Main Menu
أكاديمية سبيلي Sabeeli Academy

ആത്മാവിനകം നനച്ചു കുളിക്കട്ടെ

വ്രത ശുദ്ധിയുടെ പവിത്രമായ ദിന രാത്രങ്ങള്‍ക്ക് സ്വാഗതമോതാന്‍ വിശ്വാസികളുടെ മനസ്സും ശരീരവും സജ്ജമായിക്കൊണ്ടിരിക്കുന്ന സമയമാണിത്. വ്ramadhanരതം വല്ലാത്ത ഒരു പ്രതീക്ഷയാണ്. ആത്മാവിനെ സ്ഫുടം ചെയ്‌തെടുക്കാന്‍ അല്ലാഹു നമുക്കായ് ഒരുക്കിയ ഒരു സുവര്‍ണാവസരം. അതിനാലാണ് ആ മാസത്തില്‍ ജീവിക്കാനായുള്ള ഉതവിക്കായി നാം അല്ലാഹുവിനോട് ശഅബാനില്‍ തന്നെ ഹൃദയം തുറന്നു പ്രാര്‍ഥിക്കുന്നത്. അല്ലാഹുവിലും പരലോക രക്ഷാ ശിക്ഷകളിലും അടിയുറച്ച വിശ്വാസമുള്ള ഒരാളും റമദാനിന്റെ മഹത്വത്തെ വിലകുറച് കാണില്ല.

ഇഹലോകം ഒരു ലഹരിയായി മാറിയവര്‍ക്ക് റമദാന്‍ പ്രത്യേകിച്ച് ഒരു മാറ്റവും വാഗ്ദാനം ചെയ്യുന്നുമില്ല. ആത്മീയ ജീവിതത്തിന്റെ ശരിയായ വീണ്ടെടുപ്പിന് നമ്മുക്ക് മുന്നില്‍ തുറക്കാന്‍ പോകുന്ന ഒരു സര്‍വകലാശാലയാകുന്നു അത്. അതിലെ പരിശീലനങ്ങള്‍ നമ്മില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ അത്ഭുതകരമാണ്. പക്ഷെ ആന്തരിക ചൈതന്യതെക്കാള്‍ ബാഹ്യമായ പ്രകടനങ്ങള്‍ ആണ് വ്രതത്തിന്റെ ആത്മാവിനെ പലപ്പോഴും നശിപ്പിക്കുന്നത്. കുറച്ച വര്‍ഷങ്ങളായി കേരളത്തിനകത്തും പുറത്തും വ്രത മാസമെന്നാല്‍ ഭക്ഷ്യ മേളയാണ്. വ്രതം തുടങ്ങുന്നതിന്റെ ഏറെ മുന്പ് തന്നെ കോഴിക്കോട് നഗരത്തില്‍ അങ്ങിങ്ങായി ഇഫ്താര്‍ ബുഫഫെടുകളുടെ കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഹൈടെക് നോമ്പ് തുറകളുടെ കാലമാണ് വരാന്‍ പോകുന്നത്. വന്‍ കിട ഹോറ്റലുകളിലും മാളുകളിലും തെരുവുകളിമെല്ലാം ഉത്സവത്തിന്റെയും കച്ചവടത്തിന്റെയും മഹാമേളയുടെ പേരാണ് ഇന്ന് റമദാന്‍.

മുതലാളിത്തത്തിന്റെ ലാഭേച്ചയും ദുരയും നമ്മുടെ റമലാനിനെ നാം പോലുമറിയാതെ വിലക്കെടുത്ത കാലമാണിത്.അത് കൊണ്ട് പുതിയ മുതലാളിത്ത ഉപഭോഗ സംസ്‌കൃതിയുടെ കാലത്തെ നോമ്പ് നമ്മില്‍ നിന്ന് കൂടുതല്‍ ജാഗ്രത ആവശ്യപ്പെടുന്നുന്നുണ്ട്. മുതലാളിത്തം ശരീരത്തെ ശ്രദ്ധിക്കാനും ആഗ്രഹങ്ങളെ കയറൂരി വിടാനും മൂല്യങ്ങളെ ചോദ്യം ചെയ്യാനുമാണ് പഠിപ്പിക്കുന്നത്. നോമ്പ് ആത്മ്മാവിനെ സ്ഫുടം ചെയ്യാനും ആഗ്രഹങ്ങളെ നിയന്ത്രിക്കാനും മൂല്യങ്ങള്‍ക്ക് അടിമപ്പെടാനുമാണ് പഠിപ്പിക്കുന്നത്. ദുര മൂത്ത പുതിയ കാലത്തെ ഏറ്റവും ശക്തമായ സമര മുറ നോമ്പ് തന്നെയാണ്. പകല്‍ വുദു ചെയ്യുമ്പോള്‍ തൊണ്ട ഒരല്‍പം നനഞു പോയാല്‍ കുളിക്കുമ്പോള്‍ ശരീര ദ്വാരങ്ങളില്‍ വെള്ളം കയറിയാല്‍ നോമ്പ് മുറിഞ്ഞോ എന്ന ആധി കൊളുന്നവരാണ് നാം. പക്ഷെ ആത്മ്മവിന്റെ ദ്വാരങ്ങളില്‍ കയറിയ പാപത്തിന്റെ മലിന ജലത്തെ കുറിച്ചോ അന്യന്റെ സ്വത്ത് അന്യായമായി തൊണ്ടയുടെ അകം നനച്ചതിനെ കുറിച്ചോ വേണ്ടത്ര ജാഗ്രത ഇല്ലാതവരായിപ്പോയി നാം. വെന്റിലെറ്റരില്‍ കിടക്കുന്ന ഈ നോമ്പിനെയാള്‍ ഒക്‌സിജന്‍ നല്കി നാം ജീവന്‍ വെപ്പിക്കെണ്ടത്. അതാവട്ടെ ഈ റമദാനിലെ ആദ്യ നമ്മുടെ പ്രതിജ്ഞ.

ഷംസീര്‍. എ.പി
(Islam Onlive,2014 Jun-17)

Related Post