ഇന്റര്‍നെറ്റിലെ സാധ്യതകള്‍

ഇന്‍ഫര്‍മേഷന്‍ സാങ്കേതിക വിദ്യയിലുണ്ടായ പുരോഗതി മൂലം കഴിഞ്ഞ ഏതാനും ദശകങ്ങളായി ആശയവിനിമയ രംഗത്ത് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് മനുഷ്യന്‍ കൈവരിച്ചിരിക്കുന്നത്. ഇത് നമ്മുടെ ജീവിത ശൈലിയെത്തന്നെ അടിമുടി മാറ്റിയിട്ടുണ്ട്. ആശയവിനിമയത്തിന് ദൂരവും സമയവും ഭാഷയും രാഷ്ട്രങ്ങളുടെ അതിരുകളും തടസ്സമല്ലാതായിരിക്കുന്നു. അതോടൊപ്പം വിജ്ഞാനത്തിന്റെയും അറിവിന്‍െയും മഹാസാഗരം തന്നെ നമ്മുടെ മുമ്പില്‍ തുറക്കപ്പെട്ടിരിക്കയാണ്.201304171253991
സാങ്കേതിക വിദ്യയുടെ ഈ വളര്‍ച്ച ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പ്രയോജനപ്പെടുത്തുന്നതില്‍ മുസ്ലിംകള്‍ ഇപ്പോഴും വളരെ പിന്നിലാണെന്ന് പറയേണ്ടിയിരിക്കുന്നു. ഇന്റര്‍നെറ്റിലെ ഇസ്ലാമിന്റെ സാന്നിധ്യം ഒട്ടും ആശാവഹമല്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇസ്ലാമിക സൈറ്റുകളെ അപേക്ഷിച്ച് ക്രിസ്തീയ ആശയ പ്രചരണത്തിന് വേണ്ടി സ്ഥാപിതമാകുന്ന വെബ്സൈറ്റുകളുടെ വര്‍ദ്ധനവ് 1200 ശതമാനം എന്ന ആനുപാതത്തിലാണെന്നാണ് കണക്ക്. നെറ്റില്‍ ഈ ഇനത്തിലെ മൊത്തം വെബ്സൈറ്റുകളുടെ 62 ശതമാനവും ക്രിസ്ത്യന്‍ മിഷണറികള്‍ സ്ഥാപിച്ചവയാണ്. സിയണിസം തൊട്ടടുത്ത സ്ഥാനത്ത് നിലകൊള്ളുന്നു. ഇസ്ലാം ഉള്‍പ്പെടെയുള്ള ഇതര മതങ്ങളുടെ സ്ഥാനം ഇവക്ക് പിന്നിലാണ്.
ഇസ്ലാമിക പ്രബോധനം ലക്ഷ്യമാക്കി 1993-ലാണ് ഇന്റര്‍നെറ്റില്‍ ആദ്യത്തെ വെബ്സൈറ്റ് ഇംഗ്ളിഷ് ഭാഷയില്‍ പ്രത്യക്ഷമാകുന്നത്. തുടര്‍ന്ന് സൈബര്‍ലോകത്തിലെ ദഅ്വാ സാധ്യതകള്‍, സാധ്യമായ രൂപത്തില്‍ പ്രയോജനപ്പെടുത്താനായി ബ്രിട്ടണിലെയും അമേരിക്കയിലെയും മുസ്ലിം വിഭാഗങ്ങള്‍ മുന്നോട്ടുവന്നു. തടുക്കത്തില്‍ ഇംഗ്ളീഷ് ഭാഷയില്‍ മാത്രം സ്ഥാപിതമായ ഇത്തരം വെബ്സൈറ്റുകള്‍ ക്രമേണ ഇതര ഭാഷകളിലേക്കും വ്യാപിച്ചു തുടങ്ങി. പൂര്‍ണ്ണമായും ഇസ്ലാമിക പ്രബോധനം ലക്ഷ്യമാക്കുന്ന 650 വെബ്സൈറ്റുകളാണ് ഇപ്പോള്‍ നെറ്റില്‍ സജീവമായി പ്രവര്‍ത്തി ച്ചുവരുന്നതെന്നാണ് നീരീക്ഷകരുടെ കണ്ടെത്തല്‍. മുസ്ലിം ലോകത്തെ വിവിധ സംഘടനകളും സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപിച്ച ഏതാനും സൈറ്റുകള്‍ മാറ്റിനിര്‍ത്തിയാല്‍ സൈബര്‍ ലോകത്തോ പൊതുസമൂഹത്തിലോ അത്രയൊന്നും സ്വാധീനം ചെലുത്താന്‍ ഭൂരിഭാഗം സൈറ്റുകള്‍ക്കും സാധ്യമായിട്ടില്ല. ഇവയുടെ ഉള്ളടക്കമാകട്ടെ ഏറെക്കുറെ ശുഷ്ക്കവുമാണെന്ന് പറയാം. മികച്ച സാങ്കേതികതയും ആസൂത്രണവും പരിചയ സമ്പന്നരായ പ്രവര്‍ത്തകരുടെ പിന്നണി പ്രവര്‍ത്തനങ്ങളുമുണ്ടാല്‍ ഈ സൈറ്റുകള്‍ അത്യന്തം ആകര്‍ഷകവും സജീവവുമാക്കാവുന്നതാണ്. സൈറ്റുകള്‍ക്ക് വന്‍തോതില്‍ സന്ദര്‍ശകരെയും ലഭിക്കും.
ആശയ പ്രചാരണത്തിനുള്ള ശക്തമായ മാധ്യമമായി വളര്‍ന്നിരിക്കയാണ് ഇന്റര്‍നെറ്റ്. അതിന്റെ സാന്നിധ്യത്തില്‍ ലോകംതന്നെ ഒരു കൊച്ചു ഗ്രാമമായി ചുരുങ്ങുന്നുവെന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. പരിധിയും പരിമിതികളും ഇല്ലാതെ ആര്‍ക്കും ആരുമായും എപ്പോഴും സംവദിക്കാനും ആശയം കൈമാറാനും സാധ്യമാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ഇസ്ലാം ലോകത്തെങ്ങുമുള്ള മനുഷ്യരെയാണ് അഭിസംബോധന ചെയ്യുന്നത്. അതിന്റെ സന്ദേശവും ദൌത്യവും ആഗോളതലത്തില്‍ തന്നെ പരിചയപ്പെടുത്തേണ്ടതുമാണ്. ഇസ്ലാം സാര്‍വകാലികവും സര്‍വജനീനവുമാണെന്ന ആശയത്തിന് ഇന്റര്‍നെറ്റ് യുഗത്തില്‍ ഏറെ പ്രസക്തിയുണ്ട്. അതിനനുസരിച്ച് അതിന്റെ ദൌത്യവാഹകരായ മുസ്ലിംകളുടെ ഉത്തരവാദിത്തവും വര്‍ദ്ധിക്കുന്നു. അതായത് ദൌത്യനിര്‍ഹവണത്തിനും സന്ദേശ പ്രചാരണത്തിനും കാലഘട്ടത്തിന്റെ മാധ്യമം പ്രയോജനപ്പെടുത്താന്‍ മുന്നോട്ട് വരേണ്ടത് മുസ്ലിം സമൂഹത്തിന്റെ ബാധ്യതയായി മാറിയിരിക്കയാണ്. ഈ യാഥാത്ഥ്യം തിരിച്ചറിയാന്‍ വൈകിയതാണ് ഇന്റര്‍നെറ്റിലും അതുള്‍പ്പെടെയുള്ള ഡിജിറ്റല്‍ മീഡിയയിലും ഇസ്ലാമിന്റെ സാന്നിധ്യം ഇത്രമാത്രം ശുഷ്ക്കമായതെന്ന് വിലയിരുത്തുന്നതില്‍ അപാകതയില്ല.
അതിവിശാലമാണ് സൈബര്‍ ലോകം. അതിന്റെ ചക്രവാളത്തിന് പരിധികളില്ല. അതിന്റെ സാധ്യതകള്‍ അപരിമേയമാണ്. ലോകത്തെങ്ങുമുള്ള ദുശ്ശക്തികളും തി•യുടെ വക്താക്കളും പൊള്ളയും കപടവുമായ ആശയങ്ങളും ഇന്ററനെറ്റില്‍ ശക്തമായി സാന്നിധ്യമുറപ്പിച്ചിരിക്കയാണ്. എല്ലാ തി•കളുടെയും വിളനിലമായി അത് മാറിയിരിക്കയാണ്. തലമുറകളെ ഒന്നടങ്കം നാശത്തിലേക്ക് തള്ളിവിടാന്‍ പോലും അത് ശക്തിയാര്‍ജ്ജിക്കുന്നു. പ്രത്യേകിച്ച് ഇസ്ലാമിന്റെ ബദ്ധവൈരികള്‍ സൈബര്‍ ലോകത്തിന്റെ സാധ്യതകള്‍ മുഴുക്കെ പ്രയോജനപ്പെടുത്തി ഇസ്ലാമിനെതിരെയുള്ള കുപ്രചരണത്തിനും ആക്രമണത്തിനും ആക്കം കൂട്ടുകയാണ്. ഈ അവസ്ഥയില്‍ ന•യുടെയും സത്യത്തിന്റെയും പ്രചാരണത്തിനുള്ള നമ്മുടെ ബാധ്യത വര്‍ദ്ധിക്കുന്നതായി മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്താവുന്ന പ്രബോധന മേഖലകള്‍ ധാരാളമുണ്ട്. ഈ മാധ്യമം പ്രയോജനപ്പെടുത്തി അതിവിപുലമായ തലത്തില്‍ ഇസ്ലാമിന്റെ സന്ദേശപ്രചരണം, ഇസ്ലാമിനെതിരെ നെറ്റിലൂടെ നടത്തുന്ന ദുരാരോപണങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും മറുപടി നല്‍കല്‍, ഇസ്ലാമിന്റെ വക്താക്കളെന്നവകാശപ്പെട്ട് വിവധ വെബ്സൈറ്റുകള്‍ നെറ്റിലൂടെ പ്രചരിപ്പിച്ചുവരുന്ന അബദ്ധവ വിശ്വാസങ്ങളോടുള്ള പോരാട്ടം, ചാറ്റ്റൂമുകളിലും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ബ്ളോഗുകളിലും മറ്റും വികലമാക്കപ്പെടുന്ന ഇസ്ലാമിന്റെ യഥാര്‍ഥ രൂപവും ഭാവവും നെറ്റ് പൌരന്‍മാരുടെ മുമ്പിലവതരിപ്പിക്കുക, ഇസ്ലാമിനെസ്സംബന്ധിച്ച ഏറ്റവും പുതിയ പഠനങ്ങളും ഗ്രന്ഥങ്ങളും എല്ലാവര്‍ക്കും ലഭ്യമാകുന്ന വിധത്തില്‍ പരിചപ്പെടുത്തുക തുടങ്ങിയ ഒട്ടനവധി കാര്യങ്ങള്‍ ഈ ദൌത്യനിര്‍വഹണത്തിന്റെ ഭാഗമായി ആര്‍ക്കും ഏറ്റെടുത്ത് നടത്താവുന്നതാണ്. ഈ ആവശ്യങ്ങള്‍ക്കായി പണ്ഡിതന്‍മാരുടെയും പ്രബോധന രംഗത്തെ പരിചയ സമ്പന്നരുടെയും സേവനങ്ങള്‍ ഏത് സമയത്തും നെറ്റിലൂടെത്തന്നെ പ്രയോജനപ്പെടുത്താനുള്ള സംവിധാനം സജ്ജമാക്കാന്‍ നിഷ്പ്രയാസം സാധിക്കും.
‘യൂട്യൂബ്’ പോലുള്ള വെബ് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ഏത് ഭാഷയിലെയും ഇസ്ലാമിക പ്രഭാഷണങ്ങളും ജുമുഅ ഖുതുബകളും മറ്റും നെറ്റില്‍ ലഭ്യമാക്കാന്‍ നമുക്ക് സാധ്യമായിരിക്കുന്നു. ഇവയുടെ ഓഡിയോ, വീഡിയോ ക്ളിപ്പുകള്‍ ലോകത്തെങ്ങുമുള്ള ഇസ്ലാമിക പ്രബോധനത്തിന് വ്യാപകമായി പ്രയോജനപ്പെടുത്താവുന്നതാണ്. ‘ഓര്‍ക്കൂട്ട്’, ‘ഫെയ്സ് ബുക്ക്’ പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ പരിധിയോ പരിമിതികളോ ഇല്ലാത്ത വ്യക്തി ബന്ധങ്ങള്‍ക്കും സൌഹൃദ കൂട്ടായ്മകള്‍ക്കും അവസരമൊരുക്കുന്നു. ഈ ബന്ധങ്ങള്‍ ദഅ്വാ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ സാധ്യതകളാണൊരുക്കുന്നത്. ഇന്റര്‍നെറ്റിലെ ബ്ളോഗുകള്‍ ഇന്ന് വ്യാപകമായി ഉപയോഗപ്പെടുത്തുന്ന ആശയപ്രചരണ മാധ്യമമാണ്. നെറ്റില്‍ ഓരോരുത്തര്‍ക്കും സ്വന്തമായ പ്രസിദ്ധീകരണമെന്നതാണ് ബ്ളോഗ് സഫലമാക്കുന്നത്. യുക്തവും വ്യവസ്ഥാപിതവുമായ രൂപത്തില്‍ പ്രയോജനപ്പെടുത്തിയാല്‍ ബ്ളോഗുകളിലൂടെ പ്രബോധന ദൌത്യനിര്‍വഹണത്തിനുള്ള സാധ്യതകള്‍ അതിവിപുലമാണ്.
ആശയ വിനിമയത്തിന് പുറമെ വിവര ശേഖരണത്തിനും വാര്‍ത്തകള്‍ക്കും സാമ്പത്തിക ഇടപാടുകള്‍ക്കും മറ്റും ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ഇസ്ലാമിക വിഷയങ്ങളുടെയും ഗ്രസ്ഥങ്ങളുടെയും വിപുലമായ ശേഖരം തന്നെ നെറ്റില്‍ ലഭ്യമാണ്. ഇലക്ട്രോണിക് രൂപത്തിലുള്ള ഈ ഗ്രന്ഥങ്ങള്‍ ആര്‍ക്കും എവിടെ നിന്നും വളരെപ്പെട്ടെന്ന് സൌജന്യമായിത്തന്നെ ഡൌണ്‍ലോഡ് ചെയ്യാവുന്ന രീതിയില്‍ നെറ്റിലെ ഇസ്ലാമിക സമൂഹം സജ്ജമാക്കിയിരിക്കുന്നു. അറബി ഉള്‍പ്പെടെ ഏത് ഭാഷയിലും നെറ്റിലെ വിവരശേഖരത്തില്‍ സെര്‍ച്ച് ചെയ്ത ആവശ്യമായവ ലഭ്യമാക്കാനും സാധിക്കും. മുന്‍കാലങ്ങളിലെ പ്രബോധനപ്രവര്‍ത്തകര്‍ക്ക് ലഭ്യമായിട്ടില്ലാത്ത വലിയൊരു സൌകര്യമാണിത്. പറയത്തക്ക ചിലവുകളൊന്നുമില്ലാതെത്തന്നെ ലോകത്തിന്റെ ഏതുകോണിലും ഏത് വീട്ടിന്റെയും ഉള്ളറകളില്‍ പോലും നെറ്റ് മുഖേന കയറിച്ചെന്ന് പ്രബോധനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ന് നമുക്ക് സാധ്യമായിരിക്കുന്നു. ഇതിന് വലിയ പരിശീലനമോ പാണ്ഡിത്യമോ ആവശ്യമില്ല. സംശയ നിവാരണം ആവശ്യമായി വരുമ്പോള്‍ പണ്ഡിതന്‍മാരുടെ വെബ്സൈറ്റുകളുടെ സഹായവും തേടാവുന്നതാണ്.
വെബ്സൈറ്റ് രീതിയിലോ നെറ്റിലെ ഇതര രൂപങ്ങളിലോ നാം പ്രവര്‍ത്തന സജ്ജമാക്കുന്ന ദഅ്വാ സംവിധാനം ദിവസം മുഴുക്കെ അതിന്റെ സേവനം നിര്‍വഹിച്ചുകൊണ്ടേയിരിക്കുമെന്നതും ഈ മാധ്യമത്തിന്റെ സവിശേഷതയാണ്. വിശ്രമത്തിന്റെ ആവശ്യമില്ല. പ്രബോധിതന്‍ ക്ളാസ് റൂമിലോ വീട്ടിലോ യാത്രയിലോ എന്നതും ഇവിടെ പ്രശ്നമല്ല. ഏത് അവസ്ഥയിലായാലും അത് ദൌത്യനിര്‍വഹണം തുടരുകയായിരിക്കും. ഇതിന്റെ ഫലം ആഗോളതലത്തിലാണ് പ്രത്യക്ഷമാവുക. ഇസ്ലാം ഇതര വ്യവസ്ഥിതികളെയെല്ലാം അതിജയിക്കുക തന്നെ ചെയ്യുമെന്നാണല്ലോ അല്ലാഹുവിന്റെ വാഗ്ദത്തം. അതിനാല്‍തന്നെ അവന്‍ ഉദ്ദേശിക്കുന്ന സ്ഥാനങ്ങളില്‍ മുഴുക്കെ അവന്റെ സന്ദേശം എത്തുക തന്നെ ചെയ്യും. കാലഘട്ടത്തിന്റെ മാധ്യമം ഉപയോഗിച്ച് നാം ദൌത്യ നിര്‍വഹണത്തിന് സന്നദ്ധരാണോ എന്നതാണ് ഇവിടെ ഉയരുന്ന പ്രധാന ചോദ്യം.

Related Post