എളുപ്പമാണ് ഇസ്‌ലാമിക ശരീഅത്ത്

ഡോ. യൂസുഫുല്‍ ഖറദാവി

ഇസ്‌ലാമിക ശരീഅത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്് അതിന്റെ ലാളിത്യമാണ്. എളുപ്പവും ലാളിത്യവുമാണ് ശരീഅത്ത് അതിന്റെ അനുകര്‍ത്താക്കള്‍ക്ക് നല്കുന്നത്. ഇസ്‌ലാമിക ശരീഅത്തില്‍ അന്തര്‍ലീനമായ ഈ ഗുണം ശരീഅത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. ഒരു വടവൃക്ഷത്തിന്റെ  വേരുകളില്‍ നിന്ന് ശാഖാമൂലങ്ങളില്‍ ജീവജലമെത്തുന്നതു പോലെ. മനുഷ്യന്റെ ദൗര്‍ബല്യങ്ങളും ബലഹീനതകളും പരിഗണിച്ചുകൊണ്ടാണ് അല്ലാഹു ഈ ശരീഅത്തിനെ ഏറ്റവും എളുപ്പമുള്ള ശരീഅത്താക്കിയത്.  അവന്റെ മേലില്‍ പതിക്കുന്ന അധിക ഭാരങ്ങളും അവന്റെ മനഃസംഘര്‍ഷങ്ങളും സമ്മര്‍ദ്ദങ്ങളും ലഘൂകരിക്കുകയും പ്രയാസം കുറക്കുകയുമാണ് ശരീഅത്തിന്റെ ഉദ്ദേശ്യം. അടിമക്ക് പ്രയാസവും വെറുപ്പും കാഠിന്യവും അനുഭവപ്പെടണെമെന്നല്ല, നന്മയും സന്തോഷവും സൗഖ്യവുമുണ്ടാകണമെന്നാണ് അല്ലാഹു  ഉദ്ദേശിച്ചിട്ടുള്ളത്.

ഈ ദീന്‍ ഒരു പ്രത്യേക സമുദായത്തിനോ വിഭാഗത്തിനോ വേണ്ടി വന്നതല്ല. ഒരു പ്രത്യേക കാലഘട്ടത്തിലേക്കോ, ഒരു പ്രത്യേക പ്രദേശത്തേക്കോ ഉള്ളതുമല്ല ഈ ദീന്‍. ഭൂമിയിലെ അഖിലജനവിഭാഗത്തിനും വേണ്ടി എല്ലാ കാലത്തേക്കും എല്ലാ പ്രദേശത്തക്കുമുള്ള ഒരു ദീനാണിത്. അതു കൊണ്ടു തന്നെ സ്ഥലകാല പരിമിതകള്‍ക്കപ്പുറം വിശാലതയെ പരിഗണിച്ചുകൊണ്ടുള്ള നിയമങ്ങളാണ് ഈ ശരീഅത്തിനുള്ളത്. അതിനാല്‍ ഈ ദീനിനെ പഠിക്കുന്ന ഏതൊരുവ്യക്തിയും പ്രസ്തുത യാഥാര്‍ത്ഥ്യം നല്ലവിധം ഗ്രഹിച്ചിരിക്കണം.
എളുപ്പത്തില്‍ ഗ്രഹിക്കാന്‍ കഴിയുന്ന വിശ്വാസസംഹിതയാണ് ഈ ദീനിന്റേത്. ഇതിന്റെ വേദഗ്രന്ഥം സുഗ്രാഹ്യമാണ്. നടപ്പില്‍ വരുത്താനും പ്രയോഗവല്‍ക്കരിക്കാനും സുസാധ്യമാംവിധം ലാളിത്യമാര്‍ന്ന നിയമസംഹിതയാണതിന്റെ പ്രത്യേകത. അനുകര്‍ത്താക്കളുടെ കഴിവന്നതീതമായ ബലപ്രയോഗം ഈ ശരീഅത്തിനിന്നില്ല. വിശുദ്ധ ഖുര്‍ആന്‍ അക്കാര്യം വിവിധ ശൈലിയില്‍ പ്രഖ്യാപിക്കുന്നുണ്ട്: ‘ഒരാള്‍ക്ക് കഴിയുന്നതിന്നപ്പുറം ചെയ്യാന്‍ അല്ലാഹു നിര്‍ബന്ധിക്കുന്നില്ല’. വിശ്വാസികളുടെ പ്രാര്‍ത്ഥനയും അങ്ങനയാവണമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ‘ഞങ്ങളുടെ കഴിവിന്നതീതമായ കാര്യങ്ങള്‍ നീ ഞങ്ങളെ വഹിപ്പിക്കരുതേ’ എന്ന സത്യവിശ്വാസികളുടെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചിരിക്കുന്നുവെന്ന് പ്രവാചകന്റെ തിരുമൊഴിയുമുണ്ട്. കഠിനമായ പ്രയാസങ്ങളെയും സ്വയം പീഡകളെയും ഈ ശരീഅത്ത് നിരോധിക്കുകയും അതിന് പകരം ഏറ്റവും എളുപ്പവും പ്രയാസരഹിതവുമായി കാര്യങ്ങള്‍ ചെയ്യാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. യാത്രക്കാരനും രോഗിക്കും മുലയൂട്ടുന്നവള്‍ക്കും ഗര്‍ഭിണിക്കും നോമ്പുനോക്കുന്നതില്‍ നിന്ന് ഇളവ് നല്‍കുന്ന ശരീഅത്താണിത്. അല്ലാഹു നിങ്ങള്‍ക്ക് പ്രയാസമല്ല, എളുപ്പമാണ് ഉദ്ദേശിച്ചിട്ടുള്ളത്.
പ്രവാചകന്‍ (സ) ചില നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെയാണ്:’തീര്‍ച്ചയായും നിങ്ങള്‍ എളുപ്പമാക്കുന്നവരായാണ് നിയോഗിക്കപ്പെട്ടത്. പ്രയാസമുണ്ടാക്കുന്നവരായല്ല.’
നിങ്ങള്‍ കാര്യങ്ങള്‍ എളുപ്പമാക്കൂ. പ്രയാസകരമാക്കരുത്. നിങ്ങള്‍ ജനങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കൂ. നിങ്ങള്‍ ജനങ്ങളെ ആട്ടിയകറ്റരുത്’

മുന്‍ കാല മതങ്ങളുടെ മതനിയമങ്ങള്‍ തന്നെയും ഇസ്‌ലാം ലഘൂകരിക്കുയും അതില്‍ ഇളവുകള്‍ അനുവദിക്കുകയുമാണ് ചെയ്തത്. മുന്‍കാല മതങ്ങള്‍ അതിന്റെ അനുയായികളെ തളച്ച ചങ്ങലക്കെട്ടുകളെ അറുത്തുമാറ്റുകയായിരുന്നു ഇസ്‌ലാമിന്റെ പ്രവാചകന്‍. പ്രവാചകനെ വിശുദ്ധഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് അങ്ങനെയാണ്. ‘നന്മ കല്‍പ്പിക്കുകയും തിന്‍മവിരോധിക്കുകയും അവര്‍ക്ക് നല്ലവസ്തുക്കള്‍ അനുവദനീയമാക്കുകയും ചീത്തയായ കാര്യങ്ങള്‍ നിഷിദ്ധമാക്കുകയും അവരെ വരിഞ്ഞു മുറുക്കിയ ചങ്ങലകള്‍ പൊട്ടിച്ചെറിയുന്ന, അവരുടെ ഭാരങ്ങള്‍ ഇറക്കിവക്കുന്ന പ്രവാചകന്‍’ ( അഅ്‌റാഫ്. 158)

വിശുദ്ധ ഖുര്‍ആന്‍ സത്യവിശ്വാസികളോട് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുന്നത്  തങ്ങള്‍ക്ക് വഹിക്കാന്‍ കഴിയാത്ത ഭാരങ്ങള്‍ വഹിപ്പിക്കരുതേയെന്നാണ്. ‘ഞങ്ങളുടെ മുമ്പുള്ളവരെ നീ വഹിപ്പിച്ചതു പോലുള്ള ഭാരങ്ങള്‍ നീ ഞങ്ങളെ വഹിപ്പിക്കരുതേ’.
നിര്‍ബന്ധമായും കല്‍പ്പിക്കാന്‍ അനുശാസിക്കപ്പെട്ട കാര്യങ്ങളില്‍ പോലും വ്യക്തമായ കാരണങ്ങളുണ്ടെങ്കില്‍ ഇസ്‌ലാം ഇളവുകള്‍ അനുവദിക്കുന്നതു കാണാ. , വെള്ളം ശരീരത്തില്‍ ആകുന്നതു മൂലം രോഗമോ മറ്റു പ്രയാസങ്ങളോ, കഠിനതണുപ്പോ ഭയപ്പെടുന്നവര്‍ക്ക് വെള്ളമുപയോഗിച്ചു വുദുഅ് ചെയ്യുന്നതിന് ഇസ്‌ലാം ഇളവ് അനുവദിക്കുന്നു. വെള്ളം തൊടാതെ തയമ്മും ചെയ്താല്‍ മതിയാകുമെന്ന് ഇസ്‌ലാമിക ശരീഅത്ത് അനുശാസിച്ചിട്ടുണ്ട്. ‘നിങ്ങള്‍ നിങ്ങളെത്തന്നെ വധിക്കരുത്.  അല്ലാഹു നിങ്ങളോട് ഏറെ കരുണയുള്ളവനാണ്.’
‘നിങ്ങള്‍ നിങ്ങളുടെ കരങ്ങളെ നാശത്തിലേക്കിടരുത്’ തുടങ്ങിയ ഖുര്‍ആന്‍ സൂക്തങ്ങള്‍ സൂചിപ്പിക്കുന്നത് ഒരു വിശ്വാസിക്ക് ഇസ്‌ലാം നല്‍കുന്ന എളുപ്പവും ക്ലേശനിവര്‍ത്തിയുമാണ്.
നിന്നുനമസ്‌ക്കരിക്കാന്‍ കഴിയാത്തവര്‍ക്ക് ഇരുന്നും അതിനുകഴിയാത്തവര്‍ക്കു കിടന്നു നമസ്‌ക്കരിക്കാനും ഇസ്‌ലാം അനുവദിച്ചിരിക്കുന്നു.

ഗര്‍ഭിണി, മുലയൂട്ടന്നവര്‍ തങ്ങളുടെ കുഞ്ഞിനോ തങ്ങള്‍ക്കുതന്നെയോ അപകടമാണെന്ന് കണ്ടാല്‍ നോമ്പുപിടിക്കേണ്ടതില്ല. യാത്രക്കാര്‍, രോഗികള്‍ക്കും ഇസ്‌ലാം ഇതുപോലെ ഇളവുകള്‍ നല്‍കിയിരിക്കുന്നു. യാത്രക്കാരന് നമസ്‌ക്കാരം ചുരുക്കി നിര്‍വ്വഹിക്കാനുള്ള അനുവാദവും ഇതില്‍പ്പെടും.
ഒരു ഹദീസില്‍ തിരുമേനി (സ) സൂചിപ്പിച്ചതും അതുതന്നെയാണ്. നിങ്ങള്‍ ഇളവുകള്‍ എടുക്കുന്നതാണ് അല്ലാഹുവിന് ഏറെയിഷ്ടം. നിങ്ങള്‍ പ്രയാസപ്പെടുന്നതിനെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.
തിരുമേനി (സ) തന്നെയും വളരെ കഠിനമായും പ്രയാസത്തോടെയും കാര്യങ്ങള്‍ ചെയ്യുന്നവരെ നിരുല്‍സാഹപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് യാത്രയിലെ നോമ്പ് പുണ്യമല്ല എന്ന് തിരുമേനി പറഞ്ഞത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ചില കര്‍മ്മശാസ്ത്ര തത്ത്വങ്ങള്‍ തന്നെ പിന്നീട് മദ്ഹബീഇമാമുകള്‍ രൂപപ്പെടുത്തിയിരുന്നു. പ്രയാസം എളുപ്പം കൊണ്ടുവരും എന്ന തത്ത്വം ഇതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടതാണ്.
അബദ്ധവും, മറവിയും, നിര്‍ബന്ധിതസാഹചര്യവുമെല്ലാം പരിഗണിച്ച് ഇസ്‌ലാമിക ശരീഅത്ത് സത്യവിശ്വാസികള്‍ക്ക് എളുപ്പങ്ങളും ഇളവുകളും അനുവദിച്ചുവെന്നത് ആധുനികയുഗത്തില്‍ ഏറെ  പ്രസക്തമാണ്.

Related Post