അവയവങ്ങളെ സൂക്ഷിക്കാത്ത നോമ്പ്‌

നോമ്പ്‌ തഖ്‌വയുണ്ടാക്കലാണ്  ലക്ഷ്യം 

ആത്മാവിനെ സംസ്‌കരിക്കാനും പോഷിപ്പിക്കാനുമുള്ള ആരാധനാ കര്‍മമാണ് നോമ്പ്. വിശ്വാസത്തെയത് ശക്തിപ്പെടുത്തുകയും നോമ്പുകാരനെയത് തഖ്‌വ പുലര്‍ത്തുന്നവരുടെ കൂട്ടത്തിലാക്കുകയും ചെയ്യും. തഖ്‌വയുണ്ടാക്കലാണ് നോമ്പിന്റെ ലക്ഷ്യമെന്ന് അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടു ള്ളതാണല്ലോ. അതുകൊണ്ടു തന്നെ നോമ്പുകാരന്‍ തന്റെ നോമ്പിനെ കളങ്കപ്പെടുത്തുകയും തകര്‍ത്തു കളയുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടത് അനിവാര്യമാണ്. അല്ലാഹു വിലക്കിയ കാര്യങ്ങളില്‍ നിന്നും തന്റെ കാഴ്ച്ചയെയും കേള്‍വിയെയും മറ്റവയവങ്ങളെയും സംരക്ഷിച്ചു നിര്‍ത്തേണ്ടതുണ്ട്. അസഭ്യവും അനാവശ്യവുമായ സംസാരങ്ങളില്‍ നിന്നും വിട്ടുനിന്ന് നാവിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കേ ണ്ടതുണ്ട്. അവനൊരിക്കലും തിന്മയെ തിന്മകൊണ്ട് നേരിടില്ലെന്ന് മാത്രമല്ല, നന്മ കൊണ്ടതിനെ പ്രതിരോധിക്കുകയും ചെയ്യും. അവനെ സംബന്ധി ച്ചടത്തോളം തെറ്റുകുറ്റങ്ങൡ നിന്ന് സംരക്ഷണം നല്‍കുന്ന പരിചയായിരിക്കും നോമ്പ്. അപ്രകാരം പരലോകത്ത് അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്നും ആ പരിച സംരക്ഷണം നല്‍കും. ആമാശയത്തിന്റെയും ലൈംഗികാവയവങ്ങളുടെയും വികാരങ്ങളെ നിയന്ത്രിക്കുന്നതിനൊപ്പം തെറ്റുകളില്‍ നിന്നും മറ്റവയവങ്ങളെ കൂടി നിയന്ത്രിച്ച് നോമ്പെടുക്കുമ്പോഴാണ് നോമ്പ് സ്വീകാര്യമാവുകയെന്ന് മുന്‍ഗാമികളായ പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

പ്രവാചക പാഠശാല

ഹദീസുകള്‍ നമ്മെ ഉണര്‍ത്തുന്നതും പ്രവാചക പാഠശാലയിലെ പഠിതാക്കള്‍ ഓര്‍മപ്പെടുത്തുന്നതും അതാണ്. നബി(സ) പറഞ്ഞു: ”നോമ്പ് ഒരു പരിചയാണ്. അതുകൊണ്ട് നിങ്ങളിലൊരാള്‍ അസഭ്യം പറയുകയോ കയര്‍ത്തു സംസാരിക്കുകയോ ചെയ്യാതിരിക്കട്ടെ. ഒരാള്‍ അവനെ ശകാരിക്കുകയോ ശണ്ഠകൂടുകയോ ചെയ്താല്‍ ‘ഞാന്‍ നോമ്പുകാരനാണെ’ന്ന് രണ്ട് തവണ അവന്‍ പറയട്ടെ.” (ബുഖാരി, മുസ്‌ലിം)

പ്രവാചകന്‍(സ) പറയുന്നു: ”ആര്‍ കള്ളവും തദനുസാരമുള്ള പ്രവൃത്തിയും ഉപേക്ഷിക്കുന്നില്ലയോ, അവന്‍ അന്നപാനീയങ്ങള്‍ ഒഴിവാക്കുന്നതില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല.” (ബുഖാരി)
മറ്റൊരിക്കല്‍ പറഞ്ഞു: ”എത്രയെത്ര നോമ്പുകാരാണ്, അവരുടെ നോമ്പുകൊണ്ട് പട്ടിണിയല്ലാതെ മറ്റൊന്നുമില്ലാത്തവര്‍.”

നോമ്പില്‍ അവയവങ്ങളുടെയും മനസ്സിന്റെയും വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ മുന്‍ഗാമികള്‍ അതീവ ജാഗ്രത കാണിച്ചിരുന്നു. ഉമര്‍ ബിന്‍ ഖത്താബ് പറയുന്നു: അന്നപാനീയങ്ങളില്‍ നിന്ന് മാത്രമല്ല നോമ്പ്, കളവില്‍ നിന്നും അനാവശ്യത്തില്‍ നിന്നും വെറുംവര്‍ത്തമാനത്തില്‍ നിന്നു കൂടിയാണ്. ജാബിര്‍ ബിന്‍ അബ്ദുല്ല അല്‍അന്‍സാരി പറയുന്നു: നീ നോമ്പെടുത്താല്‍ നിന്റെ കേള്‍വിയും കാഴ്ച്ചയും നാവും കളവില്‍ നിന്നും തെറ്റുകളില്‍ നിന്നും നോമ്പെടുക്കട്ടെ. സേവകനെ ദ്രോഹിക്കാതിരിക്കുകയും ചെയ്യട്ടെ. നോമ്പു ദിവസം അടക്കവും ഒതുക്കവും നിന്നിലുണ്ടാവണം. നിന്റെ നോമ്പുള്ള ദിവസവും ഇല്ലാത്ത ദിവസവും സമമാവാതിരിക്കട്ടെ.

സൂക്ഷ്മത

ത്വലീഖ് ബിന്‍ ഖൈസ് അബൂദര്‍റില്‍ നിന്നും ഉദ്ധരിക്കുന്നു: ‘നീ നോമ്പെടുത്താന്‍ സാധ്യമാവുന്നത്ര സൂക്ഷ്മത പാലിക്കുക.’ ത്വലീഖ് നോമ്പെടുക്കുന്ന ദിവസങ്ങളില്‍ നമസ്‌കാരത്തിനല്ലാതെ പുറത്തിറങ്ങാറില്ലായിരുന്നു. അബൂഹുറൈറയും സഹചരന്‍മാരും നോമ്പെടുത്താല്‍ മസ്ജിദില്‍ തന്നെയായിരുന്നു കഴിച്ചു കൂട്ടിയിരുന്നത്. എന്നിട്ടവര്‍ പറയും: ഞങ്ങള്‍ ഞങ്ങളുടെ നോമ്പിനെ ശുദ്ധീകരിക്കുകയാണ്. താബിഇകളില്‍ പ്രമുഖിയായ ഹഫ്‌സഃ ബിന്‍ത് സീരീന്‍ പറയുന്നു: നോമ്പ് ഒരു പരിചയാണ്. നോമ്പുകാരന്‍ അതിന് തുളവീഴ്ത്തുന്നില്ലെങ്കില്‍. പരദൂഷണം അതിന് തുളവീഴ്ത്തും. ഇബ്‌റാഹീം നഗഈ പറയുന്നു: അവര്‍ പറയാറുണ്ടായിരുന്നു, കളവ് നോമ്പിനെ മുറിക്കുമെന്ന്. മൈമൂന്‍ ബിന്‍ മഹ്‌റാന്‍ പറയുന്നു: ഏറ്റവും താഴ്ന്നപടിയിലുള്ള നോമ്പ് അന്നപാനീയങ്ങള്‍ വെടിയുന്നതാണ്.

അതുകൊണ്ട് തന്നെ തെറ്റുകുറ്റങ്ങള്‍ നോമ്പിനെ മുറിക്കുമെന്ന് പൂര്‍വികരില്‍ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരു നോമ്പുകാരന്‍ തന്റെ നാവു കൊണ്ട് ഏഷണി, പരദൂഷണം, കളവ് പോലുള്ള തെറ്റുകളിലേര്‍പ്പെടുകയോ കാതുകള്‍ കൊണ്ട് അനാവശ്യവും അശ്ലീലവും കേള്‍ക്കുകയോ കണ്ണുകളാല്‍ അന്യസ്ത്രീകളുടെ സൗന്ദര്യത്തിലേക്കും രഹസ്യഭാഗങ്ങളിലേക്കും വികാരത്തോടെ കണ്ണയക്കുകയോ കൈകളാല്‍ മനുഷ്യരെയോ മൃഗങ്ങളെയോ അന്യായമായി വേദനിപ്പിക്കുകയോ തനിക്ക് ഹിതകരമല്ലാത്തത് എടുക്കുകയോ, കാലുകള്‍ കൊണ്ട് തെറ്റിലേക്ക് നടക്കുകയോ പോലുള്ള നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അയാള്‍ നോമ്പുകാരനല്ലാതായി മാറുന്നു.

ആമാശയവും ലൈംഗികാവയവും

ഒരാളുടെ ആമാശയവും ലൈംഗികാവയവും എങ്ങനെയാണോ നോമ്പിനെ ദുര്‍ബലപ്പെടുത്തുന്നത് അതുപോലെ അയാളുടെ നാവും ചെവിയും കണ്ണും കൈകാലുകളും നോമ്പിനെ ദുര്‍ബലപ്പെടുത്തും. തെറ്റുകള്‍ നോമ്പിനെ ദുര്‍ബലപ്പെടുത്തുമെന്നും നോമ്പെടുത്ത് തെറ്റ് ചെയ്തയാള്‍ ആ നോമ്പ് നോറ്റുവീട്ടണമെന്നും പൂര്‍വികരില്‍ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത് ഇതിന്റെ അടിസ്ഥാനത്തിലാണ്. സഹാബികളില്‍ നിന്നും താബിഇകളില്‍ നിന്നും ഉദ്ധരിക്കപ്പെട്ടുവന്ന റിപോര്‍ട്ടുകളുടെ ബാഹ്യാര്‍ഥം അതാണ് വ്യക്തമാക്കുന്നത്. ഇമാം ഔസാഈ ഈ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളയാളാണ്. ഇബ്‌നു ഹസം അള്ളാഹിരി ഈ അഭിപ്രായത്തെയാണ് പരിഗണിക്കുന്നത്.

തെറ്റുകളുടെ വലുപ്പചെറുപ്പമനുസരിച്ച് ചെയ്യുന്നയാളെയത് ബാധിക്കുമെങ്കിലും തെറ്റുകള്‍ നോമ്പിനെ ദുര്‍ബലപ്പെടുത്തില്ലെന്നാണ് എന്നാല്‍ ഭൂരിപക്ഷം പണ്ഡിതന്‍മാര്‍ പറയുന്നത്. കാരണം അല്ലാഹു പാപസുരക്ഷിതത്വം നല്‍കിയിട്ടുള്ളവരില്‍ നിന്ന് മാത്രമേ വീഴ്ച്ചകള്‍ സംഭവിക്കാതിരിക്കൂ. വിശേഷിച്ചും നാവിന്റെ പാപങ്ങള്‍. ഇമാം അഹ്മദ് പറയുന്നു: പരദൂഷണം നോമ്പു മുറിക്കുമായിരുന്നെങ്കില്‍ നമുക്ക് നോമ്പുണ്ടാകുമായിരുന്നില്ല! ജീവിതത്തില്‍ വളരെയേറെ സൂക്ഷ്മത പുലര്‍ത്തിയിരുന്ന ഇമാം അഹ്മദാണിത് പറയുന്നത്. അപ്പോള്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും? അന്നപാനീയങ്ങള്‍ നോമ്പ ദുര്‍ബലപ്പെടുത്തുന്നത് പോലെ തെറ്റുകള്‍ നോമ്പിനെ ദുര്‍ബലപ്പെടുത്തില്ലെന്നാണ് ഈ പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ നോമ്പിന്റെ പ്രതിഫലത്തില്‍ അത് കുറവു വരുത്തുമെന്ന് അവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

യഥാര്‍ഥത്തില്‍ ഇത്തരത്തിലുള്ള നഷ്ടം നിസ്സാരമായ ഒന്നല്ല. ബുദ്ധിശൂന്യരല്ലാതെ അതിനെ നിസ്സാരമായി കാണുകയില്ല. വികാരങ്ങളെ മാറ്റിവെച്ച് അന്നപാനീയങ്ങളുപേക്ഷിച്ച ഒരാളുടെ നന്മകള്‍ കണക്കു കൂട്ടുമ്പോള്‍ ലഭിക്കുന്നത് പൂജ്യമാണെങ്കില്‍ നഷ്ടമല്ലാതെ മറ്റെന്താണത്. ഇമാം അബൂബക്ര്‍ ബിന്‍ അറബി ‘‘ആര്‍ കള്ളവും തദനുസാരമുള്ള പ്രവൃത്തിയും ഉപേക്ഷിക്കുന്നില്ലയോ, അവന്‍ അന്നപാനീയങ്ങള്‍ ഒഴിവാക്കുന്നതില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല.” എന്ന ഹദീസിനെ വിശദീകരിച്ചു കൊണ്ട് പറയുന്നു: മേല്‍പറയപ്പെട്ട കാര്യങ്ങള്‍ ചെയ്തവര്‍ക്ക് അവരുടെ നോമ്പിന്റെ പ്രതിഫലം ലഭിക്കില്ലെന്നാണ് ഈ ഹദീസിന്റെ തേട്ടം. അവന്‍ ചെയ്ത തെറ്റുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ അവന്റെ നോമ്പിന്റെ പ്രതിഫലം ഒന്നുമുണ്ടാകില്ല.

ബൈദാവി പറയുന്നു: വിശപ്പും ദാഹവും കൊണ്ട് മാത്രം നോമ്പ് സാധുവാകുകയില്ല. മറിച്ച് വികാരങ്ങളെ അതിജയിക്കുകയും തിന്മക്ക് പ്രേരിപ്പിക്കുന്ന മനസ്സിനെ ശാന്തമായ മനസ്സിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുകയും ചെയ്യേണ്ടതുണ്ട്. അങ്ങനെയാവുന്നില്ലെങ്കില്‍ സ്വീകാര്യമായ രീതിയില്‍ അല്ലാഹു അവനിലേക്ക് നോക്കുകയില്ല. ‘അല്ലാഹുവിന് ആവശ്യമില്ല’ എന്നതിന്റെ ഉദ്ദേശ്യം അല്ലാഹു സ്വീകരിക്കില്ലെന്നാണെന്നും അദ്ദേഹം പറയുന്നു.

പതിനൊന്ന് മാസക്കാലത്തെ തെറ്റുകളില്‍ നിന്നും ശുദ്ധമാവാനുള്ള സവിശേഷമായ അവസരമാണ് റമദാന്‍. വിശ്വാസത്തോടെയും പ്രതിഫലം കാംക്ഷിച്ചും നോമ്പെടുക്കുന്നവന്റെ പാപങ്ങളെല്ലാം പൊറുക്കപ്പെടും, വിശിഷ്യാ പൊതുവേ സംഭവിക്കാറുള്ള ചെറിയ വീഴ്ച്ചകള്‍. അത് ചെയ്യുന്നവര്‍ വളരെ നിസ്സാരമായിട്ടാണ് അവയെ കാണുന്നതെങ്കിലും ഒരാളുടെ നാശത്തിന് അവ തന്നെ മതിയായതാണ്.

പ്രവാചകന്‍(സ) പറഞ്ഞു: ”അഞ്ചുനേരത്തെ നമസ്‌കാരങ്ങള്‍, ഒരു ജുമുഅ മുതല്‍ അടുത്ത ജുമുഅ വരെയും ഒരു റമദാന്‍ മുതല്‍ അടുത്ത റമദാന്‍ വരെയും വന്‍പാപങ്ങള്‍ ഉപേക്ഷിക്കുന്നുവെങ്കില്‍ അവക്കിടയിലെ ദോഷങ്ങള്‍ക്ക് പരിഹാരമാകുന്നു.” മറ്റൊരു സന്ദര്‍ഭത്തില്‍ നബി(സ) പറഞ്ഞു: റമദാനില്‍ വിശ്വാസത്തോടും പ്രതിഫലേച്ഛയോടും ഒരാള്‍ നോമ്പെടുത്താല്‍ അവന്റെ മുന്‍കാല പാപങ്ങള്‍ പൊറുക്കപ്പെട്ടു.”

മാത്രമല്ല, ‘റമദാന്‍ ലഭിച്ചിട്ടും തന്റെ പാപങ്ങള്‍ പൊറുക്കപ്പെടാത്തവനെ അല്ലാഹു അകറ്റട്ടെ’യെന്ന പ്രവാചകന്‍ തിരുമേനി ആമീന്‍ ചൊല്ലിയ, ജിബ്‌രീല്‍(അ)ന്റെ പ്രാര്‍ഥനയില്‍ അകപ്പെടുന്നവരായി മാറുകയും ചെയ്യാം.

Related Post