പാപം ചെയ്യാത്തവരും പാപമോചനം തേടട്ടെ
ജീവിതത്തെ കുറിച്ച് ചിന്തിക്കുന്ന ഒരാള്‍ക്ക് അതിലെ ഏറ്റവും നല്ല നിമിഷങ്ങള്‍ അല്ലാഹുവിന്റെ തൃപ്തിക്കും അവന്റെ സാമീപ്യത്തിനും വേണ്ടി നീക്കിവെച്ചവയാണെന്ന് ബോധ്യമാകും. തന്റെ ജീവിതത്തിലെ ഓരോ നിമിഷവും വീണ്ടെടുത്ത് നല്ല നിമിഷങ്ങളാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് മരണസമയത്ത് മനുഷ്യന് കൊതിക്കും. സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ സാധിക്കുക എന്നതാണ് ദൈവവിശ്വാസിയായ ദാസനെ സംബന്ധിച്ചടത്തോളം ഏറ്റവും വലിയ അനുഗ്രഹം. അങ്ങനെയുള്ള ദാസന് സന്തോഷിക്കാന്‍ വകയുണ്ട്. ”അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ടാണ് അവന് ഇതയച്ചുതന്നത്. ഇതിനെച്ചൊല്ലി ജനം സന്തോഷിക്കേണ്ടതാകുന്നു. അത് ജനം ശേഖരിച്ചുകൊണ്ടിരിക്കുന്ന സകല വിഭവങ്ങളെക്കാളും ഉല്‍കൃഷ്ടമായതാകുന്നു.” (യൂനുസ്: 58) അല്ലാഹുവിന് വേണ്ടിയല്ലെങ്കില്‍ സമ്പത്തിനോ ജീവിതത്തിലെ ആഢംബരങ്ങള്ക്കോ സന്താനങ്ങള്‍ക്കോ സ്ഥാനമാനങ്ങള്‍ക്കോ ആയുസ്സിനോ ഒരു വിലയുമില്ല. ‘പരലോക ജീവിതമല്ലാതെ ജീവിതമില്ല’ എന്നതാണ് യാഥാര്‍ഥ്യം.
ഒരു അടിമക്ക് സല്‍ക്കര്‍മം ചെയ്യാന്‍ അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ചാല്‍ ആ കര്‍മം അവസാനിക്കുന്നതോടെ അവന് അസ്വസ്ഥനാവുകയാണ്. ഒരു സല്‍കര്‍മം ചെയ്യാന്‍ സാധിച്ചതിലുള്ള സന്തോഷം അതിനെ തുടര്‍ന്ന് താന്‍ ഒരു തിന്മ ചെയ്തേക്കുമോ എന്ന ചിന്തയാണ് അവനെ ഭയപ്പെടുത്തുന്നത്. അല്ലെങ്കില്‍ സല്‍കര്‍മങ്ങള്‍ ചെയ്ത് സന്മാര്ഗത്തിലായിരിക്കുന്ന താന്‍ തെറ്റുകുറ്റങ്ങളില്‍ അകപ്പെട്ടേക്കുമോ എന്ന ചിന്ത അവനെ ഭീതിപ്പെടുത്തുന്നു. ഇവിടെയാണ് സല്‍കര്‍മങ്ങളുടെ അവസാനത്തില്‍ പാലിക്കേണ്ട ഇസ്ലാമിക രീതിശാസ്ത്രം പ്രസക്തമാവുന്നത്. സല്‍കര്‍മം ചെയ്യുന്നവരുടെ പ്രതീക്ഷകളോട് ചേര്‍ന്നു നില്ക്കുന്നതും അവന്റെ ഉള്ളിലെ ഭയം നീക്കുന്നതുമാണത്. പാപമോചനം തേടലാണ് അക്കാര്യം.
ആരാധനാ കര്‍മങ്ങളുടെയും എല്ലാവിധ സല്‍കര്‍മങ്ങളുടെയും അവസാനത്തില്‍ പാപമോചനം തേടുന്നത് നല്ലതാണ്. തന്റെ പ്രവര്‍ത്തനത്തില്‍ കുറവുകളുണ്ടെന്ന് അംഗീകരിക്കുന്നതിനൊപ്പം മനസ്സിന് ആശ്വാസവും ശാന്തതയും അതിലൂടെ ലഭിക്കും. അതിന്റെ പേരിലുള്ള ആത്മപ്രശംസയില് നിന്ന് അതവനെ സംരക്ഷിക്കുകയും ചെയ്യും. തന്റെ വീഴ്ച്ചകളെ കുറിച്ച് ഓര്‍മപ്പെടുത്തുന്നതിലൂടെ നിരന്തരം ആവര്‍ത്തിച്ച് സല്‍കര്‍മങ്ങള്‍ ചെയ്യാനും ആത്മാര്‍ഥമായി പശ്ചാത്തപിക്കാനുമുള്ള പ്രേരണയും അത് നല്കുന്നു.
സല്‍കര്‍മങ്ങള്‍ പാപമോചനം തേടിക്കൊണ്ട് അവസാനിപ്പിക്കല്‍ പ്രവാചകന്(സ)യുടെ ഒരു ചര്യയായിരുന്നു. അല്ലാഹുവിനെ പ്രകീര്‍ത്തിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്ത ശേഷം പാപമോചനം തേടിക്കൊണ്ടായിരുന്നു നബി(സ) ഖുര്‍ആന്‍ പാരായണവും നമസ്കാരവും അവസാനിപ്പിച്ചിരുന്നത്. ആഇശ(റ) പറയുന്നു: ‘ഏതാനും പദങ്ങള്‍ കൊണ്ട് അവസാനിപ്പിക്കാത്ത ഒരു സദസ്സോ ഖുര്‍ആന്‍ പാരായണമോ നമസ്കാരമോ പ്രവാചകന്(സ)ക്ക് ഉണ്ടായിരുന്നില്ല.’ അവര്‍ പറയുന്നു: ഞാന്‍ ചോദിച്ചു: ”അല്ലാഹുവിന്റെ ദൂതരേ, ഈ വാക്കുകള്‍ കൊണ്ട് അവസാനിപ്പിച്ചിട്ടല്ലാതെ താങ്കളുടെ ഏതെങ്കിലും ഒരു സദസ്സോ ഖുര്‍ആന്‍ പാരായണമോ നമസ്കാരമോ ഞാന്‍ കണ്ടിട്ടില്ലല്ലോ?” നബി(സ) പറഞ്ഞു: ”അതെ, ഒരാള്‍ നന്മ പറഞ്ഞാല്‍ അതുകൊണ്ട് ആ നന്മക്ക് മേല്‍ മുദ്രവെക്കപ്പെടും, ഒരാള്‍ തിന്മയാണ് പറയുന്നതെങ്കില്‍ അതവന് പ്രായശ്ചിത്തവുമാവും, ‘അല്ലാഹുവേ, നീയെത്ര പരിശുദ്ധന്, സര്‍വസ്തുതിയും നിനക്കാണ്, നീയല്ലാതെ ഇലാഹില്ല, ഞാന്‍ നിന്നോട് പാപമോചനം തേടുകയും നിന്നിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു.’(1)
നമസ്കാരം പൂര്‍ണാര്‍ഥത്തില്‍ അല്ലാഹുവിനുള്ള ആരാധനയും അവനെ സ്മരിക്കലുമായിട്ടു പോലും നമസ്കാരം കഴിഞ്ഞാല്‍ പ്രവാചകന്(സ) മൂന്ന് തവണ ‘അസ്തഗ്ഫിറുല്ലാഹ്’ എന്ന് പാപമോചനം തേടിയിരുന്നു. മാത്രമല്ല, പാപമോചനം തേടിക്കൊണ്ട് അതവസാനിപ്പിക്കാന്‍ നമ്മോട് കല്പിക്കുകയും ചെയ്തു. തെറ്റുകള്‍ ഓര്‍ക്കാനും പാപമോചനത്തില് പ്രതീക്ഷ വെക്കാനുമാണ് നബി(സ) നമ്മോട് പറഞ്ഞിരിക്കുന്നത്. രാത്രിയുടെ അന്ത്യയാമങ്ങളില്‍ അല്ലാഹുവിനോടു പാപമോചനം തേടുന്നവരുമാകുന്നു വിശ്വാസികള്‍ എന്നാണ് അല്ലാഹു പറയുന്നത്. (ആലുഇംറാന്: 17, അദ്ദാരിയാത്ത്: 18) രാത്രിയില്‍ നിന്ന് നമസ്കരിക്കുകയും അതിന്റെ അവസാന സമയത്ത് പാപമോചനം ചെയ്യുന്നവരാണവര്‍.
ഹജ്ജിലെ കര്‍മങ്ങളെ കുറിച്ച് പറഞ്ഞ ശേഷം അല്ലാഹു പറയുന്നു: ”പിന്നീട് ആളുകളെല്ലാം മടങ്ങുന്നതെവിടെനിന്നാണോ, അവിടെനിന്നുതന്നെ നിങ്ങളും മടങ്ങുകയും അല്ലാഹുവിനോട് മാപ്പിരക്കുകയും ചെയ്യുവിന്‍.” (അല്‍ബഖറ: 199) ഒരേസമയം ശാരീരികവും സാമ്പത്തികവും മാനസികവും സാമൂഹികവുമായിട്ടുള്ള ആരാധനാ കര്‍മമാണ് ഹജ്ജ്. വലിയ ത്യാഗവും സമര്‍പ്പണവും ആവശ്യമുള്ളതും ധാരാളമായി അല്ലാഹുവിനെ സ്മരിക്കുന്നതുമായ കര്‍മമാണത്. വലിയ പ്രയാസങ്ങള്‍ സഹിച്ച് ഇതെല്ലാം ചെയ്തിട്ടും അല്ലാഹു കല്പിക്കുന്നത് പാപമോചനം തേടാനാണ്. അല്ലാഹു അവന്റെ ഹജ്ജ് സ്വീകരിക്കാനും ആത്മപ്രശംസയില് നിന്ന് അവനെ തടയുന്നതിനും വേണ്ടിയായിരിക്കാം അത്. അതിലൂടെ ഒരു വിശ്വാസിക്ക് നാഥന്റെ മുമ്പിലുള്ള തന്റെ നിസ്സാരത ബോധ്യപ്പെടുത്തുകയാണ്.
ഏതൊരു സദസ്സും പാപമോചനം തേടിക്കൊണ്ട് അവസാനിപ്പിക്കുന്നത് പ്രവാചകന്(സ)യുടെ ചര്യയായിരുന്നു. അബീ ബര്സത്തുല് അസ്ലമി പറഞ്ഞതായി അബൂദാവൂദ് നിവേദനം ചെയ്യുന്നു: ഒരു സദസ്സിന്റെ അവസാനത്തില്‍ സദസ്സില്‍ നിന്നും എഴുന്നേല്ക്കാന് ഉദ്ദേശിച്ചാല്‍ നബി(സ) ‘സുബ്ഹാനകല്ലാഹുമ്മ വബിഹംദിക, അശ്ഹദു അന് ലാഇലാഹ ഇല്ലല്ലാഹ ഇല്ലാ അന്ത, അസ്തഗ്ഫിറുക വ അതൂബു ഇലൈക’ എന്ന് ചൊല്ലാറുണ്ടായിരുന്നു.(2)
അബൂഹുറൈറ(റ) നബി(സ)യില്‍ നിന്നും ഉദ്ധരിക്കുന്നു: ഒരാള്‍ ഒരു സദസ്സില്‍ ഇരിക്കുകയും അതില്‍ ഏറെ സംസാരങ്ങള്‍ നടക്കുകയും ചെയ്തു. തുടര്‍ന്ന് സദസ്സില്‍ നിന്നും എഴുന്നേല്‍ക്കുന്നതിന് മുമ്പ് ‘സുബ്ഹാനകല്ലാഹുമ്മ വബിഹംദിക, അശ്ഹദു അന് ലാഇലാഹ ഇല്ലല്ലാഹ ഇല്ലാ അന്ത, അസ്തഗ്ഫിറുക വ അതൂബു ഇലൈക’ എന്നവന് ചൊല്ലിയാല്‍ ആ സദസ്സില്‍ സംഭവിച്ച അവന്റെ വീഴ്ച്ചകള്‍ പൊറുക്കപ്പെടും.(3)
അല്ലാഹു ഏറെ ഇഷ്ടപ്പെടുന്ന കര്‍മങ്ങളിലൊന്നാണ് പാപമോചനം തേടല്‍. അതിലൂടെ അടിമയുടെ വീഴ്ച്ചകള്‍ പൊറുക്കപ്പെടുന്നു. ആരാധനാ കര്‍മങ്ങള്‍ക്ക് തൊട്ടുടനെയും ജീവിതത്തിലുടനീളവും അത് ശീലമാക്കാനാണ് അവന്റെ കല്പന. ഖതാദ പറയുന്നു: ‘നിങ്ങളുടെ രോഗത്തെയും അതിനുള്ള മരുന്നിനെയും കുറിച്ച് ഈ ഖുര്‍ആന്‍ നിങ്ങളെ അറിയിച്ചു തരുന്നു. തെറ്റുകളാണ് നിങ്ങളുടെ രോഗം, നിങ്ങള്‍ക്കുള്ള മരുന്ന് പാപമോചനം തേടലും.’
………………….
1-فعَنْ عَائِشَةَ، قَالَتْ: مَا جَلَسَ رَسُولُ اللهِ صلى الله عليه وسلم مَجْلِسًا قَطُّ، وَلاَ تَلاَ قُرْآناً، وَلاَ صَلَّى صَلاَةً إِلاَّ خَتَمَ ذَلِكَ بِكَلِمَاتٍ، قَالَتْ: فَقُلْتُ: يَا رَسُولَ اللهِ، أَرَاكَ مَا تَجْلِسُ مَجْلِساً، وَلاَ تَتْلُو قُرْآنًا، وَلاَ تُصَلِّي صَلاَةً إِلاَّ خَتَمْتَ بِهَؤُلاَءِ الْكَلِمَاتِ ؟ قَالَ: نَعَمْ، مَنْ قَالَ خَيْراً خُتِمَ لَهُ طَابَعٌ عَلَى ذَلِكَ الْخَيْرِ، وَمَنْ قَالَ شَرّاً كُنَّ لَهُ كَفَّارَةً: سُبْحَانَكَ [اللَّهُمَّ] وَبِحَمْدِكَ، لاَ إِلَهَ إِلاَّ أَنْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ – النسائي .
2-روى أبو داود عن أبي برزة الأسلمي رضي الله عنه قال: كان رسول الله صلى الله عليه وسلم يقول بأخرة إذا أراد أن يقوم من المجلس: سبحانك اللهمَّ وبحمدك، أشهد أن لا إله إلاَّ أنت، أستغفرك وأتوب إليك – أبو داود.
3-عن أبي هريرة رضي الله عنه ، عن النَّبيِّ صلى الله عليه وسلم أنَّه قال: مَن جلس في مجلس فكثر فيه لغَطُه، فقال قبل أن يقوم من مجلسه ذلك: سبحانك اللَّهمَّ ربَّنا وبحمدك، أشهد أن لا إله إلاَّ أنت، أستغفرك وأتوب إليك، إلاَّ غفر له ما كان في مجلسه ذلك -ابو داود.