റമദാന്‍ പുണ്യം ആണുങ്ങള്‍ക്ക്‌ മതിയോ?

ramadan...“ആദം സന്തതികളേ, എല്ലാ ആരാധനാലയങ്ങളിലും (എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക്‌ അലങ്കാരമായിട്ടുള്ള വസ്‌ത്രങ്ങള്‍ ധരിക്കുക. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്‌തുകൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്‌ടപ്പെടുകയില്ല.” (വി.ഖു 7:31)
ബ്രോസ്റ്റ്‌, ഷവര്‍മ, ബര്‍ഗര്‍, തന്തൂരി, സാന്റ്‌വിച്ച്‌, കട്‌ലറ്റ്‌…. പേര്‌ കേള്‍ക്കുമ്പോഴേക്ക്‌ മലയാളിക്ക്‌ നാക്കില്‍ വെള്ളമൂറുന്ന വിഭവങ്ങള്‍. എല്ലാം വറുത്തും പൊരിച്ചും പൊള്ളിച്ചും റെഡിയാക്കിയത്‌. ജാതിമത പ്രായഭേദമില്ലാതെ മലയാളിയുടെ മനസ്സ്‌ ഈ വറവ്‌ രുചിക്കൂട്ടില്‍ ഉടക്കിനില്‌ക്കുകയാണിന്ന്‌.
റമദാനിലും അല്ലാത്തപ്പോഴുമായി മുസ്‌ലിം കുടുംബങ്ങളിലെ തീന്‍മേശകളിലാണ്‌ ഇവന്മാര്‍ കൂടുതലും കയറിപ്പറ്റുന്നത്‌. ഷവര്‍മയെ ചിലര്‍ കാലന്‍കോഴി എന്ന്‌ കൂകി വിളിക്കാറുണ്ട്‌. അതൊഴിച്ച്‌ മറ്റു ബഹിഷ്‌കരണങ്ങളൊന്നും തീന്‍മേശകളില്‍ നിന്ന്‌ ഇവരുണ്ടാക്കാറില്ല. മുമ്പ്‌ മൊല്ലാക്കയുടെ കൂടിയ തിരക്ക്‌ കാരണം കൂട്ടിലെ കോഴിയെ കെട്ടിയോനെങ്ങാനും പിടിച്ചറുത്താല്‍ വീട്ടുകാരിക്ക്‌ ഇശ്‌കാല്‌ തീരില്ല. തോന്നുമ്പം സ്വല്ലിയാ, മൂപ്പര്‌ അറുത്തതൊന്നും ഹലാലാകൂല. പക്ഷേ, ഇന്നത്തെ വറുപ്പ്‌ പൊരിപ്പന്‍ ഉരുപ്പടികളിലെ ആട്‌മാട്‌ കോഴികള്‍ അറുത്തതോ? ചത്തതോ? തച്ചുകൊന്നതോ? എന്നതിനെക്കുറിച്ചുള്ള ഇശ്‌കാലും ആര്‍ക്കുമില്ല. തീന്‍ വിചാരത്തിലെന്ത്‌ ദീന്‍ വിചാരം!
പണ്ടെങ്ങോ ഒരുത്തന്‍ പെണ്ണുംപിള്ളയെ മൊഴി ചൊല്ലിയത്‌ നോമ്പ്‌ തുറക്ക്‌ പത്തിരിയില്‍ നിന്ന്‌ മുടികിട്ടിയതിനായിരുന്നുപോലും. അന്നിതിന്റെയൊക്കെ നിര്‍മാണച്ചുമതല വീട്ടിലെ പെണ്ണുങ്ങള്‍ക്കായിരുന്നല്ലോ. ശഅ്‌ബാനില്‍ തുടങ്ങും നോമ്പ്‌ പത്തിരിക്കുള്ള അവളുടെ വേവും നോവും. നെല്ല്‌ പുഴുങ്ങല്‍, കുത്തല്‍, അരി പൊടിക്കല്‍, തരം തിരിച്ച്‌ പാത്രത്തിലാക്കി സൂക്ഷിക്കല്‍. ഇതൊക്കെയും ചെയ്യല്‍ കയ്യും മെയ്യും ഉരലും ഉലക്കയുമൊക്കെ ഉപയോഗിച്ച്‌ തന്നെ വേണംതാനും.
മാനത്ത്‌ റമദാനിന്റെ അമ്പിളിക്കല കീറിക്കഴിഞ്ഞാല്‍ പിന്നെ നവയ്‌തു സൗമ ഗദിന്‍… എന്ന്‌ നിയ്യത്ത്‌ വെച്ച്‌ നേരെ ഇറങ്ങുന്നത്‌ അടുക്കളയിലേക്ക്‌. പുതിയാപ്ലക്ക്‌ പലകയില്‍ പരത്തിയ നേരിയ പത്തിരി. വല്ലിക്കാക്ക്‌ നെയ്‌പത്തിരി. മൂത്തുമ്മാക്ക്‌ തേങ്ങാപ്പാലൊഴിച്ച്‌ കട്ടിപ്പത്തിരി. ഇങ്ങനെ പത്തിരി തന്നെ പലവിധം. ഇതിലേക്കുള്ള മറ്റ്‌ ഉരുപ്പടികള്‍ വേറെയും. അലീസ, സമൂസ, തരിക്കഞ്ഞി, ജീരകക്കഞ്ഞി. അതിനിടയില്‍ സുബ്‌ഹ്‌, ളുഹ്‌റ്‌, അസര്‍, മഗ്‌രിബ്‌ വരെ നമസ്‌കാരം ഖളാഅ്‌. എന്നിട്ട്‌ പത്തിരി ചുട്ട്‌ നടുവൊടിഞ്ഞ അവള്‍ക്ക്‌ കിട്ടുന്ന സമ്മാനം മുടി കിട്ടിയതിന്‌ അടിയും. ഇതൊക്കെ ഇന്ന്‌ വെറും പഴംപുരാണങ്ങള്‍. ശഅ്‌റേ മുബാറക്‌ വന്നതോടു കൂടി തന്നെ തീറ്റ സാധനങ്ങളിലെ മുടികള്‍ക്കൊക്കെ ഡിമാന്റ്‌ കൂടി. കൂടാതെ പത്തിരി, സമൂസകളില്‍ നിന്നെങ്ങാനും ഒരു മുടി കിട്ടിയാല്‍ പെണ്ണുംപിള്ള ഇന്ന്‌ ഇങ്ങോട്ട്‌ കണ്ണുരുട്ടും. “സാധനം വാങ്ങുമ്പോള്‍ എവിടെ നോക്കിയാ മനുഷ്യാ വായും പൊളിച്ച്‌ നിന്നിരുന്നത്‌?” കാരണം അതിന്റെയൊക്കെ പാറ്റന്റ്‌ ഊരും പേരുമില്ലാത്ത ആര്‍ക്കോ ആയിരിക്കും. ഏതോ ഒരു മില്ലില്‍ അരിപൊടിച്ച്‌, ഏതോ ഒരുത്തി പരത്തിച്ചുട്ട്‌, ആര്‍ക്കും വേണ്ടാത്ത ഒരു പാത്രത്തില്‍ വിളമ്പിവെച്ച പത്തിരി. അതില്‍ നിന്ന്‌ കിട്ടിയ ഒരു മുടിയുടെ പേരില്‍ ആര്‌ ആരെ മൊഴിചൊല്ലും?
ഇങ്ങനെയൊക്കെയാണെങ്കിലും ആരാധനകളാല്‍ പൂത്തുലയേണ്ടതായ പുണ്യറമദാന്‍ പെണ്ണുങ്ങള്‍ക്ക്‌ അന്നും ഇന്നും കയ്യെത്താത്ത ദൂരത്തുതന്നെ. ആദ്യപത്തിലെ മൂന്നാല്‌ ദിവസം പള്ളികളില്‍ തറാവീഹിന്‌ സ്‌ത്രീകളുടെ ഭാഗം നിറഞ്ഞുകവിയും. സ്വഫ്‌ ശരിയാക്കലും അതിനായി തൊട്ട്‌ നില്‌ക്കുന്നവളുടെ ചെറുവിരലില്‍ ചവിട്ടലും ഇമാമിന്‌ തജ്‌വീദ്‌ പോരെന്നുള്ള കുറ്റങ്ങളും ഇങ്ങനെ തിരക്കോട്‌ തിരക്ക്‌. പിന്നെ പിന്നെ സ്വഫിന്‌ നീളം കുറയും. എണ്ണം കുറയും. ഏറ്റവും പുണ്യകരമായ അവസാനത്തെ പത്തുകളിലെത്തുമ്പോഴേക്ക്‌ വിരലിലെണ്ണാവുന്നവര്‍ മാത്രം പള്ളിയില്‍. ബാക്കിയൊക്കെ അങ്ങാടിയിലേക്കും തുണിക്കടയിലേക്കും വഴിമാറും.
“വരാനാഗ്രഹമില്ലാഞ്ഞിട്ടല്ല ക്ഷീണം കൊണ്ട്‌ കഴിഞ്ഞില്ല” -ഇന്നലെ എന്തേ തറാവീഹിന്‌ കണ്ടില്ല എന്ന്‌ ചോദിച്ചാല്‍ പലര്‍ക്കും പറയാനുള്ള മറുപടിയാണിത്‌. തീറ്റ തന്നെയാണ്‌ അവിടെയും വില്ലന്‍. അണുകുടുംബങ്ങളില്‍ മക്കളുടെ ബാക്കി കൂടി പലപ്പോഴായി എത്തിച്ചേരുന്നത്‌ ഉമ്മയുടെ വയറ്റില്‍ തന്നെയായിരിക്കും. എല്ലാം കൂടി ആമാശയത്തില്‍ കിടന്നുണ്ടാക്കുന്ന അടിപിടി. അതാണ്‌ മിക്കവാറും അവളുടെ തറാവീഹ്‌ നമസ്‌കാരത്തിന്‌ വഴിമുടക്കിയാകുന്നത്‌.
സ്രഷ്‌ടാവായ അല്ലാഹുവിന്റെ നിയമങ്ങള്‍ അവന്റെ ഗുണങ്ങളുടെ ബഹിര്‍പ്രകടനങ്ങള്‍ കൂടിയാണ്‌. അതൊന്നും മനുഷ്യന്‍ സമ്മര്‍ദങ്ങള്‍ക്ക്‌ വഴങ്ങി അനുസരിക്കേണ്ടവയല്ല. പ്രത്യുത മനുഷ്യന്‍ സ്വമേധയാ ചെയ്യേണ്ട കാര്യങ്ങളാണവ. ഓരോന്നും അവന്റെ ജീവിത ലക്ഷ്യത്തിലേക്കുള്ള കാല്‍വെപ്പുകളുമായിരിക്കും. “അതിനെ (ആത്മാവിനെ പരിശുദ്ധമാക്കിയവന്‍ വിജയിച്ചിരിക്കുന്നു. അതിനെ കളങ്കപ്പെടുത്തിയവന്‍ പരാജയപ്പെടുകയും ചെയ്‌തിരിക്കുന്നു.” (വി.ഖു 91:9-10)
ഒരര്‍ഥത്തില്‍ മനുഷ്യ പ്രകൃതിയുടെ താല്‌പര്യങ്ങളുടെ പൂരണമാണത്‌. ദാഹിക്കുന്നവനോട്‌ വെള്ളം കുടിക്കാനും വിശക്കുന്നവനോട്‌ ഭക്ഷണം കഴിക്കാനും അതിലൊന്നും അമിതവ്യയം പാടില്ലെന്നുമുള്ള ദൈവിക കല്‌പന ഒരാജ്ഞ എന്നതിലുപരി മനുഷ്യന്റെ ശാരീരികാവശ്യങ്ങളുടെ പൂര്‍ത്തീകരണം കൂടിയാണ്‌. മനുഷ്യശരീരമെന്നത്‌ അനേകം അവയവഘടകങ്ങളുടെ ഒരത്ഭുത സങ്കേതമത്രെ. പഞ്ചേന്ദ്രിയങ്ങള്‍, തലച്ചോറ്‌, ഹൃദയം, ശ്വാസകോശങ്ങള്‍, ശ്വാസോച്ഛാസ വ്യവസ്ഥ, മൂത്രാശയ വ്യവസ്ഥ, അസ്ഥികൂടം, ധമനികള്‍ ഇങ്ങനെ ഒരുപാട്‌ സംവിധാനങ്ങള്‍. ഈ സംവിധാനങ്ങളുടെയൊക്കെ വളര്‍ച്ചയും പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത്‌ ഭക്ഷണവും അതിന്റെ ദഹന വ്യവസ്ഥയുമാണ്‌. മാതാവിന്റെ ഗര്‍ഭാശയത്തില്‍ വെച്ച്‌ തന്റെ കുഞ്ഞിന്‌ വളരാനാവശ്യമായ ഭക്ഷണം അമ്മയില്‍ നിന്ന്‌ ലഭിച്ചുവരുന്നു. അതുകൊണ്ടായിരിക്കാം ഉപവാസ സമയത്തുപോലും ഗര്‍ഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും അതിന്റെ നിര്‍ബന്ധത്തില്‍ നിന്ന്‌ ഇളവ്‌ നല്‌കപ്പെട്ടവരില്‍ ഇസ്‌ലാം ഉള്‍പ്പെടുത്തിയത്‌.
“ഇബ്‌നുഉമര്‍(റ) പറയുന്നു: സ്വന്തം ശരീരത്തിന്റെ കാര്യത്തില്‍ ഭയപ്പെടുന്ന ഗര്‍ഭിണി റമദാനില്‍ നോമ്പ്‌ ഉപേക്ഷിച്ചതിന്‌ പ്രായശ്ചിത്തം നല്‌കിയാല്‍ മതി, നോറ്റുവീട്ടല്‍ (ഖദ്വാഅ്‌) നിര്‍ബന്ധമില്ല.” (അബ്‌ദുര്‍റസാഖ്‌, ത്വബ്‌രി)
പിഞ്ചുകുഞ്ഞിന്‌ മുലയൂട്ടുന്ന മാതാവിനെയും ഈ ഗണത്തില്‍ തന്നെയാണ്‌ നബി(സ) ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. അവിടുന്ന്‌ പറഞ്ഞു: “അല്ലാഹു യാത്രക്കാരന്‌ നമസ്‌കാരത്തിന്റെ പകുതിയും നോമ്പും ഇളവ്‌ ചെയ്‌തിരിക്കുന്നു. അതുപോലെ ഗര്‍ഭിണിക്കും കുഞ്ഞിന്‌ മുല കൊടുക്കുന്ന സ്‌ത്രീക്കും (നോമ്പ്‌ ഉപേക്ഷിക്കാന്‍) ഇളവ്‌ നല്‌കിയിരിക്കുന്നു.” (അന്നസാഈ)
ഉപവാസവുമായി ബന്ധപ്പെട്ട ദൈവിക നിയമത്തിലെ കാരുണ്യത്തിന്റെ സമീപനമാണിത്‌. ഭക്ഷണത്തില്‍ നിന്ന്‌ ശരീരത്തിന്‌ ലഭിക്കേണ്ട ഊര്‍ജത്തിന്റെ അളവാണ്‌ കലോറി. ഒരാള്‍ക്ക്‌ ആവശ്യമായ കലോറി അയാളുടെ പ്രായം, ലിംഗവ്യത്യാസം, ജോലി, കാലാവസ്ഥ മുതലായവയൊക്കെ അടിസ്ഥാനപ്പെടുത്തി മാറിക്കൊണ്ടിരിക്കും. ഒരു കുട്ടിക്ക്‌ വളര്‍ച്ചയുടെ ഘട്ടത്തില്‍ കളിക്കുമ്പോള്‍, സ്വസ്ഥമായിരിക്കുമ്പോള്‍, കൂലിപ്പണിക്കാരന്‍, ഗര്‍ഭിണി, പ്രസവിച്ച സ്‌ത്രീ, രോഗി എന്നീ വിവിധ അവസ്ഥകളില്‍ വിവിധ അളവിലുള്ള കലോറി ആവശ്യമായിരിക്കും. അമിതമായാല്‍ അത്‌ ശരീരത്തിന്‌ ഉപദ്രവം വരുത്തും. അതുകൊണ്ടുതന്നെ ഉപവാസത്തിലെ അന്നപാനീയ നിഷേധ സമയത്തിനും ഒരു നിശ്ചിത സമയപാലനം ഖുര്‍ആന്‍ സ്വീകരിച്ചു. “നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്‌തുകൊള്ളുക പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന്‌ വ്യക്തമായി കാണുമാറാകുന്നത്‌ വരെ. എന്നിട്ട്‌ രാത്രിയാകുന്നത്‌ വരെ നിങ്ങള്‍ വ്രതം പൂര്‍ണമായി അനുഷ്‌ഠിക്കുകയും ചെയ്യുക.” (വി.ഖു 2:187)
ഇരുപത്തിനാല്‌ മണിക്കൂറും അന്നപാനീയങ്ങളുപേക്ഷിച്ചുകൊണ്ട്‌ നടത്തുന്ന ഒരു തരം നിരാഹാര വ്രതത്തിനും ഇസ്‌ലാമില്‍ പ്രോത്സാഹനമില്ല. ഒരു സത്യവിശ്വാസി അവന്റെ നോമ്പ്‌ ആരംഭിക്കേണ്ടത്‌ രാത്രി അത്താഴം കഴിച്ചുകൊണ്ടായിരിക്കണമെന്നതാണ്‌ ഇസ്‌ലാമിക നിയമം. നബി(സ) പറഞ്ഞു: “അത്താഴം അല്ലാഹു നിങ്ങള്‍ക്ക്‌ നല്‌കിയ നന്മയാണ്‌. അത്‌ നിങ്ങള്‍ വര്‍ജിക്കരുത്‌.” (അന്നസാഇ). അത്താഴം രാത്രിയുടെ അവസാനത്തേക്ക്‌ പിന്തിച്ചുകൊണ്ട്‌ നബി(സ) മാതൃക കാണിച്ചു. “സൈദ്‌(റ) പറയുന്നു: നബി(സ)യുടെ കൂടെ ഞങ്ങള്‍ അത്താഴം കഴിച്ചു. പിന്നീട്‌ അവിടുന്ന്‌ നമസ്‌കരിക്കാന്‍ നിന്നു. ഞാന്‍ ചോദിച്ചു: ബാങ്കിന്റെയും അത്താഴത്തിന്റെയും ഇടയില്‍ എത്ര സമയമുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: അമ്പത്‌ ആയത്തുകള്‍ ഓതുന്ന സമയം.” (ബുഖാരി)
സമയമായിക്കഴിഞ്ഞാല്‍ നോമ്പ്‌ മുറിക്കുന്നതില്‍ ധൃതി കാണിക്കുന്നതിലാണ്‌ നബിചര്യയുള്ളത്‌. “നബി(സ) പറയുന്നു: ജനങ്ങള്‍ നോമ്പ്‌ മുറിക്കാന്‍ ധൃതിപ്പെടുന്ന കാലമത്രയും അവര്‍ നന്മയിലായിരിക്കും.” (ബുഖാരി) ശരീര പ്രവര്‍ത്തനത്തിന്‌ അതത്‌ സമയത്ത്‌ ആവശ്യമായ ഭക്ഷണം ലഭ്യമാകാതെ പോകരുതെന്നുള്ള ഇസ്‌ലാമിന്റെ ദീര്‍ഘവീക്ഷണമാണത്‌. അതേ ഭക്ഷണം ഒരിക്കലും അമിതമായിപ്പോകരുതെന്നുള്ള നിര്‍ദേശവും അതിലുണ്ട്‌. നബി(സ) പറയുന്നു: ആദമിന്റെ മകന്‍ അവന്റെ ഉദരത്തേക്കാള്‍ മോശമായ ഒരു പാത്രവും നിറച്ചിട്ടില്ല. ആദമിന്റെ മകന്‌ അവന്റെ മുതുകിനെ നേരെ നിര്‍ത്താന്‍ ഏതാനും ഉരുള ആഹാരം മതി. അത്യാവശ്യമെങ്കില്‍ ഉദരത്തിന്റെ മൂന്നിലൊരു ഭാഗം ആഹാരത്തിനും മൂന്നിലൊന്ന്‌ കുടിനീരിനും മൂന്നിലൊന്ന്‌ വായുവിനുമായി നീക്കിവെക്കട്ടെ.” (നസാഇ തിര്‍മിദി)
മനുഷ്യജീവിതത്തിന്‌ രണ്ട്‌ മാനങ്ങളുണ്ട്‌. ഒന്ന്‌ പ്രകൃതി നിയമാനുസൃതമായ വിധേയത്വം. മറ്റൊന്ന്‌ സ്വാതന്ത്ര്യത്തിന്റേതായ ഭാവം. ഇതുപയോഗിച്ചുകൊണ്ട്‌ ദൈവകല്‌പനകളെ തള്ളാനും കൊള്ളാനും അവനാവും. ഈ തിരസ്‌കരണ ഭാവം നിലനിര്‍ത്തിക്കൊണ്ട്‌ തന്നെ ദൈവകല്‌പനക്ക്‌ വിധേയനായി അന്നപാനീയങ്ങളില്‍ നിന്നും ഭോഗാസക്തി ദുഷിച്ച വിചാരവികാര പ്രവര്‍ത്തനങ്ങളില്‍ നിന്നും അകന്നുനില്‌ക്കുക എന്നതാണ്‌ ഇസ്‌ലാമിലെ വ്രതാനുഷ്‌ഠാനം. അതുകൊണ്ടാണ്‌ അതിന്റെ അന്തസ്സത്ത നിലനിര്‍ത്തിക്കൊണ്ട്‌ അല്ലാഹുവിന്റെ വചനങ്ങളായി നബി(സ) ഇപ്രകാരം പറഞ്ഞത്‌. “നോമ്പ്‌ എനിക്കുള്ളതാണ്‌. അതിന്റെ പ്രതിഫലം ഞാനാണ്‌ നല്‌കുന്നത്‌. കാരണം എനിക്കുവേണ്ടിയണവന്‍ അവന്റെ ഭക്ഷണപാനീയങ്ങളുപേക്ഷിച്ചത്‌.” (ബുഖാരി)
നോമ്പുകാരനായ സത്യവിശ്വാസിക്ക്‌ സായൂജ്യമടയാന്‍ ഇതിലപ്പുറം എന്തു വേണം. മാനസികമായ ഈ നിര്‍വൃതിയുടെ പൂര്‍ത്തീകരണം നടക്കേണ്ടത്‌ വ്രതാനുഷ്‌ഠാനത്തോടൊപ്പമുള്ള മറ്റു ആരാധനകളിലൂടെയാണ്‌. നമസ്‌കാരം, ദിക്‌റ്‌, ദുആ, ഖുര്‍ആന്‍ പാരായണം, പഠനം, പള്ളികളോടുള്ള ബന്ധം, രാത്രി നമസ്‌കാരം, ഇഅ്‌തികാഫ്‌ ഇങ്ങനെ പലതും. ഇതില്‍ നിന്നൊന്നും സ്‌ത്രീകളെഅല്ലാഹു ഒരിക്കലും മാറ്റിനിര്‍ത്തിയിട്ടില്ല. ആഇശ(റ) പറയുന്നു: “നബി(സ) അവസാനത്തെ പത്തില്‍ പ്രവേശിച്ചാല്‍ തന്റെ തുണി മുറുക്കി ഉടുക്കുകയും ഭാര്യമാരെ വിളിച്ചുണര്‍ത്തി രാവ്‌ ജീവിപ്പിക്കുകയും ചെയ്യുമായിരുന്നു.” (ബുഖാരി, മുസ്‌ലിം)
രാത്രിയിലെ നമസ്‌കാരത്തിലും അവസാനത്തെ പത്തിലെ ഇഅ്‌തികാഫിലുമെല്ലാം നബി(സ)യോടൊപ്പവും അതിന്‌ ശേഷവും സ്‌ത്രീകളും ഭാഗഭാക്കായി. “ആഇശ(റ) പറയുന്നു: നബി(സ) റമദാനിന്റെ അവസാനത്തെ പത്തില്‍ മരണംവരെ ഇഅ്‌തികാഫ്‌ ഇരുന്നിരുന്നു. നബി(സ)യുടെ കാലശേഷം അവിടുത്തെ പത്‌നിമാരും ഇഅ്‌തികാഫ്‌ ഇരുന്നിരുന്നു.” (ബുഖാരി)
ഇത്തരം ആരാധനാ കര്‍മങ്ങള്‍ ആത്മാര്‍ഥതയോടെയും ഊര്‍ജസ്വലതയോടെയും നിര്‍വഹിക്കണമെങ്കില്‍ ആരോഗ്യം അത്യാവശ്യമാണ്‌. അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) പറഞ്ഞു: ഒരാളെ അല്ലാഹു അനുഗ്രഹിക്കട്ടെ. അയാള്‍ രാത്രി എഴുന്നേറ്റ്‌ നമസ്‌കരിച്ചശേഷം ഭാര്യയെ വിളിച്ചുണര്‍ത്തി. അങ്ങനെ അവളും എഴുന്നേറ്റ്‌ നമസ്‌കരിച്ചു. അവള്‍ ഉണരാന്‍ വിസമ്മതിച്ചാല്‍ അയാള്‍ അവളുടെ മുഖത്ത്‌ വെള്ളം തളിക്കും. ഒരുവളെ അല്ലാഹു അനുഗ്രഹിക്കട്ടെ. അവള്‍ രാത്രി എഴുന്നേറ്റ്‌ നമസ്‌കരിച്ചു. പിന്നീട്‌ ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി. അയാളും എഴുന്നേറ്റ്‌ നമസ്‌കരിച്ചു. അയാള്‍ ഉണരാന്‍ മടിച്ചാല്‍ അവള്‍ അയാളുടെ മുഖത്ത്‌ വെള്ളം തളിക്കും.” (അഹ്‌മദ്‌, അബൂദാവൂദ്‌, ഇബ്‌നുമാജ)
ഐച്ഛികമായ നമസ്‌കാരങ്ങളില്‍ ഏറ്റവും പ്രതിഫലാര്‍ഹമായത്‌ രാത്രിയിലെ തഹജ്ജുദാണ്‌. സത്യവിശ്വാസിയുടെ ജീവിതരീതിയിലെ ഉല്‍കൃഷ്‌ടതയായി ഖുര്‍ആന്‍ ഈ നമസ്‌കാരത്തെ എടുത്തു പറയുന്നുണ്ട്‌. രാവിന്റെ അന്ത്യയാമങ്ങളില്‍ പാപമോചനത്തിനായി അല്ലാഹുവോട്‌ പ്രാര്‍ഥിക്കുകയും ചെയ്യുന്നവരാണവര്‍. (വി.ഖു 51:18)
റമദാനിലാകുമ്പോള്‍ ഇതിന്റെ പ്രതിഫലം വര്‍ധിക്കുമെന്ന്‌ പറയേണ്ടതില്ലല്ലോ. ഇത്തരം നമസ്‌കാരങ്ങളുടെ കൃത്യനിര്‍വഹണങ്ങളില്‍ സ്‌ത്രീകളുടെ വഴിമുടക്കിയാകുന്നത്‌ പലപ്പോഴും അമിതാഹാരമായിരിക്കും. ഇവിടെയാണ്‌ നോമ്പുതുറയിലെ സമൂസയും കട്‌ലറ്റുമൊക്കെ പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്നത്‌. ഇവ നാരങ്ങാവെള്ളവും കൂട്ടായി അസമയത്ത്‌ കാലിയായ വയറ്റിലെത്തിച്ചേരുന്ന ഇവയുണ്ടാക്കുന്ന പൊല്ലാപ്പുകള്‍ കൂടുതലും തറാവീഹ്‌ നമസ്‌കാരത്തിനിടയിലായിരിക്കും. അതുകൊണ്ടായിരിക്കാം ലളിതമായ ഭക്ഷണം കൊണ്ട്‌ ലഘുവായ ഒരു പ്രാര്‍ഥനയോടൊത്ത്‌ നോമ്പ്‌ തുറക്കാന്‍ നബി(സ) മാതൃക കാണിച്ചത്‌.
നബി(സ) അരുളി: നിങ്ങള്‍ നോമ്പ്‌ മുറിക്കുകയാണെങ്കില്‍ ഈത്തപ്പഴം കൊണ്ട്‌ നോമ്പ്‌ മുറിക്കട്ടെ. അതു നന്മയാണ്‌. അത്‌ ലഭിക്കാത്തവന്‍ വെള്ളംകൊണ്ട്‌ മുറിക്കട്ടെ. നിശ്ചയം അത്‌ ശുദ്ധീകരണ ക്ഷമമാകുന്നു. (അബൂദാവൂദ്‌). “അല്ലാഹുവേ, നിനക്ക്‌ വേണ്ടി ഞാന്‍ നോമ്പനുഷ്‌ഠിക്കുകയും നിന്റെ ഭക്ഷണത്തിന്മേലായി ഞാന്‍ നോമ്പ്‌ മുറിക്കുകയും ചെയ്യുന്നു.” നോമ്പുതുറ സമയത്ത്‌ നബി(സ)യുടെ പ്രാര്‍ഥനയില്‍ ഒന്നായിരുന്നു ഇത്‌. (അബൂദാവൂദ്‌)
എല്ലാതരം ഭക്ഷണവും അത്‌ കഴിക്കാനുള്ള സംവിധാനവുമെല്ലാം അല്ലാഹുവിന്റെ അനുഗ്രഹം തന്നെ. ഇതില്‍ സത്യവിശ്വാസിക്ക്‌ ഹലാലും ഹറാമും ഏതെന്നും വളരെ വ്യക്തമായി ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്‌. ഇവിടെയൊക്കെ ഇസ്‌ലാംമതം പൂര്‍ണമായും സസ്യഭുക്കുകളോട്‌ സമവായം പ്രഖ്യാപിച്ച്‌ മാംസാഹാരങ്ങളോട്‌ പുറംതിരിഞ്ഞിരിക്കുകയാണെന്നൊന്നും ആര്‍ക്കും വായിച്ചെടുക്കാനാവില്ല.
സീനാപ്രദേശത്ത്‌ വെച്ച്‌ ഇസ്‌റാഈല്യര്‍ക്ക്‌ ജീവിത ചിട്ട പരിശീലിക്കേണ്ടതിനുവേണ്ടി അല്ലാഹു ഇറക്കിക്കൊടുത്ത ദിവ്യദാനമായ ഭക്ഷണം മന്നയും സല്‍വ (കാടപക്ഷി) യുമായിരുന്നു. നന്ദികെട്ട ഇസ്‌റാഈല്യര്‍ വിഭവ സമൃദ്ധമായ ഭക്ഷണമായി ഉള്ളി, പയര്‍, ഗോതമ്പ്‌, ചീര, പയര്‍ എന്നിവയെ ആവശ്യപ്പെട്ടു. തദവസരത്തില്‍ മൂസാ(അ) അവരോട്‌ “നിങ്ങള്‍ ഉത്തമമായതിനെ വിട്ട്‌ താണ തരത്തിലുള്ളതിനെ ആവശ്യപ്പെടുകയാണോ” എന്ന്‌ ചോദിച്ചതായി ഖുര്‍ആനില്‍ കാണാം. (2:61)
ഇബ്‌റാഹീം(അ)യുടെ വീട്ടില്‍ വിരുന്നുകാരായി വന്ന മലക്കുകള്‍ക്ക്‌ അദ്ദേഹത്തിന്റെ ഭാര്യ ധൃതിയില്‍ വേവിച്ച തടിച്ച കാളക്കുട്ടിയെ ഭക്ഷണമായി നല്‌കിയതും ഖുര്‍ആനില്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌ (വി.ഖു 51:26). ഇതില്‍ നിന്നെല്ലാം സത്യവിശ്വാസിക്ക്‌ മാംസഭക്ഷണം നിരുപാധികം ഹറാമാക്കപ്പെട്ടിട്ടില്ലെന്ന്‌ തിരിച്ചറിയാം. മാംസ ഭക്ഷണങ്ങളിലെ നിഷിദ്ധങ്ങളേതാണെന്ന്‌ ഖുര്‍ആനില്‍ വ്യക്തമാക്കുന്നുമുണ്ട്‌. ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ മേല്‍ അറുക്കപ്പെട്ടത്‌, ശ്വാസം മുട്ടിച്ചത്‌, അടിച്ചുകൊന്നത്‌, വീണ്‌ ചത്തത്‌, കുത്തേറ്റ്‌ ചത്തത്‌, വന്യമൃഗങ്ങള്‍ കടിച്ചുതിന്നത്‌ എന്നിവ നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. ജീവനോടെ നിങ്ങള്‍ അറുത്തത്‌ ഇതില്‍ നിന്നൊഴിവാകുന്നു. പ്രതിഷ്‌ഠകള്‍ക്ക്‌ മുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും നിങ്ങള്‍ക്ക്‌ നിഷിദ്ധമാകുന്നു.”(വി.ഖു 5:3)
ഇബ്‌റാഹീം(അ)യുടെ വീട്ടില്‍ വന്ന വിരുന്നുകാര്‍ക്ക്‌ വേവിച്ചുകൊടുക്കാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെ അന്ന്‌ കാളക്കുട്ടിയുണ്ടായിരുന്നു. മുമ്പ്‌ ഇതുപോലെ മലയാളി മുസ്‌ലിംകളും സ്വന്തം കൂട്ടില്‍ നിന്നും ആലയില്‍ നിന്നും പിടിച്ച്‌ ബിസ്‌മി ചൊല്ലിയറുത്ത ഹലാലായ മാംസഭക്ഷണം കഴിച്ചു. ഇന്ന്‌ മൂന്ന്‌ സെന്റില്‍ സ്വന്തത്തിലേക്ക്‌ മാത്രം ചുരുങ്ങിക്കഴിയുന്ന മലയാളി ആട്‌, മാട്‌, കോഴി മുതല്‍ ഉപ്പ്‌ തൊട്ട്‌ കര്‍പ്പൂരം വരെയുള്ളതിനൊക്കെയും ചുരത്തിന്‌ മുകളിലേക്ക്‌ കണ്ണ്‌ നട്ടിരിക്കണം.
മുസ്‌ലിം പെണ്‍മനസ്സുകള്‍ ഒരിത്തിരി വിശാലത കാണിച്ചാല്‍ റമദാനിലെങ്കിലും അവനവന്റെയും കുടുംബത്തിന്റെയും തടിയെ ഭക്ഷ്യവിഷാംശങ്ങളില്‍ നിന്ന്‌ കുറച്ചെങ്കിലും രക്ഷിക്കാം. അടുക്കള ബഹിഷ്‌കരിക്കാതെ തന്നെ തയ്യാറാക്കപ്പെട്ട ഒരു സമയവിവരപ്പട്ടിക മതി അതിന്‌. പാചകം, ശുചീകരണം, ഖുര്‍ആന്‍ പഠനം, സമയബന്ധിത ആരാധനകള്‍, ഉറക്കം എല്ലാറ്റിലും ഒരു ക്രമീകരണം. ഭക്ഷണങ്ങളില്‍ മിതവ്യയം ശീലിച്ചാല്‍ പുണ്യറമദാനിനെ അവള്‍ക്കും കൈപ്പിടിയിലൊതുക്കാം.

ജമീല ടീച്ചര്‍ എടവണ്ണ
(Shabab Weekly,2014 june 27)

Related Post