ജുമുഅ ഖുതുബ എന്നത് ഇസ്ലാമിക അധ്യാപനങ്ങള്‍ പകര്‍ന്നു നല്‍കാനും പ്രബോധനത്തിനുമുള്ള പ്രധാന മാധ്യമമാണ്. ആത്മസംസ്കരണത്തിനും ഉദ്ബോധനത്തിനും പുറമെ സമകാലിക വിഷയങ്ങളില്‍ ഇസ് ലാമികമായ നിലപാട് അവതരിപ്പിക്കുന്നതിനുള്ള വേദി കൂടിയാണിത്. ഖുതുബ കേള്‍ക്കാനായി നൂറ് മുതല്‍ പതിനായിരക്കണക്കിന് ആളുകള്‍ ഒരുമിച്ച് കൂടുന്ന പള്ളികളുണ്ട്. അപ്പോള്‍ വെള്ളിയാഴ്ച ജുമുഅക്ക് നേതൃത്വം നല്കുന്ന ഖതീബിന്റെ സ്ഥാനം ഖുതുബ കേള്‍ക്കാന്‍ വരുന്ന നൂറ് കണക്കിനാളുകളുടെ അധ്യാപകന്റെയും ഗൈഡിന്റെതുമാണ്. അവര്‍ തന്നെ അത് തങ്ങളുടെ കുടുംബക്കാരിലേക്കും സമീപസ്ഥരിലേക്കും പകര്‍ന്നു നല്കുന്നു.
നമ്മുടെ ഖതീബുമാരില്‍ നിന്ന് വേണ്ടത്ര ശ്രദ്ധയില്ലാത്തതിനാല്‍ സംഭവിക്കുന്ന ചില സ്ഖലിതങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് അവര്‍ക്ക് സമൂഹത്തില്‍ നിര്‍വഹിക്കാനുള്ള വലിയ ദൗത്യത്തെ കുറിച്ച് ചില സൂചനകള്‍ നല്‍കുകയാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്.
1.വേണ്ടത്ര മുന്നൊരുക്കം ഇല്ലാതിരിക്കുക :
ഖതീബില്‍ നിന്നും ഉപകാരപ്രദമായ വിജ്ഞാനങ്ങള്‍ അടുക്കും ചിട്ടയോടും കൂടി കേട്ടു മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് വെള്ളിയാഴ്ച പള്ളിയിലേക്ക് ശ്രോതാക്കള്‍ ഒരുങ്ങിവരുന്നത്. എന്നാല്‍ അടുക്കും ചിട്ടയുമില്ലാതെ വ്യത്യസ്ത കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ ജനങ്ങള്‍ക്ക് മതിപ്പ് നഷ്ടപ്പെടുന്നു. ഓര്‍മയില്‍ വരുന്ന കാര്യങ്ങള്‍ നിരത്തുമ്പോള്‍ ദുര്‍ബലമായ ഹദീസുകള്‍ നിരത്തുകയും ആയതുകള്‍ അസ്ഥാനത്തും തെറ്റായും വിവരിക്കുന്നു. അപ്രകാരം തന്നെ വ്യക്തതയില്ലാത്തതും അതിശയോക്തി നിറഞ്ഞതുമായ കഥകളും നിരത്തേണ്ടി വരുന്നു. ഒടുവില്‍ ഖുതുബ എന്നത് ഒരു ചൂടും ചൂരും പ്രയോജനമൊന്നുമില്ലാത്ത ഒന്നായി പരിണമിക്കുന്നു.
2. വൈജ്ഞാനികമായി ദാരിദ്യം :
ചില ഖതീബുമാര്‍ തങ്ങളുടെ വൈജ്ഞാനിക ദാരിദ്യം മൂലം ഇമാം ഗസാലിയെ പോലുള്ള പ്രശസ്തരായ പണ്ഡിതന്മാരെ ഖുതുബക്ക് വേണ്ടി അവലംബിക്കേണ്ടി വരുന്നു. മറ്റുചിലര്‍ ഖുതുബക്ക് ഒരുങ്ങുന്നത് സി. ഡി, കാസറ്റ് പ്രഭാഷണങ്ങള്‍ കേട്ടുകൊണ്ടാണ്. സ്വന്തമായി ഖുതുബ തയ്യാറാക്കാന്‍ ഒരുങ്ങാതെ മറ്റുളളവരുടെ ഖുതുബകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജോലി മാത്രമായിത്തീരുന്നു. ഇതുമൂലം ഖതീബിന് ശ്രോതാക്കളെ അഭിമുഖീകരിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. മാത്രമല്ല, സംഭവലോകവുമായി യാതൊരു ബന്ധവുമില്ലാത്ത വിഷയങ്ങളും കാര്യങ്ങളുമായിരിക്കും ഇത്തരം ഖുതുബകളില്‍ നിറഞ്ഞുനില്ക്കുന്നത്. മാത്രമല്ല ഇത് അനുകരണമാണ് എന്ന് ആരെങ്കിലും തിരിച്ചറിയുന്നതോടെ ഖതീബിനെ കുറിച്ചുളള ആദരവ് ശ്രോതാക്കളില്‍ നഷ്ടപ്പെടാനും ഇടവരുന്നു.
3. ഭാഷാപരമായ ദൗര്‍ബല്യങ്ങള്‍ :
ചില ഖതീബുമാരെ വേട്ടയാടുന്ന പ്രധാന പ്രശ്നമാണ് ഭാഷാപരമായ പരിജ്ഞാനമില്ലായ്മ. ശ്രോതാക്കളില്‍ വിവരമുള്ളവര്‍ ഗ്രമാറ്റിക്കല്‍ മിസ്റ്റെയ്ക്കുകള്‍ പോലുള്ള സ്ഖലിതങ്ങള്‍ വേഗം തിരിച്ചറിയുകയും ചെയ്യുന്നു. വാചകങ്ങള്‍ യഥാര്‍ഥ രീതിയില്‍ പ്രകടിപ്പിക്കാന്‍ കഴിയാത്ത ഖതീബിന്റെ സംസാരം കേള്‍ക്കുമ്പോള്‍ ശ്രോതാക്കള്‍ക്ക് ഖതീബിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടാനിടവരും.
4. വിഷയാവതരണത്തിലെ അപാകതകള്‍:
ചില ഖതീബുമാര്‍ വൈജ്ഞാനികമായി വളരെ ഉന്നത വിതാനത്തിലുള്ളവരായിരിക്കും. എന്നാല്‍ ശബ്ദം താഴ്ത്തിയും ഉയര്‍ത്തിയും ആംഗ്യങ്ങള്‍ കാണിച്ചും ശ്രോതാക്കളെ ആകര്‍ഷിക്കുന്നതില്‍ അവര്‍ പരാജയപ്പെടുന്നതായി കാണാം. അതുപോലെ ഖുതുബ നേരത്തെ തയ്യാറാക്കി മിമ്പറില്‍ നിന്ന് വായ്ക്കുന്ന ചിലരുമുണ്ട്. ഇത് ഖുതുബയുടെ ചൈതന്യം നഷ്ടപ്പെടാനും ശ്രോതാക്കളില്‍ മോശമായ അഭിപ്രായം ഉടലെടുക്കാനും ഇടവരും. ഇത്തരം ഖുതുബകള്‍ക്ക് സ്വാധീനം വളരെ കുറവായിരിക്കും.
5. നിര്‍ണിതമായ വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുക:
മുസ്ലിം സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും പ്രത്യേക സാഹചര്യങ്ങളൊന്നും പരിഗണിക്കാതെ ചില ഖതീബുമാര്‍ സ്വര്‍ഗനരകങ്ങളെ കുറിച്ചും തര്‍ബിയ വിഷയങ്ങളും മാത്രം കൈകാര്യം ചെയ്യുന്നതു കാണാം. ഇത്തരം വിഷയങ്ങള്‍ക്ക് ഖുതുബയില്‍ മുന്‍ഗണന നല്‍കുന്നതോടൊപ്പം വൈവിധ്യങ്ങള്‍ ഉണ്ടാകുക എന്നത് ഖുതുബയുടെ മനോഹാരിതക്ക് നല്ലതാണ്. മറ്റു ചിലര്‍ ഖുതുബയില്‍ കര്‍മശാസ്ത്ര വിഷയങ്ങളും അഭിപ്രായ വ്യത്യാസങ്ങളും മാത്രം പറയാനാണ് സമയം കണ്ടെത്തുന്നത്. അപ്രകാരം തന്നെ ഖുതുബയില്‍ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒന്നും പറയാതെ രാഷ്ട്രീയ വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്നവരാണ് മറ്റുചിലര്‍.
എന്നാല്‍ ബുദ്ധിമാനായ ഖതീബ് ഇത്തരം വിഷയങ്ങള്‍ സമഞ്ജസമായി സമ്മേളിപ്പിച്ച് ഇസ് ലാമിക സമൂഹത്തിന് കാലഘട്ടത്തില്‍ അനിവാര്യമായ വിജ്ഞാനങ്ങള്‍ പകര്‍ന്നു നല്‍കുകയും ചികിത്സകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതാണ്.
ചില ഖതീബുമാര്‍ നിരന്തരമായി രോദന കഥകള്‍ വിവരിക്കുകയും പരിഹാരങ്ങള്‍ നിര്ദ്ദേശിച്ചുകൊടുക്കാതിരിക്കുകയും ചെയ്തുകൊണ്ട് സമൂഹത്തെ നിരാശയിലേക്ക് കൊണ്ടുപോകുന്നത് കാണാം. ഇസ് ലാമിന്റെ ശോഭനമായ ഭാവിയെ കുറിച്ചും അല്ലാഹുവിന്റെ സഹായത്തെ കുറിച്ചുമൊന്നും വിവരിക്കാതെയുള്ള ഇത്തരം ഖുതുബകള്‍ സമൂഹത്തില്‍ തെറ്റായ അധ്യാപനങ്ങളാണ് പകര്‍ന്നു നല്‍കുക. ഇത്തരം സംസാരങ്ങളെ കുറിച്ച് പ്രവാചകന്(സ) ജാഗ്രത നിര്‍ദ്ദേശം നല്‍കിയതായി കാണാം. അബൂ ഹുറൈറ(റ)വില്‍ നിന്ന് നിവേദനം: ‘ജനങ്ങള്‍ നശിച്ചു എന്ന് ഒരാള്‍ പറഞ്ഞാല്‍ അവന് അവരെ നശിപ്പിച്ചു’. ജനങ്ങള്‍ക്ക് എളുപ്പമാക്കിക്കൊടുക്കാനും സന്തോഷവാര്‍ത്ത അറിയിക്കാനുമായി പ്രവാചകന് തന്റെ സൈനിക നേതൃത്വത്തിനും സഹാബികള്ക്കുമെല്ലാം പ്രത്യേകം നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി കാണാം. അബൂ മൂസ(റ)യില്‍ നിന്ന് നിവേദനം : പ്രവാചകന് (സ) തന്റെ സഹാബികളില്‍ നിന്ന് ആരെയെങ്കിലും വല്ല കാര്യത്തിനും അയച്ചാല്‍ പറയുമായിരുന്നു: ‘നിങ്ങള്‍ സന്തോഷവാര്‍ത്ത അറിയിക്കുക, ജനങ്ങളെ വെറുപ്പിക്കരുത്. എളുപ്പമുണ്ടാക്കുക, അവര്‍ക്ക് ഞെരുക്കമുണ്ടാക്കരുത്’. ഇതിനു വിപരീതമായി ജനങ്ങള്‍ക്ക് അല്ലാഹുവിനെയും സ്വര്ഗനരകങ്ങളെയുമുള്ള ഭയത്തില്‍ നിന്നും മോചിപ്പിച്ച് പ്രതീക്ഷ മാത്രം പകര്‍ന്നു നല്കുന്നവരെയും കാണാം. ഈ രണ്ടു സമീപനങ്ങളും തെറ്റാണ്. പ്രതീക്ഷയുടെയും ഭയത്തിന്റെയും ചിറകിന്മേലാണ് വിശ്വാസി പറന്നുയരുന്നത്.
6. നിര്‍ണിതമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്നു:
ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമുണ്ട്. അത് അവരുടെ അവകാശമാണ്. പക്ഷെ, അത് സ്ഥാപിക്കാന്‍ വേണ്ടി മിമ്പര്‍ ഉപയോഗപ്പെടുത്തുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും. എന്നാല്‍ ചില പ്രത്യേക ഘട്ടങ്ങളില്‍ ഏതു പക്ഷത്ത് നില്‍ക്കുന്നതാണ് കൂടുതല്‍ ഉചിതം എന്നു തുടങ്ങിയ സംഗതികളെല്ലാം യുക്തിയോടെ ഖതീബിന് വിവരിക്കാവുന്നതാണ്.
7. സമയദൈര്‍ഘ്യം :
ചില ഖതീബുമാര്‍ സംസാരത്തിന്റെ ചാതുരിക്ക് പിന്നാലെ പോകുന്നവരാണ്. സദസ്സിനെയും സന്ദര്‍ഭത്തെയും പരിഗണിക്കാതെ ജനങ്ങള്‍ക്ക് മടുപ്പുളവാക്കുവോളം സംസാരിക്കുന്നു. മാത്രമല്ല, നമസ്കാരം ചെറിയ സൂറകള്‍ ഓതി നിര്‍ത്താന്‍ നിര്‍ബന്ധിതനുമാകുന്നു. ഇത് പ്രവാചക സരണിക്ക് വിരുദ്ധമാണ്. പ്രവാചകന് പറയാറുണ്ടായിരുന്നു: ഒരു വ്യക്തി നമസ്കാരം ദീര്‍ഘിപ്പിക്കുകയും ഖുതുബ ചുരുക്കുകയും ചെയ്യുന്നുവെങ്കില്‍ അത് അവന്റെ വിജ്ഞാനത്തിന്റെ നിദര്‍ശനമാണ്. അതിനാല്‍ നിങ്ങള്‍ നമസ്കാരം ദീര്‍ഘിപ്പിക്കുക, ഖുതുബ ചുരുക്കുകയും ചെയ്യുക, സംസാരത്തിന് തീര്‍ച്ചയായും ഒരു വശീകരണ ശക്തിയുണ്ട്’. ഇതിനു വിപരീതമായി തന്റെ ദൗര്‍ബല്യം പരിഗണിച്ചു ഖുതുബ വളരെ ചുരുക്കുന്നവരെയും നമുക്ക് കാണാം, ഇതും പുനരാലോചനക്ക് വിധേയമാക്കേണ്ടതാണ്.
ഖുതുബയില്‍ വരുന്ന ഇത്തരം സ്ഖലിതങ്ങള്‍ തിരിച്ചറിയാനും ചികിത്സിക്കാനും ചില നിര്‍ദ്ദേശങ്ങള്‍
1. ഖത്തീബുമാര്‍ക്കായി വഖഫ് സംരംഭങ്ങള്‍ പോലെ വേദികള്‍ ഒരുക്കുക, ഖുത്തുബ ട്രൈനിംഗ്, കൗണ്‍സിലിങ്ങ് പോലുള്ള കാര്യങ്ങള്‍ ഇതിനു കീഴില്‍ നടത്തുക.
2. ഇത്തരം കോഴ്സുകളിലൂടെ നല്കപ്പെടുന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്ക് മാത്രം അവസരം നല്‍കുക.
3. ഖത്തീബുമാര്‍ക്ക് റഫറന്‍സിനായുള്ള ലൈബ്രറികള്‍ ഒരുക്കുക.
4. ഖത്തീബുമാര്‍ക്ക് അവബോധം നല്കുന്ന ക്ലാസ് നല്‍കുക
5. ഖുതുബയുടെ സമയം ക്ലിപ്തപ്പെടുത്തുക.
6. പഠന മനനങ്ങളിലൂടെ നേരത്തെ തന്നെ ഖുതുബക്ക് തയ്യാറാകുക.
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്