ഇനി ഒരു പ്രവാചകന് വരില്ല ഒരു വേദഗ്രന്ഥവും
മനുഷ്യനോടൊപ്പം അവന്റെ സന്മാര്ഗവും നല്‍കിയാണു അള്ളാഹു അവനെ ഭൂമിയിലേക്ക് അയച്ചത്. സന്മാര്ഗം മറന്നു പോകുന്ന മനുഷ്യരെ ഓര്‍മ്മപ്പെടുത്താന്‍ സമയാസമയങ്ങളില്‍ പ്രവാചകര്‍ വന്നുകൊണ്ടി രുന്നു. അവസാന പ്രവാചകന് സന്മാര്ഗത്തിന്റെ അവസാന ദൈവിക സന്ദേശവും മനുഷ്യന് നല്കി യാത്ര പറഞ്ഞു.
അപ്പോള്‍ ഇനി സമൂഹങ്ങളെ ഓര്‍മ്മപ്പെടുത്താന്‍ ഒരു പ്രവാചകന് വരില്ല ഒരു വേദഗ്രന്ഥവും. അതിനു പകരം മറ്റൊരു കാര്യം അല്ലാഹു നിശ്ചയിച്ചു. അതാണു റമദാന്. ആ മാസം മറ്റു മാസങ്ങളില്‍ നിന്നും ഭിന്നമാകുന്നത് ആ മാസത്തില്‍ ഖുര്‍ആന്‍ അവതരണം ആരംഭിച്ചു എന്നതിനാലാണ്. ആ മാസം നമുക്ക് മറന്നു പോകാന്‍ ഇടയുള്ള സന്മാര്ഗത്തെ ഓര്‍മ്മിപ്പിക്കും.
സന്മാര്ഗം എന്ന വലിയ അനുഗ്രഹത്തിന് നന്ദി സൂചകമായി വിശ്വാസികള്‍ ആ മാസം മുഴുവന്‍ വ്രതം അനുഷ്ടിക്കുന്നു. കൂടുതല്‍ അല്ലാഹുവിന്റെ മുന്നില്‍ സുജൂദ് ചെയ്യുന്നു. ആ മാസം വിശുദ്ധ ഖുര്‍ആനുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നു.
ഒരു പുതിയ മനുഷ്യനായി മാറാനുള്ള പരിശീലനമാണ് റമദാന്. തന്റെ അടിമകളോട് സ്രഷ്ടാവ് കൂടുതല്‍ കരുണ കാണിക്കുന്ന മാസം. അതില്‍ കര്‍മങ്ങള്‍ക്ക് ഇരട്ടിയിരട്ടിയായി പ്രതിഫലം നല്‍കും. പാപമോചനത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നു വെക്കും.
തിന്മയുടെ വാതിലുകള്‍ കൊട്ടിയടക്കും. നാം അധ്വാനിക്കുന്നത് അര ചാണ് വയറിനു വേണ്ടി എന്നെങ്കിലും വിശപ്പും ദാഹവും സ്വയം സഹിച്ചു അല്ലാഹുവിന്റെ കല്പനകള് വിശ്വാസികള്‍ ശിരസാ വഹിക്കും.
മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ റമദാന് നമ്മുടെ അടുത്ത് വരുന്ന അല്ലാഹുവിന്റെ അതിഥിയാണ്. മാന്യമായി അതിഥിയെ സ്വീകരിക്കുക പരിചരിക്കുക യാത്രയാക്കുക എന്നത് ആതിഥേയന്റെ ചുമതലയാണ്.
ആ അതിഥി ആതിഥേയനെ കുറിച്ച് രക്ഷിതാവിന്റെ അരികില്‍ സാക്ഷ്യം നില്ക്കും. വിശ്വാസി ലോകം ആ അതിഥിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. നാമറിയാതെ അതിഥി വരാനും പോകാനും പാടില്ല.
ആ അതിഥിയെ പരിചരിച്ചു ഒരു മാസം നാം കൂടെ ഉണ്ടാകണം. പിന്നീടുള്ള മാസങ്ങള്‍ ആ അതിഥി നല്കിയ ഊര്‍ജവും കരുത്തും നമ്മെ നയിക്കണം. മനുഷ്യ ഗുണങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ് മറ്റൊരു രീതിയില്‍ റമദാന് ചെയ്യുന്നത്.
മോശം വാക്കും പ്രവര്‍ത്തിയും ഉപേക്ഷിക്കുക എന്നതാണു നോമ്പ് സ്വീകരിക്കപ്പെടാന്‍ ഒന്നാമത്തെ നിബന്ധന. പ്രവാചകന് ഈ മാസത്തില്‍ കൂടുതല്‍ ദാനം ചെയ്തിരുന്നു. അപ്പോള്‍ വിശ്വാസികളും അത് പിന്തുടരും.
വിശപ്പിന്റെയും ദാഹത്തിന്റെയും വിലയറിയാന്‍ നോമ്പ് ഒരു കാരണമാണ്. ലോകത്ത് പട്ടിണിയുടെയും കഷ്ടപ്പാടിന്റെയും മുന്നില്‍ പകച്ചു നില്ക്കുന്ന കോടിക്കണക്കിനു മനുഷ്യരെ ഓര്‍ക്കാന്‍ അത് കാരണമാകണം.
. മനുഷ്യന്റെ വികാരങ്ങളെ പിടിച്ചു നിര്‍ത്താന്‍ മാത്രം ശക്തമാകണം നമ്മുടെ നോമ്പ്.
നോമ്പ് ഒരു പരിചയാണ്. തിന്മകളോട് പൊരുതി നില്‍ക്കാനുള്ള പരിച. ഞാന്‍ നോമ്പുകാരനാണ് എന്ന തിരിച്ചറിവ് എല്ലായ്പ്പോഴും ഒപ്പമുണ്ടാകണം. കേവലം ‘നിയ്യത്തില്‍’ അത് അവസാനിക്കരുത്. മനുഷ്യന്റെ വികാരങ്ങളെ പിടിച്ചു നിര്‍ത്താന്‍ മാത്രം ശക്തമാകണം നമ്മുടെ നോമ്പ്.
ആയിരം മാസത്തെ പുണ്യം പ്രതീക്ഷിച്ച് ഒരു രാവിനെ വിശ്വാസികള്‍ കാത്തിരിക്കുന്നു. അന്ന് മഹാന്മാരായ പ്രവാചകരുടെ അടുത്തേക്ക് ദൈവിക സന്ദേശവുമായി പോയ മലക്ക് ജിബ്രീല്‍ ഭൂമിയിലേക്ക് വരുന്ന ദിനമാണ്.
എപ്പോള്‍ വരുമെന്ന് ആര്‍ക്കുമറിയില്ല പക്ഷെ വരുമെന്നറിയാം. ആ രാത്രിയെ റമദാന് ഒന്ന് മുതല്‍ പ്രതീക്ഷിക്കണം. അവസാനം വരെ. എപ്പോള്‍ വന്നാലും ആയിരം മാസത്തെ പുണ്യം കരസ്ഥമാക്കാന്‍ ഞാന്‍ ഒരുക്കമാണെന്ന ഉറച്ച നിലപാടിലാകണം വിശ്വാസികള്‍.
ഖുര്‍ആനിന്റെ മാസമാണ് റമദാന്. ഖുര്‍ആന്‍ പഠന പാരായണത്തിന് എത്ര സമയം നാം ചിലവഴിക്കുന്നു എന്നത് കൂടി പരിശോധിക്കണം. ഖുര്‍ആന്‍ കേവലം പാരായണമല്ല. അത് നടപ്പാക്കാനുള്ളതാണ്
. അതെത്ര നടപ്പാക്കി എന്നതാണ് ഓരോരുത്തരുടെയും പരലോക വിജയം. ഈ ലോകം പരീക്ഷയുടെ സ്ഥലമാണ്. പരീക്ഷയുടെ പാഠമാണ് ഖുര്‍ആന്‍. പക്ഷെ നമ്മില്‍ അധികവും പുസ്തകം വായിക്കാതെ പരീക്ഷ എഴുതാനുള്ള പുറപ്പാടിലാണ്. ‘ഈ ജനം എന്നെ അവഗണിച്ചു’ എന്ന് ഖുര്‍ആന്‍ വിളിച്ചു പറയുന്ന ഒരു ദിനത്തെ നാം ഭയക്കണം. ആ ഭയമാണ് ഈ മാസം നമുക്ക് കൂടുതല്‍ നല്‍കേണ്ടത്.
സ്വര്‍ഗത്തിലേക്കുള്ള ഏകവാതില്‍ ത്യാഗമാണ്.
റമദാന് വിശ്വാസിക്ക് ഓജസ്സും തേജസ്സും നല്കുന്ന മാസമാണ്. അത് ഉറങ്ങി തീര്‍ക്കേണ്ട ഒന്നല്ല. അതിന്റെ രാവുകള്‍ സജീവമാകേണ്ടത് ദൈവസ്മര ണ കൊണ്ടാകണം. ആ മാസത്തിലാണ് നന്മയും തിന്മയും തമ്മില്‍ ബദറില്‍ ഏറ്റുമുട്ടിയത്.
ഒരുപാട് ചരിത്ര സംഭവങ്ങള്‍ക്ക് ഈ മാസം സാക്ഷ്യം വഹി ച്ചു. കാരണം അവര്‍ക്ക് റമദാന് നല്‍കിയത് ഊര്‍ജവും ആവേശവുമാണ്. പകല്‍ സമയത്തെ ഭക്ഷണം രാത്രി സമയത്ത് പകരം വീട്ടുന്ന അവസ്ഥ പാടില്ല. അത്താഴം നോമ്പിന്റെ ഒരുക്കത്തിന്റെ ഭാഗമാണ്. അതില്‍ പുണ്യമുണ്ട് എന്നാണു പ്രവാചക വചനം.
രാത്രി നമസ്കാരത്തിന്റെ എണ്ണത്തെ കുറിച്ച് പ്രവാചകന് ഒന്നും പറഞ്ഞില്ല. പക്ഷെ അതിന്റെ വണ്ണത്തെ കുറിച്ച് പറഞ്ഞു. പക്ഷെ എണ്ണത്തെ കുറിച്ച് തര്‍ക്കിച്ചു സമയം കളയാന്‍ ഇടവരരുത്. അനാവശ്യ തര്‍ക്കം മാറ്റിവെക്കേണ്ട മാസമാണ് റമദാന്.
നോമ്പ് ഭക്ഷണത്തിനും പാനീയത്തിനും മാത്രമല്ല. അത് മനസ്സിനും ബുദ്ധിക്കും കൂടി ബാധകമാണ്. മനസ്സും ശരീരവും ഒന്നിച്ചു അനുഷ്ടിച്ചാല്‍ മാത്രമാണ് നോമ്പ് പൂര്‍ണമാകുക.
മരുന്ന് കഴിക്കുമ്പോഴല്ല കഴിച്ചതിനു ശേഷം എങ്ങിനെ എന്നതാണ് രോഗത്തിന്റെ അവസ്ഥ മനസ്സിലാക്കാന്‍ നല്ലത്. റമദാനിനു ശേഷം തന്റെ ജീവിതം എങ്ങിനെ എന്ന് സ്വയം പരിശോധിക്കണം. ശഅ്ബാനു ശേഷം റമദാനിലൂടെ കടന്നു പോയ തന്റെ ജീവിതത്തിന് ശവ്വാലിലും മാറ്റം വന്നില്ലെങ്കില്‍ റമദാന് നമ്മില്‍ ഒരു മാറ്റവും വരുത്തിയില്ല എന്നാകും മനസ്സിലാക്കുക.
തന്നെ കുറിച്ച് തന്നേക്കാന്‍ അറിയുന്ന മറ്റൊരാള്‍ അല്ലാഹുവിനെ കൂടാതെ യില്ല എന്നിരിക്കെ തന്റെ ജയവും പരാജയവും സ്വയം തിരിച്ചറിയാനുള്ള മാസം കൂടിയാണ് റമദാന്.
അല്ലാഹുവിന്റെ സൃഷ്ടികളില്‍ വില കൂടിയതു സ്വര്‍ഗമാണ്. അതിനു കൂടുതല്‍ വില നല്‍കണം. സ്വര്‍ഗത്തിലേക്കുള്ള ഏകവാതില്‍ ത്യാഗമാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എത്ര സമയം ചിലവഴിച്ചു എത്ര ധനം ചിലവഴിച്ചു എത്ര കഴിവുകള്‍ ഉപയോഗപ്പെടുത്തി എന്നതിന്റെ ആകെത്തു കയാണ് സ്വര്‍ഗം. നോമ്പുകാരനെ കാത്തിരിക്കുന്ന റയ്യാന്‍ വാതില്‍ അപ്പോഴാണു തുറക്കുക.
പരിശുദ്ധ മാസത്തെ യഥാര്‍ത്ഥ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ അല്ലാഹു നമ്മെ സഹായിക്കട്ടെ. (ആമീന്‍)