സ്രഷ്ടാവിന്റെ നോട്ടസ്ഥാനം നന്നാക്കുക

മനുഷ്യന്റെ മറ്റ് അവയവങ്ങളെ അപേക്ഷിച്ച് വളരെയധികം qalb44സൂക്ഷിക്കേണ്ട ഒന്നാണ് മനുഷ്യമനസ്സ്. മനുഷ്യമനസ്സുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും ഗവേഷണങ്ങളും നടന്നിട്ടുണ്ട്. മഹാനായ ഇമാം ഗസ്സാലി മനസ്സുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. മനസ്സിനെ സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം അതില്‍ വിവരിക്കുന്നു.

മനസ്സ് വളരെ ഗോപ്യമാണെങ്കിലും സ്രഷ്ടാവായ അല്ലാഹുവിന്റെ മുന്നില്‍ അത് തുറന്ന പുസ്തകമാണ്. നിങ്ങളുടെ മനസ്സുകള്‍ മറച്ചു വെക്കുന്നതൊക്കെയും അവനറിയുന്നു എന്നത് അത് സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് വ്യക്തമാക്കുന്നത്. മറ്റൊരു പ്രവാചക വചനത്തില്‍ പറയുന്നത് അല്ലാഹു നിങ്ങളുടെ രൂപഭാവങ്ങളിലേക്കോ ശരീരത്തിലേക്കോ അല്ല നോക്കുന്നത്, മറിച്ച് അവന്‍ നോക്കുന്നത് നിങ്ങളുടെ ഹൃദയങ്ങളിലേക്കാണെന്നാണ്. സര്‍വലോക രക്ഷിതാവിന്റെ ദൃഷ്ടി പതിയുന്ന ഇടത്തിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ചെയ്യുന്നത്. എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന അല്ലാഹു നോക്കുന്നു എന്ന് പ്രത്യേകം പറഞ്ഞിരിക്കുന്നതിന്റെ പ്രസക്തി അതാണെന്ന് ഗസ്സാലി പറയുന്നു. മറ്റാരുടെയും നോട്ടം എത്താത്ത ഹൃദയം അല്ലാഹുവിന്റെ സവിശേഷമായ ശ്രദ്ധ പതിയുന്ന ഇടമാണ്.

സൃഷ്ടികളുടെ ശ്രദ്ധയില്‍ പെടുന്ന കാര്യങ്ങള്‍ വൃത്തിയാക്കാന്‍ ഏറെ പാടുപെടുന്നവരാണ് നമ്മള്‍. വൃത്തിയും ശുചിത്വവും അടിസ്ഥാനപരമായ ആവശ്യമാണെങ്കിലും മനുഷ്യരുടെ കാഴ്ച്ചയില്‍ പെടുന്ന കാര്യങ്ങള്‍ വൃത്തിയാക്കാന്‍ നാം കൂടുതല്‍ ശ്രദ്ധ നല്‍കുന്നു. അതിന്റെ ഭാഗമായിട്ടാണ് നാം ശരീരവും, വസ്ത്രവും, വീടും പരിസരവുമെല്ലാം ശുദ്ധിയാക്കുന്നത്. സൃഷ്ടികളുടെ നോട്ടമെത്തുന്ന ഇടങ്ങള്‍ വൃത്തിയാക്കാന്‍ വളരെയധികം ബദ്ധപ്പാട് കാണിക്കുന്ന മനുഷ്യന്‍ സ്രഷ്ടാവിന്റെ നോട്ടസ്ഥാനം വൃത്തിയാക്കുന്നതില്‍ എത്രത്തോളം താല്‍പര്യമാണ് കാണിക്കുന്നതെന്ന് അദ്ദേഹം ആശ്ചര്യത്തോടെ ചോദിക്കുന്നു. എന്നാല്‍ സ്രഷ്ടാവിന്റെ മാത്രം നോട്ടം എത്തുന്ന അവിടത്തെ ഏതെങ്കിലും അഴുക്ക് ഒരു സൃഷ്ടി കാണുകയാണെങ്കില്‍ അവനെ ആട്ടിയോടിക്കുമായിരുന്നു. അത്തരം ഒരുപാട് അഴുക്കുകള്‍ അടിഞ്ഞു കിടക്കുന്നതാണ് ലോകരക്ഷിതാവിന്റെ നോട്ടസ്ഥാനമെന്ന് അദ്ദേഹം പറയുന്നു.

അദ്ദേഹം പറയുന്ന മറ്റൊരു കാര്യം മനുഷ്യമനസ്സ് എന്നത് ഉന്നതമായ ഒരുപാട് വസ്തുക്കള്‍ ശേഖരിച്ച് വെക്കുന്ന പാത്രമാണെന്നാണ്. മനുഷ്യന്റെ ബുദ്ധി, ജ്ഞാനം, അറിവ്, തിരിച്ചറിവ്, ഉള്‍ക്കാഴ്ച്ച തുടങ്ങിയ മഹത്തായ സംഗതികളുടെ ഇരിപ്പിടമാണത്. ഒരു സാധനത്തിന്റെ മൂല്യത്തിനനുസരിച്ച പാത്രത്തിലാണ് അവ സൂക്ഷിച്ചു വെക്കാറുള്ളത്. ‘പാല്‍പായസം കോളാമ്പിയില്‍ വിളമ്പുക’ എന്ന ചൊല്ല് പരിചിതമാണല്ലോ. ഒരു വസ്തു സൂക്ഷിച്ചു വെക്കുന്ന പാത്രത്തിനും അതിന്റേതായ പ്രാധാന്യമുണ്ടെന്നാണത് വ്യക്തമാക്കുന്നത്. അതുകൊണ്ട് ഒരുപാട് നല്ല സംഗതികള്‍ സൂക്ഷിച്ച് വെക്കേണ്ട ഹൃദയമെന്ന പാത്രം വളരെയ വൃത്തിയായിരിക്കേണ്ടതുണ്ട്.

അദ്ദേഹം പറയുന്ന മറ്റൊരു കാര്യം ഒരുപാട് അന്തര്‍വൈരികളുടെ സങ്കേത സ്ഥാനവും കൂടിയാണത്. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നിവയെ ഭാരതീയ തത്വശാസ്ത്രത്തില്‍ ഷഡ് വൈരികളായി കണക്കാക്കുന്നുണ്ട്. അഷ്ടവൈരികള്‍ എന്നും ചിലര്‍ എണ്ണിയിട്ടുണ്ട്. ഈ വൈരികളെ വേണ്ട വിധം നിയന്ത്രിക്കണമെങ്കില്‍ മനസ്സിന്റെ ശുദ്ധീകരണം വളരെ പ്രധാനമാണ്.

നമ്മുടെ കണ്ണിനെയും കാതിനെയും മറ്റവയവങ്ങളെയും നിയന്ത്രിക്കുന്നത് പോലെ മനസ്സിനെ നിയന്ത്രിക്കാന്‍ സാധിച്ചു കൊള്ളണമെന്നില്ല. വേണ്ടാത്ത കാഴ്ച്ചകളില്‍ നിന്ന് കണ്ണുകളെ മൂടിവെക്കാന്‍ കണ്‍പോളകളുണ്ട്. കേള്‍ക്കാന്‍ ആഗ്രഹിക്കാത്തത് കേള്‍ക്കാതിരിക്കാന്‍ ചെവി പൊത്തിവെക്കാം. അനാവശ്യ സംസാരത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ വായ അടച്ചു വെക്കാം. എന്നാല്‍ മനസ്സിലേക്ക് വരുന്ന കാര്യങ്ങളെ തടഞ്ഞു വെക്കാന്‍ അത്തരം ഒരു മൂടി നിലവിലില്ല. മനസ്സ് സ്വയം നിരാകരിച്ചാല്‍ മാത്രമേ അവയെ തടഞ്ഞു വെക്കാന്‍ സാധിക്കുകയുള്ളൂ. സ്വയം ശുദ്ധിയുള്ള ഒന്നായി മനസ്സ് നിലകൊള്ളുമ്പോള്‍ മാത്രമേ അത്തരത്തില്‍ നിരാകരിക്കാന്‍ അതിന് സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ അതിനെ ശുദ്ധമായി സൂക്ഷിക്കുന്നതിന് ഏറെ പ്രധാന്യമുണ്ട്. മനസ്സ് നന്നാവുമ്പോഴാണ് തെറ്റായ കാഴ്ച്ചക്ക് നേരെ കണ്ണ് ചിമ്മാനും, മോശമായ സംസാരത്തില്‍ നിന്ന് ചെവി പൊത്താനും സാധ്യമാവുന്നത്.

മനുഷ്യനിലെ അനുസരിക്കപ്പെടുന്ന രാജാവാണ് അവന്റെ മനസ്സെന്ന് ഇമാം ഗസ്സാലി പറയുന്നുണ്ട്. ഹൃദയം എന്നുള്ളത് രാജാവാണ്. യഥാ രാജ തഥാ പ്രജ എന്നു പറയാറുണ്ട്. ശരീരത്തിലെ മറ്റു അവയവങ്ങളെല്ലാം ആ രാജാവിന്റെ പ്രജകളാണ്. നല്ല രാജാവ് നല്ല കല്‍പനകളേ നല്‍കുകയുള്ളൂ. നല്ല കല്‍പനകള്‍ ലഭിക്കുന്ന പ്രജകള്‍ നല്ല കാര്യങ്ങളേ ചെയ്യുകയുള്ളൂ. മനുഷ്യ ശരീരത്തില്‍ ഒരു മാംസക്കഷണമുണ്ട്, അത് നന്നായാല്‍ മുഴുവന്‍ ശരീരവും നന്നായി എന്ന് പ്രവാചകന്‍(സ) പറഞ്ഞത് അക്കാരണത്താലാണ്.

മനുഷ്യ ശരീരത്തില്‍ ഒരു വിഷം കടന്നു കയറിയാല്‍ അത് പുറത്തു കളയാനുള്ള സംവിധാനങ്ങളുണ്ട്. മനുഷ്യന്റെ ആമാശയത്തിലെത്തിയ വിഷം ചിലപ്പോള്‍ ദിവസങ്ങള്‍ കൊണ്ട് പുറത്തു പോയേക്കും. എന്നാല്‍ ഹൃദയത്തില്‍ കയറി കൂടിയിട്ടുള്ള വിഷം പുറത്തു കളയല്‍ അത്ര എളുപ്പമല്ല. ചിലപ്പോള്‍ മരണം വരെയും അത് അവനില്‍ തന്നെ നിലനിന്നേക്കും. എപ്പോഴാണ് അത് ഉയര്‍ന്നു വരികയെന്ന് പറയാന്‍ സാധിക്കുകയില്ല. മനസ്സ് എന്നത് എഴുപത് പിശാചുക്കളേക്കാള്‍ മോശമാണെന്ന് ഒരു കവി പാടിയിട്ടുണ്ട്.

തന്റെ ഹൃദയം ശുദ്ധമായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഓരോരുത്തരുമാണ്. അതില്‍ ഒരു തുള്ളി വിഷം പോലും കലരാതിരിക്കാന്‍ നാം സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. മനുഷ്യമനസ്സ് എന്നത് ഒരു ശിശുവിനെ പോലെയാണ്, നിര്‍ബന്ധപൂര്‍വം അതിന്റെ മുലകുടി മാറ്റിയില്ലെങ്കില്‍ യുവാവായാലും അവന്റെ മുലകുടി മാറുകയില്ലെന്ന് ഇമാം ബൂസൂരി അദ്ദേഹത്തിന്റെ ബുര്‍ദയില്‍ പാടിയിട്ടുണ്ട്. ഇത്തരം ഒരു നിര്‍ബന്ധ ബുദ്ധി ഹൃദയത്തെ ശുദ്ധമായി നിലനിര്‍ത്തുന്നതില്‍ നാം മുറുകെ പിടിക്കേണ്ടതുണ്ട്.

കെ.ബി. അബ്ദുല്ല മൗലവി
(Islam Onlive,2014 Jul-05)

Related Post