റമദാനിന്റെ മഹത്വം

الصيام2റമദാന്‍ മാസത്തിന്റെ മഹത്വം എത്രത്തോളമാണെന്ന് താഴെ ഹദീഥില്‍ വിവരിക്കുന്നതു കാണുക. അബൂഹുറൈറ (റ) പറയുന്നു:(റമദാന്‍മാസം ആസന്നമായപ്പോള്‍ നബി(സ) പറഞ്ഞു: ഒരു അനുഗ്രഹീതമാസം നിങ്ങളെ സമീപിച്ചിരിക്കുന്നു. അല്ലാഹു അതില്‍ നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കി. അതില്‍ സ്വര്‍ഗകവാടങ്ങള്‍ തുറന്നിടും. നരക കവാടങ്ങള്‍ അടച്ചിടുകയും പിശാചുക്കളെ ചങ്ങലക്കിടുകയും ചെയ്യും. ആയിരം മാസത്തെക്കാള്‍ മഹത്വമുള്ള ഒരു രാത്രിയുണ്ടതില്‍. അതിന്റെ നേട്ടം ആര്‍ക്ക് തടയപ്പെടുന്നുവോ അവന് എല്ലാ നന്മയും തടയപ്പെടും.)മറ്റൊരു ഹദീഥില്‍ നബി (സ) പറഞ്ഞു:(റമദാനില്‍ വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി ആരെങ്കിലും നോമ്പനുഷ്ഠിച്ചാല്‍ അവന്റെ മുന്‍കാല പാപം പൊറുത്തു കിട്ടും.)

 

റമദാനിനെ അവഗണിച്ചാല്‍

റമദാന്‍ വ്രതത്തെ അവഗണിക്കുന്നത് ഇസ്ലാമിനെത്തന്നെ അവഗണിക്കുന്നതിന് തുല്യമാണ്. കാരണം ഇസ്ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളിലൊന്നാണ് റമദാന്‍വ്രതം. നബി (സ) പറയുന്നു:(ഇസ്ലാമിന്റെ അടിസ്ഥാനാശ്രയവും ദീനിന്റെ അടിത്തറയും മൂന്ന് കാര്യമാണ് . അവയിലാണ് ഇസ്ലാം പണിതുയര്‍ത്തിയിരിക്കുന്നത്. അവയില്‍ ഒന്നെങ്കിലും ഉപേക്ഷിക്കുന്നവന്‍ അതിന്റെ നിഷേധിയും വധാര്‍ഹനുമാണ്, അല്ലാഹുവല്ലാതെ ഇലാഹ് ഇല്ലെന്നുള്ള സാക്ഷ്യപ്രഖ്യാപനം, നിര്‍ബന്ധ നമസ്കാരം, റമദാന്‍ വ്രതം എന്നിവ.) റമദാനില്‍ നോമ്പുപേക്ഷിക്കലും പരസ്യമായി ഭക്ഷണപാനീയങ്ങള്‍ കഴിക്കലും റമദാനെ അവഗണിക്കലും അനാദരിക്കലുമാണ്. അവ മുസ്ലിംകളില്‍ നിന്ന് ഉണ്ടായിക്കൂടാ.

മാസപ്പിറവി സ്ഥിരീകരണം

ശഅ്ബാന്‍ മാസം ഇരുപത്തിഒമ്പതിന്റെ സൂര്യാസ്തമയത്തെ തുടര്‍ന്ന് വിശ്വസ്തനായ ഒരാളെങ്കിലും പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉദയചന്ദ്രനെ കാണുകയോ, അന്ന് ചന്ദ്രനെ കാണാതെ ശഅ്ബാന്‍ മാസം മുപ്പത് ദിവസം പൂര്‍ത്തിയാവുകയോ ചെയ്യുന്നതിലൂടെയാണ് റമദാന്‍മാസം തുടങ്ങിയതായി സ്ഥിരീകരിക്കുന്നത്.ഇബ്നു ഉമര്‍ (റ) പറയുന്നു:(ജനങ്ങള്‍ ഉദയചന്ദ്രനെ കാണാന്‍ മത്സരിച്ചു. ഞാന്‍ അതുകണ്ട കാര്യം റസൂലി(സ)നോട് പറഞ്ഞു. തുടര്‍ന്ന് നബി(സ) നോമ്പനുഷ്ഠിച്ചു. നോമ്പനുഷ്ഠിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.)എന്നാല്‍ റമദാന്‍ അവസാനിച്ചു എന്ന് സ്ഥിരപ്പെടണമെങ്കില്‍ ആ മാസം മുപ്പത് പൂര്‍ത്തിയാവുകയോ ഇരുപത്തിഒമ്പതിന്റെ സൂര്യാസ്തമയത്തെ തുടര്‍ന്ന് വിശ്വസ്തരായ രണ്ടാളെങ്കിലും ചന്ദ്രക്കല കാണുകയോ വേണം. അതും ഒരാള്‍ കണ്ടാല്‍ മതിയെന്നും അഭിപ്രായമുണ്ട്.

Related Post