ഈ ലോകത്ത് വസിക്കുന്നവരെന്ന നിലക്ക് സാമൂഹ്യ ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും നമുക്ക് മറ്റുള്ളവരോട് പരസ്പരം ഇടപെടേണ്ടതായി വരുന്നു. ഇന്നത്തെ കാലത്ത് ഒരാള്‍ക്കും ഏകാന്തമായി ജീവിക്കാന്‍ സാധ്യമല്ല. നമുക്കായ് ശക്തമായി ശബ്ദമുയര്‍ത്തുന്ന, തന്റെതായ താല്പര്യങ്ങള്ക്കും അവകാശങ്ങല്‍ക്കും വേണ്ടി പൊരുതുന്ന ഒരു ജനതയെ ലോകത്തിനാവശ്യമാണ്. മാത്രമല്ല, വ്യക്തികളെന്ന നിലക്ക് നമ്മുടെ വിശ്വാസം പ്രകടമാവുന്നത് ഇസ്ലാമിനെ സ്വന്തം ജീവിതചര്യയാക്കി മാറ്റുമ്പോഴാണ്. അല്ലാതെ ഇസ്ലാമിനെപ്പറ്റി വാതോരാതെ സംസാരിക്കുമ്പോഴല്ല. ഒരാളില്‍ ഇസ്ലാമിക പ്രകടമാവുന്നു എന്നതു കൊണ്ടുദ്ദേശിക്കുന്നത് വ്യക്തമായ വിദ്യാഭ്യാസം നേടുക, ജോലിനേടുക, സ്വയം തൊഴിലിലേര്പ്പെടുക, നമ്മളുമായി ബന്ധപ്പെട്ടവരോടും അല്ലാത്തവരോടും നല്ലനിലയില്‍ വര്‍ത്തിക്കുക എന്നൊക്കെയാണ്. ജീവിതത്തില്‍ എല്ലാറ്റിനും പരിമിതികള്‍ ഉണ്ട്. ആ പരിമിതികളും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
നമ്മുടെ ചുറ്റും സംഭവിക്കുന്നതിലൊക്കെയും നമ്മുടെ റോള്‍ എന്തെന്ന് നാം മനസ്സിലാക്കുന്നതോടെ നാം ആദ്യത്തെ ചുവടുവെക്കുന്നു. അനീതിയെയും തെറ്റിനെയും നമ്മുടെ കഴിവിന്റെ പരമാവധി ദുരീകരിക്കാന്‍ നാം ബാധ്യസ്ഥരാണ്. ഒരാളില്‍ ദാരിദ്യം കാണുന്നുവെങ്കില്‍ അയാളെ സഹായിക്കാന്‍ നാം തയ്യാറാകണം. അറിവുകേട് കാണുന്നുവെങ്കില്‍ നാം നല്ലത് ഉപദേശിക്കണം. എല്ലാം കൊണ്ടും പരിശുദ്ധവും മാതൃകാപരവുമായ ലോകത്തിലല്ല നാം ജീവിക്കുന്നതെന്നും ഏതുസമയവും പരിഹസിക്കപ്പെടാനും ചോദ്യംചെയ്യപ്പെടാനും സാധ്യതയുണ്ടെന്നും നാം മനസ്സിലാക്കണം. നിര്‍ഭാഗ്യവശാല്‍ ഇത്തരം കാര്യങ്ങള്‍ മുസ്ലിം സമുദായത്തില്‍ തന്നെ കണ്ടുവരുന്നു. പ്രത്യേകിച്ചും സാംസ്കാരികതയും അതോടനുബന്ധിച്ചുള്ള പെരുമാറ്റത്തെയും ചോദ്യംചെയ്യുമ്പോള്‍. അപ്പോള്‍ നാം എന്ത് ചെയ്യണം? ആദ്യം തന്നെ നാം ആരാന്നെന്നും എന്താണ് നാം ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും എന്തിനാണിതൊക്കെ ചെയ്യുന്നതെന്നും സ്വയം മനസ്സിലാക്കുക. രണ്ടാമതായി, എപ്പോഴാണ് നമ്മുടെ പ്രവൃത്തികള്‍ ഫലപ്രദമല്ലാതെ വരിക എന്ന് മനസ്സിലാക്കി വിനീതമായി അവിടെ നിന്നും ഒഴിഞ്ഞുപോവാന്‍ തയ്യാറാവുകയും വേണം. മൂന്നാാമതായി, പിന്നീടൊരു അവസരം ഒത്തുചേര്‍ന്നാല്‍ അത് മുതലാക്കി നമ്മുടെ ഉദ്ദേശ്യത്തിനായി കുതിച്ചുയരാന്‍ സാധിക്കുകയും വേണം.
സര്‍വ്വലോക രക്ഷിതാവിന്റെ കല്പനകള് പാലിക്കുക
ഇക്കാലത്ത് ഒരു മുസ്ലിമായി ജീവിക്കാന്‍ വളരെയധികം മനോധൈര്യവും ഉള്‍ക്കാഴ്ചയും അശ്രാന്തപരിശ്രമവും വേണമെന്നുള്ളത് ഒരു വസ്തുതയാണ്. ചിലപ്പോള്‍ പല കാര്യങ്ങളിലും നാം വിട്ടുവീഴ്ചക്ക് അടിമപ്പെടുകയും അനുരജ്നത്തിന് തയ്യാറാവുകയും ചെയ്യുന്നു. പക്ഷേ യഥാര്‍ഥ ഇസ്ലാമിക വിശ്വാസിയാവട്ടെ അത്തരം കാര്യങ്ങള്‍ തന്റെ വിശ്വാസത്തെ പോറലേല്‍പ്പിക്കാന്‍ സാധ്യതയുള്ളവയാണെന്ന് മനസ്സിലാക്കുകയും അതില്‍ നിന്ന് പിന്തിരിഞ്ഞ് കളയുകയും ചെയ്യുന്നു. എന്നാല്‍ മുസ്ലിംകള് എന്നനിലയില്‍ ചില കാര്യങ്ങളില്‍ ഒരു കാരണവശാലും അനുരജ്നത്തിന് നാം തയ്യാറാവരുത്. ഒരു മുസ്ലിം ഒരിക്കലും കളവ് പറയുകയോ മോഷ്ടിക്കുകയോ മറ്റുള്ളവരെ ഉപദ്രവിക്കുകയോ ഇല്ല. ഒരിക്കലും മറ്റുള്ളവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കരുത്. അഴിമതി കാണിക്കുകയോ അവിഹിതബന്ധം പുലര്‍ത്തുകയോ ഇല്ല. മദ്യവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കില്ല. അല്ലാഹു നിരോധിച്ച ഇത്തരം കാര്യങ്ങള്‍ ഒരുവന് ചെയ്യുന്നതിലൂടെ അവന് അവനെത്തന്നെയാണ് ശിക്ഷിക്കുന്നത്. അല്ലാഹുവിന്റെ നിയമനിര്‍ദ്ദേശങ്ങളെ ലംഘിക്കുന്നതിലൂടെ നാം നമ്മെ തന്നെ ശിക്ഷിക്കുകയാണ്.
മറ്റുള്ളവരുമായി സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ അവരില്‍ ചിലരുടെ സൗഹൃദങ്ങള്‍ നമുക്ക് നല്ലതിനായി കൊള്ളണമെന്നില്ല. കാരണം അവര്‍ തെറ്റായ സ്വാധീനം നമ്മിലുണ്ടാക്കിയേക്കാം. അത്തരം സ്വാധീനങ്ങള്‍ നമ്മുടെ ജീവിതത്തെ ബാധിക്കാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. ഓരോ രാത്രിയും ഉറങ്ങുന്നതിനു മുമ്പ് നാം നമ്മെത്തന്നെ ഒരു ആത്മവിശകലത്തിന് വിധേയമാക്കിയാല്‍ നമ്മില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന നല്ലതും ചീത്തയുമായ മാറ്റങ്ങള്‍ നമുക്ക് മനസ്സിലാക്കിയെടുക്കാം.
നമ്മുടെ ജീവിതത്തിലെ ആത്യന്തികമായ ലക്ഷ്യം സര്‍വ്വലോകരക്ഷിതാവായ അല്ലാഹുവിനോടടുക്കുക എന്നതാണെങ്കില്‍ നമ്മെ അവന്റെ സ്മരണകളില്‍ നിന്ന് വിട്ടു മാറ്റിക്കളയുന്ന ബന്ധങ്ങളില്‍ നിന്ന് നാം മാറിനില്‍ക്കുക തന്നെ വേണം.
യഥാര്‍ത്ഥ ഉപദേശം
ചിലപ്പോഴൊക്കെ നമ്മളുമായി വളരെയധികം ബന്ധപ്പെട്ടവര്‍ – കുടുംബവും സുഹൃത്തുക്കളും നമ്മെ ഉപദേശിക്കുന്നു; ഒരു ആത്മമിത്രത്തിന്റെ ഉപദേശം വളരെ വിലപ്പെട്ടാണ്. കാരണം, അതവന്റെ ഉള്ളില്‍ നിന്നുള്ളതായിരിക്കും. അത്തരം ഉപദേശങ്ങളെ നല്ല മനസ്സോടെ സ്വീകരിക്കാന്‍ നാം പഠിക്കണം. ഇതിനുവേണ്ടി നമ്മുടെ ആഗ്രഹങ്ങളെയും മറ്റും ബലിയര്‍പ്പിക്കേണ്ടി വരും. പലപ്പോഴും ആളുകളുടെ പ്രശംസ പിടിച്ചുപറ്റാനും അവരുടെ ശ്രദ്ധയാകര്ശിക്കാനും നാം ഇഷ്ടപ്പെടുന്നു. നമ്മുടെ മനസ്സില്‍ തെറ്റായി തോന്നുന്ന ചില കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ നമ്മോട് പറഞ്ഞേക്കാം. അപ്പോള്‍ നാം നമ്മോട് തന്നെ ചോദിക്കുക. നാം ആരെയാണ് കൂടുതലായി സ്നേഹിക്കുന്നത്? അല്ലാഹുവിനെയോ അതോ അവരെയോ? നമുക്ക് സഹായം ആവശ്യം വന്നാല്‍ എക്കാലവും നമ്മോടൊപ്പമുണ്ടാവുക ആരാണ്? അല്ലാഹുവോ അതോ അവരോ? നമുക്കിപ്പോള്‍ ഉള്ളതെല്ലാം നല്‍കിയത് ആരാണ്? അല്ലാഹുേേവാ അതോ അവരോ? ഉത്തരങ്ങളെല്ലാം തന്നെ വളരെ വ്യക്തമാണ്. നമ്മുടെ സ്നേഹവും അനുസരണവും അര്‍ഹിക്കുന്നത് അല്ലാഹുമാത്രമാണ്.
മൊഴിമാറ്റം: ഫെബിന് ഫാത്തിമ പി