ഹാബീല്‍-ഖാബീല്‍ സംഭവം ഇങ്ങനെ
വായിച്ചിരുന്നെങ്കില്‍ !
ഹാര്‍ത്തമായ ഭൂമിയില്‍ ആദ്യമായി ഇറ്റിവീണ ചോരത്തുള്ളികള്‍ ഒരു കുറ്റവാളിയുടെ പാപത്തിന്റേതല്ല, പുണ്യവാളന്റെ വിശുദ്ധ രക്തമാണ്. വധിക്കപ്പെട്ടത് നല്ലവനായ ഹാബീല്‍ ഇവിടെ ജീവിക്കാന്‍ അവസരം ലഭിച്ചത് കൊലയാളിയായ ഖാബീലിനും. എന്നാല്‍ ജയിച്ചതാര്? തോറ്റതാര്?
ഭൂമിയില്‍ ഏതൊരാള്‍ക്കും പരമാവധി നേടാന്‍ സാധിക്കുക രണ്ടേ രണ്ടു കാര്യമാണ്. എല്ലാവരും ആഗ്രഹിക്കുന്നതും അധ്വാനിക്കുന്നതും അതിന് വേണ്ടിയാണ്. ഏവരും പണിയെടുക്കുന്നത് പണമുണ്ടാക്കാനാണ്. അതൊന്നും സ്വന്തത്തിന് വേണ്ടിയല്ല. കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കും കുടുംബത്തിനുമൊക്കെ വേണ്ടിയാണ്. ഒരാള്‍ക്ക് പരിമിതമായ ആവശ്യങ്ങളല്ലേ ഉള്ളൂ, അതിനാവശ്യമായ സമ്പത്തും. കുട്ടികള്‍ക്കും കുടുംബത്തിനും വേണ്ടി അധ്വാനിക്കുന്നതിലൂടെ അയാള്‍ക്കെന്താണ് കിട്ടുക. സംശയമില്ല, മനസ്സിന്റെ സമാധാനവും സംതൃപ്തിയും സ്വസ്ഥതയും. അപ്പോള്‍ ഏവരും അധ്വാനിക്കുന്നത് പ്രഥമായും പ്രധാനമായും മനശ്ശാന്തിക്കു വേണ്ടിയാണ്.
പിന്നെ എല്ലാവരും പണം ചെലവഴിക്കുന്നത് പേരും പ്രശസ്തിയും കിട്ടാനാണ്. സല്‍പേര് സമ്പാദിക്കാന്‍. ജീവിതകാലത്ത് മാത്രമല്ല, മരണ ശേഷവും തന്റെ സല്‍പേര് ഭൂമിയില്‍ നിലനില്‍ക്കണമെന്ന് ഏവരും ആഗ്രഹിക്കുന്നു. അതിനു വേണ്ടിയാണല്ലോ പലരും രക്തസാക്ഷികളാകുന്നത്. താജ്മഹലും പിരമിഡുകളും ചെങ്കോട്ടയും കുത്തബ് മിനാറുമെല്ലാം ഉണ്ടാക്കിയതും അതിനു തന്നെ.
ഈ രണ്ടു കാര്യത്തിലും വിജയിച്ചത് ഹാബീലാണ്. പ്രതികാര വികാരം പോലുമില്ലാതെ ശുദ്ധ മാനസനായിട്ടാണ് അദ്ദേഹം മരണം വരിച്ചത്. തന്റെ പാപത്തിന്റെ ചുമടൊക്കെ ഇറക്കിവെച്ച സംതൃപ്തിയോടെയും, ജീവിച്ചതും അങ്ങനെ തന്നെ. (ഖുര്‍ആന്‍ 5 :28-29)
ഖാബീലോ കൊടിയ നഷ്ടത്തിലും ഖേദത്തിലുമകപ്പെട്ടു. ‘കഷ്ടം, തനിക്ക് ഒരു കാക്കയെപ്പോലെ ആകാന്‍ കഴിഞ്ഞില്ലല്ലോ’ എന്ന് വിലപിക്കേണ്ടിയും വന്നു. (ഖുര്‍ആന്‍ 5:31)
ഹാബില്‍ വേദഗ്രന്ഥങ്ങളിലൂടെ വാഴ്ത്തപ്പെട്ടു. അങ്ങനെ ലോകാവസാനം വരെ സല്‍പേരിനുടമയായി, ഖാബീലോ കൊലയാളിയായ അഭിശംസിക്കപ്പെട്ടു. (5 : 32) പരലോകത്തും മഹത്വം ഹാബീലിന് തന്നെ.
ഈ സംഭവം മുഴുവന്‍ മനുഷ്യര്‍ക്കും മഹത്തായ പാഠമാകേണ്ടതായിരുന്നു. എന്നാല്‍ ഏറെ പേരും ഇതൊന്നും ഓര്‍ക്കാറില്ല. വിശേഷിച്ചും അക്രമവും മര്‍ദനവും അഴിച്ചു വിടുന്നവര്‍.