റമദാന് വ്രതത്തെ അവഗണിക്കുന്നത് ഇസ്ലാമിനെത്തന്നെ അവഗണിക്കുന്നതിന് തുല്യമാണ്. കാരണം ഇസ്ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളിലൊന്നാണ് റമദാന്‍വ്രതം. നബി (സ) പറയുന്നു:(ഇസ്ലാമിന്റെ അടിസ്ഥാനാശ്രയവും ദീനിന്റെ അടിത്തറയും മൂന്ന് കാര്യമാണ് . അവയിലാണ് ഇസ്ലാം പണിതുയര്‍ത്തിയിരിക്കുന്നത്. അവയില്‍ ഒന്നെങ്കിലും ഉപേക്ഷിക്കുന്നവന് അതിന്റെ നിഷേധിയും വധാര്‍ഹനുമാണ്, അല്ലാഹുവല്ലാതെ ഇലാഹ് ഇല്ലെന്നുള്ള സാക്ഷ്യപ്രഖ്യാപനം, നിര്‍ബന്ധ നമസ്കാരം, റമദാന് വ്രതം എന്നിവ.) റമദാനില്‍ നോമ്പുപേക്ഷിക്കലും പരസ്യമായി ഭക്ഷണപാനീയങ്ങള്‍ കഴിക്കലും റമദാനെ അവഗണിക്കലും അനാദരിക്കലുമാണ്. അവ മുസ്ലിംകളില് നിന്ന് ഉണ്ടായിക്കൂടാ.
| ശഅ്ബാന്‍ മാസം ഇരുപത്തിഒമ്പതിന്റെ സൂര്യാസ്തമയത്തെ തുടര്‍ന്ന് വിശ്വസ്തനായ ഒരാളെങ്കിലും പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉദയചന്ദ്രനെ കാണുകയോ, അന്ന് ചന്ദ്രനെ കാണാതെ ശഅ്ബാന്‍ മാസം മുപ്പത് ദിവസം പൂര്‍ത്തിയാവുകയോ ചെയ്യുന്നതിലൂടെയാണ് റമദാന്‍മാസം തുടങ്ങിയതായി സ്ഥിരീകരിക്കുന്നത്.ഇബ്നു ഉമര്‍ (റ) പറയുന്നു:(ജനങ്ങള്‍ ഉദയചന്ദ്രനെ കാണാന്‍ മത്സരിച്ചു. ഞാന്‍ അതുകണ്ട കാര്യം റസൂലി(സ)നോട് പറഞ്ഞു. തുടര്‍ന്ന് നബി(സ) നോമ്പനുഷ്ഠിച്ചു. നോമ്പനുഷ്ഠിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.)എന്നാല്‍ റമദാന് അവസാനിച്ചു എന്ന് സ്ഥിരപ്പെടണമെങ്കില്‍ ആ മാസം മുപ്പത് പൂര്‍ത്തിയാവുകയോ ഇരുപത്തിഒമ്പതിന്റെ സൂര്യാസ്തമയത്തെ തുടര്‍ന്ന് വിശ്വസ്തരായ രണ്ടാളെങ്കിലും ചന്ദ്രക്കല കാണുകയോ വേണം. അതും ഒരാള്‍ കണ്ടാല്‍ മതിയെന്നും അഭിപ്രായമുണ്ട്. |
|