്പെടുകയില്ല. പരലോകത്ത്‌ അവന്‍ നിത്യനഷ്ടകാരികളിലായിരിക്കും. 
(വി:ഖുര്‍ആന്‍ 3-85)

പ്രവാചകന്‍ (ദൈവത്തിന്‍റെ ശാന്തിയും സമാധാനവും അദ്ദേഹത്തില്‍ വര്‍ഷിക്കുമാറാകട്ടെ) പറഞ്ഞു.

ഒരു പങ്കാളിയുമില്ലാത്ത യഥാര്‍ത്ഥ ദൈവമല്ലാതെ ആരാധിക്കപ്പെടാന്‍ അര്‍ഹനായി മറ്റൊന്നുമില്ല, മുഹമ്മദ്‌ ദൈവത്തിന്‍റെ ദാസനും പ്രവാചകനുമാണ്‌, ഈസ (യേശു) ദൈവത്തിന്‍റെ ദാസനും പ്രവാചകനും മര്‍യമിനു നല്‍കപ്പെട്ട ദൈവവചനവും[1] ദൈവത്തില്‍ നിന്നുള്ള ആത്മാവുമാണ്‌, സ്വര്‍ഗ്ഗം യഥാര്‍ത്ഥമാണ്‌, നരകവും യഥാര്‍ത്ഥമാണ്‌ എന്നീ സത്യങ്ങള്‍ക്ക്‌ സാക്ഷ്‌യം വഹിക്കുന്നവനെ അവന്‍റെ പ്രവര്‍ത്തനങ്ങളുടെ തോതനുസരിച്ച്‌ ദൈവം സ്വര്‍ഗ്ഗത്തില്‍ ചേര്‍ക്കും.‘ (സ്വഹീഹുല്‍ ബുഖാരി)

പ്രവാചകന്‍ (ദൈവത്തിന്‍റെ ശാന്തിയും സമാധാനവും അദ്ദേഹത്തില്‍ വര്‍ഷിക്കുമാറാകട്ടെ) പറഞ്ഞു.
 

നിശ്ചയം; ദൈവപ്രീതി ആഗ്രഹിച്ചു കൊണ്ട്‌ യഥാര്‍ത്ഥ ദൈവം (അല്ലാഹു) അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്ന്‌ ഞാന്‍ സത്യസാക്ഷ്‌യം വഹിക്കുന്നു എന്നു പറഞ്ഞ ഏതൊരു വ്യക്തിയെയും ശാശ്വതമായി നരകത്തില്‍ താമസിപ്പിക്കുന്നത്‌ ദൈവം (സ്വയം) നിഷിദ്ധമാക്കിയിരിക്കുന്നു.‘ (സ്വഹീഹുല്‍ ബുഖാരി)

ശഹാദ: അഥവാ സത്യസാക്ഷ്‌യത്തിന്‍റെ പ്രഖ്യാപനം

ഇസ്‌ലാമിലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെടുതിനും തദ്വാരാ മുസ്‌ലിമായിത്തീരുന്നതിനും താഴെ പറയുന്ന സാക്ഷ്‌യവചനങ്ങള്‍ പ്രഖ്യാപിക്കേണ്ടതുണ്ട്‌. പൂര്‍ണ്ണ ബോധ്യത്തോടെയും അര്‍ത്ഥഗ്രാഹ്യതയോടെയും ആയിരിക്കണം പ്രസ്തുത വചനങ്ങള്‍ മൊഴിയേണ്ടത്‌.

 “ അശ്‌ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ്‌, 
 വ അശ്‌ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്‌”

സാരം: “യഥാര്‍ത്ഥ ദൈവം (അല്ലാഹു) അല്ലാതെ മറ്റൊരു ദൈവവും ഇല്ലെന്നും മുഹമ്മദ്‌ ദൈവത്തിന്‍റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്‌യം വഹിക്കുന്നു.”

സത്യസാക്ഷ്‌യ വചനം പൂര്‍ണ്ണബോധ്യത്തോടെ ഒരാള്‍ ഉരുവിട്ടു കഴിഞ്ഞാല്‍ അവന്‍ അല്ലെങ്കില്‍ അവള്‍ മുസ്‌ലിമായിത്തീര്‍ന്നു. ഒറ്റക്ക്‌ തന്നെ അത്‌ നിര്‍വ്വഹിക്കാവുന്നതാണ്‌. എങ്കിലും മറ്റൊരാളുടെ ഉപദേശ നിര്‍ദ്ദേശങ്ങളോടെ നിര്‍വ്വഹിക്കുന്നതാണ്‌ നല്ലത്‌..

മാനവസമുദായത്തിനായി ദൈവം അവതരിപ്പിച്ച പരമസത്യമാണ്‌ സാക്ഷ്‌യവചനത്തിന്‍റെ ആദ്യഭാഗത്തില്‍ നമുക്ക്‌ ദര്‍ശിക്കാന്‍ സാധിക്കുന്നത്‌. അതായത്‌ ദൈവമല്ലാത്ത ഒന്നിനും ദിവ്യത്വമില്ല അഥവാ സര്‍വ്വശക്തനായ ദൈവം തമ്പുരാന്‌ മാത്രമല്ലാതെ ആരാധനകള്‍ അര്‍പ്പിക്കപ്പെടാന്‍ അര്‍ഹതയില്ല എന്ന പരമസത്യം.

ദൈവവചനം ശ്രദ്ധിക്കുക

ഞാനല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്നും അതുകൊണ്ട്‌ എന്നെ മാത്രം ആരാധിക്കുക എന്നും സന്ദേശം നല്‍കപ്പെടാതെ താങ്കള്‍ക്ക്‌ മുമ്പ്‌ ഒരു ദൂതനെയും നാം അയച്ചിട്ടില്ല. (വി:ഖുര്‍ആന്‍ 21-25)

മേല്‍ വിവരിക്കപ്പെട്ട വചനങ്ങള്‍ നമുക്ക്‌ നല്‍കുന്ന സന്ദേശം ഇങ്ങനെ സംഗ്രഹിക്കാം. പ്രാര്‍ത്ഥന
, വന്ദനം, വ്രതാനുഷ്ടാനം, അഭയം പ്രാപിക്കല്‍, മൃഗബലി തുടങ്ങിയ ആരാധനയുടെ ഏതു രൂപവും ദൈവത്തിനു മാത്രമേ സമര്‍പ്പിക്കാവൂ. ഏതു രൂപത്തിലുമുള്ള ആരാധനകളും ദൈവമല്ലാത്തവര്‍ക്ക്‌ സമര്‍പ്പിക്കുക എന്നത്‌ ഇസ്ലാമിന്‍റെ അടിസ്ഥാന സന്ദേശത്തിന്‌ കടകവിരുദ്ധവും മരണത്തിനു മുമ്പ്‌ പശ്ചാത്തപിച്ചില്ലെങ്കില്‍ അത്‌ ദൈവത്തിങ്കല്‍ പൊറുക്കപ്പെടാത്ത പാപവുമാണ്‌. അത്തരം ആരാധനകള്‍ ഏതെങ്കിലും മലക്കിനെയോ, യേശു, മുഹമ്മദ്‌ തുടങ്ങിയ ദൈവദൂതരെയോ, ഏതെങ്കിലും പുണ്യപുരുഷന്മാരെയോ, വിഗ്രഹങ്ങളെയോ,സൂര്യ ചന്ദ്രാതികളെയോ ലക്ഷ്‌യമാക്കിയായിരുന്നാലും അവ ഇസ്‌ലാമികാധ്യാപനങ്ങള്‍ക്കെ തിരാണെന്ന കാര്യത്തില്‍ സംശയത്തിനവകാശമില്ല. 

ദൈവപ്രീതിക്കു വേണ്ടി അവന്‍ കല്‍പ്പിച്ചതും പ്രോല്‍സാഹിപ്പിച്ചതുമായ കാര്യങ്ങള്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനെയാണ്‌ സാങ്കേതികമായി  ആരാധന  അഥവാ ഇബാദത്ത്‌ എന്നു പറയുന്നത്‌. അതുകൊണ്ടു തന്നെ ആരാധന ഇസ്‌ലാമിന്‍റെ പഞ്ചസ്തംഭങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല, മറിച്ച്‌ ജീവിതത്തിന്‍റെ  എല്ലാ മേഖലകളെയും അതു ചൂഴ്‌ന്നു നില്‍ക്കുന്നു. കുടുംബത്തിന്‌ ഭക്ഷണം നല്‍കുന്നതും ഒരാളെ സന്തോഷിപ്പിക്കാന്‍ വേണ്ടി നല്ലത്‌ സംസാരിക്കുന്നതുമൊക്കെ ആരാധനയുടെ ഭാഗങ്ങള്‍ തന്നെയൊണ്‌;അവ ദൈവപ്രീതി കാംക്ഷിച്ചു കൊണ്ടാണെങ്കില്‍… ഇതു നമുക്ക്‌ വ്യക്തമാക്കിത്തരുന്നത്‌, ആരാധനകള്‍ ദൈവത്തിങ്കല്‍ സ്വീകാര്യമായിത്തീരണമെങ്കില്‍ ആത്മാര്‍ത്ഥമായും അവ ദൈവത്തിന്‍റെ മാത്രം പ്രീതി ലക്ഷ്യമാക്കിക്കൊണ്ട്‌ നിര്‍വ്വഹിക്കപ്പെട്ടതായിരിക്കണം എന്ന തത്വമാണ്‌. 


സത്യസാക്ഷ്‌യത്തിന്‍റെ രണ്ടാം ഭാഗം അര്‍ത്ഥമാക്കുന്നത്‌ പ്രവാചകന്‍ മുഹമ്മദ്‌ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ദൂതനും ദൈവത്തിന്‍റെ ദാസനുമാണെന്നതാണ്‌. പ്രവാചക കല്‍പ്പനകളാണ്‌ ഒരാള്‍ പിന്തുടരേണ്ടതും അനുസരിക്കേണ്ടതും എന്ന കാര്യമാണ്‌ ഇത്‌ സൂചിപ്പിക്കുത്‌. അദ്ദേഹം പറഞ്ഞതില്‍ പൂര്‍ണ്ണ വിശ്വാസം രേഖപ്പെടുത്തണം
; അദ്ദേഹത്തിന്‍റെ അധ്യാപനങ്ങള്‍ പ്രയോഗവല്‍ക്കരിക്കുകയും അദ്ദേഹം നിരോധിച്ചത്‌ പാടെ വര്‍ജജിക്കുകയും വേണം. ദൈവത്തിന്‌ മാത്രം അര്‍പ്പിക്കേണ്ട ആരാധനകള്‍ പ്രവാചകന്‍റെ അധ്യാപനങ്ങള്‍ അനുസരിച്ച്‌ മാത്രമാണ്‌ നിര്‍വ്വഹിക്കപ്പെടേണ്ടത്‌. പ്രവാചകാധ്യാപനങ്ങള്‍, സത്യത്തില്‍,അദ്ദേഹത്തിനു ലഭിച്ച ദിവ്യസന്ദേശങ്ങളും ഉള്‍പ്രേരണകളുമാണ്‌.

പ്രവാചകനെ അനുധാവനം ചെയ്തുകൊണ്ട്‌ ജീവിതത്തെയും സ്വഭാവ പെരുമാറ്റങ്ങളെയും ക്രമപ്പെടുത്താന്‍ ഒരു മുസ്ലിം ബാധ്യസ്ഥനാണ്‌. കാരണം പ്രവാചകനാണ്‌ മനുഷ്യ സമൂഹത്തിനുള്ള ജീവിക്കുന്ന മാതൃക.

ഖുര്‍ആന്‍ പറയുന്നത്‌ ശ്രദ്ധിക്കുക.

തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാണ്‌. (വി:ഖുര്‍ആന്‍ 68-4)

നിശ്ചയം; നിങ്ങള്‍ക്ക്‌ ദൈവദൂതരില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത്‌ അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍മ്മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്‌.(വി:ഖുര്‍ആന്‍ 33-21)

ഖുര്‍ആനിന്‍റെ പ്രായോഗികരൂപനിര്‍ണ്ണയത്തിന്‌ വേണ്ടിയാണ്‌ പ്രവാചകന്‍ നിയുക്തനാക്കപ്പെട്ടത്‌. വാക്കിലും പ്രവൃത്തിയിലും നിയമരൂപീകരണത്തിലും ജീവിതത്തിന്‍റെ മ
റ്റെല്ലാ തുറകളിലും ആവശ്യമായി വരുന്ന പ്രായോഗിക രൂപമാണ്‌ പ്രവാചകന്‍റെ ജീവിതം.

പ്രവാചകന്‍റെ സ്വഭാവത്തെ കുറിച്ച്‌ ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ പത്നി ആയിശ ഇങ്ങനെ പ്രതിവചിച്ചു.

അദ്ദേഹത്തിന്‍റെ സ്വഭാവം ഖുര്‍ആനാണ്‌ (സുയൂത്വി)

അതുകൊണ്ടു തന്നെ സത്യസാക്ഷ്യത്തിന്റെ രണ്ടാം ഭാഗത്തിനനുസ്രുതമായി സത്യസന്ധമായി നിലനില്‍ക്കണമെങ്കില്‍ ജീവിതത്തിന്‍റെ നിഖില മേഖലകളിലും അദ്ദേഹത്തെ മാതൃകയാക്കേണ്ടതുണ്ട്‌.

ദൈവവചനം ഇപ്രകാരമാണ്‌.

‘(പ്രവാചകരേ, മാനവ സമുദായത്തോടു) പറയുക, നിങ്ങള്‍ ദൈവത്തെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക‘ (വി:ഖുര്‍ആന്‍ 3-31)

മുഹമ്മദ്‌ അന്ത്യപ്രവാചകനും അവസാനത്തെ ദൈവദൂതനുമാണ്‌ എന്നതാണ്‌ സാക്ഷ്‌യവചനത്തിന്റെ രണ്ടാം ഭാഗം നല്‍കുന്ന മറ്റൊരു സന്ദേശം. അദ്ദേഹത്തിനു ശേഷം മറ്റൊരു പ്രവാചകനും വരാന്‍ സാധ്യമല്ല.

മുഹമ്മദ്‌ നിങ്ങളുടെ പുരുഷന്മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ അദ്ദേഹം ദൈവത്തിന്റെ ദൂതനും പ്രവാചകന്മാരില്‍ അവസാനത്തെ ആളുമാകുന്നു. (വി:ഖുര്‍ആന്‍ 33-40)

അദ്ദേഹത്തിനു ശേഷം പ്രവാചകത്വം അവകാശപ്പെടുകയും ദിവ്യസന്ദേശം നല്‍കപ്പെട്ടു എന്നു വാദിക്കുകയും ചെയ്തവരൊക്കെയും കപടവേഷധാരികളാകുന്നു. അവരെല്ലാവരും ഫലത്തില്‍ അവിശ്വാസികളുമാകുന്നു.

താങ്കളെ ഞങ്ങള്‍ ഇസ്‌ലാമിലേക്ക്‌ സ്വാഗതം ചെയ്യുന്നു.
താങ്കളുടെ തീരുമാനത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു.
താങ്കളെ സഹായിക്കാന്‍ ഞങ്ങളാല്‍ കഴിയുന്ന ഏത്‌ വിധേനയും ഞങ്ങള്‍ ഒരുക്കമാണ്‌.

 

 

 

 

Related Post