എഴുതിയത് : ഡോ.യൂസുഫുല്‍ ഖറദാവി |
പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഇസ്ലാം നല്കുന്ന നിര്‍ദേശങ്ങളുടെ സത്തയുംസാരവും പരിഗണിക്കുമ്പോള്‍ ഹിമായഃ (സംരക്ഷണം) എന്നതിനേക്കാള്‍ രിആയഃ (പരിപാലനം, ശുശ്രൂഷ) എന്ന് പ്രയോഗിക്കുന്നതാവും കൂടുതല്‍ ഉചിതം. ശിശു പരിപാലനം, മാതൃത്വ പരിപാലനം, കുടുംബ പരിപാലനം എന്നൊക്കെ പ്രയോഗിക്കുന്നതുപോലെ. ‘പരിസ്ഥിതി സംരക്ഷണം’ എന്നതിന്റെ വിവക്ഷ പരിസ്ഥിതിയെ ദുഷിപ്പിക്കുകയോ മലിനപ്പെടുത്തുകയോ ചെയ്യാതെ സംരക്ഷിക്കുക എന്നാണെങ്കില്‍, പരിസ്ഥിതിയെ കൂടുതല്‍ മെച്ചപ്പെടുത്തുകയും പോഷിപ്പിക്കുകയും പ്രതീക്ഷിത ലക്ഷ്യത്തിലേക്കെത്തിക്കുകയും അതിനെ അപകടപ്പെടുത്തുന്ന ദൂഷണത്തിന്റെയും മലിനീകരണത്തിന്റെയും എല്ലാതരം പ്രവണതകളെയും പ്രതിരോധിക്കുകയുമാണ് പരിസ്ഥിതി പരിപാലനം കൊണ്ട് വിവക്ഷിക്കുന്നത്. അല്ലാഹുവിന്റെ സൃഷ്ടിയായ പ്രകൃതിക്ക് രണ്ട് മൗലിക സവിശേഷതകളുണ്ട്. ഒന്ന്: അത് മനുഷ്യ നന്മയും സേവയും ലക്ഷ്യം വെച്ചാണ് സംവിധാനിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ ആദി മാതാപിതാക്കളായ ആദമും ഹവ്വായും ഭൂമിയിലേക്കിറങ്ങുന്നതിനു മുമ്പ് സ്വര്‍ഗത്തിലായിരുന്നപ്പോള്‍ ഒരു വിധ അധ്വാനവുമില്ലാതെ അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കപ്പെട്ടിരുന്നു. ‘ആദമേ, ശ്രദ്ധിച്ചുകൊള്ളുക താങ്കളുടെയും പത്നിയുടെയും ശത്രുവാണിവന്‍ (പിശാച്). ഇവന് നിങ്ങളെ സ്വര്‍ഗത്തില്‍ നിന്നു പുറത്താക്കാനും അങ്ങനെ നിങ്ങള്‍ ദുര്ഭഗനായിത്തീരാനും ഇടയാകാതിരിക്കട്ടെ. ഇവിടെ താങ്കള്‍ക്കു വിശപ്പറിയാതെയും നഗ്നനാവാതെയും കഴിഞ്ഞുകൂടാനുള്ള സൗകര്യമുണ്ട്. ഇവിടെ താങ്കളെ ദാഹവും താപവും പീഡിപ്പിക്കുന്നുമില്ല. (ത്വാഹഃ 117-119). പക്ഷെ, അവര്‍ സ്വര്‍ഗത്തില്‍നിന്നു ബഹിഷ്കൃതരായി ഭൂമിയിലെത്തി. അവിടെ അവര്‍ക്കു അധ്വാനിക്കേണ്ടിവന്നു. (അല്‍ ഹിജ്റ്: 19,20, അല്‍ അഅ്റാഫ്:10, ഫുസ്സിലത്ത്:10) കാര്‍ഷികാവശ്യത്തിനു പറ്റിയവിധം സൃഷ്ടിക്കപ്പെട്ട ഭൂമിയും ജീവന്റെ അടിത്തറയായ ജലവും സൂര്യചന്ദ്രന്മാരുമെല്ലാം മൊത്തം പരിസ്ഥിതിയെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകങ്ങളാണ്. (അല്‍ അമ്പിയാഅ്:30, അല്‍ഫുര്‍ഖാന്‍ 48,49, ഇബ്റാഹീം 32,33). രണ്ട്: പരിസ്ഥിതിയിലെ വ്യത്യസ്ത ഘടകങ്ങള്‍ പരസ്പരം സഹകരിച്ചാണ് നിലകൊള്ളുന്നതും പ്രവര്‍ത്തിക്കുന്നതും. ഉദാഹരണമായി, സൂര്യന്റെ താപവും പ്രകാശവും ചന്ദ്രന്റെ ഫലമായുണ്ടാകുന്ന വേലിയേറ്റവും വേലിയിറക്കവുമെല്ലാം അന്തിമ വിശകലനത്തില്‍ മനുഷ്യര്‍ക്കുള്ള സേവനത്തിന്റെ ഭാഗമാണ്. ഇബ്റാഹീം 33ല്‍ ‘ലകും’ (നിങ്ങള്‍ക്കുവേണ്ടി) എന്ന പദം രണ്ടുതവണ ഉപയോഗിച്ചതില്‍ നിന്ന്, മനുഷ്യരെ ലക്ഷ്യമാക്കിയാണ് ഈ പ്രാപഞ്ചിക പ്രതിഭാസങ്ങളെന്ന് സിദ്ധിക്കുന്നു. (യൂനുസ്:5, അല്‍ അഅ്റാഫ്: 24കാണുക) ഈ അനുഗ്രഹങ്ങളെക്കുറിച്ച് നൂഹ് നബി തന്റെ ജനതയെ ഉല്ബോധിച്ചിട്ടുണ്ട്. (നൂഹ്:15-20) അന്നാസിആത്ത് 30-32ലും അല്‍ അമ്പിയാഅ് 30,31 ലും അല്ലാഹു മനുഷ്യര്‍ക്ക് നല്കിയ അനുഗ്രഹങ്ങള്‍ എടുത്തു പറയുന്നുണ്ട്. അല്‍ ഹിജ്ര്:19-21 ലും ഇതേ ആശയം ഊന്നിപ്പറയുന്നുണ്ട്. അല്‍ ജാഥിയ:12,13 അല്‍ ഫുര്‍ഖാന്‍ 53, അബസ 24-32 സൂക്തങ്ങള്‍ പ്രകൃതിയിലെ വസ്തുക്കള്‍ സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. പരിസ്ഥിതിയിലെ ഓരോ ഘടകത്തിനും ജീവലോകത്ത് ഏതൊരു ധര്‍മ്മമാണോ നിര്‍വ്വഹിക്കാനുള്ളത്, അത് സാധ്യമാകത്തക്ക വിധം, മറ്റുള്ളവയാല്‍ അതിക്രമിക്കപ്പെടാതെയും മറ്റുള്ളവയെ അക്രമിക്കാതെയും മറ്റുവള്ളവയ്ക്ക് കൊടുത്തും മറ്റുള്ളവയില്‍ നിന്ന് സ്വീകരിച്ചും മുന്നോട്ട് പോകാന്‍ പ്രകൃതിയെ നാം സഹായിക്കേണ്ടതുണ്ട്. ‘സകാത്ത് നിഷേധി അന്ത്യനാളില്‍ നരകത്തിലായിരിക്കും’ എന്ന നബി വചനം വിശദീകരിച്ചുകൊണ്ട് ‘ഫൈദുല്‍ ഖദീറി’ല്‍ അല്ലാമഃ മനാവി എഴുതുന്നു. ‘സകാത്ത് കൊടുക്കാനായി ലോകത്തെ എല്ലാ വസ്തുക്കളും അല്ലാഹുവിന് അനുസരണയോടെ തയ്യാറായി നില്‍ക്കുകയാണ്. ഭൂമിയും സസ്യങ്ങളും മൃഗങ്ങളും ആകാശങ്ങളുമെല്ലാം ഈ വിഷയത്തില്‍ പരസ്പരം സഹകരിക്കുന്നു. സകാത്ത് നിഷേധികള്‍ സകല പ്രകൃതി വസ്തുക്കളോടും കലഹിക്കുകയാണ് ചെയ്യുന്നത്. ആയതിനാല്‍, അവരോട് പൊരുതല്‍ നിര്‍ബന്ധമാണ്. 1 – പരിസ്ഥിതി സംരക്ഷണത്തിന്റെ ശര്‍ഈ അടിത്തറ പരിസ്ഥിതി സംരക്ഷണം ഇസ്ലാമിക വിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗം തന്നെയാണ്. അത് പാശ്ചാത്യര്‍ കണ്ടുപിടിച്ചതൊന്നുമല്ല. ഇസ്ലാമിക വിശ്വാസപ്രകാരം, പ്രകൃതിയിലെ ജീവ നിര്‍ജീവ വസ്തുക്കളെല്ലാം തന്നെ അല്ലാഹുവെ പ്രണമിക്കുന്നവയും പ്രകീര്‍ത്തിക്കുന്നവയുമാണ്. മനുഷ്യരെ പോലെ അവയും അല്ലാഹുവിന്റെ സൃഷ്ടികളാണ്. (അന്നഹ്ല്: 3-8, അര്‍റഅ്ദ്: 15, അന്നഹ്ല്:48,49, അല്‍ ഹശ്ര്:1, അത്തഗാബുന്‍:1, അല്‍ ഇസ്റാഅ്:44) അതേ സമയം, ചില സവിശേഷതകള്‍ കാരണമായി അല്ലാഹു മനുഷ്യനെ ഭൂമിയിലെ തന്റെ പ്രതിനിധിയായി തെരെഞ്ഞെടുത്തിരിക്കുന്നു (അല്‍ അഹ്സാബ്: 72). ഇമാം റാഗിബ് അസ്വ്ഫഹാനി, മനുഷ്യര്‍ക്ക് മൂന്നു ദൗത്യങ്ങളാണ് നിര്‍വഹിക്കാനുള്ളതെന്ന് അഭിപ്രായപ്പെടുന്നു. (1) അല്ലാഹുവിന്നുള്ള ഇബാദത്ത് (അദ്ദാരിയാത്ത്:56) (2) ഭൂമിയില്‍ അല്ലാഹുവിന്റെ പ്രാതിനിധ്യം പാലിക്കുക (അല്‍ ബഖറ:30, സ്വാദ്:26) (3)ഭൂമിയുടെ പരിപാലനം (ഹൂദ്:61). ഈ മൂന്നു ലക്ഷ്യങ്ങളും പരസ്പരം ബന്ധിതവും പൂരകവുമാണ്. ഭൂമിയുടെ പരിപാലനം പ്രാതിനിധ്യ (ഖിലാഫത്ത്) ത്തിന്റെ തന്നെ ഭാഗമാണ്. അവരണ്ടുമാകട്ടെ, അല്ലാഹുവിനുള്ള ഇബാദത്തിന്റെ രണ്ടു രീതികളാണ്. അതേപോലെ, ഇബാദത്ത് ഖിലാഫത്തിന്റെ ഭാഗമാണ്. ഇബാദത്തില്ലാതെ ഖിലാഫത്തില്ല. മേല്‍ മൂന്നു ലക്ഷ്യങ്ങളും ഒരുപോലെ സാധിതമായാല്‍ നമുക്ക് ഭൗതിക ക്ഷേമം ഉറപ്പായി. ‘നാടുകളിലെ നിവാസികള്‍ സത്യത്തില്‍ വിശ്വസിക്കുകയും ദൈവഭക്തിയുടെ പാത സ്വീകരിക്കുകയുമാണെങ്കില്‍, നാം അവര്‍ക്ക് വിണ്ണിലും മണ്ണിലും അനുഗ്രഹത്തിന്റെ കവാടങ്ങള്‍ തുറന്നുകൊടുക്കുന്നതാകുന്നു’ (അല്‍ അഅ്റാഫ്: 96) ‘പുരുഷനാവട്ടെ സ്ത്രീയാവട്ടെ യാതൊരാള്‍ സത്യവിശ്വാസിയായിക്കൊണ്ട് സല്ക്കര്മമാചരിക്കുന്നുവോ, ഈ ലോകത്ത് അവനെ നാം വിശുദ്ധമായ രീതിയില്‍ ജീവിപ്പിക്കും’ (അന്നഹ്ല്:97) 2- ആത്മ സംസ്കരണ വിജ്ഞാനവും പരിസ്ഥിതി സംരക്ഷണവും ആത്മ സംസ്കരണത്തിന്റെ രണ്ട് അടിസ്ഥാനങ്ങളിലൊന്നായ ‘സ്വഭാവങ്ങളു’ടെ വൃത്തത്തില്‍ വരുന്നതാണ് പരിസ്ഥിതി സംരക്ഷണം. ആത്മ സംസ്കരണമെന്നാല് പരമസത്യവുമായി സത്യസന്ധമായ ബന്ധം സ്ഥാപിക്കലും സൃഷ്ടികളുമായി സല്‍സ്വഭാവത്തോടെ വര്ത്തിക്കലുമാണല്ലൊ. പരിസ്ഥിതി സൃഷ്ടിയാണെന്നതില്‍ സംശയമില്ല. ‘സല്‍സ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിനു മാത്രമായാണ് ഞാന്‍ നിയോഗിതനായിരിക്കുന്നത്’ എന്ന നബി വചനവും, ‘നിശ്ചയം, ഭക്തികൈകൊള്ളുകയും സുകൃതങ്ങളാചരിക്കുകയും ചെയ്യുന്നവരാരോ, അവരുടെ കൂടെയാകുന്നു അല്ലാഹു’ (അന്നഹ്ല്:128) എന്ന സൂക്തവും സൃഷ്ടികളുമായുള്ള ഇടപഴക്കത്തിന്റെ സകല തലങ്ങളെയും സ്പര്‍ശിക്കുന്നുണ്ട്. ‘എല്ലാറ്റിനോടും, നല്ലനിലയില്‍ വര്‍ത്തിക്കണമെന്നു അല്ലാഹു നിയമമാക്കിയിരിക്കുന്നു’ അല്ലാഹുവോടുള്ള ബന്ധവും ഇഹ്സാന്റെ അടിസ്ഥാനത്തിലായിരിക്കണം. ‘നീ അല്ലാഹുവെ കാണുന്നില്ലെങ്കിലും അവന് നിന്നെ കാണുന്നു എന്ന നിലയില്‍ അല്ലാഹുവിന് ഇബാദത്ത് ചെയ്യലാണ് ഇഹ്സാന്‍’ മതമെന്നാല്‍ പെരുമാറ്റമാണ് അല്‍ മാഊന്‍ 1-7 സൂക്തങ്ങളും പുണ്യത്തെക്കുറിച്ച യഹൂദ കാഴ്ചപ്പാടിനെ ഭര്‍ത്സിച്ചു കൊണ്ടവതരിച്ച അല്‍ ബഖറഃ 177ാം സൂക്തവും നമുക്ക് മനസ്സിലാക്കിത്തരുന്നത് സൃഷ്ടികളുമായുള്ള നല്ല ബന്ധമാണ് മതമെന്നാണ്. ഒരു മുസ്ലിം സദുദ്ദേശ്യത്തോടെയും പ്രതിഫലം കാംക്ഷിച്ചും ചെയ്യുന്ന എല്ലാ പ്രവൃത്തികളും അല്ലാഹുവിനുള്ള ഇബാദത്തുകളാണ്. ഈ അര്‍ത്ഥത്തില്‍, പരിസ്ഥിതിയുമായുള്ള മുസ്ലിമിന്റെ ക്രിയാത്മകമായ ഇടപഴക്കവും ഇബാദത്താണ്. ‘ഭൂമിയുടെ സംസ്കരണം കഴിഞ്ഞിരിക്കെ ഇനി അതില്‍ നാശമുണ്ടാക്കാതിരിക്കുവിന്‍. ഭയത്തോടും ആശയോടും കൂടി അല്ലാഹുവിനെ മാത്രം പ്രാര്‍ത്ഥിക്കുവിന്‍ നിശ്ചയം, ദൈവാനുഗ്രഹം നന്മ ചെയ്യുന്നവരുടെ അടുത്താകുന്നു. (അല്‍ അഅ്റാഫ്:56) ഈ സൂക്തത്തില്‍, മലിനീകരണം സന്തുലിതാവസ്ഥ തകര്‍ക്കല്‍ മുതലായ പരിസ്ഥിതി പ്രശ്നങ്ങളെ ഭയത്തോടെയും ആശയോടെയുമുള്ള പ്രാര്‍ത്ഥനയുമായി അഥവാ, പരിസ്ഥിതിയുമായുള്ള ഇടപഴക്കത്തെ ആരാധനയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. അല്ലാഹുവോട് ഏറ്റവും നന്നായി പ്രാര്‍ത്ഥിക്കുകയും ഭൂമിയെ നല്ല നിലയില്‍ പരിപാലിക്കുകയും ചെയ്യുന്നവരുമായി അല്ലാഹുവിന്റെ കാരുണ്യം ഏറെ സമീപസ്ഥമായിരിക്കുമെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. പരിസ്ഥിതി സ്നേഹം മനുഷ്യനു ചുറ്റുമുള്ള പക്ഷി മൃഗാദികളുടെയും ഇതര ജീവ – നിര്‍ജീവ ജാലങ്ങളുടെയും നേരെ ഇസ്ലാം സ്നേഹവികാരം വളര്‍ത്തിയെടുക്കുന്നു. പക്ഷി മൃഗാദിികള് മനുഷ്യരെ പോലെ തന്നെ സമുദായങ്ങളാണെന്ന് അത് സിദ്ധാന്തിക്കുന്നു. ‘ഭൂമിയില്‍ നടക്കുന്ന ഏതു മൃഗത്തെയും, വായുവില്‍ പറക്കുന്ന ഏതു പറവയേയും നോക്കുവിന്‍ അവയൊക്കെയും നിങ്ങളെപ്പോലുള്ള സമുദായങ്ങള്‍ തന്നെയാകുന്നു’ (അല്‍ അന്‍ആം:38) സൂര്യ ചന്ദ്രന്മാരും നക്ഷത്രങ്ങളും പര്‍വ്വതങ്ങളും മരങ്ങളും മൃഗങ്ങളുമെല്ലാം അല്ലാഹുവെ നമിക്കുന്നു.(അല്‍ഹജ്ജ്:18, അല്‍ ഇസ്റാജ്:44) അല്ലാഹുവെ നമിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന പ്രപഞ്ച വസ്തുക്കളെ സ്നേഹിക്കുക എന്നത് ദൈവസ്നേഹത്തിന്റെ തന്നെ ഭാഗമാണ്. തബൂക്ക് യുദ്ധം കഴിഞ്ഞ് മദീനയിലേക്ക് മടങ്ങവെ, ഉഹുദു മലയുടെ അടുത്തെത്തിയപ്പോള്‍ നബിതിരുമേനി(സ്വ) ഈ സ്നേഹം പ്രകടിപ്പിച്ചു. ‘ഇതാ മദീനഃ ഇതാ ഉഹുദ്, നാം സ്നേഹിക്കുന്ന, നമ്മെ സ്നേഹിക്കുന്ന മല’ നബിയുടെ പിതൃവ്യന് ഹംസഃ (റ) ഉള്‍പ്പെടെ എഴുപതോളം മുസ്ലിംകള് രക്തസാക്ഷികളായത് ഈ മലവാരത്തില്‍ വെച്ചായിരുന്നുവല്ലൊ. മറ്റാരെങ്കിലുമായിരുന്നുവെങ്കില്‍ ഉഹുദിനെ ശപിക്കുകയല്ലെ ചെയ്യുക? അതേ സമയം, ‘അത് നമ്മെയും നാം അതിനെയും സ്നേഹിക്കുന്നു’ എന്നാണ് നബി (സ്വ) പ്രസ്താവിച്ചത്. ചിന്താ ശേഷിയുള്ള മനുഷ്യരെ വ്യവഹരിക്കുന്നതു പോലെയാണ് നിര്‍ജീവമായ മലയെ നബി പരിചയപ്പെടുത്തിയത്. ഉഹുദിനെ ഞാന്‍ ഇഷ്ടപ്പെടുന്നു എന്നു പറഞ്ഞു മതിയാക്കാതെ അത് നമ്മെയും ഇഷ്ടപ്പെടുന്നു എന്ന പരാമര്‍ശം എത്രമാത്രം ഭാവതീവ്രമാണ്, ആലോചനാമൃതമാണ്. ഈ സുന്ദര നബി വചനത്തേക്കാള്‍ വശ്യമായി പരിസ്ഥിതി സ്നേഹത്തെ എങ്ങനെ വര്‍ണിക്കാന്‍ ? പ്രവാചക സഖാക്കളും ഇതേ മാതൃകയിലായിരുന്നു പരിസ്ഥിതിയുമായി സഹവര്‍ത്തിച്ചിരുന്നത്. മക്കയിലെ താഴ്വാരങ്ങളും ജല സ്രോതസ്സുകളും മലനിരകളും സസ്യങ്ങളും ഉണര്‍ത്തിയ ഗൃഹാതുരത്വത്തെ വികാരാധിക്യത്തോടെ ബിലാല്‍(റ) അവതരിപ്പിക്കുന്നത് കാണുക: ‘ചുറ്റും ഇദ്ഖിറും* ജലീലുമുള്ള** താഴ്വരയില് ഒരു രാത്രി പാര്‍ക്കാന്‍ എനിക്കു കഴിയുമോ? മജന്നഃയിലെ*** ജല സ്രോതസ്സുകളില്‍ ഒരു ദിവസം ഞാന്‍ ചെല്ലുമോ? ശാമഃയും ത്വുഫൈലും**** ഒരു കാമുകന് തന്റെ കാമുകിയോടുള്ള പ്രണയ പാരവശ്യംപോലെ മക്കയോടുള്ള ബിലാലിന്റെ പ്രേമം വഴിഞ്ഞൊഴുകുന്നതാണിവിടെ നാം കാണുന്നത്. ……………………………………… *ഇദ്ഖിര്‍: വീട് മേയാനും മറ്റും ഉപയോഗിക്കുന്ന ഒരു തരം പുല്ല് **ജലീല്‍: ചാമ(തിന)പ്പുല്ല് പോലെയുള്ള ഒരു തരം പുല്ല് ***മജന്നഃ: ത്വുഫൈല്‍ മലയുടെ അടുത്തായി സ്ഥിതിചെയ്യുന്ന മല. ****ശാമഃ, ത്വുഫൈല്‍: മക്കക്കടുത്തായി സ്ഥിതിചെയ്യുന്ന രണ്ടു മലകള്‍ (മുഅ്ജമുല്‍ ബുല്‍ദാന്‍) ………………………………………………… പ്രപഞ്ചവുമായുള്ള മുസ്ലിമിന്റെ ബന്ധം: അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ് പ്രപഞ്ചം. അതിലെ എല്ലാം സ്രഷ്ടാവായ അല്ലാഹുവിന്റെ മഹനീയ നിര്‍മ്മിതികള്‍ക്കുദാഹരണമാണ്. കവിവാക്യം കാണുക: ‘പ്രപഞ്ചത്തിലെ വരികള്‍ ശ്രദ്ധയോടെ നിരീക്ഷിച്ചുനോക്കൂ ‘ഉന്നത സഭ’യില്‍ നിന്ന് നിനക്കയച്ച കത്തുകളാണവ. അതിലെ വരികള്‍ ശ്രദ്ധിച്ചു നോക്കിയാല്‍ അതിലിങ്ങനെ രേഖപ്പെടുത്തിയതായി കാണാം: ‘അല്ലാഹു അല്ലാത്തതെല്ലാം മിഥ്യയാണ്'(8) (അല്‍ അഅ്റാഫ്:185, യൂനുസ്:101 കാണുക) പ്രപഞ്ചം അനുഗ്രഹം വിഭവക്കമ്മിയും ജനസംഖ്യാ വര്‍ദ്ധനയുമാണ് സാമ്പത്തിക പ്രശ്നങ്ങളുടെ മൗലിക കാരണമെന്നാണ് പാശ്ചാത്യര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഖുര്‍ആനാകട്ടെ ഇതംഗീകരിക്കുന്നില്ല. മനുഷ്യന്റെ അനുഗ്രഹ നിഷേധസ്വഭാവവും ധിക്കാരവുമാണ് പ്രശ്നങ്ങളുടെ യഥാര്‍ത്ഥ ഹേതുവെന്നും മനുഷ്യനെ ആന്തരികമായി മാറ്റിപ്പണിയാതെ പ്രതിസന്ധികള്‍ പരിഹരിക്കപ്പെടില്ലെന്നും ഖുര്‍ആന്‍ സിദ്ധാന്തിക്കുന്നു. (ഇബ്റാഹീം:32-34 കാണുക). ഖുര്‍ആനിലെ 16ാം അധ്യായമായ ‘അന്നഹ്ല്’ അധ്യായത്തെചില പൂര്‍വ്വകാല പണ്ഡിതന്മാര് ‘അന്നിഅം’ (അനുഗ്രഹങ്ങള്‍) അധ്യായം എന്നാണ് വിളിച്ചിരുന്നത്. അല്ലാഹു മനുഷ്യര്‍ക്കു ചെയ്ത ഒട്ടേറെ അനുഗ്രഹങ്ങളെ അതില്‍ വാചാലമായി എടുത്തുദ്ധരിക്കുന്നുണ്ട്. ഉദാഹരണത്തിന് 5-7,8,10,11,12,13,14,-18 എന്നീ സൂക്തങ്ങള്‍ കാണുക. പ്രാപഞ്ചിക പ്രതിഭാസങ്ങളെ ഗുണപാഠ പ്രധാനമായും നന്ദിപ്രകാശന പ്രധാനവുമായാണ് മുസ്ലിംകള് മനസ്സിലാക്കുന്നത് (യാസീന്‍:35-35,71-73 കാണുക) ദൃഷ്ടാന്തങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടും അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ചുമായിരിക്കണം മുസ്ലിം ജീവിക്കുന്നത്. അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുക എന്നാല്‍ അവ എന്തിനു വേണ്ടിയാണോ സൃഷ്ടിക്കപ്പെട്ടത് തദാവശ്യാര്‍ത്ഥം അവ ഉപയോഗിക്കുക എന്നാണ്. അതിലൂടെമാത്രമേ ഇഹ-പര ലക്ഷ്യങ്ങള്‍ സാക്ഷാത്കൃതമാവൂ. അനുഗ്രഹങ്ങളെ സംരക്ഷിക്കാനും വളര്‍ത്തിയെടുക്കാനും അതാണു മാര്‍ഗം (ഇബ്റാഹീം:7 കാണുക) പ്രകൃതിയെയും പരിസ്ഥിതിയെയും കുറിച്ച ഈ കാഴ്ചപ്പാട് മനുഷ്യമനസ്സിലും ചിന്തയിലും സവിശേഷമായ പ്രതികരണമുണ്ടാക്കുന്നു. പ്രപഞ്ചം, ഭയപ്പെടുകയോ പ്രതീക്ഷയര്പ്പിക്കുപ്പെടുകയോ ചെയ്യാവുന്ന ദൈവമല്ല. ചില മതങ്ങളെ പോലെ, സൂര്യ-ചന്ദ്ര-നക്ഷത്രങ്ങളെയോ നദി-ഗിരിനിരകളേയോ മൃഗ തരുലതാദികളേയോ ദൈവങ്ങളായോ ഈശ്വരാംശമുള്ള അസ്തിത്വങ്ങളായോ ഇസ്ലാം കാണുന്നില്ല. അതേപോലെ, പ്രകൃതിയെ മനുഷ്യന്റെ ശത്രുവെന്നു ധ്വനിപ്പിക്കുന്ന തരത്തില്‍ ‘പ്രകൃതിയെ കീഴടക്കുക’ എന്ന പാശ്ചാത്യ പ്രയോഗവും ഇസ്ലാം വിരുദ്ധമാണ്. മാനവ സേവയ്ക്കായി ദൈവത്താല്‍ സംവിധാനിക്കപ്പെട്ടവയാണ് ആകാശ ഭൂമികളിലെ സകലതുമെന്നാണ് ഖുര്‍ആനിക ഭാഷ്യം. (അല്‍ബഖറ:29, അല്‍ജാഥിയ:13കാണുക) പ്രകൃതി സൗന്ദര്യം പ്രപഞ്ച വസ്തുക്കളുടെ ഉപകാരവശം പോലെതന്നെ പ്രധാനമാണ് അവയുടെ സൗന്ദര്യവശവും. ഹിതകരവും നല്ലതുമായ സൗന്ദര്യാലങ്കാരങ്ങളെ മനുഷ്യര്‍ക്കു നിഷേധിക്കുന്ന പ്രവണതയെ ഖുര്‍ആന്‍ ചോദ്യം ചെയ്യുന്നു. (അല്‍ അഅ്റാഫ്:31,32 കാണുക) ഭക്ഷണ പാനീയങ്ങളെ പോലെ തന്നെ പ്രധാനമാണ് സൗന്ദര്യാസ്വാദനവും. ജീവിതം നിലനിര്‍ത്തുന്നത് ആഹാര പാനീയങ്ങളാണെങ്കില്‍ അതിന് സൗന്ദര്യവും മധുരവും പകരുന്നത് അലങ്കാരമാണ്. മൃഗങ്ങളുടെ യാത്രാപ്രധാന്യത്തോടൊപ്പം അവയുടെ സൗന്ദര്യ മൂല്യവും ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്. (അന്നഹ്ല്:5,6,8) സമുദ്രത്തില്‍നിന്ന് പുതുമാംസം മാത്രമല്ല അണിയാനുള്ള ആഭരണങ്ങളും ലഭ്യമാക്കിയെന്നു അന്നഹ്ല്: 14ാം സൂക്തത്തില്‍ കാണാം. അര്‍റഅ്ദ്: 17 ാം സൂക്തത്തില്‍ ഹില്‍യഃ (ആഭരണം) എന്ന പദം ‘മതാഅ്’ (വിഭവം) എന്ന പദത്തിനു മുമ്പായാണ് പ്രയോഗിച്ചത് എന്നത് ശ്രദ്ധേയമാണ്. വസ്തുക്കളുടെ സവിശേഷതകളും അവ മനുഷ്യര്‍ക്കു ചെയ്യുന്ന സേവനങ്ങളും അവതരിപ്പിക്കുന്നേടത്ത് അവയുടെ സാമ്പത്തികോപകാരത്തോടൊപ്പം അവയുടെ സൗന്ദര്യ പ്രാധാന്യവും എടുത്തു പറയുക എന്നത് ഖുര്‍ആന്റെ രീതിയാണ്. ഉദാഹരണത്തിന് അന്നംല്:60, അല്‍ഹജ്ജ്:5, ഖാഫ്:10, അന്നംല്:88, അസ്സജ്ദ:7 എന്നിവ കാണുക. നക്ഷത്രങ്ങള്‍ യാത്രികര്‍ക്ക് മാര്‍ഗദര്‍ശകവും പിശാചുക്കളെ എറിയാനുള്ളവയുമാണെന്നു പറയുന്ന ഖുര്‍ആന്‍ അവയുടെ സൗന്ദര്യമൂല്യവും എടുത്തു പറയുന്നുണ്ട്. (അസ്സ്വാഫാത്ത്:6, അല്‍ ഹിജ്റ്:16, അല്‍ മുല്‍ക്:5 കാണുക) കവികള്‍ തങ്ങളുടെ കവിത്വവും കലാമര്മജ്ഞതയുമനുസരിച്ചാണ് വസ്തുക്കളിലെ സൗന്ദര്യം കണ്ടെത്തുന്നതെങ്കില്‍ വിശ്വാസികള്‍ തങ്ങളിലെ വിശ്വാസേന്ദ്രിയത്തിന്റെ ബലത്തോതനുസരിച്ചാണ് പ്രപഞ്ച സൗന്ദര്യം ആസ്വദിക്കുക. 3-കര്‍മശാസ്ത്രവും പരിസ്ഥിതിയും മനുഷ്യനും അല്ലാഹുവും തമ്മിലും മനുഷ്യനും കുടുംബവും സമൂഹവും തമ്മിലും മനുഷ്യനും പ്രപഞ്ചവും തമ്മിലുമുള്ള ബന്ധങ്ങളെ നിര്‍ബന്ധം, അഭികാമ്യം, നിഷിദ്ധം, അനഭികാമ്യം, അനുവദനീയം എന്നീ അഞ്ചു തലങ്ങളിലായി വ്യവസ്ഥപ്പെടുത്തുന്നത് കര്‍മ്മശാസ്ത്ര വിജ്ഞാനമാണ്. അല്ലാഹുവിന്റെ ആജ്ഞാനിരോധങ്ങള്‍ ബാധകമായിത്തുടങ്ങുന്ന പ്രായം മുതല്‍ മുസ്ലിമിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ശരീഅത്തു നിയമങ്ങള്‍ക്കായിരിക്കും മേല്‍ക്കോയ്മ. ജീവിതത്തിന്റെ ഒരു മേഖലയും ഇതില്‍ നിന്നൊഴിവല്ല. ‘പരിസ്ഥിതി: ഇസ്ലാമിക വീക്ഷണത്തില്‍’ എന്ന വിഷയകമായി നടന്ന ഒന്നാം സമ്മേളനത്തില്‍ പങ്കെടുക്കാനായി പോകവെ, പ്രസ്തുത സമ്മേളനത്തിന്റെ ഉന്നതാധികാര കൂടിയാലോചനാ സമിതിയംഗമാണ് ഞാനെന്നും സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന പ്രബന്ധം വികസിപ്പിച്ചു പുസ്തകമാക്കണമെന്നുണ്ടെന്നും ഒരാളോട് സംസാരിച്ചപ്പോള്‍, അത്ഭുതവും പരിഭ്രമവും കലര്‍ന്ന സ്വരത്തില്‍ അദ്ദേഹം ചോദിച്ചു: ‘പരിസ്ഥിതി സംരക്ഷണ കാര്യത്തില്‍ ഇസ്ലാമിനു ഇടപെടാന്‍ എന്തുണ്ട്?’ ഞാന്‍ ഒരല്പം വിശദീകരിച്ചു കൊടുത്തപ്പോള്‍, താനെങ്ങനെ അതറിയാതെ പോയെന്നും നമ്മുടെ വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികള്‍ക്ക് ഇതെന്തുകൊണ്ട് പഠിപ്പിക്കുന്നില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കര്‍മശാസ്ത്രവും പരിസ്ഥിതിയും ആദ്യമായി ബന്ധപ്പെടുന്നത് ശുദ്ധി (ത്വഹാറഃ) വിഷയകമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന അധ്യായത്തിലാണ്. നമസ്കാരവുമായി ബന്ധപ്പെട്ട വിധികളും സകാത്ത്, സ്വദഖഃ, വഖ്ഫ് സ്വത്തുക്കള്‍ സംബന്ധിച്ച നിയമങ്ങളും പരിസ്ഥിതിയുമായി ബന്ധപ്പെടുന്നുണ്ട്. പല കാര്‍ഷിക ഇടപാടുകളും പരിസ്ഥിതിയുമായി ബന്ധപ്പെടുന്ന വിഷയങ്ങളാണ്. അത്പോലെ, പരിസ്ഥിതി പരിപാലനവും കച്ചവടങ്ങളും ജലവില്പനയും തമ്മിലും ബന്ധമുണ്ട്. പരിസ്ഥിതി പരിപാലനവും ഹജ്ജും തമ്മിലുള്ള ബന്ധം പറയേണ്ടതില്ല. ഹജ്ജ് വേളയില്‍ മൃഗങ്ങളെ വേട്ടയാടല്‍ മാത്രമല്ല, ചെടികള്‍ മുറിക്കുന്നതുപോലും നിഷിദ്ധമാണല്ലോ. തരിശു നിലങ്ങള്‍ കൃഷി യോഗ്യമാക്കുന്നത് ഫിഖ്ഹിന്റെ പരിധിയില്‍ വരുന്ന വിഷയമാണ്. ജലവില്പന, വെള്ളം, പുല്ല്, തീ, ഉപ്പ്എന്നിവയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ചര്‍ച്ചകളും വിധികളും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയമാണെന്നു പറയേണ്ടതില്ല. ജീവനാംശവുമായി ബന്ധപ്പെട്ടു, വിശിഷ്യാ, മൃഗങ്ങളുടെ ഭക്ഷ്യാവശ്യങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിലും പരിസ്ഥിതി ഒരു പ്രധാന ഘടകമാണ്. പരിസ്ഥിതിയും ജിഹാദും തമ്മിലും ബന്ധമുണ്ട്. യുദ്ധവേളകളില്‍ എന്തെല്ലാം നശിപ്പിക്കാം, നശിപ്പിച്ചു കൂടാ എന്നതു സംബന്ധിച്ച് കൃത്യമായി ചട്ടങ്ങളുണ്ട്. മേല്‍ വിഷയങ്ങളെല്ലാം ഫിഖ്ഹിന്റെ പരിധിയില്‍ വരുന്നവയാണ്. പൗരാണികവും ആധുനികവുമായ ധാരാളം കൃത്യകളിലൂടെ പ്രശസ്തമായ കര്‍മ്മശാസ്ത്ര തത്ത്വങ്ങള്‍ പരിസ്ഥിതിയെ സ്വാധീനിക്കുന്നവയും അവയെ വ്യവസ്ഥാപിത രീതിയില്‍ സംരക്ഷിക്കാന്‍ പോന്നതും ഉദ്ദിഷ്ട പരിരക്ഷ ഉറപ്പുവരുത്തുന്നതുമാണ്. ഉദാഹരണമായി, ‘ആരും ബുദ്ധിമുട്ടാനോ മറ്റൊരാളെ ബുദ്ധുമുട്ടിക്കാനോ പാടില്ല’ (ലാ ദററ വലാ ദിറാറ) എന്ന തത്ത്വം. അന്നിസാഅ്: 29, അല്‍ ബഖറ:195,233,282,231, എന്നീ സൂക്തങ്ങള്‍ സ്വയം പീഡനമോ പരപീഡനമോ പാടില്ലെന്ന് ഖണ്ഡിതമായി സ്ഥാപിക്കുന്നുണ്ട്. ഈ പൊതു തത്ത്വത്തെ കര്‍മ ശാസ്ത്ര പണ്ഡിതന്മാര് താഴെ കാണും വിധം വിശദീകരിച്ചിട്ടുണ്ട്. – ഉപദ്രവം സാധ്യമാകും വിധം നീക്കണം (അദ്ദററു യുസാലു ബിഖദ്രില്‍ ഇംകാന്‍) – ഒരു ഉപദ്രവം തത്തുല്യമായ ഉപദ്രവത്തിലൂടെ നീക്കാവതല്ല. (അദ്ദററു ലാ യുസാലു ബിദറരിന് മിഥ്ലിഹി) – ഉപദ്രവം സാധ്യമാകും വിധം തടുക്കപ്പെടണം. (അദ്ദററു യുദ്ഫഉ ബിഖദ്രില്‍ ഇംകാന്‍) – വലിയ ഉപദ്രവം തടുക്കാന്‍ ചെറിയ ഉപദ്രവം സഹിക്കണം (യുതഹമ്മലുദ്ദററുല് അദ്നാ ലിദഫ്ഇദ്ദറരില് അഅ്ലാ) – പൊതു ഉപദ്രവം തടുക്കാന്‍ ഒരു പ്രത്യേക ഉപദ്രവത്തെ സഹിക്കണം (യുതഹമ്മലു ദ്ദററുല് ഖാസ്വ്സ്വു ലിദഫ്ഇദ്ദററില് ആമ്മി) – കടുത്ത ഉപദ്രവത്തെ നീക്കം ചെയ്യാന്‍ ലഘുവായ ഉപദ്രവം ആകാം. (അദ്ദററുല് അശദ്ദു യുസാലു ബിദ്ദറരില് അഖഫ്ഫ്) – രണ്ടു തിന്മകളില് ലഘുവായത് തെരഞ്ഞെടുക്കാം (യുഖ്താറു അഹ്വനുശ്ശര്റൈനി) – ഉപകാരമെടുക്കലിനേക്കാള് ദൂഷ്യങ്ങള്‍ തടുക്കുന്നതിന്നാണ് മുന്‍ഗണന നല്‍കേണ്ടത്.(ദര്ഉല്മഫാസിദി ഔലാ മിന് ജല്‍ബില്‍ മനാഫിഇ) ഇതേപോലെ, ‘വിലക്കിയ കാര്യങ്ങള്‍ അനിവാര്യ സാഹചര്യത്തില്‍ അനുവദനീയമായിത്തീരുന്നു’ (അദ്ദറൂറാത്തു തുബീഹുല്‍ മഹ്ളൂറാത്തി) എന്ന തത്വം അല്‍ അന്‍ആം:119,145, അല്‍ ബഖറ:173 മുതലായ സൂക്തങ്ങളില്‍ നിന്ന് ആവിഷ്കരിച്ചതാണ്. അന്നഹ്ല്, അല്‍മാഇദഃ അധ്യായങ്ങളിലും തല്‍സംബന്ധമായ പരാമര്‍ശങ്ങളുണ്ട്. ഇതേ തത്ത്വത്തില്‍ നിന്ന് മറ്റുചില ഉപ തത്ത്വങ്ങളും ആവിഷ്കൃതമായിട്ടുണ്ട്. ഉദാഹരണമായി, -‘അനിവാര്യതകള്‍ അവയുടെ തോതനുസരിച്ച് കണക്കാക്കപ്പെടണം’ (അദ്ദറൂറാത്തു തുഖദ്ദറു ബി ഖദ്രിഹാ) -‘അനിവാര്യമായ കാരണങ്ങളാല്‍ അനുവദിക്കപ്പെടുന്നത് അനിവാര്യതയുടെ തോതനുസരിച്ച് കണക്കാക്കപ്പെടണം’ (മാ ഉബീഹ ലിദ്ദറൂറത്തി യുഖദ്ദറു ബി ഖദ്രിഹാ) ‘ഒരാളുടെ നിര്‍ബന്ധിതാവസ്ഥ മറ്റൊരാളുടെ അവകാശത്തെ അസാധുവാക്കുകയില്ല’ (അല്‍ ഇദ്ത്വീറാറു ലായുബ്ത്വിലു ഹഖ്ഖല്‍ ഗയ്രി) – പ്രതിബന്ധം കാരണം അനുവദനീയമായ കാര്യം പ്രതിബന്ധം നീങ്ങുന്നതോടെ അനുവദനീയമല്ലാതായിത്തീരുന്നു.(മാജാസ ലിഉദ്രിന് ബത്വല ബിസവാലിഹി) – ‘തടസ്സം നീങ്ങുന്നതോടെ, തടയപ്പെട്ടത് തിരിച്ചുവരും’ (ഇദാസാലല്മാനിഉ ആദല്മംനൂഉ) ശാഫിഈ പണ്ഡിതനായ സുയൂത്വിയുടെയും ഹനഫീപണ്ഡിതനായ ഇബ്നു നുജൈമിന്റെയും കൃതികളില്‍ ഇത്തരം ഉപതത്ത്വങ്ങള്‍ വേറെയും കണ്ടെത്താം. പരിസ്ഥിതി പരിപാലനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മേല്തത്ത്വങ്ങള് വളരെ പ്രധാനമാണ്. ഇസ്ലാമിക ശരീഅത്തു പ്രകാരം ശിക്ഷകള്‍ രണ്ടുതരമാണ്. ഒന്ന്, പ്രത്യേകതരം കുറ്റകൃത്യങ്ങള്‍ക്ക് കൃത്യവും കണിശവുമായ ശിക്ഷകള്‍. ഇവ ഹുദൂദ്, ഖിസ്വാസ്വ് എന്നീ പേരുകളില്‍ അറിയപ്പെടുന്നു. കൃത്യമായ ശിക്ഷ നിര്ണയിച്ചിട്ടില്ലാത്തവായാണ് രണ്ടാമത്തെ ഇനം. ഇത് നേതാവിന്റെയോ ജഡ്ജിയുടേയോ മനോധര്‍മ്മമനുസരിച്ച് നടപ്പാക്കേണ്ടവയാണ്. മനുഷ്യരുടെ അവകാശങ്ങളും താല്പര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലാണ് ഈ തരം ശിക്ഷകള്‍ നടപ്പിലാക്കേണ്ടി വരിക. പരിസ്ഥിതി പ്രശ്നം ഈ ഗണത്തിലാണ് വരികയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വ്യക്തികളുടെ പരിധിലംഘനങ്ങളില്‍ നിന്ന് ഇസ്ലാമിക ശരീഅത്ത് സമൂഹത്തിന് പരിരക്ഷ നല്‍കുന്നുണ്ട്. പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന വന്‍ വ്യവസായങ്ങളും കമ്പനികളും സമൂഹത്തെ മുഴുവന്‍ പിഡിപ്പിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ യുക്തമായ ശിക്ഷകള്‍ നല്കപ്പെടേണ്ടതുണ്ട്. ശരീഅത്തു പ്രകാരം വ്യക്തി സ്വാതന്ത്ര്യം സോപാധികമാണ്. അന്യരെ പീഡിപ്പിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമില്ല. താഴെ നബി വചനമാണ് ഇതിന്നാധാരം. തിരുമേനി (സ്വ) പ്രസ്താവിച്ചു. ‘അല്ലാഹുവിന്റെ അതിരുകള്‍ പാലിക്കുന്നവന്റെയും പാലിക്കാതെ അതില്‍ ചെന്നു വീഴുന്നവന്റെയും ഉദാഹരണം ഒരു കപ്പലിന്റെ മുകള്‍ തട്ടിലും താഴെ തട്ടിലും യാത്രചെയ്യുന്നവരെപോലെയാണ്. താഴെ തട്ടിലുള്ളവര്‍ക്ക് വെള്ളത്തിനു ആവശ്യം നേരിടുമ്പോള്‍ മുകള്‍ തട്ടിലുള്ളവരുടെ അടുത്ത് വന്നു വേണമായിരുന്നു എടുക്കാന്‍. അപ്പോള്‍ അവര്‍ ഒരു നിര്‍ദേശം മുമ്പില്‍ വെച്ചു. ‘നമുക്ക് താഴെ ഒരു ദ്വാരമുണ്ടാക്കി വെള്ളമെടുക്കാം, മുകളിലുള്ളവരെ ഉപദ്രവിക്കേണ്ടല്ലോ.’ ഈ നിര്‍ദേശം നടപ്പിലാക്കാന്‍ അവര്‍ അവരെ അനുവദിച്ചിരുന്നുവെങ്കില്‍ അവര്‍ ഒന്നിച്ച് നശിച്ചു പോയേനെ, കൈക്കുപിടിച്ച് തടഞ്ഞിരുന്നുവെങ്കില്‍ അവര്‍ എല്ലാവരും രക്ഷപ്പട്ടേനെ'(9) സദുദ്ദേശ്യപ്രേരിതമായ പ്രവര്‍ത്തനങ്ങളില്‍പോലും സമൂഹ നന്മക്കുവേണ്ടി ഇടപെടാന്‍ ഇസ്ലാം അനുവദിക്കുന്നുവെന്ന് ഈ സംഭവം നമ്മെ ഉല്ബോധിപ്പിക്കുന്നു. 4-കര്മശാസ്ത്രനിദാനതത്ത്വങ്ങളുംപരിസ്ഥിതി പരിപാലനവും കര്‍മ ശാസ്ത്രം മാത്രമല്ല, കര്‍മ്മ ശാസ്ത്ര നിദാന തത്ത്വങ്ങളും പരിസ്ഥിതി പരിപാലനത്തെ ശക്തിപ്പെടുത്തുന്നുണ്ട്. വിശിഷ്യാ, ശരീഅത്തു താല്പര്യങ്ങള്. മനുഷ്യരുടെ ഇഹ – പര ക്ഷേമ മോക്ഷമാണ് ശരീഅത്തിന്റെ ലക്ഷ്യം. മനുഷ്യരുടെ ദീനിന്റെയും ശരീരത്തിന്റെയും സന്താനങ്ങളുടെയും സമ്പത്തുക്കളുടെയും ബുദ്ധിയുടെയും സംരക്ഷണമാണ് ശരീഅത്തിന്റെ ലക്ഷ്യങ്ങളില്‍ പ്രധാനം. പണ്ഡിതന്മാര് മേല്‍ അഞ്ചു ലക്ഷ്യങ്ങളെ ‘അഞ്ച് അനിവാര്യതകള്‍’ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. മനുഷ്യ ജീവിതം നിലനില്ക്കാന് അത്യന്താപേക്ഷിതമായ വസ്തുക്കളാണ് ഇതിന്റെ വിവക്ഷ. അനിവാര്യതയുടെ പദവിയ്ക്ക് താഴെയും, ഇല്ലെങ്കിലും ജീവിച്ചു പോകാവുന്നവയും എന്നാല്‍, അവയുടെ അഭാവത്തില്‍ ജീവിതത്തില്‍ പ്രയാസവും ഞെരുക്കവും ഉണ്ടാവുന്നവയുമാണ് രണ്ടാം തരം. ജീവിതത്തിന് പൂര്‍ണതയും സൗന്ദര്യവും പ്രദാനം ചെയ്യുന്ന തരം ആവശ്യങ്ങളാണ് മൂന്നാമത്തെ ഇനം. ‘അല്‍ മുസ്തസ്വ്ഫാ മിന് ഇല്മില് ഉസ്വൂല്‍’ എന്ന കൃതിയില്‍ പൊതു താല്പര്യങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യവെ, ഹുജ്ജത്തുല്‍ ഇസ്ലാം അബൂഹാമിദില്‍ ഗസ്സാലിയാണ് ഈ ശാഖയുടെ ആദ്യ ഇഷ്ടികകള്‍ പാകിയത്. അദ്ദേഹത്തിനു ശേഷംവന്ന ഇസ്സുദ്ദീന്‍ ഇബ്നു അബ്ദിസ്സലാം (മരണം:ഹി:660) തന്റെ ‘ഖവാഇദുല്‍ അഹ്കാം ഫീ മസ്വാലിഹില്‍ അനാം’ എന്ന കൃതിയില്‍ മനുഷ്യരുടെ ഇഹ-പര താല്പര്യങ്ങളാണ് ശരീഅത്തിന്റെ ലക്ഷ്യമെന്ന് ശക്തമായി സ്ഥാപിച്ചിട്ടുണ്ട്. അദ്ദേഹം എഴുതിയത് കാണുക: ‘ശരീഅത്തു മുഴുവന്‍ താല്പര്യങ്ങളാണ്. ഒന്നുകില്‍ ദോഷം തടുത്തുകൊണ്ട് അല്ലെങ്കില്‍ നന്മ വരുത്തിക്കൊണ്ട് അത് മനുഷ്യ പക്ഷത്തുനില്ക്കുന്നു’. ‘സത്യ വിശ്വാസികളേ! എന്ന വിളിക്കു ശേഷം അല്ലാഹു നല്കുന്ന ഏതു ഉപദേശവും ശ്രദ്ധിച്ചു നോക്കൂ. ഒന്നുകില്‍ നന്മയിലേക്കുള്ള പ്രേരണ, അല്ലെങ്കില്‍ തിന്മയില് നിന്ന് വിട്ടുനില്‍ക്കണമെന്ന ശാസന, അതുമല്ലെങ്കില്‍ ഒരേ സമയം പ്രേരണയും വിലക്കും!.(10) ഖുര്‍ആനിലെയും തിരുചര്യയിലെയും മനുഷ്യ താല്പര്യങ്ങളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ഒരു കാര്യം നമുക്കു ബോധ്യമാകും. ചെറുതും വലുതുമായ എല്ലാ നല്ല കാര്യവും അത് കല്പിച്ചിരിക്കുന്നു. ചെറുതും വലുതുമായ എല്ലാ ചീത്ത കാര്യങ്ങളും തടഞ്ഞിരിക്കുന്നു. ‘ആരെങ്കിലും അണുമണിത്തൂക്കം നന്മ ചെയ്താല്‍ അതവന് കാണും. ആരെങ്കിലും അണുമണിത്തൂക്കം തിന്മ ചെയ്താല്‍ അതവന് കാണും’ (അസ്സല്‍സല:7,8) എന്നീ സൂക്തങ്ങള്‍ എല്ലാതരം നന്മയെയും തിന്മയെയും ചൂഴ്ന്നു നില്ക്കുന്നു. അതേസമയം, രണ്ടു നന്മകളില് കൂടുതല്‍ നന്മ ഏത്? രണ്ടു തിന്മകളില് കൂടുതല്‍ തിന്മ ഏത്? ദോഷകരമായ കാര്യത്തേക്കാള്‍ ഗുണകരമായ കാര്യത്തിന് മുന്‍ഗണന നല്‍കേണ്ടതിന്റെ അടിസ്ഥാനമെന്ത്? ഗുണകരമായ കാര്യത്തേക്കാള്‍ ദോഷകരമായ കാര്യത്തിനു മുന്‍തൂക്കം നല്‍കാമോ? നന്മയും തിന്മയും തിരിച്ചറിയാതെവന്നാല്‍ എന്തു ചെയ്യും? ഇത്തരം വിഷയങ്ങളെപറ്റി എഴുതിയ ശേഷം അദ്ദേഹം തുടരുന്നു: എല്ലാതരം നന്മകളിലേക്കും മനുഷ്യരെ പ്രചോദിപ്പിക്കുകയും മുഴു തിന്മകളില് നിന്നും വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന സമഗ്ര സ്വഭാവത്തിലുള്ളതാണ് അന്നഹ്ല് അധ്യായത്തിലെ 90ാം സൂക്തം. ‘നിശ്ചയം അല്ലാഹു നീതിയും നന്മയും പ്രവര്‍ത്തിക്കാനും കുടുംബ ബന്ധങ്ങള്‍ പുലര്‍ത്താനും അനുശാസിക്കുന്നു. മ്ലേഛതയും നിഷിദ്ധവും അക്രമവും വിരോധിക്കുകയും ചെയ്യുന്നു. നിങ്ങള്‍ പാഠം പഠിക്കാന്‍ അവന് നിങ്ങളെ ഉപദേശിക്കുന്നു.’ സൂക്തത്തിലെ ‘അല്‍ അദ്ല്’ (നീതി) ‘അല്‍ ഇഹ്സാന്‍’ (നന്മ) എന്നീ പദങ്ങളിലെ ‘അല്‍’ എന്ന പ്രത്യയം എല്ലാതരം നീതികളെയും ഉള്‍ക്കൊള്ളിക്കാനുള്ളതാണ്. അതേപോലെ, അല്‍ ഫഹ്ശാഅ് (മ്ലേഛത) അല്‍ മുന്കര് (നിഷിദ്ധം) അല്‍ ബഗ്യ് (അക്രമം) എന്നിവയിലെയും ‘അല്‍’ എല്ലാതരം മ്ലേഛതകളെയും നിഷിദ്ധങ്ങളെയും അക്രമങ്ങളെയും ഉള്‍ക്കൊള്ളുന്നു. അക്രമം മ്ലേഛതയുടെയും നിഷിദ്ധതയുടെയും ഗണത്തിന് പെട്ടതാണെങ്കിലും അത് പ്രത്യേകം എടുത്തു പറഞ്ഞത് അതിലേക്ക് കൂടുതല്‍ ശ്രദ്ധ തിരിക്കാനാണ്. അതേപോലെ, കുടുംബബന്ധം നിലനിര്‍ത്തല്‍ നന്മയില് പെട്ടതാണെങ്കിലും അത് പ്രത്യേകം എടുത്തു പറഞ്ഞതും പ്രാധാന്യ പൂര്‍വം പരിഗണിക്കാന്‍ വേണ്ടിയാണ്.(11) പിന്നീട് വന്ന നിദാന ശാസ്ത്രകാരന്മാര്, ഇമാം ഗസ്സാലി മുന്നോട്ട് വെച്ച അഞ്ച് അനിവാര്യ കാര്യങ്ങള്‍, എന്ന തത്ത്വത്തെ അംഗീകരിച്ചു. പ്രമുഖ മാലികീ പണ്ഡിതനായ ഇമാം അബൂഇസ്ഹാഖ് ശാത്വബിയാണ് ഇവയില്‍ പ്രധാനി. തന്റെ പ്രശസ്തമായ ‘അല്‍ മുവാഫഖാത്ത്’ എന്ന കൃതിയില്‍ അദ്ദേഹം ഈ വിഷയം വിസ്തരിച്ചു ചര്‍ച്ച ചെയ്തിട്ടുണ്ട്. ദീന്, ശരീരം, സന്താനം, സമ്പത്ത്, ബുദ്ധി എന്നിവയുടെ സംരക്ഷണമാണ് ശരീഅത്തിന്റെ ലക്ഷ്യമെന്നത് സമുദായത്തിന്റെ ഏകകണ്ഠാഭിപ്രായമാണ്. (12) മേല്‍ നിദാന ശാസ്ത്ര വീക്ഷണമനുസരിച്ച്, പരിസ്ഥിതി പരിപാലനത്തിനു രണ്ട് മാര്‍ഗങ്ങളുണ്ട്. 1) രചനാത്മക മാര്‍ഗം അഥവാ ചികിത്സാ മാര്‍ഗം 2) നിഷേധാത്മക മാര്‍ഗം അഥവാ പ്രതിരോധ മാര്‍ഗം. പരിസ്ഥിതി സംരക്ഷണം എന്നതിനേക്കാള്‍ പരിസ്ഥിതി പരിപാലനം എന്ന പ്രയോഗം ഈ രണ്ടു വശങ്ങളെയും ഉള്‍ക്കൊള്ളുന്നുണ്ട്. പരിസ്ഥിതി പരിപാലനം മനുഷ്യ വംശത്തിന്റെ നിലിനില്‍പിന്നാധാരമായ അഞ്ച് അനിവാര്യതകളില്‍ പെടുമെന്നത് തര്‍ക്കരഹിതമായ കാര്യമാണ്. പരിസ്ഥിതി പരിരക്ഷ എന്നാല്‍ ദീനിന്റെ പരിരക്ഷ മനുഷ്യനെ സംബന്ധിച്ചേടത്തോളം ഒന്നാമത്തെ അനിവാര്യതയായി നാം മനസ്സില്ലാക്കുന്നത് ദീനാണല്ലോ. പരിസ്ഥിതിയോട് ചെയ്യുന്ന തെറ്റു യഥാര്‍ത്ഥ മതത്തിന്റെ ആത്മാവിനോട് ചെയ്യുന്ന തെറ്റാണ്. ഭൂമിയിലെ മനുഷ്യന്റെ ദൗത്യത്തിന്നെതിരാണ്. ചുറ്റുമുള്ള ജീവജാലങ്ങളോട് ചെയ്യുന്ന പാപമാണ്. പരിസ്ഥിതിയോട് ചെയ്യുന്ന അക്രമം അന്നഹ്ല്:90ാംസൂക്തത്തില്‍ പരാമര്‍ശിച്ച തത്ത്വങ്ങള്‍ക്കെതിരാണ്. ഈ ഭൂമി മനുഷ്യന്റെ സ്വന്തം കുത്തകയല്ല. അല്ലാഹുവിന്റേതാണ്. മനുഷ്യന് അല്ലാഹുവിന്റെ പ്രതിനിധിമാത്രമാണ്. ‘(പ്രവാചകരേ) പറയുക; എന്റെ വിശ്വാസികളായ ദാസന്മാരേ, നിങ്ങളുടെ നാഥനോട് ഭക്തിയുള്ളവരായിരിക്കുവിന്‍ – ഈ ലൗകിക ജീവിതത്തില്‍ നന്മ കൈക്കൊണ്ടവരാരോ അവര്‍ക്കു ഗുണമുണ്ട്. അല്ലാഹുവിന്റെ ഭൂമി വിശാലമായതാകുന്നു…..'(അസ്സുമര്‍:10). സ്വാലിഹ് നബി (അ) തന്റെ ജനതയോട് പറയുന്നു: ‘ഇതാ, അല്ലാഹുവിന്റെ ഒട്ടകം നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമായി. നിങ്ങള്‍ അതിനെ വിട്ടേക്കുക. അത് അല്ലാഹുവിന്റെ ഭൂമിയിലൂടെ തിന്നുനടക്കട്ടെ’ (ഹൂദ്:64). മൂസാ നബി (അ) പറയുന്നു: ‘നിശ്ചയം, ഭൂമി അല്ലാഹുവിന്റേതാണ് തന്റെ ദാസന്മാരില് അവന് ഉദ്ദേശിക്കുന്നവര്‍ക്ക് അത് അനന്തരമായി നല്കുന്നു.’ (അല്‍ അഅ്റാഫ്:128) ‘ഭൂമിയെ സംസ്കരിച്ച ശേഷം നിങ്ങള്‍ അതില്‍ കുഴപ്പമുണ്ടാക്കരുത്’ (അല്‍ അഅ്റാഫ്:56) . ‘ആ പരലോക ഭവന(സ്വര്‍ഗ)മോ, ഭൂമിയില്‍ അഹങ്കാരികളാകാനും നാശമുണ്ടാക്കാനും ആഗ്രഹിക്കാത്തവരായ ജനത്തിനു മാത്രമാകുന്നു നാം നല്‍കുക. അന്തിമ ഗുണം ഭക്തന്മാര്ക്കു മാത്രമുള്ളതല്ലൊ'(അല്‍ ഖസ്വസ്വ്:83) പരിസ്ഥിതി പരിരക്ഷ എന്നാല്‍ ആത്മാവിന്റെ പരിരക്ഷ ആത്മാവിന്റെ പരിരക്ഷയാണല്ലോ രണ്ടാമത്തെ അനിവാര്യത. മാനവജീവിതത്തിന്റെ മൊത്തം പരിരക്ഷയും സുരക്ഷിതത്വവും ആരോഗ്യവുമെല്ലാം അതില്‍ പെടുന്നു. ജല ചൂഷണവും പരിസ്ഥിതി മലിനീകരണവും സന്തുലിതത്വ നഷ്ടവും നമ്മുടെ ജീവിതത്തിനു ഭീഷണി ഉയര്‍ത്തുന്നു. പരിസ്ഥിതിയുടെ നേരെയുള്ള കയ്യേറ്റം വിര്‍ധിക്കുന്നതിനനുസരിച്ച് മനുഷ്യ ജീവിതം കൂടുതല്‍ ദുരിത പൂര്‍ണമാകുന്നു. അല്‍ മാഇദ:32ാം സൂക്തം മനുഷ്യ ജീവന്റെ വില എടുത്തു കാണിക്കുന്നുണ്ട്. ആത്മഹത്യയും പരഹത്യയും ഇസ്ലാമില്‍ കടുത്ത പാതകമാണ്. (അന്നിസാഅ്:29 കാണുക). മദ്യം, മയക്കുമരുന്ന്, പുകവലി, മുതലായവയിലൂടെ സാവധാനത്തിലാണെങ്കിലും മരണകാരണമൊരുക്കുന്നതും നിഷിദ്ധമാണ്. ഇന്ന് നാം അനുഭവിക്കുന്ന പരിസ്ഥിതി മലിനീകരണവും ഈ ഗണത്തിലാണ് പെടുക. പരിസ്ഥിതി പരിരക്ഷ എന്നാല്‍ സന്താന പരിരക്ഷ മാനവ വംശത്തിന്റെ നൈരന്തര്യം നിലനിര്‍ത്തുന്നതും ഉറപ്പുവരുത്തുന്നതും സന്താനങ്ങളാണ് അഥവാ ഭാവി തലമുറകളാണ്. പരിസ്ഥിതിയോടുള്ള കയ്യേറ്റം ഭാവിതലമുറകളുടെ നേരെയുള്ള കയ്യേറ്റമാണ്. ഒരു പക്ഷെ, ഇന്നത്തെ തലമുറയേക്കാള്‍ കൂടുതല്‍ നാശങ്ങള്ക്കിരയാവുക ഭാവിതലമുറകളായിരിക്കും. അവര്‍ക്കവകാശപ്പെട്ട നിക്ഷിപ്തജലം നാം ധൂര്‍ത്തിലൂടെ തുലച്ചു കളയുന്നു. അവര്‍ക്കു പ്രതിരോധിക്കാന്‍ കഴിയാത്ത പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് നാം അവരെ തള്ളിവിടുന്നു. പ്രാപഞ്ചിക സന്തുലിതാവസ്ഥയെ നാം അലങ്കോലമാക്കുന്നു. സന്താനങ്ങളുടെ ശിക്ഷണവും പരിപാലനവും ആരോഗ്യ പരിരക്ഷയും സ്വഭാവവല്‍ക്കരണവും മാതാപിതാക്കളുടെ ബാധ്യതയാണെങ്കില്‍ അത്രതന്നെ പ്രധാനമാണ് അവരെ പരിസ്ഥിതി ദൂഷ്യങ്ങളില്‍നിന്ന് രക്ഷിച്ചെടുക്കേണ്ട ഉത്തരവാദിത്വവും. ‘നിങ്ങളെല്ലാവുരും ഭരണാധികാരികളാണ് തന്റെ പ്രജകളെക്കുറിച്ച് അയാള്‍ ചോദ്യം ചെയ്യപ്പെടും'(13) ഏതെങ്കിലും തലമുറയുടെ അഥവാ, വരും തലമുറകളുടെ കണക്കില്‍, അവര്‍ക്കു കൂടി അവകാശപ്പെട്ട അനുഗ്രഹങ്ങളെ നാം സ്വന്തമാക്കുന്നതും അവരുടെ ഭക്ഷ്യ സ്രോതസ്സുകളെ ചൂഷണം ചെയ്യുന്നതും അനുവദനീയമല്ല. അത് അല്ലാഹുവിലക്കിയ അക്രമത്തിന്റെ ഭാഗമാണ്. നബിയുടെ ഉപദേശം ശ്രദ്ധിക്കുക: ‘താങ്കള്‍ താങ്കളുടെ അനന്തരാവകാശികളെ ധനികരായി വിട്ടേച്ചു പോകുന്നതാണ്, അവരെ ആളുകളോട് യാചിച്ച് നടക്കേണ്ടുന്ന ദരിദ്രരായി വിട്ടേച്ചു പോകുന്നതിനേക്കാള്‍ ഉത്തമം.'(14) പരിസ്ഥിതി പരിരക്ഷ എന്നാല്‍ ബുദ്ധിയുടെ പരിരക്ഷ അല്ലാഹുവിന്റെ നിയമ നിരോധങ്ങള്‍ ബാധകമാകാനുള്ള ഉപാധിയാണ് ബുദ്ധി. ഇതര ജന്തുജാതികളില്‍ നിന്നു മനുഷ്യനെ വേര്‍തിരിക്കുന്നതും അത് തന്നെ. ഇന്നു നടക്കുന്ന ചിലതരം പരിസ്ഥിതി ദൂഷണങ്ങള് ഭ്രാന്തോളം എത്തുന്നുണ്ട്. ഇതുപോലുള്ള ബുദ്ധിഹീനമായ നിലപാടുകളുടെ നേരെയാണ് ‘നിങ്ങള്‍ ചിന്തിക്കുന്നില്ലേ?’ എന്നു ഖുര്‍ആന്‍ ചോദ്യമുയര്‍ത്തുന്നത്. ബുദ്ധിയെ മറയ്ക്കുന്നതിനാലാണ് ഇസ്ലാം മദ്യം നിഷിദ്ധമാക്കിയതും മദ്യപിക്കുന്നവര്‍ക്ക് ശിക്ഷ വിധിച്ചതും. മയക്കുമരുന്നും ഈ ഗണത്തിലാണ് വരുന്നത്. നന്മയും തിന്മയും, ഇന്നും നാളെയും, അനിവാര്യതയും അലങ്കാരവും, ശക്തിയും സത്യവും തമ്മില്‍ തുലനം ചെയ്തറിയാന്‍ കഴിയണമെങ്കില്‍ മനുഷ്യനിലെ ശരിയായ ചിന്ത പരിരക്ഷിക്കപ്പെടണം. ബുദ്ധിയും വിവേകവും ഇല്ലെങ്കില്‍ ഇതര നാല് ഭൗതിക ഘടകങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയില്ല. പ്രകൃതിയുടെ നേരെ ഉന്മത്തമായ പരാക്രമ ത്വരയോടെ പെരുമാറാതിരിക്കാന്‍ ശരിയായ ചിന്തകൂടിയേ തീരൂ. പരിസ്ഥിതി പരിപാലനം സമ്പത്തിന്റെ പരിപാലനം ‘അല്ലാഹു നിങ്ങളുടെ നിലനില്പിന്നാധാരമാക്കിയ നിങ്ങളുടെ ധനങ്ങളെ നിങ്ങള്‍ ഭോഷന്മാര്ക്ക് നല്‍കരുത്’ (അന്നിസാഅ്:5) ചിലര്‍ ധരിക്കുന്നതുപോലെ, സ്വര്‍ണവും വെള്ളിയും മാത്രമല്ല സമ്പത്ത് ഭൂമിയും മരവും കൃഷിയും കന്നുകാലികളും ജലവും മേച്ചില്‍ സ്ഥലവും വസതിയും വസ്ത്രങ്ങളും ഫര്‍ണിച്ചറും പെട്രോളും ഖനിജങ്ങളുമെല്ലാം സമ്പത്താണ്. പരിസ്ഥിതി പരിപാലനം എന്നു പറയുമ്പോള്‍ എല്ലാ വക സ്വത്തുക്കളുടെയും പരിരക്ഷയാണ് അര്‍ത്ഥമാക്കുന്നത്. സമ്പത്തുക്കളുടെ സ്രോതസ്സുകള്‍ സംരക്ഷിക്കപ്പെടണം. ഭോഷന്മാരായി ധൂര്‍ത്തടിക്കരുത്. പരിഗണിക്കത്തക്ക ന്യായമില്ലാതെ ചൂഷണം ചെയ്യരുത്. സംരക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യാതെ നശിക്കാന്‍ ഇടവരുത്തരുത്. ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിലൊന്ന് സാമ്പത്തിക സ്രോതസ്സുകളെ ഊറ്റിയെടുക്കുന്ന നയരഹിതമായ നിലപാടാണ്. ഇത് സമീപ ഭാവിയില്‍ മനുഷ്യരാശിയെ ഭീഷണമായ പരിണതിയിലെത്തിക്കും. ഇതു കൊണ്ടെല്ലാമാണ് സമ്പത്തിന്റെ സംരക്ഷണവും, സാമ്പത്തിക സ്രോതസ്സുകളുടെ പരിരക്ഷയും, ഉല്പാദനവും പോഷണവും വകതിരിവോടെയുള്ള ഉപഭോഗവും വിതരണവും വിനിയോഗവുമെല്ലാം ഇസ്ലാമിക ശരീഅത്തിന്റെ ശ്രദ്ധാവിഷയങ്ങളായത്. പരിസ്ഥിതി ദൂഷണം ശരീഅത്തിന്റെമേല് മഹിതലക്ഷ്യങ്ങളെ തകിടം മറിക്കുന്നു. ഇത്തരം നടപടികളെ ഖുര്‍ആന്‍ ‘അല്‍ ഇഫ്സാദു ഫില്‍ അര്‍ദ്'(ഭൂമിയില്‍ കുഴപ്പമുണ്ടാക്കല്‍) എന്നാണ് വ്യവഹരിക്കുന്നത്, അല്‍അഅ്റാഫ്:56ാം സൂക്തം വിശദീകരിച്ചുകൊണ്ട് ഇമാം അബൂ ഹയ്യാന്‍ തന്റെ ‘അല്‍ ബഹ്റുല്‍ മുഹീത്വ്’ എന്ന ഖുര്‍ആന്‍ വ്യാഖ്യാനകൃതിയില്‍ എഴുതിയത് കാണുക: ‘ശരീരങ്ങളെയും തലമുറകളെയും സമ്പത്തുക്കളെയും ബുദ്ധികളെയും ദീനുകളെയും തകര്‍ക്കുന്ന വിധമുള്ള എല്ലാതരം നശീകരണങ്ങളും ഇവിടെ വിവക്ഷയാണ്. ‘ഭൂമിയെ സംസ്കരിച്ചശേഷം’ എന്നതിന്റെ വിവക്ഷ, സൃഷ്ടികളുടെ പ്രയോജനത്തിന്നനുയോജ്യമായ വിധത്തില്‍ അല്ലാഹു ഭൂമിയെ സംസ്കരിച്ചതിനുശേഷം എന്നാണ്. ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ചില പ്രത്യേക മേഖലയിലെ നശീകരണമാണ് ഇവിടെ വിവക്ഷയെന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അങ്ങനെ ചിലതു മാത്രമാണ് വിവക്ഷയെന്നു പറയാന്‍ തക്ക തെളിവുകളില്ല.'(15) 5-ഖുര്‍ആനും തിരുചര്യയും പരിസ്ഥിതി പിരിപാലനവും ഇതുവരെ നാം വായിച്ച നാല് ശരീഅത്താധാരങ്ങളുടെയും അടിയാധാരം ഖുര്‍ആനും തിരുചര്യയുമാണ്. അവയില്‍ നിന്ന് ആവിഷ്കരിച്ചെടുക്കുന്ന തത്ത്വങ്ങളും നിയമങ്ങളും ഖുര്‍ആനോടും തിരുചര്യയോടും യോജിച്ചു വരുമ്പോഴേ അവയ്ക്കു നിയമപ്രാബല്യമുള്ളൂ. അന്നിസാഅ് 59ാം സൂക്തം ഇക്കാര്യം ഊന്നുന്നുണ്ട്. ആലുഇംറാന്:32, അല്‍ അഹ്സാബ്:36 എന്നിവ തിരുചര്യയുടെ പ്രാമാണികതയെയാണ് പരാമര്‍ശിക്കുന്നത്. ഖുര്‍ആന്‍ പരിസ്ഥിതിയെ എത്രകണ്ട് പരിഗണിക്കുന്നുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ് അതിലെ ചില അധ്യായങ്ങളുടെ പേരുകള്‍. അല്‍ബഖറഃ (പശു) അല്‍ അന്‍ആം (കന്നുകലികള്‍) അല്‍ ഫീല്‍ (ആന) അല്‍ ആദിയാത്ത് (കുതിച്ചോടുന്ന കുതിരകള്‍) അന്നഹ്ല് (തേനീച്ച) അന്നംല് (ഉറുമ്പ്) അല്‍ അന്കബൂത്ത് (എട്ടുകാലി)എന്നിവ ഉദാഹരണം. എട്ടുകാലിയെയും ഈച്ചയെയും ഉദാഹരിച്ചു പറയാന്‍ മാത്രം അവയ്ക്ക് എന്തു മൂല്യമാണുള്ളതെന്ന ജൂതന്മാരുടെയും ബഹുദൈവ വിശ്വാസികളുടെയും പരിഹാസോക്തികള്ക്കു മറുപടിയായി ഖുര്‍ആന്‍ പറഞ്ഞു: ‘കൊതുകിനേയോ അതിനേക്കാള്‍ നിസ്സാരമായ വസ്തുക്കളേയോ ഉപമിക്കുന്നതിന് അല്ലാഹു ഒട്ടും ലജ്ജിക്കുന്നതല്ല.’ (അല്‍ബഖറ:26) ഖുര്‍ആനിലെ മറ്റു ചില അധ്യായങ്ങളാണ് അത്തീന്‍ (അത്തിമരം) അല്‍ ഹദീദ് (ഇരുമ്പ്) അര്‍റഅ്ദ് (ഇടിനാദം) അദ്ദാരിയാത്ത് (കാറ്റുകള്‍) അന്നജ്മ് (നക്ഷത്രം) അല്‍ ഫജ്ര്‍ (പ്രഭാതം) അശ്ശംസ് (സൂര്യന്) അല്ലൈല് (രാത്രി) അദ്ദുഹാ (പൂര്‍വ്വാഹ്നം). അത്വൂര്‍ (ത്വൂര് പര്‍വ്വതം അല്ലെങ്കില്‍ പര്‍വ്വതം) അല്‍ ബലദ് (മക്ക) അല്‍ അഹ്ഖാഫ്, അല്‍ ഹിജ്റ്,(രണ്ടു നാടുകള്‍) അല്‍ കഹ്ഫ്(ഗുഹ) …….. എല്ലാം പ്രകൃതിയിലെ ജീവ നിര്‍ജീവ പ്രതിഭാസങ്ങളും കേന്ദ്രങ്ങളുമാണ്. ഖുര്‍ആനികാധ്യായങ്ങളുടെ ഈ പേരുകള്‍ മുസ്ലിം മനസ്സില്‍ ഒട്ടേറെ ആശയങ്ങള്‍ കോരിയിടുന്നുണ്ട്. അവനെ പരിസ്ഥിതിയുമായി സവിശേഷം ബന്ധിപ്പിക്കുന്നുണ്ട്.