ഖുര്‍ആന്റെ യുക്തിഭദ്രത

ഖുര്‍ആന്റെ യുക്തിഭദ്രത എന്നെ ഇസ് ലാമിലേക്ക് നയിച്ചു

 
Written by ശൈഖ് ജമാല്‍ സറാബോസോ

വിശുദ്ധ ഖുര്‍ആനെ കുറിച്ച് നിങ്ങളോട് സംസാരിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. സത്യത്തില്‍, ഖുര്‍ആനുമായുള്ള എന്റെ പരിചയവും അനുഭവുമാണ് എന്നെ മുസ് ലിമാക്കിയത്. അതിനാല്‍ ഖുര്‍ആനെ സംബന്ധിച്ച് ചില കാര്യങ്ങള്‍, അമുസ് ലിം സഹോദരങ്ങളോട് പറയാന്‍ എനിക്ക് അതിയായ താല്‍പര്യമുണ്ട്. കാരണം, സമാനമായ ചില അനുഭവങ്ങള്‍ അവര്‍ക്കും നമ്മോട് പങ്കുവെക്കാനുണ്ടാകും.
ഒരു പരമ്പരാഗത അമേരിക്കന്‍ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്.

ഇസ് ലാമിനെ വായിക്കാനും അതിനെ കുറിച്ച് പഠിക്കാനും തുടങ്ങിയപ്പോള്‍ മുതല്‍, ഖുര്‍ആന്‍ എന്നില്‍ പല നിലയ്ക്കും സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഖുര്‍ആന്‍ സംരക്ഷിക്കപ്പട്ടതിന്റെ പ്രാധാന്യത്തെകുറിച്ചുള്ള കാര്യമാണ് എന്റെ മനസ്സില്‍ വല്ലാതെ ഉടക്കി നിന്നത്. ഇത്രയും കാലം അത് യാതൊരു കോട്ടവും കൂടാതെ സംരക്ഷിക്കപ്പെട്ടുവെന്നത് ഒരല്‍ഭുതമാണ്.
സുരക്ഷിത ഗ്രന്ഥം
ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും അവന്റെ വേദഗ്രന്ഥം അനുധാവനം ചെയ്യന്നുവെന്നും നാം പറയുന്നുണ്ടെങ്കില്‍, ആദ്യമായി നാം ദൈവത്തില്‍  വിശ്വസിക്കുന്നുണ്ടെന്ന് സ്വയം അംഗീകരിക്കണം. ഈ വെളിപാടിനെ പിന്‍പറ്റണമെങ്കില്‍, ആദ്യമായി നാം ചെയ്യേണ്ടത്, ദൈവത്തില്‍ നിന്ന് അരുളപ്പെട്ട ഈ വെളിപാടുകള്‍ അതിന്റെ യഥാര്‍ത്ഥ രീതിയില്‍ തന്നെ സംരക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കലാണ്. നമ്മുടെ കൈയ്യിലെ വെളിപാട് അങ്ങനെ തന്നെ പരിരക്ഷിക്കപ്പെട്ടിട്ടുള്ളതല്ല എന്ന് നമുക്ക് തോന്നുന്ന പക്ഷം, ഞാന്‍ ദൈവത്തിന്റെ വെളിപാടുകള്‍ പിന്തുടരുന്നു എന്നു പറയുന്നതില്‍ വലിയ അര്‍ത്ഥമില്ല. അതങ്ങനെ സംരക്ഷിക്കപ്പെട്ടിട്ടില്ലായെങ്കില്‍ അതില്‍ വിശ്വസിക്കാനും അതിനെ പിന്‍പറ്റാനും വേണ്ട യുക്തിഭദ്രത അതിനില്ല എന്ന് പറയേണ്ടി വരും.
ഖുര്‍ആനുമായി ബന്ധപ്പെട്ട് എന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ച ഒരു കാര്യം, ഈ വേദഗ്രന്ഥത്തിന്റെ സംരക്ഷണമാണ്. 23 വര്‍ഷത്തെ ദീര്‍ഘ കാലയളവിലാണ് വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ് നബിക്ക് അവതീര്‍ണമാവുന്നത്. അത് തന്റെ അനുയായികള്‍ക്ക് അദ്ദേഹം കൈമാറുന്നു. അന്നാള്‍ മുതല്‍ ഇന്നുവരെ അത് സസൂക്ഷ്മം പരിപാലിക്കപ്പെട്ടു പോന്നു. നിരവധി അമുസ് ലിം എഴുത്തുകാരുടെ ഇസ് ലാമിനെകുറിച്ചുള്ള ലേഖനങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. അവരില്‍ അധികപേരും ഇസ് ലാമിനെ മാന്യവും നിഷ്പക്ഷവും നീതിപൂര്‍വ്വകവമായല്ല സമീപിച്ചിട്ടുള്ളത്.
എങ്കില്‍ പോലും, 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുഹമ്മദിന് അവതരിച്ച വിശുദ്ധ ഖുര്‍ആന്‍ അതുപോലെ തന്നെ ഇന്നും സംരക്ഷിക്കപ്പെട്ടു പോന്നിട്ടുണ്ടെന്നുള്ള യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നതില്‍ അവര്‍ പിശുക്ക് കാണിച്ചിട്ടില്ല.
എന്നെ സംബന്ധിച്ചിടത്തോളം, ഇസ് ലാമിന്റെ കാര്യത്തില്‍ ഒരു നിര്‍ണായക അറിവാണിത്. കാരണം, ഇതിനുമുമ്പ് ബൈബിളിന്റെ ക്രോഡീകരണവും ചരിത്രവും ഞാന്‍ പഠിച്ചിട്ടുണ്ട്. ആ ചരിത്രം വിശദീകരിക്കേണ്ട സന്ദര്‍ഭമല്ലയിത്. ഒരു കാര്യം ഞാന്‍ പറയാം, വിശുദ്ധ ഖുര്‍ആന്റെ ചരിത്രവും ബൈബിളിന്റെ ചരിത്രവും രണ്ടും രണ്ടാണ്. ഖുര്‍ആന്‍, അതിന്റെ ആദ്യ നാളുകളില്‍ തന്നെ സസൂക്ഷ്മം സംരക്ഷിക്കപ്പെട്ടു പോന്നിട്ടുണ്ട്.
എന്നാല്‍ ബൈബിളില്‍ പലപ്പോഴും കൈകടത്തലുകള്‍ വന്നു. വിശുദ്ധമെന്നും ദൈവികമെന്നും വിളിക്കപ്പെടുന്ന ഗ്രന്ഥം അതങ്ങനെതന്നെയാണ് എന്നതിന് ആധികാരികത വേണം.

ഉല്‍ബോധനത്തിനുള്ള ക്ഷണം
ഖുര്‍ആന്റെ നിരവധി അധ്യാപനങ്ങള്‍ക്കും ഉള്ളടക്കത്തിനും പുറമെ, ഖുര്‍ആനിലുടനീളം മനുഷ്യരാശിയോടു ചിന്തിക്കാനും മനനം ചെയ്യാനും ഖുര്‍ആന്‍ ആഹ്വാനം ചെയ്തു കൊണ്ടിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ മനുഷ്യപ്രകൃതിയില്‍ തന്നെ കുടികൊള്ളുന്ന ഒരു കാര്യം തന്നെയാണ് വിശുദ്ധ ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്.
വിശുദ്ധ ഖുര്‍ആന്‍ പറയുന്ന കാര്യങ്ങള്‍ മനുഷ്യന് മനസ്സിലാകുന്നവ തന്നെയാണ്.
നിങ്ങള്‍ക്ക് തെളിയിക്കാന്‍ കഴിയാത്ത അന്ധമായ ഒന്നിലുള്ള വിശ്വാസമല്ല ഖുര്‍ആന്റെ വീക്ഷണത്തില്‍ വിശ്വാസം. പടിഞ്ഞാറ് വിശ്വാസത്തെ കുറിച്ച് പറയുമ്പോള്‍, അത് നിഗൂഢമായ തെളിയിക്കാനോ സ്ഥാപിക്കാനോ പറ്റാത്ത ഒന്നുമാണ്. എന്നാല്‍ ഖുര്‍ആന്റെ രീതി ഇതല്ല. മനുഷ്യര്‍ക്ക് തിരിച്ചറിയാനും മനസ്സിലാക്കാനും കഴിയുന്ന സത്യത്തിലേക്കാണ് ഖുര്‍ആന്‍ ജനങ്ങളെ ക്ഷണിക്കുന്നത്. മനുഷ്യനുമായി ഖുര്‍ആന്‍ സംവാദത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നു. ഖുര്‍ആന്‍ അതിന് വേണ്ട യുക്തിബദ്ധവും മനുഷ്യന് ബോധ്യമാകുന്നതുമായ തെളിവുകള്‍ സമര്‍പ്പിക്കുന്നുണ്ട്. എന്തിലേക്കാണോ ദൈവം നമ്മെ ക്ഷണിച്ചുകൊണ്ടിരിക്കുന്നത് അതിനുള്ള തെളിവുകളും വാദങ്ങളും ഖുര്‍ആന്‍ അതിന്റെ അനുവാചകര്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുന്നുണ്ട്. എന്നെ ഹഠാദാകര്‍ഷിച്ച ഖുര്‍ആന്റെ മറ്റൊരു പ്രത്യേകതയാണിത്.
അതേസമയം, ഖുര്‍ആനും ബൈബിളും തമ്മില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ട്. അത് പറയുമ്പോള്‍, ക്രിസ്ത്യാനികളെയോ, യഹൂദികളെയോ ഞാന്‍ വിമര്‍ശിക്കുകയും ആക്ഷേപിക്കുകയുമാണെന്ന് കരുതരുത്. കാരണം എന്നോട് അവര്‍ ഖുര്‍ആനെ സംബന്ധിച്ച് സംസാരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഖുര്‍ആന്‍ എന്നില്‍ ഉണ്ടാക്കിയ പരിവര്‍ത്തനത്തെ കുറിച്ച് പറയാന്‍ അവര്‍ ആവശ്യപ്പെട്ടിരിക്കുന്നു. അത്‌കൊണ്ട് എന്റെ അനുഭവം എനിക്ക് പറയാതെ വയ്യ. ഇതാണ് അതിന് ഏറ്റവും അനുയോജ്യമായ രീതി എന്ന് ഞാന്‍ മനസ്സിലാക്കുന്നു.
മുസ് ലിമാകുന്നതിന് മുമ്പ്, ഇസ് ലാമിനെ കുറിച്ച് ഞാന്‍ വായിച്ച പുസ്തങ്ങളധികവും  അമുസ് ലിം രചയിതാക്കളുടേതായിരുന്നു. അതില്‍ പലരും അവകാശപ്പെടുന്നത്, വിശുദ്ധ ഖുര്‍ആനിലെ പല കാര്യങ്ങളും ബൈബിളില്‍ നിന്ന് മുഹമ്മദ് മോഷ്ടിച്ചതാണെന്നാണ്.     ബൈബിളിനേക്കാള്‍ ഖുര്‍ആനെ എന്നിലേക്ക് ആകര്‍ഷിപ്പിക്കുന്ന വ്യത്യസ്തത മറ്റൊന്നാണ്. ദൈവത്തിന്റെ അസ്തിത്വത്തെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്റെയും ബൈബിളിന്റെയും പരാമര്‍ശങ്ങള്‍ നോക്കാം. ദൈവത്തിന്റെ സത്തയെയും സ്വഭാവ വിശേഷണത്തെയും കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നത് പോലെതന്നെ, നമുക്കത് ജീവിതത്തിലും ദൃശ്യമാണ്. അങ്ങനെയുള്ള ഒരു ദൈവം മാത്രമാണ് ആരാധനക്കര്‍ഹന്‍ എന്ന് നമുക്ക് ബോധ്യപ്പെടും. യഥാര്‍ത്ഥത്തില്‍ അത്തരം ഗുണങ്ങളും സ്വഭാവങ്ങളുമുള്ള ഒരു ദൈവത്തിന് മാത്രമേ ആരാധനകള്‍ അര്‍പ്പിക്കാവൂ. അവന് മാത്രമേ അതിന് അവകാശമുള്ളൂ. എന്നാല്‍ ബൈബിളിലെ പഴയ നിയമങ്ങളുമായി വിശുദ്ധ ഖുര്‍ആനെ താരതമ്യം ചെയ്യുമ്പോള്‍, നമുക്ക് കാണാന്‍ സാധിക്കുക ഇതുപോലെയല്ല.
ഉദാഹരണത്തിന് ബൈബിളിലെ ആദംഹവ്വ കഥ, ഖുര്‍ആനിലും കാണാം. ഒരു മരത്തില്‍ നിന്ന് ഫലം ഭുജിക്കരുതെന്ന് അവരോട് കല്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ അത് ജ്ഞാനത്തിന്റെ മരമായിരുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നില്ല. ആ മരത്തില്‍ നിന്ന് ഫലം ഭുജിച്ചാല്‍, മനുഷ്യന്‍ ദൈവത്തെപ്പോലെ അറിവുള്ളവനായിത്തീര്‍ന്ന് ദൈവവുമായി മത്സരിക്കാന്‍ തയ്യാറാകുമെന്ന് ദൈവം ഭയപ്പെട്ടിരുന്നതായി ബൈബിള്‍ പറയുന്നുണ്ട്. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ദൈവം തന്നെ അവര്‍ക്ക് പാപമോചനത്തിനുള്ള പ്രര്‍ത്ഥനകള്‍ പഠിപ്പിച്ചു കൊടുത്തുവെന്നാണ്.
‘എവിടെയാണ് നീ, നിനക്ക് എന്ത് സംഭവിച്ചു’ എന്ന് ചോദിച്ച് ആദമിനെ അന്വേഷിച്ചു ഏദന്‍ തോട്ടത്തില്‍ അലയുന്ന ദൈവത്തെ ബൈബിളില്‍ കാണാം. എന്നാല്‍ ഖുര്‍ആനില്‍ അങ്ങനെയൊരു പരാമര്‍ശമേ ഇല്ല.
ദൈവത്തെ സംബന്ധിച്ചുള്ള ഇത്തരം ഖുര്‍ആനിക പരാമര്‍ശങ്ങള്‍, ദൈവത്തിന്റെ ശരിയായ ഗുണവിശേഷങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് പഠിപ്പിച്ചു തരുന്നുണ്ട്. ദൈവവും ജേക്കബും തമ്മില്‍ ദ്വന്ദ യുദ്ധത്തില്‍ ഏര്‍പ്പെട്ട് ജേക്കബ് ദൈവത്തെ പരാജയപ്പെടുത്തുന്ന കഥകളൊന്നും ഖുര്‍ആനില്‍ കാണാന്‍ കഴിയില്ല. ദൈവം സ്വയം ചെയ്ത തെറ്റുകള്‍ക്കു സ്വയം പശ്ചാതപിക്കുന്ന ദൈവത്തെ ബൈബിളില്‍ മാത്രമേ കാണാന്‍ കഴിയൂ.

Related Post