എങ്ങനെ ഭാര്യയുടെ സ്‌നേഹം നേടാം

ദാമ്പത്യ രഹസ്യങ്ങള്‍ അഥവാ കുടുംബത്തിലെ രഹസ്യങ്ങള്‍

 ദാമ്പത്യ രഹസ്യങ്ങള്‍ അഥവാ കുടുംബത്തിലെ രഹസ്യങ്ങള്‍

ദാമ്പത്യ രഹസ്യങ്ങള്‍ അഥവാ കുടുംബത്തിലെ രഹസ്യങ്ങള്‍ അതിന്റെ വൃത്തത്തിന് പുറത്തു കടക്കുമ്പോള്‍ അതുണ്ടാക്കുന്ന ദോഷത്തിന്റെ തീവ്രത വര്‍ധിക്കുകയാണ് ചെയ്യുന്നത്.

ഒരു ദിവസം ദമ്പതികള്‍ക്കിടയില്‍ വഴക്കുണ്ടാവുന്നു. അതിനെ തുടര്‍ന്ന് ഭാര്യ കരയാന്‍ തുടങ്ങി. അപ്പോഴാണ് വാതില്‍ ആരോ മുട്ടുന്നത്. അവളെ കാണുന്നതിന് അവളുടെ വീട്ടുകാര്‍ വന്നതാണ്. അവളെ കണ്ടതും അവര്‍ ചോദിച്ചു: എന്തിനാണ് നീ കരയുന്നത്? അവള്‍ മറുപടി പറഞ്ഞു: ഞാന്‍ ഒറ്റക്കിരുന്നപ്പോള്‍ നിങ്ങളെ ഓര്‍ത്തുപോയി, നിങ്ങളെ കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി… അപ്പോള്‍ അറിയാതെ കണ്ണുനീര്‍ വന്നതാണ്.
ഇതുകേള്‍ക്കുന്ന ഭര്‍ത്താവ് അവളുടെ മഹത്വം തിരിച്ചറിയുന്നു. ദാമ്പത്യത്തിലെ രഹസ്യം വെളിപ്പെടുത്താത്തതിന്റെ പേരില്‍ അവളോടുള്ള ആദരവ് വര്‍ധിക്കുകയും ചെയ്യുന്നു.

ദമ്പതികള്‍ പല വിഷയങ്ങളും ചര്‍ച്ച ചെയ്യുകയും അവര്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടാവുകയും ചെയ്യും. ദാമ്പത്യത്തിലെ രഹസ്യങ്ങള്‍ രഹസ്യങ്ങളായി തന്നെ നിലനില്‍ക്കണം. വളരെ ഉറ്റവരോടാണെങ്കില്‍ പോലും -അത് ഉമ്മയാവാം സഹോദരിയാവാം- നിനക്കും നിന്റെ ഭര്‍ത്താവിനും ഇടയിലുള്ള കാര്യങ്ങള്‍ പങ്കുവെക്കരുത്.

ജീവിതത്തിലെ മോശപ്പെട്ട അവസ്ഥയെയും ദാമ്പത്യത്തിലെ അസംതൃപ്തികളെയും കുറിച്ച് അയല്‍ക്കാരോടോ കൂട്ടുകാരികളോടോ ഫോണിലൂടെയോ അല്ലാതെയോ മണിക്കൂറുകളോളം സംസാരിക്കുന്ന ചില സ്ത്രീകളുണ്ട്. വീട്ടിലെ സ്വകാര്യമായ പ്രശ്‌നങ്ങള്‍ പ്രചരിപ്പിക്കുകയാണവര്‍. ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ക്ക് ഭാര്യ ബന്ധുക്കളോടും അയല്‍ക്കാരോടും പരിഹാരം മാര്‍ഗങ്ങള്‍ തേടുന്നത് അറിയുന്ന പുരുഷന് വലിയ ആഘാതമാണ് അതുണ്ടാക്കുക. ഒരു ഭര്‍ത്താവ് പറയുന്നു: ഞാന്‍ എന്തൊരു കാര്യം ചെയ്താലും എന്റെ ഭാര്യയത് അവളുടെ സഹോദരിമാര്‍ക്കും ഉമ്മക്കും കൂട്ടുകാരികള്‍ക്കും അയല്‍ക്കാര്‍ക്കുമിടയില്‍ പ്രചരിപ്പിക്കുന്നു. അതില്‍ എന്റെ ജോലി സംബന്ധമായ കാര്യങ്ങളെന്നോ വീട്ടിലെ കാര്യങ്ങളെന്നോ വ്യത്യാസമൊന്നുമില്ല. എല്ലാവര്‍ക്കും എന്റെ ജീവിതവും അതിലെ രഹസ്യങ്ങളും അറിയാം. പലതവണ ഞാന്‍ അവളെ ഉപദേശിച്ചു നോക്കിയെങ്കിലും ഒരു ഫലവുമില്ല. അവള്‍ക്കൊപ്പമുള്ള ജീവിതം യാതൊരു സ്വസ്ഥതയുമില്ലാത്തതായി മാറിയിരിക്കുന്നു. കിടപ്പറ രഹസ്യങ്ങള്‍ പോലും കൂട്ടുകാരികളോടവള്‍ പറയുന്നു.

എന്തുകൊണ്ട്?

ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ അതില്‍ ഒട്ടും സഹനം കൈക്കൊള്ളാന്‍ സാധിക്കാതെ വരുന്നതാണ് അത് മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒന്നുകില്‍ ഒരു പരിഹാരം തേടിക്കൊണ്ടായിരിക്കാം അത്, അല്ലെങ്കില്‍ മനസ്സില്‍ അടക്കിവെക്കുന്നതിന്റെ പ്രയാസം ലഘൂകരിക്കാനാവാം. തനിക്കുള്ളതിനെയും ഇല്ലാത്തതിനെയും പറ്റിയുള്ള പെരുമനടിക്കലും ആളുകളുടെ മുമ്പില്‍ വെച്ച് അതിനെ കുറിച്ചുള്ള സംസാരവും അഹങ്കാരത്തിന്റെയും ആത്മവഞ്ചനയുടെയും ഫലമായിട്ടും ഉണ്ടാവാം.

ദാമ്പത്യ രഹസ്യങ്ങള്‍ അഥവാ കുടുംബത്തിലെ രഹസ്യങ്ങള്‍ അതിന്റെ വൃത്തത്തിന് പുറത്തു കടക്കുമ്പോള്‍ അതുണ്ടാക്കുന്ന ദോഷത്തിന്റെ തീവ്രത വര്‍ധിക്കുകയാണ് ചെയ്യുന്നത്. ദമ്പതികള്‍ക്കിടയില്‍ ശത്രുതയുടെയും വിദ്വേഷത്തിന്റെയും അഗ്നിയത് ജ്വലിപ്പിച്ചു നിര്‍ത്തും. ഭര്‍ത്താവിന്റെ രഹസ്യങ്ങള്‍ മറച്ചുവെച്ച് മറ്റാരുടെയും ഇടപെടല്‍ ഇല്ലാതെ അദ്ദേഹവുമായി സംസാരിച്ച് പരിഹരിക്കാനാണ് ബുദ്ധിമതിയായ സ്ത്രീ ശ്രമിക്കുക.

രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിവുള്ള സ്ത്രീകളെയാണ് പുരുഷന്‍ കൂടുതലായി ഇഷ്ടപ്പെടുന്നത്. ഭര്‍ത്താവിന്റെ രഹസ്യങ്ങള്‍ പുറത്തുവിടുന്നവര്‍ മനസ്സിന് വിശാലതയില്ലാത്തവരും ക്ഷമയില്ലാത്തവരുമാണെന്നാണ് ജ്ഞാനികള്‍ പറയുന്നത്. കവി പറയുന്നു:
‘ഒരാള്‍ തന്റെ നാവുകൊണ്ട് തന്റെ രഹസ്യം പ്രചരിപ്പിച്ചാല്‍ മറ്റുള്ളവര്‍ അവനെ വിഡ്ഢിയെന്ന ആക്ഷേപിക്കും.
ഒരാളുടെ ഹൃദയം അവന്റെ രഹസ്യത്തേക്കാള്‍ ഇടുങ്ങിയതായാല്‍, ആ രഹസ്യം സൂക്ഷിക്കുന്ന ഹൃദയം അതിലേറെ ഇടുക്കം അനുഭവിക്കും.’

ഭാര്യയുടെ സ്‌നേഹം നേടാം

ദമ്പതികളെ ചേര്‍ത്തുനിര്‍ത്തുന്ന ഏറ്റവും ആകര്‍ഷണീയ പദമാണ് സ്‌നേഹം. എല്ലായിടത്തും സ്‌നേഹം വ്യാപകമായിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് നിയമങ്ങളുടെ ആവശ്യം പോലുമില്ലാതാകുമായിരുന്നു. നിങ്ങളുടെ ഭാര്യയുടെ മനസ്സിലുള്ള സ്‌നേഹത്തിന്റെ തോത് എങ്ങനെ ഉയര്‍ത്താം? അങ്ങേയറ്റത്തെ ആത്മാര്‍ഥതയോടെ നിങ്ങളെ സ്‌നേഹിക്കുന്നവളാക്കി എങ്ങനെയവളെ മാറ്റാം?

ഒന്നാമതായി അതിന് വേണ്ടത് അല്ലാഹുവോടുള്ള പ്രാര്‍ഥനയാണ്. പ്രവാചക പത്‌നി ആഇശ(റ) പറയുന്നു: ഖദീജയെ ഞാന്‍ കണ്ടിട്ടില്ലെങ്കിലും നബിയുടെ ഭാര്യമാരില്‍ അവരോടല്ലാതെ എനിക്ക് രോഷമുണ്ടായിട്ടില്ല. അവര്‍ പറയുന്നു: പ്രവാചകന്‍(സ) ആടിനെ അറുക്കുകയാണെങ്കില്‍ അതില്‍ നിന്നൊരു ഭാഗം ഖദീജയുടെ കൂട്ടുകാരികള്‍ക്ക് എത്തിച്ചു കൊടുക്കാന്‍ പറയും. ഒരിക്കല്‍ എന്നെയത് രോഷം കൊള്ളിച്ചു, എന്താണ് ഖദീജക്ക് മാത്രം എന്ന് ഞാന്‍ ചോദിക്കുകയും ചെയ്തു. അപ്പോള്‍ നബി(സ) പറഞ്ഞു: ‘അവരുടെ സ്‌നേഹത്താല്‍ ഞാന്‍ ധന്യനായിട്ടുണ്ട്.’

ആകാശത്തു നിന്നും ഇറക്കപ്പെടുന്ന വിഭവം പോലെയാണ് സ്‌നേഹം. അത് അടിമകള്‍ക്കിടയില്‍ വീതിക്കപ്പെടുന്നു. അത് നേടുന്നതിന് പ്രാര്‍ഥനയും പരിശ്രമവും ആവശ്യമാണ്. അതുകൊണ്ട് നിങ്ങള്‍ക്കിടയില്‍ എപ്പോഴും സ്‌നേഹം നിലനിര്‍ത്താന്‍ ആകാശഭൂമികളുടെ സ്രഷ്ടാവിനോട് തേടുക.

അവളുടെ സ്‌നേഹം നേടാന്‍ നീ വലിയ കാര്യങ്ങള്‍ അവള്‍ക്കായി ചെയ്തു കൊടുക്കണമെന്നില്ല. നിന്നില്‍ നിന്നുള്ള നിസ്സാര കാര്യങ്ങള്‍ പോലും വലിയ സ്വാധീനം അവളിലുണ്ടാക്കും. ഇടക്കിടെ സ്‌നേഹത്തെ കുറിക്കുന്ന സൂചനകള്‍ അവള്‍ക്ക് നല്‍കണം. അവളോട് നിങ്ങള്‍ക്കുള്ള സ്‌നേഹവും താല്‍പര്യവും പ്രകടമാക്കുന്ന സുന്ദരമായ വാക്കുകള്‍ കൊണ്ടാവട്ടെ നിങ്ങളുടെ ദിവസം ആരംഭിക്കുന്നത്. അവള്‍ക്കൊരു ചുംബനം നല്‍കിയിട്ടാവണം നിങ്ങള്‍ വീട്ടില്‍ നിന്നും പുറപ്പെടുന്നത്. നോമ്പുകാരനാണെങ്കില്‍ പോലും അതിന് തടസ്സമില്ല. നോമ്പുകാരനായിരിക്കെ പ്രവാചകന്‍(സ) തന്നെ ചുംബിച്ചതായി ആഇശ(റ)യില്‍ നിന്നും റിപോര്‍ട്ടുണ്ട്.

ജോലിസ്ഥലത്തെത്തിയാലും അവളുമായി ബന്ധപ്പെട്ട് അവളോടുള്ള താല്‍പര്യം പ്രകടിപ്പിക്കാം. വീട്ടില്‍ മടങ്ങിയെത്താന്‍ വൈകുമെങ്കില്‍ അവളെ അതറിയിക്കാന്‍ മറക്കരുത്. അവളെ ഏറെ പ്രയാസപ്പെടുത്തുന്ന കാര്യമാണത്. വീട്ടില്‍ മടങ്ങിയെത്തിയാല്‍ മറ്റെന്തിനേക്കാളും അവളെ കാണുന്നതിന് പ്രാധാന്യം നല്‍കണം. മടങ്ങിയെത്തുന്ന നിങ്ങള്‍ സ്‌നേഹവചനങ്ങളോടെ ചേര്‍ത്തു പിടിക്കുന്നത് വലിയ ആശ്വാസമാണവള്‍ക്ക് പകരുക. സ്‌നേഹനിധിയായ ഗുണകാംക്ഷയുള്ള ഭര്‍ത്താവാണ് നിങ്ങള്‍, വിചാരണ ചെയ്യുന്ന ന്യായാധിപനല്ലെന്നും പ്രത്യേകം ഓര്‍ക്കുക. അല്ലാത്ത പക്ഷം നിങ്ങളോടുള്ള അവളുടെ അനുസരണം ചില കാര്യങ്ങളില്‍ പരിമിതപ്പെടും. അവളെ കൂടി പരിഗണിച്ചു കൊണ്ടായിരിക്കണം നിങ്ങളുടെ സമയവും പരിപാടികളും ക്രമീകരിക്കേണ്ടത്.

നിങ്ങളുടെ ഉത്തരവാദിത്വത്തെയും പരിഗണനയെയും കുറിച്ച് അവളെ ബോധവതിയാക്കണം. അപ്പോഴാണ് അവളുടെ കണ്ണില്‍ യഥാര്‍ഥ പുരുഷനായി നിങ്ങള്‍ മാറുന്നത്. സ്ത്രീയെ സംബന്ധിച്ചടത്തോളം തന്നെ സംരക്ഷിക്കുകയും തന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുന്ന ഒരാളുണ്ടെന്ന ബോധം അനിവാര്യമാണ്. പര്‌സപരമുള്ള ആദരവാണ് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട മറ്റൊരു കാര്യം. മക്കളുടെ മുമ്പില്‍ വെച്ച് അവള്‍ ആദരിക്കപ്പെടുമ്പോള്‍ വലിയ സന്തോഷവും ആനന്ദവുമാണത് അവര്‍ക്കത് പകര്‍ന്നു നല്‍കുന്നത്. സവിശേഷ സന്ദര്‍ഭങ്ങളിലും അല്ലാത്തപ്പോഴും അപ്രതീക്ഷിത സമ്മാനങ്ങള്‍ നല്‍കി ഇണയെ സന്തോഷിപ്പിക്കണം. കാരണം സമ്മാനങ്ങള്‍ക്ക് അവരുടെ മനസ്സില്‍ വലിയ സ്ഥാനമാണുള്ളത്. പ്രത്യേകിച്ചും നിരന്തരം ഉപയോഗിക്കുന്ന വാച്ച്, മോതിരം, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയാകുമ്പോള്‍. അത് നിങ്ങള്‍ക്കിടയിലുള്ള സ്‌നേഹത്തെ ഓര്‍മപ്പെടുത്തുകയും ദാമ്പത്യത്തിന്റെ രാപ്പകലുകള്‍ക്ക് സുഗന്ധം പകരുകയും ചെയ്യും.

Related Post