ഖുത്ബയും ഇമാമതും

 

thalugu ishar 637തിരുമേനി(സ) അരുള്‍ ചെയ്തു: ‘ജനങ്ങളേ, നിങ്ങളില്‍ (ജനങ്ങളെ) വെറുപ്പിക്കുന്ന ചിലരുണ്ട്. നിങ്ങളില്‍ ജനങ്ങള്‍ക്ക് ഇമാമായി നില്‍ക്കുന്നവന്‍ ചുരുക്കി നമസ്‌കരിക്കട്ടെ. കാരണം പ്രായം ചെന്നവരും ചെറിയകുഞ്ഞുങ്ങളും ആവശ്യക്കാരുമെല്ലാം അവന് പിന്നില്‍ നിന്ന് നമസ്‌കരിക്കുന്നുണ്ട്.’ ജനങ്ങള്‍ക്ക് ഇമാമായി നിന്ന് നമസ്‌കാരം ദീര്‍ഘിപ്പിച്ചതിന്റെ പേരില്‍ മുആദ് ബിന്‍ ജബലി(റ)നോട് തിരുമേനി(സ) കോപിക്കുകയുണ്ടായി. അദ്ദേഹം ചോദിച്ചത് ഇപ്രകാരമാണ് : ‘അല്ലയോ മുആദ്, താങ്കള്‍ കുഴപ്പമുണ്ടാക്കുന്നവനാണോ ?’  ചില ഇമാമുമാരുടെയും ഖത്തീബുമാരുടെയും ‘പീഡന’ങ്ങളാല്‍  മുസ്‌ലിം ലോകം ഇക്കാലത്ത് പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എളുപ്പത്തെയും നൈര്‍മല്യത്തെയും പഠിപ്പിക്കുന്ന  ഇസ്‌ലാമികാധ്യാപനങ്ങളെക്കുറിച്ച് അജ്ഞരാണ് അവര്‍.

വിശുദ്ധ ഖുര്‍ആന്‍ പാരായണത്തെ ആര്‍പ്പുവിളികളാക്കി മാറ്റിയവര്‍ അവരിലുണ്ട്. ഖുര്‍ആന്‍ പാരായണത്തിന്റെ പേരില്‍  മൈക്രോഫോണില്‍ അട്ടഹസിക്കുന്നവരും അവരിലുണ്ട്. അവരുടെ ശബ്ദകോലാഹലം കേള്‍ക്കുന്ന പക്ഷം ഗര്‍ഭിണികള്‍ പ്രകമ്പിതരായി പ്രസവിച്ചേക്കും. തറാവീഹിലെ പ്രാര്‍ത്ഥനകളെ മിമ്പറില്‍ പ്രഭാഷണമാക്കി മാറ്റുന്നവര്‍ അവരിലുണ്ട്. മരണത്തെക്കുറിച്ച വിവരണങ്ങളും, ഖബ്‌റാളികളുടെ അനുഭവങ്ങളും മറ്റുമാണ് അതിലെ പ്രതിപാദ്യവിഷയം. മരണപ്പെട്ടതും, കുളിപ്പിച്ചതും, കഫന്‍ ചെയ്തതും, നമസ്‌കരിച്ചതും, മറമാടിയതും, മണ്ണ് വാരിയിട്ടതും, മൃതദേഹം മണ്ണോട് ചേര്‍ന്നതും, പുഴുവരിച്ചതും, അനന്തരസമ്പത്ത് വീതിച്ചതുമെല്ലാം പരാമര്‍ശിക്കുന്നതിനിടയില്‍ മരണപ്പെട്ടവന് കരുണ ചൊരിയുന്നതിന് വേണ്ടിയുള്ള പ്രാര്‍ത്ഥന മാത്രം ഇവര്‍ മറന്നുപോവുന്നു. പിന്നീട് ഫലസ്തീന്‍, ഇറാഖ്, അഫ്ഗാനിസ്ഥാന്‍, ചെച്‌നിയ, സോമാലിയ, ബോസ്‌നിയ, ഫിലിപ്പൈന്‍സ്,തായ്‌ലന്റ് , കൊസോവോ , ദാര്‍ഫൂര്‍ തുടങ്ങി ലോകത്തുള്ള രാജ്യങ്ങളിലൂടെയും സംഘര്‍ഷപ്രദേശങ്ങളിലൂടെയും കടന്നുപോവുമ്പോഴേക്കും സദസ്യര്‍ ഉറക്കത്തിലേക്ക് വഴുതിയിരിക്കും. പ്രാസവും, കൃത്രിമത്വവും, കരച്ചിലും, അട്ടഹാസവുമൊക്കെയാണ് ഇന്ന് പള്ളി മിമ്പറുകളിലെ ഖുത്തുബകള്‍. അതിലൂടെ ജനങ്ങളിലെ ഏറ്റവും മികച്ച പ്രഭാഷകനും, പണ്ഡിതനും ഭക്തനുമായിത്തീരാമെന്നാണ്  അവരുടെ വിശ്വാസം. ഇപ്രകാരം നാല്‍പത് മിനിറ്റോളം അവര്‍ പ്രഭാഷണം തുടരുന്നു. പ്രഭാഷണത്തിലൂടെ ജനങ്ങള്‍ക്ക് യാതൊരു മാറ്റവും സംഭവിക്കുന്നില്ല. അവരുടെ പ്രഭാഷണങ്ങള്‍ക്ക് യാതൊരു പുരോഗതിയും ഉണ്ടാവുന്നുമില്ല.

മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന ആഗോള ഗൂഢാലോചനയാണ് ഇതെന്നാണ് എനിക്ക് തോന്നുന്നത്. വുദുവിന്റെ ശര്‍ത്വു പോലും അറിയാത്ത ജനങ്ങളുള്ള ഏതെങ്കിലും കുഗ്രാമത്തില്‍ ചെന്ന് ആഗോളീകരണത്തെയും, ധൈഷണികയുദ്ധത്തെയും കുറിച്ച് നടത്തുന്ന പ്രഭാഷണത്തെ ഏതര്‍ത്ഥത്തിലാണ് നാം വിലയിരുത്തേണ്ടത് ?  ഇത്തരം സന്ദര്‍ഭങ്ങളില്‍ ആയത്തുല്‍ കുര്‍സി ഓതി ഈ ഖത്ത്വീബുമാരുടെ നെഞ്ചത്ത് മൂന്നുപ്രാവശ്യം തടവി അവര്‍ക്ക് ശിഫാ നല്‍കാന്‍ അല്ലാഹുവോട് പ്രാര്‍ത്ഥിക്കുകയാണ് വേണ്ടത്. ഇന്റര്‍നെറ്റില്‍ നിന്ന് എടുത്തതോ, ഗ്രന്ഥങ്ങളില്‍ നിന്ന് പകര്‍ത്തിയതോ ആയ ഏതെങ്കിലും രേഖ വായിക്കുകയാണ് മിക്ക ഖത്ത്വീബുമാരും ചെയ്യുന്നത്. യാതൊരു ചൈതന്യവുമില്ലാത്ത, നിര്‍ജീവമായ, സമൂഹത്തിന് യോജിക്കാത്ത ഖുത്വുബകളാണ് അവര്‍ നടത്തുന്നത്.

ഒരിക്കല്‍ ഞാന്‍ ഒരു ഇമാമിന് പിന്നില്‍ പ്രഭാത നമസ്‌കാരം നിര്‍വഹിക്കുകയുണ്ടായി. അദ്ദേഹം നൂന്‍ എന്ന് തുടങ്ങുന്ന അധ്യായമാണ് പാരായണം ചെയ്തത്.  നൂന്‍ ദീര്‍ഘിപ്പിക്കുന്നതുകേട്ട എനിക്ക് അദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ കഴുത്തിലെ ബട്ടണ്‍ പൊട്ടിപ്പോകുമെന്ന് തോന്നി. നമസ്‌കാരം കഴിഞ്ഞതും പ്രഭാഷണത്തിനായി എഴുന്നേറ്റുനിന്ന് അദ്ദേഹം വീണ്ടും പീഡനം തുടര്‍ന്നു. അവയെല്ലാം അവസാനിച്ചശേഷം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു:’ശൈഖ് ഇബ്‌നു ബാസിന് പിന്നിലും, ഇബ്‌നു ഉഥൈമിന് പിന്നിലും ഞാന്‍ നമസ്‌കരിച്ചിട്ടുണ്ട്. അക്കാലഘട്ടത്തിലെ ഏറ്റവും വലിയ പണ്ഡിതരും ദൈവബോധമുള്ളവരുമായിരുന്നു അവര്‍. അവരുടെ നമസ്‌കാരം വളരെ ലളിതവും ദൈര്‍ഘ്യം കുറഞ്ഞതുമായിരുന്നു. അവരുടെ പാരായണം വളരെ നിര്‍മലവും ലോലവുമായിരുന്നു’. തന്റെ കൂടെ നമസ്‌കരിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ വേറെ വല്ല പള്ളിയിലും ചെന്ന് നമസ്‌കരിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ വ്യംഗ്യമായ പരാമര്‍ശം.

കേവലം പത്തുപേരെ പിന്നില്‍ നിര്‍ത്തി അങ്ങാടി മുഴുവന്‍ കേള്‍ക്കുന്ന ഉച്ചത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഇമാമുമാരുണ്ട്. അവരുടെ തക്ബീറുകള്‍ ആര്‍പ്പുവിളികളും പാരായണങ്ങള്‍ ദീനരോദനങ്ങളുമാണ്. അതെന്താണങ്ങനെയെന്ന് എനിക്കറിയില്ല. ഒരാള്‍ ബാങ്കുവിളിച്ച് മൈക്രോഫോണില്‍ ഊതിയതിനെ തുടര്‍ന്ന് അതിന്റെ ബാറ്ററിയും മറ്റ് ഉപകരണങ്ങളും കത്തിയതായി പറയപ്പെടുന്നു. ഖുത്വ്ബയും ഇമാമതും ബാങ്കുവിളിയും നിര്‍വഹിക്കുന്നതിന് പകരം പ്രവാചക സുന്നത്ത് പഠിക്കുകയാണ് ഇവര്‍ ചെയ്യേണ്ടത്. തിരുമേനി(സ) അരുള്‍ ചെയ്തു:’ഖുത്വ്ബയുടെ ചുരുക്കവും നമസ്‌കാരത്തിന്റെ ദൈര്‍ഘ്യവുമാണ് ഒരാളുടെ ഫിഖ്ഹിനെ അടയാളപ്പെടുത്തുന്നത്’. ഈ ദീന്‍ വളരെ എളുപ്പമാണ് എന്നാണ് തിരുമേനി(സ) ഈ ഉമ്മത്തിനെ പഠിപ്പിച്ചിരിക്കുന്നത്.

 

Related Post