റമദാന്‍ വ്രതം; മുസ്‌ലിം താരങ്ങള്‍ക്ക് ലോകകപ്പ് അഗ്നിപരീക്ഷ
സാവോപോളോ: ജൂണ്‍ 28നു റമദാന്‍വ്രതം ആരംഭിക്കാനിരിക്കെ മുസ്‌ലിം ഫുട്‌ബോള്‍ താരങ്ങള്‍ക്കു ലോകകപ്പ് അഗ്നിപരീക്ഷയാവുന്നു. ലോകകപ്പിന്റെ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ അവസാനിച്ചു രണ്ടാം റൗണ്ട് ആരംഭിക്കുന്ന ദിവസം തന്നെയാണ് റമദാന്‍വ്രതവും ആരംഭിക്കുന്നത്. ലോകകപ്പില്‍ കളിക്കുന്ന പന്ത്രണ്ടോളം രാജ്യങ്ങളിലെ ടീമുകളില്‍ മുസ്‌ലിം കളിക്കാരുണ്ട്. ഇറാന്‍, ബോസ്‌നിയ, അല്‍ജീരിയ ടീമുകളില്‍ ഭൂരിഭാഗവും മുസ്‌ലിം സമുദായത്തില്‍പെടുന്നവരാണ്. ഫ്രഞ്ച് സൂപ്പര്‍ താരം കരീംബെന്‍സേമ, ഐവറി കോസ്റ്റിന്റെ താരങ്ങളും സഹോദരന്‍മാരുമായ യായടുറെ, കോളോടുറേ, ഗര്‍വിഞ്ഞോ, സ്വിറ്റ്‌സര്‍ലാന്റ് താരം സെര്‍ദാന്‍ ഷാക്കിരി, ജര്‍മ്മനിയുടെ മെസറ്റ് ഓസില്‍ എന്നിവരെല്ലാം നോമ്പെടുക്കുന്ന താരങ്ങളാണ്.
ഇവരില്‍ ചിലര്‍ നോമ്പു പിടിച്ചു കൊണ്ടു തന്നെ കളത്തിലിറങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ മറ്റു ചിലര്‍ പിന്നീട് നോമ്പ് പിടിച്ചു വീട്ടുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.1986 നുശേഷം ഇതു വരെയുള്ള ലോകകപ്പുകളൊന്നും റമദാന്‍മാസത്തിലായിരുന്നില്ല. ‘റമദാനില്‍ ആദ്യത്തെ അഞ്ചു ദിവസങ്ങളില്‍ മാത്രമാണു നോമ്പെടുക്കാന്‍ ബുധിമുട്ടായിട്ടുള്ളത്. റമദാന്‍ വ്രതം ശാരീരികമായി എന്നെ ആരോഗ്യമുളളവനാക്കുകയാണു ചെയ്തിട്ടുള്ളത്’.കോളോ ടൂറേ പറഞ്ഞു.