Written by മുഹമ്മദ് ബിന്‍ ഇബ്‌റാഹീം ഹംദ്
സന്തോഷവും ആനന്ദവും എല്ലാവരും കാംക്ഷിക്കുന്ന മാനസികവികാരങ്ങളാണ്. അത് തന്നില്‍ സദാകളിയാടണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. അതിനാല്‍ ഹൃദയത്തില്‍ സന്തോഷം നിറക്കാനും പ്രയാസവും വിഷമവും ദൂരീകരിക്കാനുമാണ് എല്ലാവരും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതൊക്കെയാണെങ്കിലും സ്ഥായിയായ സന്തോഷംകണ്ടെത്തുന്നവരും ആനന്ദമോദങ്ങളോടെ ജീവിക്കുന്നവരും വളരെവിരളമാണ്.
ഇനി നാം സംസാരിക്കുന്നത് സന്തോഷത്തെയും അതിന്റെ കാരണങ്ങളെയും കുറിച്ചാണ്.
ഏറ്റവും പ്രിയപ്പെട്ടത് ലഭ്യമാവുമ്പോള്‍ ഹൃദയത്തില്‍ പരക്കുന്ന ആസ്വാദനമാണ് സന്തോഷമെന്നത്.
പ്രിയപ്പെട്ടത് നഷ്ടപ്പെടുമ്പോള്‍ ഹൃദയത്തിലുണ്ടാവുന്ന വേദനയാണ് ദുഖമായും വിഷമമായും അറിയപ്പെടുന്നത്.
സന്തോഷമെന്നത് ഹൃദയത്തിന്റെ ഏറ്റവും ഉയര്‍ന്ന അനുഗ്രഹവും ആസ്വാദനവുമാണ്. ഇതിന് വിപരീതമായി ഹൃദയത്തിന്റെ ശിക്ഷയാണ് ദുഖവും പ്രയാസവും.
ഒരു കാര്യത്തിലുള്ള സംതൃപ്തി ശാന്തിയും സമാധാനവുമാണ്. അതിനേക്കാള്‍ ഉയര്‍ന്ന മാനസികാവസ്ഥയാണ് സന്തോഷമെന്നത്. സന്തോഷം പ്രകാശവും ആനന്ദവുമാണ്. എല്ലാ സന്തോഷവാന്മാരും സംതൃപ്തരാണ്. എന്നാല്‍ എല്ലാ സംതൃപ്തരും സന്തോഷവാന്മാരല്ല.
അതിനാല്‍ സന്തോഷമെന്നത് ദുഖത്തിന്റെ വിപരീതമാണ്. സംതൃപ്തിയെന്നത് വെറുപ്പിന്റെയും. ദുഖം അതിന്റെ ആളിന് വേദനയാണ് നല്‍കുക. പ്രതികാരം ചെയ്യാന്‍ സാധിക്കാതെ വരുമ്പോഴാണ് വെറുപ്പ് വേദനയുളവാക്കുക.
ഖുര്‍ആനില്‍ രണ്ടുപരികല്‍പനകളിലാണ്് സന്തോഷത്തെക്കുറിക്കുന്ന ഫറഹ് എന്ന പദം പ്രയോഗിച്ചിരിക്കുന്നത്. പരിമിതമായ അര്‍ത്ഥത്തിലും വിശാലമായ അര്‍ത്ഥത്തിലും. വിശാലമായ അര്‍ത്ഥത്തില്‍ പ്രയോഗിച്ചത് നിന്ദാസ്വരത്തിലാണ്’നീ സന്തോഷിക്കേണ്ടതില്ല, തീര്‍ച്ചയായും അല്ലാഹു സന്തോഷിക്കുന്നവരെ ഇഷ്ടപ്പെടുന്നില്ല’. ഇവിടെ ഗര്‍വുനിറഞ്ഞ സന്തോഷത്തെയാണ് വിവക്ഷിക്കുന്നത്.
ഇഹലോകസൗഭാഗ്യങ്ങളില്‍ മുഴുകി അല്ലാഹുവിനെ വിസ്മരിക്കുന്നവരെക്കുറിച്ചും, അല്ലാഹു നല്‍കിയ ഔദാര്യത്തില്‍ മതിമറന്നുസന്തോഷിക്കുന്നവരെക്കുറിച്ചും പരിമിതാര്‍ഥത്തില്‍ പ്രയോഗിച്ചതെങ്ങനെയെന്നു കാണുക:
‘അവരങ്ങനെ തങ്ങള്‍ക്ക് ലഭിച്ചതില്‍ സന്തോഷിച്ചുകൊണ്ടിരിക്കെ നാമവവരെ പെട്ടെന്ന് പിടിക്കുന്നതാണ്’.
‘പ്രവാചകരേ പറയുക, അല്ലാഹുവിന്റെ ഔദാര്യത്തിലും കാരുണ്യത്തിലുംഅവര്‍ സന്തോഷിച്ചുകൊള്ളട്ടെ. അവര്‍ വലിച്ചുവാരിക്കൂട്ടുന്നതിനേക്കാള്‍ ഉത്തമം അതാണ്’.
അല്ലാഹുവിന്റെ കാരുണ്യത്തിലും ഔദാര്യത്തിലും സന്തോഷിക്കുകയെന്നതാണ് അവന്റെ കല്‍പന. എല്ലാ തിന്‍മകളില്‍നിന്നും മനോവ്യഥകളില്‍ നിന്നും സുരക്ഷിതമായ, ഹൃദയത്തിന് ആനന്ദംപകരുന്ന, ആസ്വാദനമേകുന്ന കാരുണ്യമാണ് ഉദ്ദേശ്യം.
വേദന സദാപിന്തുടരുന്ന സന്തോഷമാണ് ഇഹലോകത്തുള്ളത്.സന്തോഷത്തിന്റെ ഏതുവേളകളും, അധികകാലം നീണ്ടുനില്‍ക്കുന്നില്ല.
അല്ലാഹുവും അവന്റെ ദൂതനും വിശ്വാസവും ഖുര്‍ആനും വഴി ഉളവാക്കുന്ന സന്തോഷം. മറുവശത്ത്, അല്ലാഹുവിനെയും അവന്റെ കല്‍പനകളെയും കുറിച്ച അജ്ഞതയുടെ ഫലമായുണ്ടാവുന്ന ദുഖം. വിജ്ഞാനം പ്രകാശത്തിന് വഴിയൊരുക്കുന്നു. അജ്ഞത അന്ധകാരമാണ് സൃഷ്ടിക്കുക.
അല്ലാഹുവിലേക്ക് മടങ്ങുമ്പോഴാണ്് ഹൃദയത്തില്‍ സന്തോഷമുണ്ടാവുക. അല്ലാഹുവിനോട് ചേര്‍ന്നുനില്‍ക്കുമ്പോഴാണ് വിശ്വാസിയുടെ ഏകാന്തത അപ്രത്യക്ഷമാവുന്നത്. അല്ലാഹുവിനെ അറിയുമ്പോഴുള്ള ആനന്ദമാണ് ദുഃഖങ്ങള്‍ അകലുന്നത്. അല്ലാഹുവിന്റെ കല്‍പനകള്‍ സംതൃപ്തിയോടെ നിറവേറ്റുമ്പോഴാണ് ഹൃദയത്തിലെ വേദനയുടെ തീക്കനല്‍ അണയുന്നത്.
ഇതാണ് യഥാര്‍ത്ഥ സന്തോഷം. വിശ്വാസികളുടെ സന്തോഷമാണത്. തിന്മകളുടെയും അക്രമത്തിന്റെയും സഹചാരികള്‍ക്ക് സന്തോഷമില്ല.
നോമ്പുകാര്‍ക്ക് സന്തോഷം ലഭിക്കുന്നത് ഈയര്‍ത്ഥത്തിലാണ്. നബിതിരുമേനി(സ) പറയുന്നു:’നോമ്പുകാരന് രണ്ടുസന്തോഷമുണ്ട്. നോമ്പ് തുറക്കുമ്പോഴും തന്റെ നാഥനെ കണ്ടുമുട്ടുമ്പോഴും’.
ഇബ്‌നു റജബ് പറയുന്നു ‘ഏതാനും സമയത്തേക്ക് നിഷേധിക്കപ്പെട്ട അന്നപാനീയങ്ങള്‍ അനുവദിക്കപ്പെടുമ്പോഴുള്ള സന്തോഷമാണ് ഒന്നാമത്തേത്. വിശിഷ്യ, അത് അത്യാവശ്യമായിരിക്കെ’.
റമദാന്റെ പകലില്‍ അല്ലാഹു നിരോധിച്ച കാര്യങ്ങള്‍ രാത്രിയില്‍ അനുവദിച്ചിരിക്കുന്നു. എന്നല്ല രാത്രിയുടെ തുടക്കത്തിലും അവസാനത്തിലും അവന്‍ ഭക്ഷണം കഴിക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു. നോമ്പുതുറക്കാന്‍ ധൃതികാണിക്കുന്നവരാണ് അവന് ഏറ്റവും പ്രിയപ്പെട്ട ദാസന്മാര്‍. അത്താഴം കഴിക്കുന്നവര്‍ക്ക് വേണ്ടി മാലാഖമാര്‍ പ്രാര്‍ത്ഥിക്കുന്നു. നോമ്പുകാരന്‍ പകലില്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നത് അല്ലാഹുവിന്റെ സാമീപ്യം കൊതിച്ചാണ്. രാത്രിയില്‍ അവ സ്വീകരിക്കുന്നതും അല്ലാഹുവിന്റെ സാമീപ്യമാഗ്രഹിച്ചുതന്നെ. അല്ലാഹുവിന്റെ കല്‍പന പ്രകാരം അവ ഉപേക്ഷിക്കുകയും അവന്റെ കല്‍പന പ്രകാരം തന്നെ അവ സ്വീകരിക്കുകയും ചെയ്യുന്നു. രണ്ടുസന്ദര്‍ഭത്തിലും നാഥന്റെ കല്‍പന അനുസരിക്കുകയാണ് ചെയ്യുന്നത്.
ഇക്കാര്യം മനസ്സിലാക്കിയവര്‍ക്ക് നോമ്പുതുറക്കുമ്പോഴുള്ള സന്തോഷം എളുപ്പം മനസ്സിലാവുന്നതാണ്. അവന്‍ നോമ്പുതുറക്കുന്നത് മുമ്പുപറഞ്ഞതുപോലെ അല്ലാഹുവിന്റെ കാരുണ്യവും ഔദാര്യവും മൂലമാണ്.
ഇബ്‌നു റജബ് തുടരുന്നു. ‘അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷം അവന്റെ അടുത്തുനിന്ന് ലഭിക്കുന്ന മഹത്തായ പ്രതിഫലം കാരണമാണ്. തനിക്ക് ഏറ്റവും അത്യാവശ്യമുള്ള സമയത്തേക്ക് ശേഖരിച്ചുവെച്ചതാണ് അത്.’
നാഥാ, ഞങ്ങളുടെ ഹൃദയങ്ങളെ വിശ്വാസവും ഖുര്‍ആനും കൊണ്ട് സന്തോഷിപ്പിക്കേണമേ! ആമീന്‍