By:
ന്യൂഡല്‍ഹി: ഇന്ത്യയിലെ വഖ്ഫ് സ്വത്തുക്കളുടെ കാര്യക്ഷമമായ ഉപയോഗം ലക്ഷ്യമിട്ട് 500 കോടി രൂപ മൂലധനത്തില്‍ രൂപീകരിക്കുന്ന ദേശീയ വഖ്ഫ് ഡവലപ്‌മെന്റ് കോര്‍പറേഷന്റെ നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വഖ്ഫ് സ്വത്തുക്കളില്‍നിന്നു കൂടുതല്‍ വരുമാനമുണ്ടാക്കി അത് മുസ്‌ലിം സമുദായത്തിന് പ്രയോജനപ്പെടുത്താനാണ് കോര്‍പറേഷന്‍ രൂപീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ന്യൂനപക്ഷമന്ത്രി കെ റഹ്മാന്‍ ഖാനും ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര വഖ്ഫ് കൗണ്‍സില്‍ അംഗങ്ങളും ഇന്നു ചര്‍ച്ച നടത്തും.
വഖ്ഫ് കൗണ്‍സിലിന് കീഴിലായിരിക്കും കോര്‍പറേഷന്‍ പ്രവര്‍ത്തിക്കുകയെന്ന് ന്യൂനപക്ഷമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. കോര്‍പറേഷന്റെ 51 ശതമാനം ഷെയര്‍ കേന്ദ്രസര്‍ക്കാരിനും ബാക്കി വഖ്ഫ് ബോര്‍ഡുകള്‍ക്കുമായിരിക്കും. നാഷനല്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ മാതൃകയില്‍ രൂപീകരിക്കുന്ന കോര്‍പറേഷന്‍ സാധ്യമായ വഖ്ഫ് സ്വത്തുവകകളെ ഷോപ്പിങ് കോംപ്ലക്‌സുകളായും കെട്ടിടസമുച്ചയങ്ങളായും മറ്റും വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇതുവഴി പ്രതിവര്‍ഷം ഒരുലക്ഷം കോടി രൂപയിലധികം വരുമാനമുണ്ടാവും. ഇത് മുസ്‌ലിംകളുടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റത്തിന് ഉപയോഗിക്കും. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ പദ്ധതി നടപ്പാക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോര്‍പറേഷന്‍ രൂപീകരിക്കുമെന്ന് റഹ്മാന്‍ഖാന്‍ കഴിഞ്ഞ മാസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.