സ്ത്രീ അവകാശലംഘനങ്ങള്‍

muslim-women-protest

അവര്‍ സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന് പഴിക്കേണ്ടത് ഇസ്‌ലാമിനെയല്ല

സ്ത്രീ അവകാശലംഘനങ്ങള്‍ – ദിയാന അല്‍ഗൗല്‍

മിഡിലീസ്റ്റ് ഉത്തരാഫ്രിക്കന്‍ മേഖലയിലെ സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒരുപാട് കാലത്തെ പഴക്കമുണ്ട്. വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അവകാശലംഘനങ്ങള്‍ നടക്കുന്നത് ഈ മേഖലയിലാണ്. സ്ത്രീകളുടെ അവകാശസംരക്ഷണത്തിന്റെ കാര്യത്തില്‍ മേഖലയിലെ രാജ്യങ്ങള്‍ റാങ്കിംഗ് പട്ടികയില്‍ 120-ാം സ്ഥാനത്താണുള്ളത്.

ഈ കണക്കുകള്‍ വെച്ച് സ്ത്രീകള്‍ക്കെതിരെയുള്ള അവകാശലംഘന ങ്ങളെ ഇസ്‌ലാമുമായി കൂട്ടിക്കെട്ടാന്‍ പലരും ശ്രമിക്കുകയുണ്ടായി. സ്ത്രീകള്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലിന്റെ കാരണം ഇസ്‌ലാമാണ് എന്ന വാദം തികച്ചും അടിസ്ഥാനരഹിതമാണ്. മേഖലയിലെ ആഭ്യന്തര സാമൂഹിക രാഷ്ട്രീയ സാഹചര്യം പരിഗണിക്കാതെയുള്ള ഇത്തരം വിശകലനങ്ങള്‍ ഒരു മതത്തെ സംബന്ധിച്ച പാശ്ചാത്യ വാര്‍പ്പുമാത ക കളെ അരക്കിട്ടുറപ്പിക്കുകയാണ് ചെയ്യുന്നത്.

സ്ത്രീകളുടെ അവകാശധ്വംസനത്തിന്റെ പേരില്‍ ഇസ്‌ലാമിനെ കുറ്റപ്പെടുത്തുന്ന വാദം മേഖലയെ സംബന്ധിച്ച ഒരുപാട് തലങ്ങളെ അവഗണിക്കുകയാണ് ചെയ്യുന്നത്. മുസ്‌ലിം രാഷ്ട്രങ്ങള്‍ എന്ന പേരിലറിയപ്പെടുന്ന ഭരണകൂടങ്ങളുടെ രാഷ്ട്രീയ നടപടികളിലാണ് ഇസ്‌ലാം വിമര്‍ശകരില്‍ ഏറിയ പങ്കും ഊന്നുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഉദാഹരണമായി, സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ കഴിയാത്തത് ഒരു മതവിഷയമാണെന്നാണ് പൊതുവേയുള്ള വാദം. അതേസമയം പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയില്‍ നടന്ന ചര്‍ച്ചകളില്‍ മതത്തിന് പുറത്തുള്ള ഘടകങ്ങളായിരുന്നു കൂടുതലും ചര്‍ച്ച ചെയ്യപ്പെട്ടത്.

സ്ത്രീകളെ വാഹനമോടിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് സൗദി അറേബ്യയില്‍ നടക്കുന്ന ക്യാമ്പയിനുകളില്‍ ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. ‘ഇസ്‌ലാമിക നിയമത്തില്‍ സ്ത്രീകളെ വാഹനമോടിക്കുന്നതില്‍ നിന്നും തടയുന്ന ന്യായമായ കാരണങ്ങള്‍ ഒന്നും തന്നെയില്ലെന്നാണ്’ 2009-ല്‍ സൗദിയിലെ മുതിര്‍ന്ന പണ്ഡിതന്‍മാരുടെ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ശൈഖ് അബ്ദുള്ള അല്‍മുത്ത്‌ലഖ് അഭിപ്രായപ്പെട്ടത്.

റോഡ് സുരക്ഷ പോലെയുള്ള കാരണങ്ങളാണ് പ്രസ്തുത വിലക്കിന് ന്യായീകരണമായി ഉയര്‍ത്തപ്പെട്ടിട്ടുള്ളത്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു ന്യായീകരണമല്ല അതെന്ന് വ്യക്തമാണ്. മതത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് പകരം, ഈ സ്ത്രീകള്‍ ജീവിക്കുന്ന ഭരണകൂടങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

അറബ് വസന്തത്തില്‍ പങ്കെടുത്ത സിറിയന്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം, അസദ് ഭരണകൂടം നടപ്പിലാക്കിയ സ്ത്രീ വിരുദ്ധമായ സാമൂഹിക രാഷ്ട്രീയ സംസ്‌കാരത്തിനെതിരെയുള്ള പോരാട്ടമായിരുന്നു അത്. ‘സാമൂഹത്തിന്റെ കെട്ടുറപ്പ് തകര്‍ക്കുന്നതിനും കുടുംബങ്ങളെ ശിഥിലമാക്കുന്നതിനും സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമത്തെ ഒരു ആയുധമെന്ന നിലയില്‍ അസദ് ഭരണകൂടം പ്രോത്സാഹിപ്പിച്ചിരുന്നു,’ സിറിയന്‍ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തക ബസ്മ കോഡ്മാനി പറഞ്ഞു.

ലിബിയന്‍ ഏകാധിപതിയായിരുന്ന ഗദ്ദാഫിയുടെ സ്തുതിപാഠകര്‍ അദ്ദേഹത്തിന്റെ സെക്കുലര്‍ ഭരണത്തിന് കീഴില്‍ സ്ത്രീകള്‍ അനുഭവിച്ചിരുന്ന അവകാശങ്ങള്‍ അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടാറുണ്ട്. തന്റെ അംഗരക്ഷകരായി ഒരു സംഘം സ്ത്രീകളെയായിരുന്നു ഗദ്ദാഫി നിയോഗിച്ചിരുന്നത്. പക്ഷെ, അവരെ ഗദ്ദാഫിയും അദ്ദേഹത്തിന്റെ മക്കളും ചേര്‍ന്ന് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നു എന്ന കാര്യം പൊതുവേ ഓര്‍ക്കപ്പെടാറില്ല.

സമാനമായി ഈജിപ്തില്‍, അട്ടിമറിയിലൂടെ അധികാരത്തിലേറിയ പട്ടാള ഭരണകൂടം സ്ത്രീകളുടെ കാര്യത്തില്‍ പുരോഗമന നിലപാടുകളാണ് സ്വീകരിക്കുന്നത് എന്നാണ് സീസി ആരാധകരുടെ വാദം. ഇസ്‌ലാമിനെ കാലോചിതമായി പരിഷ്‌കരിച്ച് സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ഒരിക്കല്‍ സീസി പറയുകയുണ്ടായി.

യഥാര്‍ത്ഥത്തില്‍, പട്ടാള ഭരണകൂടം സ്ത്രീകള്‍ക്കെതിരെ നടത്തിയ കുറ്റകൃത്യങ്ങള്‍ വെള്ളപൂശുന്നതിന് വേണ്ടിയുള്ള വെറും വാചകകസര്‍ത്ത് മാത്രമാണിതെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. ഈജിപ്ഷ്യന്‍ പട്ടാള ഭരണകൂടത്തിന്റെ കാപട്യം തുറന്ന് കാണുന്ന ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ മെയ് മാസത്തില്‍ അന്താരാഷ്ട്രാ മനുഷ്യാവകാശ ഫെഡറേഷന്‍ പുറത്ത് വിട്ടിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ച് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെ അനുഭവസാക്ഷ്യങ്ങള്‍ പ്രസ്തുത റിപ്പോര്‍ട്ടിലുണ്ട്. 2013-ല്‍ അട്ടിമറിയിലൂടെ സീസി അധികാരത്തിലേറിയതിന് ശേഷം കൂട്ടബലാത്സംഗങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആഗോള തലത്തില്‍ തന്നെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും അടിച്ചമര്‍ത്തലും വര്‍ദ്ധിച്ചതായി ഫെമിനിസ്റ്റ് ചിന്താധാരയില്‍ നിന്നുള്ള ഒരുപാട് പേര്‍ സമര്‍ത്ഥിക്കുന്നുണ്ട്. ഫെമിനിസം എന്ന ധാര തന്നെ ആഗോള തലത്തില്‍ വ്യവസ്ഥാപിതമായി ആക്രമിക്കപ്പെടുന്നുണ്ടെന്ന് പ്രശസ്ത ഫെമിനിസ്റ്റ് പണ്ഡിത പ്രൊഫസര്‍ സിന്തിയ എന്‍ലോയെ പറയുന്നു. അവരുടെ Bananas, Beaches and Bases: Making Feminist Sense of International Politics എന്ന പുസ്തകത്തില്‍, ആഫ്രിക്ക, ലാറ്റിനമേരിക്ക, വികസ്വര ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ആഗോളദക്ഷിണ രാജ്യങ്ങളില്‍ സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടാന്‍ പ്രധാന കാരണം കോളോണിയലിസമാണെന്ന് സമര്‍ത്ഥിക്കുന്നുണ്ട്.

സ്ത്രീകളോട് മനുഷ്യത്വം കാണിക്കേണ്ടതില്ലെന്നും, അവര്‍ വെറും ലൈംഗിക ഉപകരണങ്ങള്‍ മാത്രമാണെന്നുമുള്ള ആശയം ഇറക്കുമതി ചെയ്തത് കൊളോണിയല്‍ ശക്തികളാണെന്നാണ് എന്‍ലോയെ അവകാശപ്പെടുന്നത്. സ്ത്രീ വിരുദ്ധത മാത്രമല്ല വര്‍ണ്ണവെറിയും അതിന്റെ കൂടെ ഇറക്കുമതി ചെയ്യപ്പെട്ടു. ബ്രിട്ടിഷ് കൊളോണിയലിസത്തെ പിന്തുണച്ചു കൊണ്ട് സ്‌കോട്ടിഷ് രാഷ്ട്രീയ സൈദ്ധാന്തികന്‍ ജെയിംസ് മില്‍ കുറിച്ച വരികള്‍ എന്‍ലോയെ തന്റെ പുസ്തകത്തില്‍ ഉദ്ദരിക്കുന്നുണ്ട്, ‘കാടന്‍ ജനങ്ങളുടെ അടുത്ത് സ്ത്രീകള്‍ സ്വാഭാവികമായും അടിച്ചമര്‍ത്തപ്പെടും. സാംസ്‌കാരമുള്ള ജനതയുടെ ഇടയില്‍ സ്ത്രീകള്‍ ഉയര്‍ത്തപ്പെടും’ മില്‍ എഴുതി; അതായത് വെളുത്ത വര്‍ഗക്കാരാല്‍ ഭരിക്കപ്പെടുന്നതാണ് സ്ത്രീകള്‍ക്ക് നല്ലത് എന്ന്.

തങ്ങളുടെ കോളനികളിലെ സ്ത്രീകളെ വ്യവസ്ഥാപിതമായി അടിച്ചമര്‍ത്തുന്നതിന് വേണ്ടി ഒരു കൂട്ടം നിയമങ്ങള്‍ കൊളോണിയല്‍ ശക്തികള്‍ നടപ്പില്‍ വരുത്തി. എന്‍ലോയെ വ്യക്തമാക്കിയത് പോലെ ‘സ്ത്രീകളുടെ മേലുള്ള പുരുഷാധിപത്യത്തെ തകര്‍ക്കുന്ന കുരിശുയുദ്ധമായിരുന്നില്ല കൊളോണിയലിസം, മറിച്ച് യൂറോപ്യന്‍ പുരുഷാധിപത്യ വ്യവസ്ഥ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള കുരിശുയുദ്ധമായിരുന്നു യഥാര്‍ത്ഥത്തില്‍ കോളനിവത്കരണം.’ മധ്യേഷന്‍, ഏഷ്യന്‍, ആഫ്രിക്കന്‍ സ്ത്രീകള്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തല്‍ നടപടികളില്‍ പാശ്ചാത്യ സ്ത്രീകളും സജീവമായി പങ്കെടുത്തിരുന്നുവെന്ന് സിന്തിയ എന്‍ലോയെ വ്യക്തമാക്കുന്നു.

മധ്യേഷ്യയിലും ഉത്തരാഫ്രിക്കയിലും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും, അവകാശലംഘനങ്ങള്‍ക്കുമെല്ലാം കാരണം ഇസ്‌ലാമാണെന്ന് പറയുന്നത് അന്യായവും, യഥാര്‍ത്ഥ ഘടകങ്ങള്‍ക്ക് നേര്‍ക്കുള്ള കണ്ണടക്കലുമാണ്. നിര്‍ബന്ധിത വിവാഹം, ഡ്രൈവിംഗ് വിലക്ക് തുടങ്ങി സ്ത്രീകള്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തല്‍ നടപടികളായി കണക്കാക്കപ്പെടുന്ന പലതിനും യഥാര്‍ത്ഥത്തില്‍ മതത്തിനേക്കാള്‍ ബന്ധം സാംസ്‌കാരിക ചുറ്റുപാടുകളുമായിട്ടായിരിക്കും. ഒരു പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ തലങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരില്‍ ഒരു മതത്തെ ഒന്നടങ്കം പഴിചാരുന്നത്, ഏകാധിപത്യ ഭരണകൂടങ്ങളും, യുദ്ധങ്ങളും, കൊളോണിയലിസവും ലോകത്തിലുടനീളം സ്ത്രീകളോട് കാണിച്ച ക്രൂരതകളെ സംബന്ധിച്ച ആഴത്തിലുള്ള അറിവില്ലായ്മ മൂലമാണെന്ന് പറയാതെ വയ്യ.

Related Post