മദീനയിലെ ‘മുഹമ്മദ് നബി’ എക്‌സിബിഷന്‍

മദീനയിലെ ‘മുഹമ്മദ് നബി’ എക്‌സിബിഷനില്‍ ദശലക്ഷം സന്ദര്‍ശകരെത്തി 450510683870

സഊദി അറേബ്യയില്‍ നബിയുടെ പട്ടണമായ മദീനതുല്‍ മുനവ്വറയില്‍ സംഘടിപ്പിക്കപ്പെട്ട ‘മുഹമ്മദു റസൂലുല്ലാഹ്’ എന്ന എക്‌സിബിഷന്‍ മില്യന്‍ ജനങ്ങള്‍ സന്ദര്‍ശിച്ചതായി സംഘാടകര്‍. മുഹമ്മദ് നബിയുടെ ജീവിതത്തെക്കുറിച്ചു തയ്യാറാക്കിയിട്ടുള്ള എക്‌സിബിഷന്‍ മദീനയിലെ മസ്ജിദുന്നബവിക്കടുത്താണ് നടക്കുന്നത്. നാലുമാസം മുമ്പ് ആരംഭിച്ച എക്‌സിബിഷനില്‍ റമദാന് മുമ്പുള്ള ദിവസങ്ങളില്‍ പ്രതിദിനം 5000 മുതല്‍ 7500 സന്ദര്‍ശകര്‍ ഉണ്ടായിരുന്നുവെന്ന് മദീനയിലെ മര്‍കസുല്‍ ബുഹൂസ് വ ദിറാസാതില്‍ മദീനതില്‍ മുനവ്വറയുടെ ഡയറക്ടറായ ഡോ. സ്വലാഹുബ്‌നു അബ്ദില്‍ അസീസ് പറഞ്ഞു.

എന്നാല്‍ റമദാന്‍ ആരംഭിച്ചതോടെ സന്ദര്‍ശന സമയം മാറുകയും സന്ദര്‍ശകര്‍ കുറയുകയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എക്‌സിബിഷന്‍ ഏറ്റവും ആധുനികമായ 3D സംവിധാനങ്ങളിലാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നബി (സ) നയിച്ച യുദ്ധങ്ങള്‍, മദീനയിലെ പ്രവാചകനുമായ ബന്ധപ്പെട്ട സ്ഥലങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ 3D സ്‌ക്രീനുകളിലാണ് തയ്യാറാക്കിയിരിക്കുന്നത്.
എക്‌സിബിഷന്‍ രണ്ടുവിഭാഗമായാണ് ഒരുക്കിയിരിക്കുന്നത്. നബി(സ)യുടെ ശ്രേഷ്ഠതയും മഹത്ത്വവും സൂചിപ്പിക്കുന്ന ഹദീസുകളടങ്ങിയ ഭാഗമാണ് ഒന്നാം ഭാഗം. മാനവകുലത്തിനുള്ള തിരുമേനിയുടെ സംഭാവനകളും ദൗത്യനിര്‍വഹണവും ഈ വകുപ്പില്‍പ്പെടും. ഹദീസുകളുടെ വെളിച്ചത്തിലാണ് ഈ കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. മക്കയിലെയും മദീനയിലെയും ജീവിതത്തെക്കുറിച്ചു പ്രതിപാദിക്കുന്ന 39 ഫലകങ്ങള്‍ അടങ്ങിയതാണ് എക്‌സിബിഷനിലെ രണ്ടാം ഭാഗം. നബിയുടെ കുടുംബം, സന്താനങ്ങള്‍ മസ്ജിദുന്നബവിയുടെ നിര്‍മ്മാണ ചരിത്രം തുടങ്ങിയവ ഈയിനത്തില്‍പ്പെടുന്നു.

Related Post