ആദ്യപാപി

 

الخطيئةദൈവം അവന്റെ ഭൂമിയിലെ പ്രതിനിധിയായാണ് മനുഷ്യനെ അയച്ചത്. ‘ നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ നിയോഗിക്കുകയാണ്.’ (അല്‍ ബഖറ: 30) പക്ഷേ,അതിനെ മാലാഖമാര്‍ ആശങ്കയോടെയാണ് വീക്ഷിച്ചത്. കാരണം അല്ലാഹുവിന്റെ പ്രതിനിധിയായ മനുഷ്യന് എല്ലാറ്റിനും സ്വാതന്ത്ര്യം നല്‍കിയിരുന്നു. അതിനാല്‍ അല്ലാഹുവിനോട് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് അവന്റെ നിയമങ്ങളനുസരിച്ച് പ്രതിനിധിയായി ജീവിച്ച്  ഉത്തരവാദിത്വം പൂര്‍ത്തീകരിക്കാം. അല്ലെങ്കില്‍ അവനെ ധിക്കരിച്ചുകൊണ്ട് ഭൂമിയിലെ വിഭവങ്ങള്‍ തോന്നിയ മട്ടില്‍ ആസ്വദിക്കാനായി നിയമങ്ങള്‍ ലംഗിച്ച് ജീവിക്കാം. ഇവ്വിധം സ്വാതന്ത്ര്യം കിട്ടിയാല്‍ ഭൂമിയില്‍ ഒരുപാട് അനര്‍ത്ഥങ്ങള്‍ ഉണ്ടാകുമെന്ന് സ്വാഭാവികമായി അവര്‍ക്ക് തോന്നി. ‘

ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചോര ചീന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്.’ (അല്‍ ബഖറ: 30) എന്ന് ചോദിച്ചുകൊണ്ട് അവരത് പ്രകടിപ്പിക്കുകയും ചെയ്തു. അതുപക്ഷേ, മനുഷ്യരില്‍ പാപത്തിന്റെ ഒരു വിത്ത് അടക്കം ചെയ്യപ്പെട്ടതിനാലാണെന്ന് കരുതാന്‍ ന്യായമില്ല. കാരണം, മനുഷ്യ സൃഷ്ടിപ്പിനെപ്പറ്റി ഖുര്‍ആന്‍ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്.’  അല്ലാഹു ആദമിനെ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. പിന്നെ അതിനോട് ഉണ്ടാകുക എന്ന് കല്‍പ്പിച്ചു. അപ്പോളതാ അദ്ദേഹം ഉണ്ടാകുന്നു.’ (ആലുഇംറാന്‍: 59) ‘ താന്‍ സൃഷ്ടിച്ച ഏതും ഏറെ നന്നാക്കി ക്രമീകരിച്ചവനാണവന്‍. അവന്‍ മനുഷ്യ സൃഷ്ടി ആരംഭിച്ചത് കളിമണ്ണില്‍ നിന്നാണ്.’ (അസ്സജദ: 7)
ദൈവിക റൂഹും ശുദ്ധ പ്രകൃതിയും ഉന്നതവും ഉദാത്തവുമായ കര്‍മങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നു. രണ്ടാമത് പരാമര്‍ശിച്ച കളിമണ്ണ് എന്ന് പറയുന്നത് മനുഷ്യനെ അനിയന്ത്രിതമായ ഭൗതിക കാമനകള്‍ കൊതിച്ചുകൊണ്ട് അധമ തലങ്ങളിലേക്ക് ഒട്ടിച്ചേര്‍ന്ന് നില്‍ക്കാന്‍ ഇടയാക്കുന്നു. കളിമണ്ണിന്റെ സ്വാധീനത്തില്‍ നിന്ന് അവനെ മോചിപ്പിച്ചെടുക്കാനാണ് ശുദ്ധ പ്രകൃതി(ഫിത്‌റഃ), ഖുര്‍ആന്‍, സുന്നത്ത് ഇവയൊക്കെ നല്‍കപ്പെട്ടിരിക്കുന്നത്. ഇതിനുപുറമേ, പ്രപഞ്ചത്തിലെ ദൃഷ്ടാന്തങ്ങള്‍ ദൈവാസ്തിക്യത്തെ നിരന്തരം ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യും.’ രാപ്പകലുകള്‍ മാറിമാറിവരുന്നതിലും ആകാശ ഭൂമികളില്‍ അല്ലാഹു സൃഷ്ടിച്ച മറ്റെല്ലാറ്റിലും, ശ്രദ്ധപുലര്‍ത്തുന്ന ജനത്തിന് ധാരാളം തെളിവുകളുണ്ട്. നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്തവര്‍, ഐഹിക ജീവിതം കൊണ്ട് തൃപ്തി അടഞ്ഞവര്‍. അതില്‍ തന്നെ സമാധാനം കണ്ടെത്തിയവര്‍, നമ്മുടെ പ്രമാണങ്ങളെപ്പറ്റി അശ്രദ്ധ കാണിച്ചവര്‍ അവരുടെയൊക്കെ താവളം നരകമാണ്’ (യൂനുസ്: 7,8)
ഭൂമിയിലേക്ക് ആദമിനെയും ഹവ്വയെയും പ്രതിനിധികളായി തെരഞ്ഞെടുത്തെന്ന സംഗതി അവരെ അറിയിച്ച ശേഷം സ്വര്‍ഗസമാനമായ തോട്ടത്തില്‍ അവരെ പാര്‍പ്പിച്ചു. എന്നിട്ട് അവരോട് പറഞ്ഞു: ‘ ഈ തോട്ടത്തില്‍ നിന്ന് യഥേഷ്ടം സുഭിക്ഷമായി ആഹരിച്ചുകൊള്ളുക, പക്ഷേ ഈ വൃക്ഷത്തോട് അടുക്കരുത്. അടുത്താല്‍ നിങ്ങളിരുവരും അതിക്രമികളായിത്തീരും. എന്നാല്‍ പിശാച് അവരിരുവരെയും അതില്‍ നിന്ന് തെറ്റിച്ചു. അവരിരുവരെയും അവരുണ്ടായിരുന്നിടത്തുനിന്ന് പുറത്താക്കി. അപ്പോള്‍ നാം കല്‍പ്പിച്ചു ‘ഇവിടെനിന്ന് ഇറങ്ങിപ്പോവുക നിങ്ങള്‍ പരസ്പരം ശത്രുക്കളാകുന്നു. ഭൂമിയില്‍ നിങ്ങള്‍ക്ക് കുറച്ചുകാലം കഴിയാനുള്ള താവളമുണ്ട്; കഴിക്കാന്‍ വിഭവങ്ങളും’. അപ്പോള്‍ ആദം തന്റെ നാഥനില്‍ നിന്ന് ചില വചനങ്ങള്‍ അഭ്യസിച്ചു. അതുവഴി അല്ലാഹു അദ്ദേഹത്തിന് പാപമോചനം ഏകി. തീര്‍ച്ചയായും ഏറെ മാപ്പരുളുന്നവനും ദയാപരനുമാണവന്‍. നാം കല്‍പ്പിച്ചു:’ എല്ലാവരും ഇവിടെനിന്ന് ഇറങ്ങിപ്പോകണം. എന്റെ മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെ മാര്‍ഗം പിന്തുടരുന്നവര്‍ നിര്‍ഭയരായിരിക്കും; ദുഖമില്ലാത്തവരും. എന്നാല്‍ അതിനെ നിഷേധിക്കുകയും നമ്മുടെ തെളിവുകളെ കളവാക്കുകയും ചെയ്യുന്നവരാരോ അവരാകുന്നു നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും’ (അല്‍ ബഖറ: 35-39). ആദ്യ പാപം ചെയ്തത് ഹവ്വയാണെന്ന് ഖുര്‍ആനിലില്ല. എന്നല്ല രണ്ടുപേരും തുല്യ ഉത്തരവാദിയാണെന്നാണ് ഖുര്‍ആന്‍ പ്രതിപാദിക്കുന്നത്. ഖുര്‍ആന്‍ പറയുന്നു; ‘ അവന്‍ (പിശാച്) അവരോട് ആണയിട്ടു പറഞ്ഞു: ‘ ഞാന്‍ നിങ്ങളുടെ ഗുണകാംക്ഷി മാത്രമാണ്.’ അങ്ങനെ അവന്‍ അവരിരുവരെയും വഞ്ചനയിലൂടെ വശപ്പെടുത്തി. ഇരുവരും ആ മരത്തിന്റെ രുചി ആസ്വദിച്ചു.’ (അഅ്‌റാഫ്: 21,22) ‘ അങ്ങനെ അവരിരുവരും ആ വൃക്ഷത്തില്‍ നിന്ന് ഭക്ഷിച്ചു. അതോടെ അവര്‍ക്കിരുവര്‍ക്കും തങ്ങളുടെ നഗ്നത വെളിവായി. ഇരുവരും സ്വര്‍ഗത്തിലെ ഇലകള്‍ കൊണ്ട് തങ്ങളെ പൊതിയാന്‍ തുടങ്ങി. ആദം തന്റെ നാഥനെ ധിക്കരിച്ചു. അങ്ങനെ പിഴച്ചുപോയി. പിന്നീട് തന്റെ നാഥന്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചു. അദ്ദേഹത്തെ നേര്‍വഴിയില്‍ നയിച്ചു.'(ത്വാഹാ: 121,122)
ദൈവ കല്പന ലംഘിച്ചതിന്റെ ഉത്തരവാദിത്വം ആര്‍ക്കായിരുന്നുവെന്നും. അതിന്റെ പരിണതി എന്തെന്നും ഖുര്‍ആന്‍ വശദീകരിച്ചത് നാം കണ്ടു. അതുപ്രകാരം ആദമിന്റെയും ഹവ്വയുടെയും പാപം പൊറുക്കപ്പെടുകയും തുടര്‍ന്ന് ദൈവത്തെ അനുസരിച്ച് അവര്‍ ജീവിക്കുകയും ചെയ്തു.

Related Post