അന്ത്യനാള്‍ അടുക്കുമ്പോള്‍ എന്റെ സമൂഹം എഴുപത്തിമൂന്നില്പരം വിഭാഗമായി വേര്‍തിരിയുമെന്നും അതില്‍ ഒരു വിഭാഗം മാത്രം സ്വര്ഗത്തിന് അര്‍ഹരാകുമെന്നും ന
ബി(സ) പറഞ്ഞിട്ടുള്ളതായി വായിച്ചിട്ടുണ്ട്. ഈ ഒരു വിഭാഗം തങ്ങളാണെന്ന് മുസ് ലിം സമൂഹത്തിലെ ചില വിഭാഗങ്ങള്‍ അവകാശപ്പെടുമ്പോള്‍ പരിമിതജ്ഞാനമുള്ള സാധാരണക്കാരായ ജനങ്ങള്‍ ഏ
താണ് തെരഞ്ഞെടുക്കേണ്ടത് ?
‘ഇസ്രായേല്‍മക്കള്‍ എഴുപത്തിരണ്ട് വിഭാഗങ്ങളായി പിളര്‍ന്നു. എന്റെ സമുദായം എഴുപത്തിമൂന്ന് വിഭാഗങ്ങളായി പിളരും. അവരെല്ലാം നരകത്തിലായിരിക്കും ഒന്നൊഴികെ’ എന്ന് നബി(സ) അരുള്‍ ചെയ്തു. അതുകേട്ട ശിഷ്യന്മാര് ചോദിച്ചു: ‘രക്ഷപ്പെടുന്ന വിഭാഗം ഏതാണ് പ്രവാചകരേ?’ തിരുമേനി പ്രതിവചിച്ചു: ‘ഞാനും എന്റെ സ്വഹാബികളും ഏതുമാര്‍ഗത്തില്‍ ചലിക്കുന്നുവോ ആ മാര്‍ഗത്തില്‍ ചലിക്കുന്നവന്‍’ ഇങ്ങനെയൊരു ഹദീസ് പാഠഭേദങ്ങളോടെ- ചിലപ്പോള്‍ വൈരുധ്യങ്ങളോടെയും-ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. തദടിസ്ഥാനത്തില്‍ കഴിഞ്ഞ കാലങ്ങളിലും ഇക്കാലത്തും പല മുസ് ലിം വിഭാഗങ്ങളും തങ്ങളല്ലാത്തവരെയൊക്കെ നരകാവകാശികളാക്കാന് കിണഞ്ഞുശ്രമിച്ചിട്ടുമുണ്ട്. എന്നാല്‍ ഈ ‘ഹദീസി’ലെത്തന്നെ നിവേദകപരമ്പരയിലെ ദൗര്‍ബല്യങ്ങള്‍ മൂലവും ഉള്ളടക്കം വീക്ഷിച്ചാലും അസ്വീകാര്യമാണെന്ന അഭിപ്രായക്കാരാണ് ഡോ. യൂസുഫുല്‍ ഖറദാവിയെപ്പോലുളള ആധുനിക പണ്ഡിതന്മാര്. ഇസ്രായേല്യരുടെ മൗലികമായ പിളര്‍പ്പും ശൈഥില്യവും വിശുദ്ധഖുര്‍ആന്‍തന്നെ സോദാഹരണം വ്യക്തമാക്കിയതാണ്. അവര്‍ യഹൂദരും ക്രിസ്ത്യാനികളുമായി പിരിഞ്ഞതോടെ വേദഗ്രന്ഥങ്ങള്‍പോലും പലതായി. യഹൂദരും ക്രൈസ്തവരും പരസ്പരം പൂര്‍ണമായി വേര്‍പെട്ട ഒട്ടേറെ അവാന്തരവിഭാഗങ്ങളായി വീണ്ടും പിളര്‍ന്നു. അത്രത്തോളം ആഴത്തിലും വ്യാപ്തിയിലുമുള്ള പിളര്‍പ്പ് മുസ് ലിം സമൂഹങ്ങളില്‍ ഉണ്ടായിട്ടില്ലെന്നും എല്ലാവരും താത്വികമായി വിശുദ്ധഖുര്‍ആനെ അംഗീകരിക്കുന്നതാണ് അതിന് കാരണമെന്നും ആധുനികപണ്ഡിതന്മാര് ചൂണ്ടിക്കാട്ടുന്നു.
പ്രസ്തുത ഹദീസ് ശരിയും സ്വീകാര്യവുമാണെന്ന് വെച്ചാല്തന്നെയും അതിന്റെ പേരിലുള്ള വിവാദങ്ങള്‍ക്കും മുതലെടുപ്പിനും ഒരു ന്യായവുമില്ലെന്നതാണ് വാസ്തവം. നബി(സ) നരകാവകാശികളായ എഴുപത്തിരണ്ട് വിഭാഗങ്ങളെയോ സ്വര്‍ഗാവകാശികളായ ഏകവിഭാഗത്തെയോ പേരെടുത്ത് പറഞ്ഞിട്ടില്ല. പകരം, തന്റെയും ശിഷ്യന്മാരുടെയും നേര്‍വഴി പിന്‍പറ്റുന്നവരൊക്കെ സ്വര്‍ഗാവകാശികളും അല്ലാത്തവരൊക്കെയും നരകാവകാശികളുമാണെന്ന് താത്ത്വികമായി ചൂണ്ടിക്കാട്ടുകമാത്രമാണ് ചെയ്തത്. വിശുദ്ധഖുര്‍ആനും തിരുസുന്നത്തും പൂര്‍ണമായി അംഗീകരിച്ചുജീവിക്കുന്നവര് ആരായാലുംനേര്വഴി പ്രാപിച്ചവരും അവ രണ്ടിനെയും പൂര്‍ണമായോ ഭാഗികമായോ നിരാകരിച്ചവര്‍ ആരായാലും വഴിതെറ്റിയവരും ആണെന്നാണ് ഇതിനര്‍ഥം. അതാരാണെന്ന കാര്യത്തില്‍ സ്വാഭാവികമായും ഭിന്നവീക്ഷണങ്ങളുണ്ടാകും. എങ്കിലും ഇസ് ലാമിന്റെ മൗലികപ്രമാണങ്ങളെ അംഗീകരിക്കുന്ന ആരെയും കാഫിറുകളും നരകവാസികളുമായി പ്രഖ്യാപിക്കാന്‍, നബി(സ) ആര്‍ക്കും അധികാരമോ അവകാശമോ നല്‍കിയിട്ടില്ല.
(അവലംബം: ഇസ് ലാം, ഇസ് ലാമികപ്രസ്ഥാനം: ചോദ്യങ്ങള്‍ക്ക് മറുപടി. ഒ. അബ്ദുര്‍ഹ്മാന്‍)
|