ഈജിപ്ത് :സൗദിയുടെ നിലപാട് അത്ഭുതകരം

ഈജിപ്ത് പട്ടാള ഭരണകൂടത്തെ പിന്തുണക്കുന്ന സൗദിയുടെ നിലപാട് അത്ഭുകരം: ഖറദാവി

ദോഹ: ഈജിപ്തിലെ നിരപരാധികളായ ജനങ്ങളെയും പട്ടാള ഭരണത്തിനെതിരെ സമരം ചെയ്യുന്നവരേയും കൊന്നൊടുക്കുന്ന പട്ടാള ഭരണകൂടത്തിന് നല്‍കുന്ന സഹായം നിര്‍ത്തണമെന്ന് അന്താരാഷ്ട്ര പണ്ഡിത സഭാധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി സൗദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ കഴിഞ്ഞ ജൂലൈ മാസത്തില്‍ അട്ടിമറിയിലൂടെ പുറത്താക്കിയതിന് ശേഷം അരങ്ങേറുന്ന ജനകീയ പ്രക്ഷോഭത്തെ രക്തരൂക്ഷിതമായാണ് പട്ടാളം നേരിടുന്നത്.

സൗദി നല്‍കുന്ന പിന്തുണ പട്ടാള ഭരണകൂടം മുതലെടുക്കുകയാണ്. ഇസ്‌ലാമില്‍ നിന്നും ദൈവത്തില്‍ നിന്നും ഏറെ അകലെയാണ് ഈജിപ്തിലെ പട്ടാള ഭരണകൂടം. ഇവര്‍ക്ക് സൗദി ഗവണ്‍മെന്റ് സാമ്പത്തിക സഹായം നല്‍കുന്നത് അല്‍ഭുതപ്പെടുത്തുന്നതായും അദ്ദേഹം പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈജിപ്തിന്റെ പ്രസിഡന്റാവുമെന്ന് പ്രതീക്ഷിക്കുന്ന പട്ടാള മേധാവി അബ്ദുല്‍ ഫതാഹ് അല്‍ സീസി, സൗദി നല്‍കുന്ന ധനസഹായം രാജ്യത്തെ പാവപ്പെട്ടവരെ സഹായിക്കുന്നതിന് പകരം നിഷ്‌കളങ്കരായ ഈജിപ്തുകാരെ കൊല്ലാനാണ് ഉപയോഗിക്കുന്നതെന്നും ഖറദാവി ആരോപിച്ചു. തിന്‍മയ്ക്കും അക്രമത്തിനും കൂട്ടക്കൊലക്കുമെതിരെ സമരത്തിലേര്‍പ്പെട്ട സാധാരണക്കാരായ ജനങ്ങള്‍ക്കൊപ്പം സൗദിയിലെ ജനങ്ങളും സര്‍ക്കാരും നിലകൊള്ളണം. ഈജിപ്തിലെ ഭരണകൂടം സൗദി അറേബ്യയെയും അവിടുത്തെ ശരീഅത്ത് ഭരണ സംവിധാനത്തെയും അങ്ങേയറ്റം വെറുക്കുന്നവരാണെന്നും ഖറദാവി ചൂണ്ടിക്കാട്ടി.

29242

Related Post