Main Menu
أكاديمية سبيلي Sabeeli Academy

പത്താം വയസ്സില്‍ പടച്ചവന്‍ ദത്തെടുത്ത ബാലന്‍

waail-abdul-salaam-austin-roe_200_200വാഇല്‍ അബ്ദുസ്സലാം
_____________________

പത്താം വയസ്സില്‍ ഇസ്‌ലാംസ്വീകരിച്ച ഓസ്റ്റിന്‍ റോ എന്ന വാഇല്‍ അബ്ദുസ്സലാമിന്റെ ജീവിതം
___________________________________________

പത്താം വയസ്സില്‍ ഇസ്‌ലാംസ്വീകരിച്ച ആളുകളുടെ വിശേഷങ്ങള്‍ അസാധാരണമായിരിക്കാം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അത് യാഥാര്‍ഥ്യമായിരുന്നു. എന്റെ കഥ ഞാനിവിടെ പങ്കുവെക്കുന്നത് എന്നെ പ്പോലെ പ്രയാസഘട്ടങ്ങളിലൂടെ കടന്നുവന്ന കുട്ടികള്‍ക്ക് പ്രയോജനപ്പെടട്ടെയെന്ന് കരുതിയാണ്. റോമന്‍കത്തോലിക്ക മമ്മിയ്ക്കും ബാപ്റ്റിസ്റ്റ് ഡാഡിക്കും അരുമയായാണ് ഞാന്‍ പിറന്നത്. എന്നെക്കാള്‍ ഒന്നരവയസ്സു മൂപ്പുള്ള ഒരു സഹോദരിയുണ്ടെനിക്ക്.

ആറാഴ്ച പ്രായമുള്ള എന്നെ, തൊട്ടിലില്‍നിന്ന് പൊക്കിയെടുത്ത് പിതാവ് മറ്റൊരുസ്ത്രീയോടൊപ്പം കടന്നുകളഞ്ഞു. മമ്മിയെ സഹോദരിയ്‌ക്കൊപ്പം തനിച്ചാക്കി എന്നെ ഒളിപ്പിച്ചുവെച്ച് മയക്കുമരുന്നിന്റെ ലോകത്ത് വിഹരിക്കുകയായിരുന്നു ഡാഡി. ആദ്യവര്‍ഷങ്ങള്‍ ഏകാന്തതയും വിശപ്പും അനുഭവിച്ച് കഴിഞ്ഞുകൂടി. ആ അവസ്ഥയില്‍ ഞാന്‍ എല്ലാവരെയും വെറുത്തു.

കടുത്ത പ്രയാസമനുഭവിക്കുന്ന ആ ഘട്ടത്തില്‍ ബാറിലെ വിളമ്പുകാരിയായി മമ്മിക്ക് കൂട്ടുകാരികള്‍ ഒരു ജോലി സംഘടിപ്പിച്ചുകൊടുത്തു. അതിനാല്‍ സഹോദരിക്കും മമ്മിക്കും താല്‍ക്കാലികാശ്വാസമായി. ഒരിക്കല്‍ ഡാഡിയുടെ കൂട്ടുകാരിലൊരാള്‍ മമ്മിയെ സമീപിച്ച് ഞാനെവിടെയാണെന്നും എന്റെ അവസ്ഥയെന്താണെന്നും ധരിപ്പിച്ചു. എന്റെ അപകടാവസ്ഥ തിരിച്ചറിഞ്ഞ് അവര്‍ നേരെ ഡാഡിയും കൂട്ടുകാരും സംഗമിക്കാറുള്ള കേന്ദ്രത്തില്‍ വന്നു. ഏകാകിയായി ചുറ്റിയടിച്ചുനടക്കുന്ന എന്നെക്കണ്ട് എടുത്തുകൊണ്ടുപോന്നു. മമ്മിയാണതെന്ന് അന്ന് എനിക്ക് അറിയില്ലായിരുന്നു. ആരോ തട്ടിക്കൊണ്ടുപോകുന്നതാണെന്നാണ് ഞാന്‍ ധരിച്ചത്. അതിനാല്‍ ഞാന്‍ സദാ ഒച്ചവെച്ചും ദേഷ്യപ്പെട്ടും കഴിഞ്ഞു. ഒടുവില്‍ മമ്മി എന്നെ പുഞ്ചിരിക്കാനും ആശ്ലേഷിക്കാനും പഠിപ്പിച്ചു. തന്റെയും കുട്ടികളുടെയും ജീവിതചിലവുകള്‍ക്കായി കൂടുതല്‍ സമയം ബാറില്‍ അവര്‍ക്ക് പണിയെടുക്കേണ്ടതായിവന്നു. അതിനാല്‍ ഒട്ടേറെ ആയമ്മമാര്‍ ഞങ്ങളെ പരിചരിക്കാനായി വന്നുപോയി.

ഒരിക്കല്‍ ഡാഡി ഞങ്ങളുടെ വീട്ടില്‍ വന്നു. ആ സമയത്ത് അദ്ദേഹം പുതിയൊരു സ്ത്രീയുമായി ജീവിതമാരംഭിച്ചിരുന്നു. എന്നെ അവിടെ നിന്നും ഡാഡി കൂട്ടിക്കൊണ്ടുപോയി. എന്നെ സ്‌കൂളില്‍ ചേര്‍ത്താനാണ് അദ്ദേഹം ശ്രമിച്ചത്. പക്ഷേ, അതൊന്നും ഫലിച്ചില്ല. എന്റെ സ്വഭാവം കൂടുതല്‍ വഷളായെന്നു പ്രത്യേകിച്ചുംപറയേണ്ടതില്ലല്ലോ.

എന്റെ സ്വഭാവം വളരെ മോശമാണെന്നും അതിനാല്‍ ഇനിമുതല്‍ വിടേണ്ടതില്ലെന്നും സ്‌കൂളധികൃതര്‍ ഡാഡിയെ അറിയിച്ചു. ഗത്യന്തരമില്ലാതെ തിരികെ മമ്മിയുടെ അടുത്ത് എന്നെകൊണ്ടാക്കി. ഞാന്‍ തിരികെയെത്തിയതില്‍ അവര്‍ സന്തോഷിച്ചു. തുടര്‍ന്ന് സഹോദരിയുടെ സ്‌കൂളില്‍ ചേര്‍ത്തു. ഞാന്‍ വീണ്ടും ഒറ്റപ്പെട്ടു. പുതിയ സ്‌കൂളിലും എന്റെ വിക്രിയകള്‍ തുടര്‍ന്നു. അധ്യാപകരെയും സഹപാഠികളെയും അടിക്കുകയും തൊഴിക്കുകയുംപതിവായി. എന്തായാലും ആ സ്‌കൂളിനോട് വൈകാതെ തന്നെ വിടചൊല്ലി. ആ സ്‌കൂളില്‍ അന്ന് കാട്ടിക്കൂട്ടിയ വിക്രിയകളെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കാനേ കഴിയില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം മമ്മി എന്നെയും കൂട്ടി വിമാനത്തിലേറി അവരുടെ സ്വദേശത്തേക്ക് യാത്രതിരിച്ചു. അവിടത്തെ വീട്ടില്‍ മമ്മിയുടെ മാതാവുണ്ടായിരുന്നു. ആ വല്യമ്മ വളരെ സ്‌നേഹശീലയായിരുന്നു. പക്ഷേ, അതുമിതും വലിച്ചെറിയുന്ന എന്റെ സ്വഭാവം അവര്‍ സഹിക്കാന്‍ തയ്യാറായില്ല. പക്ഷേ, അക്കാരണത്താല്‍ എന്നോട് ഒച്ചയിടുകയൊന്നും ചെയ്തില്ല. പകരം എന്റെ കൈപിടിച്ച് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോകും. അവിടെ വല്ല വിറകോ , ഇഷ്ടികയോ കുന്നുകൂടിക്കിടക്കുന്നത് പറമ്പിലെ മറ്റൊരു ഭാഗത്തേക്ക് നീക്കിവെക്കാന്‍ തുടങ്ങും. അതുപോലെ ചെയ്യാന്‍ എന്നോടും പറയും. ആദ്യമാദ്യം എനിക്ക് അതു കേള്‍ക്കുന്നത് വെറുപ്പായിരുന്നു. ക്രമേണ ഒരു കളി ആസ്വദിക്കുംപോലെ ഞാനത് ചെയ്യാന്‍ തുടങ്ങി.

അങ്ങനെ എട്ടുമാസംകഴിഞ്ഞപ്പോള്‍ വീട്ടുപകരണങ്ങള്‍ വലിച്ചെറിയുന്ന സ്വഭാവം ക്രമേണ നിലച്ചു. വല്യമ്മ ബൈബിള്‍ വായിക്കുമ്പോള്‍ മടിയിലിരുന്ന് അവയെല്ലാംകേള്‍ക്കും. അല്പസമയത്തിനുള്ളില്‍ കണ്‍കളില്‍ ഉറക്കം കൂടുകൂട്ടിയിരിക്കും. അവിടെവെച്ച് സ്‌കൂള്‍ പാഠങ്ങള്‍ പഠിച്ചു. കുതിര സവാരി അഭ്യസിച്ചു. പക്വത നേടിയതുപോലെ എനിക്ക് അനുഭവപ്പെട്ടു. സ്വഭാവമെല്ലാം നന്നായിട്ടുണ്ടെന്ന് വല്യമ്മ എന്നോട് പറഞ്ഞു. ഇനി ദേഷ്യംവന്നാല്‍ ദൈവത്തെ ഓര്‍ക്കണമെന്നും ആരേയും ഉപദ്രവിക്കരുതെന്നും എന്നെ ഉണര്‍ത്തി.

തിരികെ വീട്ടിലെത്തിയപ്പോള്‍ അമ്മ സന്തോഷവതിയായി. കാരണം മറ്റൊന്നുമല്ല, ഞാന്‍ മുമ്പത്തെപ്പോലെ പാത്രം എറിഞ്ഞുടക്കുകയോ ആളുകളെ അക്രമിക്കുകയോ ചെയ്യുന്നില്ല. ഭക്ഷണം നന്നായിക്കഴിക്കുകയും ഉറങ്ങുകയുംചെയ്യുന്നു. എന്റെ മുഖം രക്തപ്രസാദത്താല്‍ ചുവന്നുതുടുത്തു. ജീവിതച്ചെലവുകണ്ടെത്താന്‍ മമ്മി അപ്പോഴും കഠിനാധ്വാനംചെയ്തു. ഞാന്‍ വല്യമ്മയുടെ അടുത്തായിരിക്കെ ഉണ്ടായ സഹോദരനെ ശുശ്രൂഷിക്കാന്‍ ആയമ്മ വരും. ഞങ്ങളെ പരിപാലിക്കാന്‍ മമ്മി പ്രയാസപ്പെടുകയാണെന്നറിഞ്ഞിട്ടും ഒരു നാണയത്തുട്ടുപോലും ഡാഡി കൊടുത്തില്ല. എന്നല്ല, ഒരു വാക്കുപോലും പറയാതെ മമ്മിയെ ഡൈവോഴ്‌സ്‌ചെയ്യുകയുംചെയ്തു.

എന്നിട്ടും ഒരിക്കല്‍ ഡാഡി വീട്ടില്‍ വന്നു. എന്റെ സ്വഭാവം അടിമുടിമാറിയിരിക്കുന്നുവെന്നത് കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടു. അന്ന് അവിടെനിന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി.

ഡാഡിയുടെ പുതിയ കൂട്ടുകാരി വളരെ ക്രൂരയായിരുന്നു. അവിടെതാമസിക്കവേ ഞാന്‍ നന്നായി ക്ഷീണിച്ചു. എന്തൊക്കെയാണ് സംഭവിക്കുന്നതെന്നറിഞ്ഞില്ല. ഒരിക്കല്‍ ജീപ്പിടിച്ചതാണെന്നുതോന്നുന്നു തെറിച്ചുവീണ് ജനല്‍കമ്പിയില്‍തട്ടി എന്റെ തലപൊട്ടി.

അന്നത്തെ സംഭവങ്ങള്‍കൃത്യമായി ഓര്‍മയില്ല. ആ രണ്ടാനമ്മ മുട്ടന്‍വടിയെടുത്ത് എന്നെ പൊതിരെത്തല്ലി. ഞാന്‍ വേഗത്തിലെഴുതാത്തതിന് തല മേശമേല്‍ ചേര്‍ത്തുവെച്ച് ഡാഡി അടിക്കുമായിരുന്നു. അവര്‍ ലഹരിനുണയുന്ന വേളയില്‍ കട്ടിലിനടിയില്‍ ഇരുന്നില്ലെങ്കില്‍ പിശാച് വന്ന് നരകത്തിലെറിയുമെന്ന് എന്നെ ഭീഷണിപ്പെടുത്തുകയുംചെയ്തു.

ഞാന്‍ നാലാംഗ്രേഡില്‍ എത്തിപ്പോഴും ഇത് തുടര്‍ന്നുകൊണ്ടിരുന്നു. ഡോക്ടര്‍ കൊടുത്തതാണെന്നുംപറഞ്ഞ് വലിയ ബാഗില്‍ മയക്കുമരുന്നുശേഖരം ഡാഡി എന്റെ മുമ്പില്‍ കൊണ്ടുവന്നുവെക്കും. അത് നല്ല അനുഭൂതിയാണിത് നല്‍കുന്നതെന്ന് പറഞ്ഞ് ഉപയോഗിക്കാന്‍ എന്നെ പ്രലോഭിപ്പിക്കും. കൂടാതെ, വീട്ടില്‍ നിറയെ അശ്ലീലപുസ്തകങ്ങളും ബ്ലൂഫിലിമുകളും ആയിരുന്നു. എനിക്ക് അവയെപ്പറ്റി അറിയാമായിരുന്നതുകൊണ്ട് അതെല്ലാം സാധാരണമാണെന്ന് കരുതി. മറ്റൊരു ജീവിതത്തെ ക്കുറിച്ച് എനിക്ക് ധാരണയേയില്ലായിരുന്നു. വല്യമ്മ പഠിപ്പിച്ച നന്മയുടെ പാഠങ്ങള്‍ എന്നില്‍നിന്ന് മാഞ്ഞുപോയി. പതിവുപോലെ സ്‌കൂളില്‍ പോയ്‌ക്കൊണ്ടിരിക്കെ ഒരു ദിനം ഞാന്‍ അക്രമാസക്തമായി പെരുമാറി. മമ്മിയും വല്യമ്മയും എന്നെവന്ന് കൂട്ടിക്കൊണ്ടുപോകുമെന്ന പ്രത്യാശയാലായിരുന്നു അത്. അവരെത്തുംവരെ ഞാന്‍ വിക്രിയകള്‍തുടര്‍ന്നു. എന്റെ തന്ത്രം പാഴായില്ല. അവസാനം അവരെത്തി. മമ്മിയോടൊപ്പം ഞാന്‍ പോയി. ആ കാലത്ത് മമ്മി ആഴ്ചയില്‍ അറുപത് മണിക്കൂര്‍ പണിയെടുക്കുമായിരുന്നു. അതിനാല്‍ വീട്ടില്‍ അവര്‍ വളരെ ക്ഷീണിതയായാണെത്തുക. തടസ്സങ്ങളൊന്നുമില്ലാതെ കാര്യങ്ങളെല്ലാം ചെയ്യാനായി മമ്മി ഞങ്ങളുടെ നേരെ ഒച്ചയിടും. എന്നാല്‍ ഞാന്‍ ശ്രദ്ധപിടിച്ചുപറ്റാന്‍ ആഗ്രഹിച്ചു. അതിനാല്‍ പഴയപോലെ പ്രശ്‌നക്കാരനായി മാറി.

ഇപ്പോഴും ഞാനോര്‍ക്കുന്നു. പത്താംവയസ്സില്‍ എന്നെപ്പോലെ ചീത്തക്കുട്ടി ആകാന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന് ആളുകള്‍ അത്ഭുതപ്പെടുമായിരുന്നു. ക്രമേണ മമ്മി എന്നെ വെറുക്കാന്‍ തുടങ്ങി. ഡാഡിക്കെന്നെ ഇഷ്ടമേ ആയിരുന്നില്ല. എന്താണ് സംഭവിക്കുന്നതെന്നെനിക്കറിയാനായില്ല.

അങ്ങനെയിരിക്കെ, പ്രതീക്ഷകളെല്ലാം അസ്തമിച്ച ഒരു വേളയില്‍ എന്നെ സഹായിക്കാന്‍ സന്നദ്ധരായി ദമ്പതികളായ രണ്ടുപേര്‍ വന്നു. അവരുടെ വീട്ടില്‍ താമസിക്കാമെന്ന് പറഞ്ഞെന്നെ ക്ഷണിച്ചു. അവര്‍ക്ക് കുട്ടികളില്ലായിരുന്നു. അതിനാല്‍ എന്നെ വേദനിപ്പിക്കാന്‍ ആരുമുണ്ടാകില്ലെന്നത് എനിക്ക് ആശ്വാസമായി. എന്റെ സ്വഭാവം നന്നാകുന്നതുവരെ വീട്ടിലിരുത്തി പഠിപ്പിക്കാമെന്നും അവര്‍ പറഞ്ഞു.

ദമ്പതികളിലാരുംതന്നെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിരുന്നില്ല. എനിക്ക് ഏതെങ്കിലുംരീതിയിലുള്ള മയക്കുമരുന്നുകളും അവര്‍തരില്ലെന്നും അവര്‍ ഉറപ്പുനല്‍കി. എന്തെങ്കിലും രോഗം വന്നാല്‍ ഡോക്ടറുടെ അടുക്കല്‍ ചികിത്സിക്കാമെന്നും പറഞ്ഞു. അതെന്റെ അവസാനഊഴമായിരുന്നു. അവരുടെ സഹായംസ്വീകരിക്കാന്‍ ഞാന്‍ സന്നദ്ധനായി.

അങ്ങനെ വിമാനംകയറി അവരോടൊപ്പം വീട്ടിലേക്ക് പോയി. ജുമാനയും ഭര്‍ത്താവ് വസീമുമായിരുന്നു ആ ദമ്പതികള്‍. എല്ലാം വ്യത്യസ്തമായിരുന്നു. തികച്ചും വ്യത്യസ്തരായ ദമ്പതികള്‍. എന്റെ നാട്ടിലെ വീട്ടില്‍ മമ്മിക്കും മറ്റും എന്റെ സ്വഭാവമറിയാവുന്നതുകൊണ്ട് അവരെന്നെ എപ്പോഴും നിരീക്ഷിക്കുമായിരുന്നു. എന്നാല്‍ ഇവിടെ അത്തരത്തില്‍ യാതൊന്നുമുണ്ടായില്ല.

ആദ്യഘട്ടത്തില്‍ ഞാന്‍ കുഴപ്പക്കാരനായി മാറാന്‍ ശ്രമിച്ചു. അത്തരത്തില്‍ കുറച്ചുദിവസം മുന്നോട്ടുപോയി. പതിവായി ഞാന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന (ലഹരി)മരുന്നുകള്‍ ആവശ്യമില്ലെന്ന് അവര്‍ പറഞ്ഞിരുന്നല്ലോ. അതെനിക്ക് വേണ്ടിവരും എന്ന് ബോധ്യപ്പെടുത്താനായിരുന്നു എന്റെ ശ്രമം. എന്നാല്‍ അവര്‍ അത് ഗൗനിച്ചില്ല. ക്രമേണ എല്ലാം ശരിയാകുമെന്ന് അവരെന്നെ ആശ്വസിപ്പിച്ചു.

വീട്ടിലെത്തിയ എനിക്ക് അവര്‍ പ്രത്യേകം മുറി നല്‍കി. അതിന്റെ ചുവരുകള്‍ക്ക് എനിക്കിഷ്ടപ്പെട്ട ഇളം നീലനിറമായിരുന്നു . പരവതാനി യും കിടക്കവിരിയും അതേ നിറത്തില്‍തന്നെ. അന്നേവരെ ജീവിതത്തില്‍ അത്തരമൊരു മുറി എനിക്ക് ലഭിച്ചിട്ടുണ്ടായിരുന്നില്ല. മമ്മിയോടൊപ്പമായിരിക്കുമ്പോള്‍ പലപ്പോഴും ലിവിങ് റൂമില്‍ നിലത്തോ സോഫയിലോ പുതച്ചുമൂടിയായിരുന്നു ഞാന്‍ കിടന്നിരുന്നത്.

ദിവസങ്ങള്‍ കടന്നുപോയി. മയക്കുമരുന്നിന്റെ അവശിഷ്ടങ്ങള്‍ എന്റെ ശരീരത്തില്‍ നിന്ന് ക്രമേണയായി നീങ്ങിക്കൊണ്ടിരുന്നു. ആദ്യആഴ്ചകളില്‍ കടുത്തക്ഷീണമനുഭവപ്പെട്ടു. അതുകൊണ്ടുതന്നെ ദീര്‍ഘനേരം ഉറങ്ങുമായിരുന്നു. വെറും നാല്‍പത്തിയെട്ട് കിലോമാത്രമായിരുന്നു എന്റെ ഭാരം.

ഒരു മാസം കഴിഞ്ഞപ്പോള്‍ എന്റെ ശരീരം തടിക്കാന്‍ തുടങ്ങി. ലഹരികള്‍ ഉപയോഗിക്കാന്‍ ഞാനിഷ്ടപ്പെട്ടില്ല. അടുത്ത മാസം വീട്ടിലിരുന്ന് പഠിക്കാനാവശ്യമായ പുസ്തകങ്ങളുമായി ജുമാന വന്നു. വസീം ജോലിക്കായി പോകുമ്പോള്‍ പാഠങ്ങള്‍ പഠിപ്പിച്ചത് ജുമാനയായിരുന്നു.

പുതിയവീട്ടിലെയും എന്റെ പഴയകാലവീട്ടിലെയും ചുറ്റുപാടുകള്‍ എത്രമാത്രം വ്യത്യസ്തമായിരുന്നെന്നോ! പല സമയങ്ങളിലും ജുമാന തന്റെ റൂമിലേക്ക് പോകും. ആ സമയത്ത് ഞാന്‍ എന്തെങ്കിലും ജോലിയില്‍ വ്യാപൃതനായതുപോലെ നടിക്കും. അവരെന്താണ് ചെയ്യുന്നതെന്നറിയാനുള്ള ആകാംക്ഷയാലായിരുന്നു അത്. ഒരിക്കല്‍ ചെന്നുനോക്കിയപ്പോള്‍ തറയില്‍ ചെറിയ തുണി വിരിച്ച് സ്‌കാര്‍ഫ് ധരിച്ച് അവര്‍ എന്തൊക്കെയോ ചെയ്യുന്നതാണ് കണ്ടത്. അന്ന് അതെന്താണെന്ന് മനസ്സിലായില്ല. അവസാനം ഞാന്‍ അക്കാര്യത്തെപ്പറ്റി ചോദിച്ചു. അന്നാണ് ഞാനെത്രമാത്രം മോശമായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. ആ വീട് സമാധാനവും ശാന്തിയും വിളയാടിയിരുന്ന ഒരിടമായിരുന്നു. ലഹരിപുകച്ചും മദ്യപിച്ചും ആഹ്ലാദിക്കാന്‍ ശ്രമിച്ച ആളുകളെമാത്രമായിരുന്നു എന്റെ പത്തുവര്‍ഷത്തെ ആയുസ്സില്‍ ഞാന്‍ കണ്ടത്. എന്നാല്‍ അതില്‍നിന്നൊക്കെ വ്യത്യസ്തമായ ഗൃഹാന്തരീക്ഷമായിരുന്നു അവിടെ. ഒരുവേള അത് പുതിയൊരു വാനലോകത്തെപ്പോലെ തോന്നിച്ചു. ആ വീട്ടില്‍ എന്നും താമസിക്കാനായെങ്കില്‍ എന്ന് പലവട്ടം ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. എന്നാല്‍ ആ വീട്ടില്‍ നിന്ന് ഒരിക്കല്‍ പറഞ്ഞയക്കപ്പെടുമോ എന്ന് ഭയന്ന് വീട്ടുകാരുമായി അധികം അടുപ്പം പുലര്‍ത്താതിരിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പല കാര്യങ്ങളെപ്പറ്റിയും നിരവധി സംശയങ്ങളുണ്ടായിരുന്നു. അതിനെല്ലാം ജുമാനയും ഭര്‍ത്താവ് വസീമും തൃപ്തികരമായ മറുപടി നല്‍കി. ക്രമേണ അവര്‍ പ്രാര്‍ഥിക്കുംപോലെ എനിക്കും പ്രാര്‍ഥിക്കണമെന്ന് തോന്നി. ജുമാനയുടെ കൂടെ പ്രാര്‍ഥിച്ചോട്ടെയെന്ന് ചോദിച്ചപ്പോള്‍ അതിന് അവര്‍ സമ്മതം മൂളി. എനിക്കായി വെല്‍വെറ്റിന്റെ നീലനിറത്തിലുള്ള മുസ്വല്ലയും നല്‍കി. അവര്‍ നമസ്‌കാരത്തില്‍ ഓതിയ ഓരോ വാക്കുകളും ഞാന്‍ സശ്രദ്ധം ശ്രവിച്ചു. ആദ്യമാദ്യം ശരീരചലനങ്ങളില്‍ നിയന്ത്രണമുണ്ടായില്ലെങ്കിലും ക്രമേണ അച്ചടക്കത്തോടെ നിര്‍വഹിക്കാനായി. എന്റെ മനസ്സില്‍ സമാധാനം അലയടിച്ചുയര്‍ന്നു. അതുപോലെ മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലായിരുന്നു.

ആ ദമ്പതികള്‍ ഒരിക്കലും കലഹിച്ചിരുന്നില്ല. പരസ്പരം സ്‌നേഹത്തോടെയായിരുന്നു അവര്‍ അഭിസംബോധനചെയ്തത്. എന്നോട് എത്രമാത്രം അലിവോടെയായിരുന്നുവോ സംസാരിച്ചിരുന്നത് അതുപോലെയാണ് അവര്‍ പരസ്പരമുള്ള വര്‍ത്തമാനവും. എനിക്കും മുസ്‌ലിം ആകണമെന്ന് അവരോട് പറയാന്‍ കൊതിച്ചു. അവരില്‍ ഒരാളാകാന്‍ എനിക്ക് അതിയായ ആഗ്രഹംജനിച്ചിരുന്നു.

അവസാനം ഞാനെന്റെ മനസ്സിലെ ആഗ്രഹം വെളിപ്പെടുത്തി. അതുകേട്ടപ്പോള്‍ അവരെന്നെ ആശ്ലേഷിച്ചു. അവരുടെ ഹോംലൈബ്രറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുട്ടികള്‍ക്ക് വായിക്കാന്‍ പറ്റിയ ഇസ്‌ലാമികപുസ്തകങ്ങള്‍ നല്‍കി. അന്ന് രാത്രി ഉറക്കംവരുവോളം അവ വായിച്ചുകൊണ്ടിരിക്കുന്നു.

തുടര്‍ന്നും ഞാന്‍ എന്റെ ആഗ്രഹം അറിയിച്ചപ്പോള്‍ , പത്തുവയസ്സുള്ള കുട്ടിയാണെന്നും ഇനിയും കുറെ വായിച്ച് മനസ്സിലാക്കാനുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. കുറെയേറെ ബുക്കുകള്‍ ഞാന്‍ വായിച്ചുതീര്‍ത്തെന്നും അതിനാല്‍ ഉടന്‍തന്നെ ശഹാദത്ത് ചൊല്ലണമെന്നും ശാഠ്യം പിടിച്ചു. ഞാന്‍ കൊട്ടുകുട്ടിയാണെന്ന് അറിയാമായിരുന്നു. പക്ഷേ മുസ്‌ലിംആകണമെന്ന നിശ്ചയദാര്‍ഢ്യത്തില്‍ ഉറച്ചുനിന്നു. അങ്ങനെ 2000 ഡിസംബര്‍ 29 ന് ശഹാദത് കലിമചൊല്ലി.

ആ ദമ്പതികള്‍ എന്നെ വീട്ടിലിരുത്തി സ്‌കൂള്‍ പാഠങ്ങള്‍ പഠിപ്പിച്ചു. അങ്ങനെ ഗ്രേഡ് 4 പാസായി. എനിക്ക് അവരുടെ ലൈബ്രറിയില്‍ നിന്ന് ഏതുപുസ്തകം വേണമെങ്കിലും വായിക്കാന്‍ സ്വാതന്ത്ര്യം ലഭിച്ചു. മറ്റുമതങ്ങളെക്കുറിച്ചുള്ള സംശയങ്ങളും നിവര്‍ത്തിക്കാനായി എന്റെ ശ്രമം. ലോകം എന്തുകൊണ്ടാണ് ഇസ്‌ലാമിനെ സ്വീകരിക്കാന്‍ മടിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. വായനയുടെ ലോകം വിശാലമായപ്പോള്‍ പബ്ലിക് ലൈബ്രറിയിലേക്കായി പിന്നീടുള്ള യാത്രകള്‍. മുസ്‌ലിമാകാതെ ജീവിക്കാന്‍ കഴിയില്ലെന്ന് ആ വായനകളിലും വ്യക്തമായി.

എന്റെ മമ്മിയും ഡാഡിയും എന്നെ കൂട്ടിക്കൊണ്ടുപോകാന്‍ ഇഷ്ടപ്പെട്ടില്ല. അവരുടെ ജീവിതത്തിലേക്ക് തിരികെപോകാന്‍ എനിക്കാകട്ടെ ഒട്ടുംതന്നെ താല്‍പര്യവുമുണ്ടായിരുന്നില്ല. പുതിയ വീട്ടില്‍ എത്തിയശേഷം എന്റെ ചിലവിനായി നയാപൈസയും അവര്‍ നല്‍കിയില്ല. എന്നാല്‍ ജുമാനയും വസീമും എന്റെ ചെലവുകള്‍ നോക്കാന്‍ സന്നദ്ധരായിരുന്നു. അവരോടൊപ്പം താമസമാക്കി ഒരുവര്‍ഷം പൂര്‍ത്തിയായ ഘട്ടത്തില്‍ എന്നെ ദത്തെടുക്കാന്‍ ആ ദമ്പതികള്‍ക്ക് കോടതി അനുവാദംനല്‍കി. മമ്മിയും ഡാഡിയും എന്നെ അവഗണിച്ചതിനാല്‍ ദത്തെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വളരെ എളുപ്പത്തില്‍ നടന്നു. ഒരുവേള ഞാന്‍ നല്ല കുട്ടിയായി മാറിയതുകൊണ്ട് മമ്മി എന്റെ മേല്‍ അവകാശവാദമുന്നയിച്ചേക്കുമോയെന്ന ഭയമുണ്ടായിരുന്നു. എന്നില്‍ മുസ്‌ലിമായി ജീവിക്കണമെന്ന ആഗ്രഹം തീവ്രമായപ്പോള്‍ പടച്ചവനോട് ഉള്ളുരുകിപ്രാര്‍ഥിച്ചു. സത്യത്തില്‍ ആ ദമ്പതികളെ ഞാനായിരുന്നു ദത്തെടുത്തത്. ദത്തെടുത്ത ദിനം എന്റെ പേര് മാറ്റണമെന്ന തീരുമാനം അറിയിച്ചു. അഭയസ്ഥാനത്തേക്ക് മടങ്ങിയവന്‍ എന്നര്‍ഥത്തില്‍ വാഇല്‍ എന്ന പേര് സ്വീകരിച്ചത് അതുകൊണ്ടാണ്. അഭയകേന്ദ്രമായി ഇസ്‌ലാമില്‍ ചെന്നെത്താന്‍കഴിഞ്ഞതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം.

ജീവിതത്തിലെ ആദ്യപത്തുവര്‍ഷങ്ങള്‍ എന്റെ ഹൃദയത്തിലേല്‍പിച്ച പരിക്കിന്റെ ആഘാതങ്ങള്‍ ഇപ്പോഴും ബാക്കിയുണ്ട്. എങ്കില്‍ പോലും പഴയവ്യക്തിത്വം എന്നെന്നേക്കുമായി ഉന്‍മൂലനംചെയ്യാന്‍ എനിക്ക് കഴിഞ്ഞു. മയക്കുമരുന്നുകള്‍ ഉപയോഗിച്ചതുകൊണ്ടാകാം ആളുകള്‍ക്ക് എന്നെക്കണ്ടാല്‍ വളരെയേറെ പ്രായക്കൂടുതല്‍ തോന്നിക്കുന്നു. വീട്ടുകാരുമായി ബന്ധം നിലനിര്‍ത്തണമെന്ന് എന്നെ ദത്തെടുത്ത ജുമാനയും വസീമും പറയാറുണ്ട്. പക്ഷേ, എന്നെ വീട്ടുകാര്‍ക്ക് ആവശ്യമില്ലായിരുന്നു. ഇപ്പോള്‍ ഞാന്‍ സുരക്ഷിതനാണ്.

ഒരു ക്രിസ്തുമസ് അവധിക്ക് സഹോദരി എന്നെക്കാണാനെത്തി. കഴിഞ്ഞ ഏതാനുംവര്‍ഷങ്ങളായി അവളെ കണ്ടിട്ടേയില്ലായിരുന്നു. അവള്‍ക്ക് പതിനഞ്ച് കഴിഞ്ഞു. എന്നിലെ പരിവര്‍ത്തനംകണ്ട് അവള്‍ ഞെട്ടി. അവളെക്കാള്‍ പൊക്കവും ശരീരഭാരവും കൂടി. ആകപ്പാടെ അവള്‍ അത്ഭുതപ്പെട്ടു.ഹാരിപോട്ടര്‍ കഥാപാത്രങ്ങളെപ്പോലെ തൊപ്പിയും കോട്ടുമിട്ടായിരുന്നു മുമ്പൊക്കെ എന്റെ നടപ്പ്. ഇപ്പോള്‍ ഇസ്‌ലാമികരീതിയിലുള്ള തൊപ്പിയാണെനിക്ക്. സദാ അലര്‍ച്ചയും കോപവും ആയി നടന്നിരുന്ന ഞാന്‍ ശാന്തസ്വഭാവിയായി. ഒരു വാക്ക് തികച്ചെഴുതാന്‍ കഴിയാതെ മൂന്നാംഗ്രേഡിലും തോറ്റ് എല്ലാവരാലും വെറുക്കപ്പെട്ടവനായിരുന്നല്ലോ ഞാന്‍. ഇപ്പോള്‍ അവളുടെ അതേ ഗ്രേഡില്‍ ഞാന്‍ പഠിക്കുന്നു. ഞാന്‍ അഞ്ചുനേരം മറ്റെല്ലാ പണികളുമുപേക്ഷിച്ച് നമസ്‌കരിക്കാന്‍ നില്‍ക്കുന്നത് അവള്‍ നോക്കിനില്‍ക്കും. ഈ സഹോദരനെ അവള്‍ വീണ്ടും ഇഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു. ഞാന്‍ മുസ് ലിമായെന്ന് അവള്‍ക്ക് മനസ്സിലായി. ഇസ്‌ലാമിനെക്കുറിച്ച് ടണ്‍കണക്കിന് ചോദ്യങ്ങളാണ് അവള്‍ ഉന്നയിച്ചത്. അതിനാല്‍ അവള്‍ക്ക് ഒരുകെട്ട് ഇസ്‌ലാമികഗ്രന്ഥങ്ങള്‍ നല്‍കി.

ഇടക്കൊക്കെ മമ്മിയെയും സഹോദരങ്ങളെയും വഴിയില്‍ കണ്ടുമുട്ടുമ്പോള്‍ കുശലാന്വേഷണങ്ങള്‍ നടത്താറുണ്ട്. ഇസ്‌ലാമിനെക്കുറിച്ച് വായിക്കാന്‍ അവര്‍ക്ക് പുസ്തകങ്ങള്‍ ഞാന്‍ അയച്ചുകൊടുത്തിരുന്നു. ഒരു ദിനം അവരും ഇസ്‌ലാമിലെത്തും എന്നുതന്നെയാണെന്റെ വിശ്വാസം. എങ്കില്‍ എന്തുമാത്രം സന്തോഷകരമായിരിക്കും അത്.

പൂര്‍വചര്യയില്‍നിന്ന് നൂറുവര്‍ഷംഅകലെയെത്തിയതുപോലെയാണ് ഇപ്പോഴെന്റെ ജീവിതം. പുതിയ മാതാപിതാക്കളെ കിട്ടിയ സന്തോഷമുണ്ട്. പ്രാര്‍ഥനകള്‍ അറബിയില്‍ ചൊല്ലാന്‍ പഠിച്ചു. ഞാനാഗ്രഹിച്ചതെല്ലാം എനിക്ക് ഇസ്‌ലാമിലൂടെ ലഭിച്ചു. ഇതുവരെയുള്ള എന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ രക്ഷിതാക്കളോട് എനിക്ക് പറയാനുള്ളത് ഇതാണ്: കുട്ടികളെ പേരുകേട്ട സ്‌കൂളില്‍ചേര്‍ത്താന്‍ നിങ്ങള്‍ കാട്ടുന്ന തിടുക്കം ദൈവമെന്തെന്നും ഇസ്‌ലാമെന്തെന്നും പഠിപ്പിക്കാനായി ഉപയോഗപ്പെടുത്തിയാല്‍ അതാണവര്‍ക്ക് ഉത്തമം. അല്ലാഹു എല്ലാറ്റിനും കഴിവുറ്റവനാണല്ലോ. അവന്‍ ഉദ്ദേശിക്കുന്നതാണ് സംഭവിക്കുക.

(islam padasala)

Related Post