ഫിത്വ്ര് സകാത്ത് ഏത് നാട്ടില്‍ ?
റമദാനിലെ ഇരുപത് ദിവസം ഒരു നാട്ടിലും ശിഷ്ടദിനങ്ങളും പെരുന്നാളും മറ്റൊരു നാട്ടിലും കഴിക്കുകയാണങ്കില്‍ ഫിത്വ്ര് സകാത്ത് എവിടെ നല്‍കണം ?
ശവ്വാലിന്റെ ആദ്യദിനത്തില്‍ എവിടെയാണോ അവിടെയാണ് അത് നല്‍കേണ്ടത്. കാരണം, ഈ സകാത്തിന്റെ ഹേതു നോമ്പല്ല. നോമ്പില്‍ നിന്നുളള വിരാമമാണ്. അതുകൊണ്ടാണ് അതിന് ‘സകാത്തുല്‍ ഫിത്വ്ര്’ എന്ന് പേരു വന്നത്.
റമദാനിലെ ഒടുവിലത്തെ ദിനത്തില്‍ മഗ് രിബിനു മുമ്പ് ഒരാള്‍ മരിച്ചാല്‍ അയാളുടെ വിഹിതം ഫിത്വര്‍ സകാത്തായി നല്കാന് ബാധ്യതയില്ലാത്തതും അതിനാല്‍തന്നെ. അതേദിവസം മഗ് രിബിനു ശേഷം ശവ്വാലിലെ ആദ്യരാത്രി ജനിക്കുന്ന കുഞ്ഞിനു വേണ്ടി ഫിത്വ്ര് സകാത്ത് വിഹിതം നല്‍കേണ്ടതുമുണ്ട്. ഫിത്വ്ര് സകാത്ത് പെരുന്നാളുമായി ബന്ധപ്പെട്ട ഒന്നാണെന്നും പാവപ്പെട്ടവനും പണക്കാരനും ആ ദിവസത്തെ സന്തോഷം പങ്കിടുകയാണതിന്റെ ലക്ഷ്യമെന്നും കാണാം. ‘അവരെ നിങ്ങള്‍ ഈ ദിവസം സമ്പന്നരാക്കുക’ എന്നു തിരുവചനമുണ്ട്.
ഫിത്വര്‍ സകാത്ത് അനുപാതം മാറുമോ ?
ഓരോ വര്‍ഷവും സകാത്ത് നല്കേണ്ടുന്ന വിഹിതത്തില്‍ മാറ്റം സംഭവിക്കുന്നതല്ല. കാരണം, അതിന് നിശ്ചയിക്കപ്പെട്ട അളവ്- ഒരു സ്വാഅ് മാറുന്ന ഒന്നല്ല. ഇത്തരം ഒരളവ് നിശ്ചയിച്ചതിന് രണ്ട് കാരണങ്ങളുണ്ട്:
ഒന്ന്: അറബികളുടെ പക്കല്‍ നാണയങ്ങള്‍ ദുര്ലഭമായിരുന്നു. വിശിഷ്യാ മരുഭൂവാസികളില്‍. അവരുടെ കൈവശമുണ്ടായിരുന്നത് ഈത്തപ്പഴം, മുന്തിരി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളായിരുന്നു.
രണ്ട്: നാണയങ്ങളുടെ മൂല്യം കാലദേശങ്ങള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. റിയാലിന് ചിലപ്പോള്‍ വിലയിടിയുന്നത് നാം കാണാറുണ്ട്. അപ്പോള്‍ അതിന്റെ ക്രയശേഷി കുറയുന്നു. മറ്റുചിലപ്പോള്‍ മൂല്യം വര്‍ധിക്കും. അപ്പോള്‍ നാണ്യവിലയെ ആധാരമാക്കി സകാത്ത് വിഹിതം നിശ്ചയിച്ചാല്‍ അത് ഏറിയും കുറഞ്ഞുമിരിക്കും. അതുകൊണ്ട് തിരുമേനി ഏറ്റക്കുറച്ചിലുകള്‍ക്ക് വിധേയമാകാത്ത അളവ് നിശ്ചയിച്ചു. അതാണ് ‘ സ്വാഅ്’. ഒരിടത്തരം കുടുംബത്തിന്റെ ഒരു ദിവസത്തെ ആഹാരത്തിന് ഒരു സ്വാഅ് മിക്കവാറും മതിയാകും.
തന്റെ കാലത്ത് ലഭ്യമായ ചില ഭക്ഷ്യപദാര്‍ഥങ്ങളാണ് ഫിത്വര്‍ സകാത്തിനായി തിരുമേനി നിശ്ചയിച്ചത്. അതു മാത്രമേ നല്‍കാവൂ എന്ന ഉദ്ദേശ്യത്തോടെയല്ല അത്. അതുകൊണ്ടാണ് ഒരു നാട്ടിലെ പ്രധാനപ്പെട്ട ഭക്ഷ്യവിഭവം ഫിത്വര്‍ സകാത്തായി നല്‍കുന്നത് പണ്ഡിതന്മാര് അനുവദിക്കുന്നത്. ഗോതമ്പോ അരിയോ ചോളമോ ഏതുമാവാം. ഒരു സ്വാഅ് രണ്ട് കിലോഗ്രാമോളം തൂക്കം വരും. ഏതാണ്ട് അഞ്ച് റാത്തല്.
ഫിത്വര്‍ സകാത്തായി പ്രസ്തുത തൂക്കം ഭക്ഷ്യവിഭവത്തിന്റെ വില നല്‍കാവുന്നതാണെന്ന് ഇമാം അബൂഹനീഫക്ക് അഭിപ്രായമുണ്ട്.
മരിച്ചവര്‍ക്ക് വേണ്ടി ഫിത്ര് സകാത്ത്
ചോ: മരണപ്പെട്ട ആളുകള്‍ക്ക് വേണ്ടി ഫിത്വര്‍ സകാത്ത് നല്കാന് കഴിയുമോ? എന്റെ പിതാമഹി അവരുടെ മരണപ്പെട്ടു പോയ മാതാപിതാക്കള്‍ക്ക് വേണ്ടി ഫിത്ര് സകാത്ത് നല്കാന് ആഗ്രഹിക്കുന്നു. അങ്ങനെ ചെയ്യുന്നത് സ്വീകാര്യമാകുമോ?
ഇസ് ലാമിക ശരീഅത്ത് നിയമ പ്രകാരം, ഈദിന്റെ തലേന്നാള്‍ സൂര്യന് അസ്തമിക്കുമ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് മാത്രമേ ഫിത്വര്‍ സകാത്ത് ബാധകമാകൂ. ഈ സമയത്തിന് മുന്‍പ് മരണപ്പെടുന്നവര്‍ക്ക് സകാത്ത് നിര്‍ബന്ധമില്ല. എന്നാല്‍ റമദാനിലെ അവസാന ദിവസവും നോമ്പനുഷ്ഠിച്ച്, പെരുന്നാളിന്റെ തലേ രാത്രി സൂര്യാസ്തമയ ശേഷം മരണപ്പെടുന്ന ഏതൊരാള്‍ക്കും ഫിത്വര്‍ സകാത്ത് ബാധകമാണ്.
പ്രമുഖ സൗദി പണ്ഡിതനായ ശൈഖ് മുഹമ്മദ് അല്‍ മുനജ്ജദ് ഈ ചോദ്യത്തിന് മറുപടി പറയുന്നത് ഇങ്ങനെ:
ഫിത്വര്‍ സകാത്ത് പ്രയഭേദമന്യേ മുഴുവന്‍ സ്ത്രീ, പുരഷന്മാരുടെ മേലും നിര്‍ബന്ധമാണ്. പെരുന്നാളിന്റെ രാത്രി ജീവിച്ചിരിക്കുന്നവര്‍ക്ക് മാത്രമേ അത് ബാധമാവുകയുള്ളൂ. റമദാനിന്റെ അവസാന രാത്രി സൂര്യന് അസ്തമിക്കുന്നതോടെയാണ് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാകുന്നത്. കാരണം, നബി (സ) ഇതിനെ ‘സദഖതുല് ഫിത്വര്‍’ എന്നാണ് വിളിച്ചത്. ഫിത്വര്‍ എന്നാല്‍ അറബി ഭാഷയില്‍, റമദാനിലെ നോമ്പ് മുറിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഈദിന്റെ തലേ ദിവസം സൂര്യന് അസ്തമിക്കുമ്പോഴാണ് നോമ്പ് മുറിയുന്നത്. നോമ്പ് നോറ്റ വ്യക്തിക്ക് നോമ്പില്‍ സംഭവിച്ചു പോയ പിഴവുകള്‍, മോശം വര്‍ത്തമാനങ്ങള്‍ എന്നിവയെ ശൂദ്ധീകരിക്കാന്‍ വേണ്ടിയാണ് ഫിത്വര്‍ സകാത്ത്.
ഒരാള്‍ ഈദുല്‍ ഫിത്വര്‍ ദിവസം വരെ ജീവിക്കുകയും, ഫിത്വര്‍ സകാത്ത് നല്കിയിട്ടില്ലാതിരിക്കുകയും ചെയ്താല്‍, അയാളുടെ ബന്ധുക്കള്‍ അയാള്‍ക്കു വേണ്ടി ഫിത്വര്‍ സകാത്ത് നല്കാന് ബാധ്യസ്ഥരാണ്. മേല്‍ സൂചിപ്പിച്ച പ്രകാരം, അത് നിര്‍ബന്ധമാകുന്ന സമയം വരെ അയാള്‍ ജീവിച്ചു, പക്ഷെ, നല്കാന് കഴിയുന്നതിനു മുമ്പ് അയാള്‍ മരണപ്പെട്ടു. ഇത്തരം സന്ദര്‍ഭങ്ങളില്‍ മരണപ്പെട്ട വ്യക്തിക്ക് വേണ്ടി ബന്ധുക്കള്‍ സകാത്ത് നല്‍കണം. കാരണം അത് ഒരു കടം പോലെ തന്നെയാണ്.
ചുരുക്കത്തില്‍ മരണാസന്നരോ, രോഗികളോ ഉണ്ടായിരിക്കുകയും, സകാത്ത് നല്കാന് നിര്‍ബന്ധമായ സമയത്തിന് ശേഷം അവര്‍ മരണപ്പെടുകയും ചെയ്താല്‍, അവര്‍ക്കു വേണ്ടി ബന്ധുക്കള്‍ സകാത്ത് നല്‍കണം.
ഇവിടെ താങ്കള്‍ ചോദിച്ചതു പോലെ, ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാകുന്നതിനു മുമ്പ് മരണപ്പെട്ടു പോയവര്ക്കാണെങ്കില്, ഫിത്വര്‍ സകാത്തില്ല. താങ്കളുടെ പിതാമഹി, മരണപ്പെട്ടു പോയ മാതാപിതാക്കള്‍ക്ക് വേണ്ടി ധാനദര്മ്മങ്ങളും സ്വദഖകളും നല്കിയിട്ടുണ്ടെങ്കില് അതവരുടെ ദാനധര്മ്മമായിട്ടാണ് പരിഗണിക്കപ്പെടുക, ഫിത്വര്‍ സകാത്തായിട്ടല്ല. കാരണം അവര്‍ വളരെ മുമ്പ് മരണപ്പെട്ടു പോയിട്ടുണ്ട്. മരണപ്പെട്ടു പോയവര്‍ക്ക് വേണ്ടി നല്കപ്പെടുന്ന സ്വദഖകള്‍ക്ക് അവര്‍ക്കും പ്രതിഫലം നല്‍കപ്പെടുമെന്നത് പ്രവാചകന്റെ ഹദീസുകളിലൂടെ സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്.
ഫിത്വര്‍ സക്കാത്ത്
റമദാന് വ്രതത്തില്‍ നിന്ന് വിരമിക്കുന്നതിനെ തുടര്‍ന്ന് നിര്‍ബന്ധമാവുന്ന ഒരു ദാനമാണ് ഫിത്വര്‍ സകാത്ത്. സ്ത്രീയോ പുരുഷനോ, വലിയവനോ ചെറിയവനോ, അടിമയോ സ്വതന്ത്രനോ, ആരായിക്കൊള്ളട്ടെ മുസ്ലിംകളില് പെട്ട ഓരോ വ്യക്തിയുടെ പേരിലും പ്രസ്തുത സക്കാത്ത് നിര്‍ബന്ധമത്രെ.
ഇബ്്നു ഉമര്‍ പ്രസ്്താവിച്ചതായി ബുഖാരിയും മുസ്്ലിമും ഉദ്ദരിച്ച താഴെ വരുന്ന ഹദീസാണ് തെളിവ്:
(റമദാനിലെ നോമ്പവസാനിക്കുന്ന സകാത്തായി മുസ്ലിംകളായ അടിമകള്‍ക്കും സ്വതന്ത്രനും, സ്ത്രീക്കും പുരുഷനും, ചെറിയവനും വലിയവനും, ഒരു സ്വാഅ് കാരക്കയോ അല്ലെങ്കില്‍ ഒരു സ്വാഅ് യവമോ നല്‍കണമെന്ന് അല്ലാഹുവിന്റെ റസൂല്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു).
അതിലടങ്ങിയ യുക്തി:
നോമ്പുകാലത്ത് മനുഷ്യനില്‍നിന്ന് വന്നിരിക്കാവുന്ന അനാവശ്യങ്ങളില്‍നിന്നും അശ്ലീലങ്ങളില്‍നിന്നും നോമ്പുകാരന് ശുദ്ധീകരണമായിരിക്കാനും സാധുക്കള്‍ക്കും അവശ്യര്ക്കും ഒരു സഹായമാവാനും വേണ്ടിയാണ് ഫിത്വര്‍ സക്കാത്ത് ശരീഅത്തില്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഹിജ്റ രണ്ടാം വര്‍ഷം ശഅ്ബാനിലായിരുന്നു അത് നിര്‍ബന്ധമാക്കിയത്. ഇബ്നു അബ്ബാസ്(റ) ഇങ്ങനെ പ്രസ്താവിച്ചതായി അബൂദാവൂദ്, ഇബ്്്നുമാജ, ദാറഖുത്്നി എന്നിവര്‍ രേഖപ്പെടുത്തുന്നു:
(നോമ്പുകാരന് അനാവശ്യകാര്യങ്ങളില്‍നിന്നും അശ്ലീലങ്ങളില്‍നിന്നും ശുദ്ധീകരണമായും സാധുക്കള്‍ക്ക് ആഹാരമായുമാണ് അല്ലാഹുവിന്റെ റസൂല്‍ ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമാക്കിയത്. വല്ലവരും അത് നമസ്കാരത്തിനുമുമ്പ് നല്കിയാല് അതൊരു സ്വീകാര്യമായ സകാത്താകുന്നു. നമസ്കാരത്തിന് ശേഷമാണ് നല്കുന്നതെങ്കിലോ ഇതര ദാനങ്ങളെപ്പോലെ ഒരു ദാനവും).
ആര്‍ക്കാണ് നിര്‍ബന്ധം ?
തനിക്കും തന്റെ കുടുംബത്തിനും ഒരു രാവും പകലും കഴിയാനാവശ്യമായ ആഹാരം കഴിച്ച് ഒരു സ്വാഅ് ഭക്ഷ്യസാധനം ഉടമയിലുള്ള എല്ലാ സ്വതന്ത്രരായ മുസ്ലിംകള്ക്കും ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാകുന്നു.
അവര്‍ സ്വദേഹത്തിനു വേണ്ടിയും തങ്ങള്‍ ചെലവ് കൊടുക്കേണ്ട ഭാര്യാസന്തതികള്ക്ക് വേണ്ടിയും തങ്ങള്‍ രക്ഷാകര്ത്തൃത്വമേല്ക്കുകയും ചെലവ് നിര്‍വഹിക്കുകയും ചെയ്യുന്ന ഭൃത്യന്മാര്‍ക്ക് വേണ്ടിയും പ്രസ്തുത സകാത്ത് നല്‍കേണ്ടത് നിര്‍ബന്ധമാണ്.
അളവ്:
ഗോതമ്പ്, യവം, ഈത്തപ്പഴം, മുന്തിരി, പാല്‍ക്കട്ടി, അരി, ചോളം തുടങ്ങിയ പ്രധാന ആഹാരമായി കണക്കാക്കപ്പെടുന്ന വസ്തുക്കളില്‍ നിന്ന് ഒരു സ്വാഅ് ആണ് ഫിത്വര്‍ സകാത്തായി നല്‍കേണ്ടത്. എന്നാല്‍ ഫിത്വര്‍ സകാത്തില്‍ സാധനത്തിന്റെ വില കൊടുത്താല്‍ മതിയാകുമെന്നും അരിയോ ഗോതമ്പോ ആണ് നല്കുന്നതെങ്കില് അര സ്വാഅ് മതിയാകുമെന്നും അബൂഹനീഫ അഭിപ്രായപ്പെട്ടിരിക്കുന്നു.
അബൂ സഈദില്‍ ഖുദ്രി പ്രസ്താവിക്കുന്നു: റസൂല്‍ (സ) ഞങ്ങളോടൊപ്പമുണ്ടായിരുന്ന കാലത്ത് ചെറിയവന്നും വലിയവന്നും അടിമക്കും സ്വതന്ത്രന്നും വേണ്ടി ഞങ്ങള്‍ ഫിത്വര്‍ സകാത്തായി നല്‍കിയിരുന്നത് ഗോതമ്പ്, യവം, പാല്‍ക്കട്ടി, കാരക്ക, മുന്തിരി തുടങ്ങി ഏതെങ്കിലുമൊന്നില്‍ നിന്ന് ഒരു സ്വാആയിരുന്നു. പിന്നെയും ഞങ്ങളങ്ങനെത്തന്നെ കൊടുത്തുകൊണ്ടിരുന്നു. അങ്ങനെയിരിക്കെയാണ് അമീര്‍ മുആവിയ ഹജ്ജിനോ ഉംറക്കോ വേണ്ടി വന്നത്. അദ്ദേഹം മിമ്പറില്‍ കയറി ജനങ്ങളെ അഭിമുഖീകരിച്ചു പ്രസംഗിച്ച കൂട്ടത്തില്‍ ഇങ്ങനെ പറയുകയുണ്ടായി: ‘രണ്ട് മുദ്ദ് (അരസ്വാഅ്) സിറിയന്‍ ഗോതമ്പ് ഒരു സ്വാഅ് (നാല് മുദ്ദ്) കാരക്കക്ക് തുല്യമാവുമെന്നാണെന്റെ അഭിപ്രായം.’ അനന്തരം ജനങ്ങളത് സ്വീകരിച്ചു. അബൂസഈദ് പറഞ്ഞു: ‘എന്നാല്‍ ഞാന്‍ ജീവിച്ചിരിക്കുന്നേടത്തോളം കാലം, മുമ്പ് നല്കിയ അത്രതന്നെ (ഒരു സ്വാഅ്) നല്കിക്കൊണ്ടേ ഇരിക്കുന്നതാണ്’ (ജമാഅത്ത് ഉദ്ധരിച്ചത്).
തിര്‍മിദി പ്രസ്താവിക്കുന്നു: ഇതനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്നാണ് ഏതാനും പണ്ഡിതന്മാരുടെ അഭിപ്രായം. അതായത് എല്ലാറ്റില്‍നിന്നും ഒരു സ്വാഅ് തന്നെ നല്കണമെന്നവര് പറയുന്നു. ശാഫിഈ, ഇസ്ഹാഖ് എന്നിവരുടെ അഭിപ്രായവും അതാണ്.
അരി, ഗോതമ്പ് എന്നിവയൊഴിച്ച് മറ്റെല്ലാറ്റില്‍ നിന്നും ഒരു സ്വാഅ് വേണമെന്നും അരി, ഗോതമ്പ് എന്നിവയ്ക്ക് അര സ്വാഅ് മതിയെന്നുമാണ് മറ്റു ചില പണ്്ഡിതന്മാരുടെ പക്ഷം. സുഫ്യാന്, ഇബ്നുല്‍ മുബാറക് എന്നിവരുടെയും കൂഫക്കാരുടെയും അഭിപ്രായമതാണ്.
നിര്ബന്ധമാവുന്നതെപ്പോള് ?
റമദാനിന്റെ അവസാനത്തിലാണ് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാകുന്നതെന്ന കാര്യത്തില്‍ പണ്്ഡിതന്മാര്ക്കിടയില് യോജിപ്പാണുള്ളതെങ്കിലും അതിന്റെ നിശ്ചിത സമയം ഏതാണെന്ന കാര്യത്തെപ്പറ്റി അവര്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്.
സൗരി, അഹ്മദ്, ഇസ്ഹാഖ് എന്നിവരും പുതിയ അഭിപ്രായത്തില്‍ ശാഫിഈയും മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം മാലിക്കും പറയുന്നത് പെരുന്നാള്‍ രാവില്‍ സൂര്യനസ്തമിക്കുന്നതോടെയാണ് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാവുക എന്നത്രെ. എന്തുകൊണ്ടെന്നാല്‍ റമദാന് വ്രതത്തില്‍ നിന്നു വിരമിക്കുന്ന സമയം അതാണല്ലോ.
എന്നാല്‍ അബൂഹനീഫയുടെയും ലൈസിന്റെയും ഖദീമു പ്രകാരം ശാഫിഈയുടെയും, മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം മാലികിന്റെയും അഭിപ്രായത്തില്‍ ചെറിയ പെരുന്നാള്‍ ദിവസത്തിന്റെ പ്രഭാതോദയം മുതല്ക്കാണ് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാവുക.
ചെറിയ പെരുന്നാള്‍ രാവിന്റെ സൂര്യാസ്തമയ ശേഷവും പ്രഭാതോദയത്തിന്റെ മുമ്പുമായി ജനിക്കുന്ന കുട്ടിക്ക് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാകുമോ ഇല്ലേ എന്ന പ്രശ്നത്തിലാണ് ഈ അഭിപ്രായഭിന്നതയുടെ ഫലം പ്രകടമാവുന്നത്. ആദ്യത്തെ അഭിപ്രായപ്രകാരം ആ കുട്ടിക്ക് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമില്ല. കാരണം നിര്‍ബന്ധമാവുന്ന സമയത്തിന് ശേഷമാണ് കുട്ടി ജനിച്ചത്. രണ്ടാമത്തെ അഭിപ്രായപ്രകാരം നിര്‍ബന്ധവുമാണ്. കാരണം, നിര്‍ബന്ധമാവുന്ന സമയത്തിന് മുമ്പാണ് കുട്ടിയുടെ ജനനം.
സമയത്തിന് മുമ്പ് നല്കല്
പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുമ്പ് ഫിത്വര്‍ സകാത്ത് നല്കിയാല് സാധുവാകുമെന്നാണ് കര്‍മശാസ്ത്ര പണ്്ഡിതന്മാരുടെ ഭൂരിഭാഗത്തിന്റെ അഭിപ്രായം. ഇബ്നു ഉമര്‍(റ) പ്രസ്താവിക്കുന്നു: (ജനങ്ങള്‍ നമസ്കാരത്തിന് പുറപ്പെടുന്നതിനു മുമ്പ് ഫിത്വര്‍ സകാത്ത് നല്കാന് റസൂല്‍(സ) ഞങ്ങളോട് കല്പിച്ചു).
ഇബ്നു ഉമര്‍(റ) പെരുന്നാളിന്റെ ഒരു ദിവസവും രണ്ടുദിവസവും മുമ്പ് അത് നല്കാറുണ്ടായിരുന്നുവെന്ന് നാഫിഅ് പ്രസ്താവിക്കുന്നു.
അതില്‍ കൂടുതല്‍ ദിവസം മുമ്പ് ഫിത്വര്‍ സകാത്ത് നല്‍കുന്നതിനെ സംബന്ധിച്ചേടത്തോളം പണ്ഡിതന്മാര്ക്കിടയില് അഭിപ്രായ ഭിന്നതയുണ്ട്. റമദാന് മാസത്തിനു മുമ്പ് കൊടുത്താല്‍ പോലും സാധുവാകുമെന്നാണ് അബൂഹനീഫയുടെ പക്ഷം. ശാഫിഈയുടെ അഭിപ്രായത്തില്‍ റമദാന് മാസത്തിന്റെ ആരംഭം മുതല്‍ അത് നല്‍കാമെന്നാണ്. ഒന്നോ രണ്ടോ ദിവസം മുമ്പായി മാത്രം അത് നല്‍കാമെന്നാണ് മാലിക്കിന്റെ പക്ഷം. അഹ്മദിന്റെ പ്രസിദ്ധാഭിപ്രായവും അപ്രകാരമത്രെ.
നിര്‍ബന്ധമായ ശേഷം കൊടുക്കാന്‍ പിന്തിച്ചത് കൊണ്ട് ഫിത്വര്‍ സകാത്തിന്റെ കടപ്പാട് ഇല്ലാതാവുകയില്ലെന്നും ജീവിതാന്ത്യത്തിലെങ്കിലും അത് വീട്ടുന്നതുവരെ, നിര്‍ബന്ധമായ ആളുടെ ഉത്തരവാദിത്വത്തില്‍ അതൊരു കടമായി അവശേഷിക്കുമെന്നുമുള്ള കാര്യത്തില്‍ ഇമാമുകള്‍ ഏകോപിച്ചിരിക്കുന്നു. അപ്രകാരം തന്നെ അത് പെരുന്നാള്‍ ദിവസത്തെക്കാള്‍ പിന്തിക്കാന്‍ പാടില്ലെന്നതിലും അവര്‍ ഏകോപിച്ചിരിക്കുന്നു. പെരുന്നാള്‍ ദിവസത്തേക്കാളും പിന്തിക്കാമെന്ന് ഇബ്നുസീരീനും നഖഈയും പറയുന്നതായ ഉദ്ധരണിമാത്രം അതില്‍ നിന്നൊഴിവത്രെ. ‘അതില്‍ തെറ്റൊന്നുമുണ്ടാവുകയില്ലെന്നാണ് എന്റെ പ്രതീക്ഷ’ എന്നത്രെ ഇമാം അഹ്മദ് പറയുന്നത്.
ഇബ്നുരിസ് ലാന് പറയുന്നു: അത് ഏകകണ്ഠമായി ഹറാമാണ്. കാരണം, അത് നിര്‍ബന്ധദാനമായി. അപ്പോള്‍ നമസ്കാരം സമയം വിട്ടു പിന്തിക്കുന്നതു പോലെത്തന്നെ അത് പിന്തിക്കുന്നതിലും കുറ്റമുണ്ടാവേണ്ടത് നിര്‍ബന്ധമത്രെ.
‘പെരുന്നാള്‍ നമസ്കാരത്തിന് മുമ്പ് ആരെങ്കിലും അത് നല്കിയാല് അത് സ്വീകാര്യമായ സകാത്താണ്. നമസ്കാരാനന്തരമാണ് നല്കുന്നതെങ്കില് ഇതര ദാനങ്ങളെപ്പോലെ ഒരു ദാനം മാത്രവും’ എന്ന നബിവചനം മുമ്പുദ്ധരിച്ചിട്ടുണ്ടല്ലോ.
വിതരണം:
സകാത്തിന്റെ വിതരണവകുപ്പുകളില് തന്നെയാണ് ഫിത്വര്സകാത്തും വിതരണം ചെയ്യേണ്ടത്. അതായത് ‘ഇന്നമ സ്വദഖാത്തു ലില്‍ ഫുഖ്റാഇ….’ എന്ന് തുടങ്ങുന്ന ആയത്തില്‍ പ്രസ്താവിച്ച എട്ടു വിഭാഗങ്ങള്‍ക്കാണ് അതും വീതിക്കേണ്ടതെന്നര്ഥം. എന്നാല്‍ ഇവയില്‍ സാധുക്കളാണിവിടെ എല്ലാം പരിഗണനീയമായ വിഭാഗം. ‘അനാവശ്യങ്ങളില്‍ നിന്നും അശ്ലീലങ്ങളില്‍നിന്നും നോമ്പുകാരന്നുള്ള ശുദ്ധീകരണമായും സാധുക്കള്‍ക്ക് ആഹാരമായുമാണ് റസൂല്‍(സ) ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാക്കിയത്’ എന്ന ഉപര്യുക്ത ഹദീസാണ് തെളിവ്. കൂടാതെ ഇബ്്നു ഉമറില്‍നിന്ന് ബൈഹഖിയും ദാറഖുത്ത്നിയും ഉദ്ധരിച്ച ഹദീസ് ഇതിന് തെളിവെത്രെ. അദ്ദേഹം പറഞ്ഞു: റസൂല്‍(സ) ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: (ഈ ദിവസം നിങ്ങളവര്‍ക്ക് അന്യാശ്രയം കൂടാതെ കഴിക്കുക).
ബൈഹഖിയുടെ നിവേദനത്തിലുള്ളത് ഇപ്രകാരമാണ്: (ഈ ദിവസത്തില്‍ ചുറ്റിനടക്കുന്നതില്നിന്ന് അവരെ നിങ്ങള്‍ ഐശ്വര്യവാന്മാരാക്കുക).
ദിമ്മിക്കു കൊടുക്കാമോ ?
ഫിത്വര്‍ സകാത്തില്‍ നിന്ന് ദിമ്മിക്ക് കൊടുക്കാമെന്ന് സുഹ്രി, അബൂഹനീഫ, മുഹമ്മദ്, ഇബ്നുശുബ്റുമ എന്നിവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. താഴെ കൊടുക്കുന്ന ഖുര്‍ആന്‍ സൂക്തമാണവര് തെളിവായുദ്ധരിക്കുന്നത്: “മതകാര്യത്തില്‍ നിങ്ങളുമായി യുദ്ധം ചെയ്യുകയോ നിങ്ങളെ സ്വന്തം വീടുകളില്‍നിന്ന് ബഹിഷ്കരിക്കുകയോ ചെയ്യാത്തവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് നന്മ ചെയ്യുന്നതും അവരുമായി നീതിപൂര്‍വം വര്‍ത്തിക്കുന്നതും അല്ലാഹു നിരോധിക്കുന്നില്ല. നീതിപാലകരെ അല്ലാഹു ഇഷ്്ടപ്പെടുന്നു” ( അല്‍മുംതഹന: 8).
- ലേഖകൻ മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ഉഥൈമീന്‍
ഈ അനുഗൃഹീത മാസത്തിലെ പകലുകള്‍ നോമ്പും ഖുര്‍ആന്‍ പാരായണവും, ദിക്റും കൊണ്ട് പരിപാലിക്കപ്പെടുകയായിരുന്നു. അതിലെ രാവുകള്‍ നമസ്കാരവും, പ്രാര്‍ത്ഥനയും കൊണ്ട് മുഖരിതമായിരുന്നു. ആ പ്രശോഭിതമായ പകലുകള്‍ അവസാനിച്ചിരിക്കുന്നു. നന്മ ചൊരിഞ്ഞ ആ രാവുകള്‍ വിടചൊല്ലിയിരിക്കുന്നു. ദിവസത്തിലെ ഒരു മണിക്കൂര്‍ പോലെ, എത്ര വേഗത്തിലാണ് അത് യാത്രയായത്! അല്ലാഹു നമുക്ക് അനുഗ്രഹം വര്‍ഷിക്കുകയും, കാരുണ്യത്തോടും, പാപമോചനത്തോടും, നരകമോക്ഷത്തോടും കൂടി റമദാന് അവസാനിപ്പിക്കാന്‍ ഉതവിയേകുകയും ചെയ്യുമാറാവട്ടെ.
ഈ മാസത്തിന്റെ അവസാനത്തില്‍ മഹത്തായ ആരാധനകള്‍ അല്ലാഹു നമുക്ക് മേല്‍ നിയമമാക്കിയിരിക്കുന്നു. നമ്മുടെ വിശ്വാസം വര്‍ധിപ്പിക്കാനും, ആരാധനകളുടെ ന്യൂനതകള്‍ പരിഹരിക്കാനും, അല്ലാഹുവിന്റെ അനുഗ്രഹം നമുക്കുമേല്‍ പൂര്‍ത്തീകരിക്കാനും വേണ്ടിയാണ് അത്.
ഫിത്വ്ര് സകാത്തും, തക്ബീറും, പെരുന്നാള്‍ നമസ്കാരവും അല്ലാഹു നമുക്ക് നിയമമാക്കിയിരിക്കുന്നു. ഭക്ഷണത്തില്‍ നിന്ന് ഒരു സ്വാഅ് ആണ് ഫിത്വ്ര് സകാത്ത് നിര്‍ബന്ധമാക്കിയിട്ടുള്ളത്. അതിനാല്‍ നാം വിശ്വാസികള്‍ പ്രവാചക കല്‍പനപിന്‍പറ്റി, അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ഫിത്വ്ര് സകാത്ത് നല്‍കേണ്ടതുണ്ട്. ചെറിയവനെന്നോ വലിയവനെന്നോ, ആണെന്നോ പെണ്ണെന്നോ, അടിമയെന്നോ ഉടമയെന്നോ, ഭേദമില്ലാതെ എല്ലാ മുസ്ലിമും അത് നല്കാന് ബാധ്യസ്ഥനാണ്. ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞിന് അത് ബാധകമല്ല. അതാത് നാട്ടിലെ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നിന്ന് ഒരു സ്വാഅ് എന്ന നിലക്കാണ് അത് നല്‍കേണ്ടത്.
നല്ല മനസ്സോടെ, ഏറ്റവും ഉത്തമമായ ഭക്ഷണമാണ് നല്‍കേണ്ടത്. വര്‍ഷത്തില്‍ ഒരു സ്വാഅ് മാത്രമായിരിക്കെ അതിന്റെ കാര്യത്തില്‍ ആരും പിശുക്കുകാണിക്കേണ്ടതില്ല.
ദരിദ്രര്‍ക്കാണ് അത് നല്‍കേണ്ടത്. ബന്ധുക്കളില്‍ പെട്ട ദരിദ്രരുണ്ടെങ്കില്‍ അവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. ഒരു ദരിദ്ര കുടുംബത്തിന് മാത്രമായി നല്‍കുകയോ, ഒന്നിലധികം കുടുംബങ്ങള്‍ക്ക് വീതിച്ച് നല്‍കുകയോ ചെയ്യാം. എല്ലാവരും ഒരുമിച്ചുശേഖരിച്ച് വിതരണം ചെയ്യുന്നതും അനുവദനീയമാണ്.
പെരുന്നാള്‍ നമസ്കാരത്തിന് മുമ്പ് ഫിത്വ്ര് സകാത്ത് നല്‍കുന്നതാണ് ഉത്തമം. പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുമ്പ് നല്‍കുന്നതിലും കുഴപ്പമില്ല. അതിനേക്കാള്‍ മുമ്പ് നല്കാതിരിക്കുന്നതാണ് നല്ലത്. ന്യായമായ കാരണങ്ങളില്ലാതെ പെരുന്നാള്‍ നമസ്കാരശേഷമാകാം എന്നു കരുതി പിന്തിക്കാനും പാടുള്ളതല്ല.
നാം ജീവിക്കുന്ന പ്രദേശത്ത് -സ്വന്തം രാജ്യമാണെങ്കിലും അല്ലെങ്കിലും- നല്‍കുകയാണ് നല്ലത്. വിശിഷ്യ മക്കയും മദീനയും പോലുള്ള വിശിഷ്ട സ്ഥലങ്ങളിലാണെങ്കില്‍.
മാസം പൂര്‍ത്തിയായാല്‍ തക്ബീര്‍ ചൊല്ലണമെന്നത് അല്ലാഹു കല്പിച്ചതാണ്. :’നിങ്ങളെ നേര്‍വഴിയിലാക്കിയതിന്റെ പേരില്‍ നിങ്ങള്‍ അല്ലാഹുവിന്റെ മഹത്ത്വം കീര്‍ത്തിക്കാനും അവനോട് നന്ദിയുള്ളവരാകാനുമാണിത്’.(അല്‍ബഖറ:185)
പെരുന്നാള്‍രാവിലേക്ക് വ്രതമവസാനിക്കുന്ന രാത്രി)സൂര്യന് അസ്തമിക്കുന്നതോടെ നമുക്ക് തക്ബീര്‍ ചൊല്ലിത്തുടങ്ങാം. പള്ളികളിലും വീടുകളിലും അങ്ങാടികളിലും വെച്ച് നമുക്ക് അല്ലാഹുവിനെ മഹത്ത്വപ്പെടുത്താം. അല്ലാഹുവിന്റെ ചിഹ്നത്തെ ഉയര്‍ത്തിപ്പിടിച്ച് നമുക്ക് ഉറക്കെ തക്ബീര്‍ ചൊല്ലാം.
പെരുന്നാള്‍ നമസ്കാരത്തില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം എല്ലാവരും പങ്കെടുത്ത് കൊള്ളട്ടെ. ആര്‍ത്തവക്കാരികള്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായ ആ സംഗമത്തിന് സാക്ഷികളാവട്ടെ.
നമുക്ക് പെരുന്നാള്‍ നമസ്കാരത്തിനായി പുറപ്പെടാം. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച്, പ്രവാചകകല്പന പാലിച്ച് നമുക്ക് പ്രാര്‍ത്ഥനയിലേര്‍പെടാം. നന്മകള് വര്‍ഷിക്കുന്ന, അനുഗ്രഹങ്ങള്‍ ചൊരിയപ്പെടുന്ന, പ്രാര്‍ത്ഥനകള്‍ സ്വീകരിക്കപ്പെടുന്ന ആ സുവര്‍ണനിമിഷങ്ങളില്‍ സാന്നിദ്ധ്യമറിയിക്കാം.