നാളെ നോമ്പു തുറക്കാന്‍ ഒരാള്‍ അധികമുണ്ടെങ്കില്‍ ഇന്ന് ശരിക്കുറക്കം വരില്ല. അയല്‍പക്കങ്ങളില്‍നിന്ന് കൊടുത്തപോലെ തന്നെ സാധനങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ എന്തുകരുതും. അവസാനം ഉളളത് ഒന്നു മൊഞ്ചു കൂട്ടിക്കൊടുക്കാം എന്ന് സ്വയം ആശ്വസിക്കുമ്പോഴായിരിക്കും ഉറക്കം അനുഗ്രഹിക്കുക. നോമ്പിന് തൊട്ടുമുമ്പ് കല്യാണം കഴിഞ്ഞ ദമ്പതികളുടെ ആദ്യപത്തിലെ നോമ്പുസല്‍ക്കാരത്തിന് പങ്കെടുത്ത ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല. ആട്, കോഴി, കാട, ചെമ്മീന്‍, പോത്ത്, എമു….. തുടങ്ങി പല ജീവികളും പേരറിയാത്ത തരാതരം പൊരിക്കടികളും ജ്യൂസുകളും… അത്രയൊക്കെയേ ഓര്‍മയില്‍ വരുന്നുള്ളൂ. തറാവീഹിന്റെ സമയംകൂടി എടുത്തെങ്കിലേ അത് കണ്ടു തീരൂ.
നോമ്പുള്ള വലിയവരും കുട്ടികളും സ്ത്രീകളും കാശുള്ളവരും ഇല്ലാത്തവരുമെല്ലാം ബാങ്കു കേട്ടാല്‍ നോമ്പു തുറക്കണം. എന്നാല്‍ ഇത്തരം വമ്പന്‍ തുറകള്‍ക്കിടെ ബേജാറുകൊണ്ട് നോമ്പുതുറക്കാന്‍ മറന്നുപോകുന്ന വീട്ടുകാരുണ്ട്. അവിടെ ‘നിങ്ങള്‍ വേഗം നോമ്പുതുറക്കുന്ന കാലമത്രയും നന്മയിലാണ്’ എന്ന പ്രവാചക വചനം വെറുതെയാവുകയാണ്.
ഞങ്ങളുടെ നാട്ടില്‍ ഒരു മാഷുണ്ടായിരുന്നു. ഇഫ്താര്‍ മീറ്റുകളും മെഗാ റംസാന്‍ പ്രോഗ്രാമുകളുമൊക്കെ പൊടിപൊടിക്കുമ്പോള്‍ അദ്ദേഹത്തെ ഓര്‍ത്തുപോവുക സ്വാഭാവികം. നാട്ടുകാരുടെ കാഴ്ചപ്പാടില്‍ എല്ലാമുണ്ടായിട്ടും അങ്ങനെയങ്ങ് കൈയയച്ച് സഹായിക്കുന്ന ആളായിരുന്നില്ല മാഷ്. കാരണം റമദാന്‍മാസത്തില്‍ ഒരു വലിയ നോമ്പുതുറ സംഘടിപ്പിക്കാന്‍ പോലും അദ്ദേഹം മെനക്കെടാറില്ല. പക്ഷെ ആളുകളറിയാതെ പോയ ചില സംഗതികളുണ്ട് മാഷിന്റെ ജീവിതത്തില്‍. നാട്ടിലെ ഏതെങ്കിലും ഒരാള്‍ അദ്ദേഹത്തിന്റെ ക്ഷണമനുസരിച്ച് ദിവസവും നോമ്പുതുറക്കാന്‍ വീട്ടിലെത്താറുണ്ട്. നോമ്പ് കഴിയുമ്പോഴേക്കും മുപ്പതോ അധിലധികമോ ആളുകളുടെ മനസ്സില്‍ മാഷിന് വലിയ സ്ഥാനം കിട്ടിയിരിക്കും. ഒരുപക്ഷെ അവര്‍ക്ക് ആമാശയത്തിലേക്ക് ലഭിച്ചത് കൊയ്ത നെല്ലുകുത്തി പൊടിച്ച് പാകമാക്കിയുണ്ടാക്കിയ പത്തിരിയും കറിയും മുറ്റത്തെ മാവിലെ മാങ്ങയോ മറ്റെന്തെങ്കിലും പഴങ്ങളോ മാത്രമായിരിക്കും.
മുമ്പില്‍ കൈനീട്ടി നില്‍ക്കുന്നവര്‍ക്ക് സഹായം കിറ്റാക്കി നല്‍കി അതിന്റെ ഫോട്ടോയെടുത്ത് സൂക്ഷിക്കുന്നവര്‍ക്കിടയിലും മാഷ് വ്യത്യസ്തനാണ്. മാഷ് ആദ്യമെ ശട്ടംകെട്ടിയതനുസരിച്ച് നോമ്പുതുറക്കാന്‍ ക്ഷണിക്കപ്പെട്ടവര്‍ കുറച്ചുനേരത്തെ വീട്ടിലെത്തിയിരിക്കും. എല്ലാ വിവരങ്ങളും ചോദിച്ചറിയാനും എന്തെങ്കിലും സഹായമര്‍ഹിക്കുന്നവരാണെങ്കില്‍ ആരുമറിയാതെ തന്നാലാവുംവിധത്തില്‍ അത് നികത്താനും ആ സമയം തന്നെ ധാരാളം. ഇങ്ങനെ വളര്‍ത്തിയെടുത്ത ആത്മബന്ധമായിരിക്കണം മക്കളില്ലാത്ത മാഷ് മരണപ്പെട്ടപ്പോള്‍ ഒരുപാട് മക്കള്‍ സാന്നിധ്യമറിയിക്കാനിടയായത്.
ഇഫ്താര്‍ മീറ്റുകള്‍വഴി ഐക്യമുണ്ടാക്കാനും പുതിയബന്ധങ്ങള്‍ സൃഷ്ടിക്കാനും ചിലര്‍ക്കെങ്കിലും സാധിക്കുന്നുണ്ടെങ്കിലും പ്രകടനപരത കടന്ന് സഹജീവി സ്‌നേഹത്തിന്റെ തലത്തിലേക്ക് മിക്കതും ഉയരുന്നേയില്ല. പ്രമാണിമാര്‍ക്ക് എടുത്താല്‍ പൊങ്ങാത്ത വിഭവങ്ങളൊരുക്കിയും പാവപ്പെട്ടവന് വേണ്ടി അവനിണങ്ങുന്ന രീതിയിലും നോമ്പുതുറകള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്.