ഹൃദ്യമായ പെരുന്നാള്‍ ആശംസകള്‍.

ഹൃദ്യമായ പെരുന്നാള്‍ ആശംസകള്‍.

ഒരിക്കല്‍ കൂടി വിശ്വാസി സമൂഹം ശവ്വാല്‍ അമ്പിളിയെ കാത്തിരിക്കുന്നു.

. ആ സമ്മാനം നേടിയ സന്തോഷത്തിലാണ് പെരുന്നാള്‍ ആഘോഷം അര്‍ത്ഥസമ്പുഷ്ടമാകുന്നതും.

റമദാന്‍ വിശ്വാസിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവാണ്. സന്മാര്‍ഗം നല്‍കിയ നാഥനുമായി വിശ്വാസികള്‍ കൂടുതല്‍ അടുക്കുന്ന സന്ദര്‍ഭം. കഴിഞ്ഞു പോയ വര്‍ഷത്തില്‍ സംഭവിച്ച പാപങ്ങള്‍ കഴുകികളഞ്ഞ മനസ്സംതൃപ്തിയോടൊപ്പം വരാനിരിക്കുന്ന ഒരു കൊല്ലത്തേക്കുള്ള ആത്മവിശ്വാസവും അവര്‍ നേടിയെടുത്തിട്ടുണ്ട്. അതിനു സാഹചര്യമൊരുക്കിയ നാഥനെ അവര്‍ വാഴ്ത്തുന്നു. അതാണ് പെരുന്നാള്‍. അല്ലാഹുവിന്റെ മഹത്വം വാക്കു കൊണ്ട് മാത്രമല്ല ജീവിതം കൊണ്ടും അവര്‍ അടയാളപ്പെടുത്തുന്നു. എല്ലാ സ്തുതികളും പരിശുദ്ധിയും അവര്‍ നാഥന് നല്‍കുന്നു.

തനിക്കു അനുവദിച്ച പലതില്‍ നിന്നും ദൈവത്തെ അനുസരിച്ചു മാത്രം വിട്ടു നിന്നവനാണ് വിശ്വാസി. ഭക്ഷണത്തില്‍ മാത്രമല്ല വികാര വിചാരങ്ങളെ പോലും അവര്‍ ദൈവ പ്രീതിക്ക് വേണ്ടി മാറ്റിവച്ചിരുന്നു. ലോകത്തിന്റെ നേരെ വിശ്വാസികളുടെ കാരുണ്യം അതിരുകളില്ലാതെ പെയ്തിറങ്ങിയ മാസമായിരുന്നു റമദാന്‍. പരമാവധി ജീവിത സൂക്ഷ്മതയില്‍ അവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തി. അവസാനം പുണ്യ മാസത്തില്‍ നിന്നും അവര്‍ വിടപറയുന്നു. നോമ്പില്‍ വരാന്‍ സാധ്യതയുള്ള എല്ലാ തെറ്റുകളില്‍ നിന്നും കുറവുകളില്‍ നിന്നുമുള്ള മോചനമാണ് ഫിത്ര്‍ സകാത്. അത് ധനത്തിന്റെയല്ല തടിയുടേതാണ്. അത് കൊണ്ട് അന്ന് ജനിച്ച കുട്ടിക്ക് വേണ്ടിയും ഗൃഹനാഥന്‍ സകാത് നല്‍കണം. പട്ടിണി ഒരിക്കലും പാടില്ലെന്ന് ഇസ്ലാം ആഗ്രഹിക്കുന്നു. പെരുന്നാളിന് തീരെ പാടില്ലെന്നും.

പെരുന്നാള്‍ ആഘോഷമാണ്. മുപ്പതു ദിവസത്തെ ത്യാഗം ഒരു ദിവസം കൊണ്ട് തീരുന്ന അവസ്ഥയിലേക്ക് ആഘോഷം താഴോട്ടു പോകരുത്. ബന്ധങ്ങള്‍ കൂടുതല്‍ അടുപ്പിക്കാനുള്ള വഴികളായി പെരുന്നാളിനെ കാണണം. സുഹൃദ് ബന്ധങ്ങളും കുടുംബ ബന്ധങ്ങളും കൂടുതല്‍ അടുപ്പിക്കാന്‍ ഈ ആഘോഷങ്ങള്‍ കാരണമാകണം.  എല്ലാ മനുഷ്യരോടുമുള്ള വെറുപ്പും വിദ്വേഷവും കുടിപ്പകയും വിട്ടൊഴിഞ്ഞാണ് വിശ്വാസികള്‍ പുണ്യ മാസത്തോടു വിട പറഞ്ഞത്, അതിന്റെ പ്രാവര്‍ത്തിക രൂപമായി പെരുന്നാളിനെ മാറ്റിയെടുക്കാന്‍ നമുക്ക് കഴിയണം.

ഒപ്പം പെരുന്നാള്‍ അറിയാത്ത ജനതകളും നമ്മുടെ ഭൂമിയില്‍ ജീവിച്ചിരിക്കുന്നു എന്ന ബോധം വേണം. നമ്മുടെ കുട്ടികളെ പോലെ അവരുടെ കുട്ടികള്‍ക്കും പെരുന്നാളുണ്ട്. മരണത്തെ മുന്നില്‍ കാണുന്ന അവസ്ഥയില്‍ ആര്‍ക്കും ഒന്നും ആഘോഷിക്കാന്‍ കഴിയില്ല. അങ്ങിനെയും കുറെ ജീവിതങ്ങള്‍ നമ്മുടെ ഭൂമിയിലുണ്ട്. നമ്മുടെ പ്രാര്‍ഥനകളിലെങ്കിലും അവര്‍ കടന്നു വരണം. പ്രകൃതി ദുരന്തങ്ങളുടെ നടുവിലാണ് കേരളം പെരുന്നാള്‍ ആഘോഷിക്കുന്നത്. കാലവര്‍ഷം നമ്മെ അങ്ങിനെയാണ് എതിരിടുന്നത്. പ്രകൃതിയും മനുഷ്യനും ഒന്നിച്ചു വേണം മുന്നോട്ടു പോകാന്‍. അത്യാര്‍ത്തി പൂണ്ട മനുഷ്യന്‍ തന്റെ താല്‍ക്കാലിക ലാഭത്തിനു വേണ്ടി പ്രകൃതിയെ വല്ലാതെ ചൂഷണം ചെയ്തു. അതിന്റെ ഫലമാണ് ആദ്യ മഴയില്‍ തന്നെ നാം  അനുഭവിക്കുന്നതും.

കാരുണ്യത്തിന്റെ മാസത്തിനു ശേഷം കാരുണ്യം വിശ്വാസികളുടെ അടിസ്ഥാന സ്വഭാവമായി മാറ്റാന്‍ ഈ നോമ്പും പെരുന്നാളും നമ്മെ പ്രാപ്തരാക്കണം. അപ്പോള്‍ നമുക്ക് ഉറപ്പിക്കാം. നമ്മുടെ നോമ്പും അനുബന്ധങ്ങളും ശരിയായ വഴിയിലായിരുന്നെന്ന്.

എല്ലാവര്‍ക്കും ഹൃദ്യമായ പെരുന്നാള്‍ ആശംസകള്‍.

Related Post