കേരള മുസ്‌ലിം നവോത്ഥാനം വര്‍ത്തമാനത്തിന്റെ ഭൂതകാലം

കേരള മുസ്‌ലിം നവോത്ഥാനം വര്‍ത്തമാനത്തിന്റെ ഭൂതകാലം

islam

                                                          കേരള മുസ്‌ലിം നവോത്ഥാനം വര്‍ത്തമാനത്തിന്റെ ഭൂതകാലം

കേരളത്തിലെ പ്രബലമായ ഒരു മത പരിഷ്‌കരണ പ്രസ്ഥാനം ഇപ്പോള്‍ നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട് ആചരിക്കുകയാണ്. ആ പ്രചരണത്തെക്കുറിച്ച് അവരുടെ തന്നെ പ്രതിഗ്രൂപ്പ് നടത്തുന്ന മറുപ്രചാരണം ഇത് നവയാഥാസ്തികത്വത്തിന്റെ ഒരു പതിറ്റാണ്ടാണെന്നാണ്. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള മാറ്റ പ്രക്രിയയാണ് നവോത്ഥാനം. നവോത്ഥാനത്തെ കുറിക്കാനുപയോഗിക്കുന്ന ഇംഗ്ലീഷ് പദം റിനയ്‌സന്‍സ് എന്നാണ്. പുനരുജ്ജീവനം എന്നാണ് ഇതിന്റെ അര്‍ത്ഥം. നവോത്ഥാനത്തിന് ഇസ്‌ലാമിക ജ്ഞാനശാസ്ത്രം ഉപയോഗിക്കുന്ന വാക്ക് തജ്ദീദ് എന്നാണ്. ഒരു പ്രവാചക വചനത്തില്‍ നിന്ന് ഉല്‍ഭവമെടുത്തതാണത്. പുതുക്കുക എന്നതാണ് അതിന്റെ നേരര്‍ത്ഥം.
ഇരുണ്ട മധ്യകാലത്തില്‍ നിന്നും വിമോചന സ്വപ്‌നങ്ങള്‍ നിറഞ്ഞ ആധുനിക കാലത്തിലേക്കുള്ള നഷ്ട ഭാവങ്ങളെ പുനസ്ഥാപിക്കുന്ന പ്രവര്‍ത്തനമാണ് ഇസ്‌ലാമിന്റെ നോട്ടപ്പാടില്‍ നവോത്ഥാനം. നവോത്ഥാനത്തെ കുറിച്ച ചര്‍ച്ചകള്‍ കഴിഞ്ഞ പതിറ്റാണ്ടിന്റെ അന്ത്യത്തോടെ കേരള മുസ്‌ലിംകള്‍ക്കിടയില്‍ സജീവമാണ്. കേരള മുസ്‌ലിം നവോത്ഥാനത്തിന്റ ധാരകളില്‍ പ്രമുഖമായതെന്ന് എന്ന് പരക്കെ അംഗീകരിക്കപ്പെട്ട ഇസ്‌ലാഹി പ്രസ്ഥാനത്തിന് സംഭവിച്ചതെന്താണെന്ന അന്വേഷണം പ്രസക്തമാണ്.

ഇസ്‌ലാഹി പരിഷ്‌കരണം കേരളത്തിലെ മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം ഒരു ദൈവശാസ്ത്ര വിഷയം മാത്രമായിരുന്നില്ല. ജീവിതത്തെ നവീകരിക്കാനുള്ള ഒരു ജനതയുടെ അഭിവാഞ്ഛയായിരുന്നു അത്. പുതിയ കാലത്തെയും സനാതന മതത്തെയും സമന്വയിപ്പിക്കാനുള്ള പരിശ്രമമായിരുന്നു. ആധുനികതയിലേക്ക് ഒരു വിഭാഗം പണ്ഡിതന്മാരിട്ട മതത്തിന്റെ പാലമായിരുന്നു അത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ന്റെപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു’ എന്ന നവോത്ഥാന നോവലിലെ നിസാര്‍ അഹ്മദ് എന്ന നായക കഥാപാത്രത്തില്‍ ഈ പുതുയുഗത്തിന്റെ വെളിച്ചം നിറഞ്ഞ മതത്തിന്റെ പ്രതിച്ഛായ കാണാന്‍ കഴിയും. പരിഷ്‌കര്‍ത്താക്കളിട്ട ഈ മത പാലത്തിലൂടെയാണ് ധാരാളം പെണ്‍കുട്ടികള്‍ പള്ളിയിലും പള്ളിക്കൂടത്തിലും പോയി പഠിച്ചുവന്നത്. ഇംഗ്ലീഷ് ഭാഷ മുതല്‍ രാഷ്ട്രീയ പാര്‍ട്ടിവരെയുള്ള ആധുനികതയുടെ എല്ലാ രൂപങ്ങളെയും സമുദായത്തിലേക്ക് കൊണ്ടുവരാന്‍ പരിഷ്‌കരണ സംരംഭം പരിശ്രമിച്ചിട്ടുണ്ട്.

ചില ഊന്നലും ചില തീവ്രതയും ഏതൊരു നവോത്ഥാന സംരംഭത്തിന്റെയും സ്വാഭാവിക സ്വഭാവമാണ്. നടന്നു മുന്നോട്ടുപോവുമ്പോള്‍ വിട്ടുപോയ പലതിനെയും ഉള്‍ക്കൊണ്ട് സന്തുലിതമാവുക എന്നതാണ് ഒരു ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനത്തിന് സംഭവിക്കേണ്ടിയിരുന്നത്. ഇതിലുണ്ടായ പരാജയമാണ് ഒരു നവോത്ഥാന പ്രസ്ഥാനം തലകീഴാവുന്നതിന്റെ പ്രധാന കാരണം.

നവോത്ഥാനം ഒരു രചനാത്മക പ്രക്രിയയാണ്. സംഹാരത്തിന്റെ ഒരു ദശക്ക് ശേഷമെങ്കിലും നിര്‍മ്മാണത്തിന്റെ ഒരു ദശയിലേക്ക് പ്രവേശിക്കാന്‍ കേരളത്തിലെ ഇസ്‌ലാഹി സംവിധാനങ്ങള്‍ക്ക് കഴിയാതെ പോയി. പിന്നെ നാം കാണുന്നത് അത് സ്വന്തം പ്രവര്‍ത്തനത്തിന്റെകൂടി ഉപോല്‍പ്പന്നങ്ങളായ എല്ലാ ജീവിത സുഗന്ധങ്ങളോടും വെല്ലുവിളി നടത്തുന്നതാണ്. തുടക്കത്തില്‍ ആധുനികതയോടുള്ള അടങ്ങാത്ത അഭിനിവേശം ഒടുക്കത്തില്‍ എല്ലാ ആധുനികമെന്ന് വിശ്വസിക്കപ്പെടുന്ന മൂല്യങ്ങളോടുമുള്ള തീവ്രമായ പരാങ്മുഖത. ഈ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ ഒരു സംഘടനാ ചരിത്രകാരന്‍ പോലും വല്ലാതെ പ്രയാസപ്പെടും.

ഒരു ഘട്ടത്തില്‍ ആധുനികതക്കും മുസ്‌ലിം സമൂഹത്തിനുമിടയില്‍ പാലമായി വര്‍ത്തിച്ചു എന്നതു കഴിഞ്ഞാല്‍ ഇതര മുസ്‌ലിം സംഘടനകള്‍ക്കെതിരെയാണ് അവര്‍ പ്രധാനമായും ശബ്ദിച്ചത്. എന്നാല്‍ 2002-ലെ ആദ്യ പിളര്‍പ്പോടെ ഈ ക്യാമ്പയിനുകള്‍ അവരെ തിരിച്ചടിച്ചു. ഇത് സംഹാര രീതി ശാസ്ത്രത്തിന്റെ അനിവാര്യമായ തിരിച്ചടിയാണ്.

യാഥാസ്ഥികരെന്ന് ഗണിക്കപ്പെടാറുള്ള സുന്നി വിഭാഗങ്ങള്‍ പോലും മാധ്യമ രംഗത്തും വിദ്യാഭ്യാസ രംഗത്തും നവംനവംങ്ങളായ പരീക്ഷണങ്ങളും സംരംഭങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ മുജാഹിദ് സമൂഹം തുടക്കത്തില്‍ നിന്നേടത്തു തന്നെ നില്‍ക്കുകയാണ്. ഈ നിശ്ചലതയെ ഭേദിക്കാനും സ്വയം നവീകരിക്കാനും സംഘടനയില്‍ ഒരു വിഭാഗം നടത്തിയ ശ്രമത്തിന്റെ ഫലം കൂടിയായിരുന്നു കഴിഞ്ഞ പതിറ്റാണ്ടിലെ ഒന്നാം പിളര്‍പ്പ്. സംവാദാത്മകമല്ലാത്ത ശൈലിയാണ് മുജാഹിദ് പ്രസ്ഥാനം പിന്തുടര്‍ന്നത്. സംവാദം എന്നത് ഇതരരെയും കേള്‍ക്കുകയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു സാംസ്‌കാരിക പ്രവര്‍ത്തനമാണ്. കേരളത്തിലെ മതസംവാദങ്ങള്‍ സാംസ്‌കാരിക വിരുദ്ധ പ്രവര്‍ത്തനവും ഒരു സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനവുമായി മാറുകയായിരുന്നു. അതുകൊണ്ടുതന്നെ പാരമ്പര്യവുമായോ ഇതര സംഘടനകളുമായോ ഒരു സംവാദത്മക ബന്ധവും പുലര്‍ത്താന്‍ ഇസ്‌ലാഹി പ്രസ്ഥാനത്തിന് കഴിയാതെ പോയി.

കേവല സംഹാരാത്മകത ആശയ പ്രചാരണ ശൈലി സായുധ പ്രവര്‍ത്തന ശൈലി പോലെത്തന്നെയാണ്. രണ്ടിന്റെയും മനശാസ്ത്രം ഹിംസയാണ്. അത് ആദ്യം എതിരാളികളെ കൊല്ലും. പിന്നെ നേരത്തെ എതിരാളികള്‍ക്കെതിരെ തിരിച്ചുവെച്ച തോക്കുകള്‍ സ്വന്തം സംഘടനയിലെ എതിരഭിപ്രായക്കാരനു നേരെയും തിരിച്ചുവെക്കും. ലോകത്ത് ഏതൊരു സംസ്‌കാരവും ജനവിഭാഗവും സുസ്ഥിരതയോടെ നിലനില്‍ക്കണമെങ്കില്‍ അവര്‍ക്കുണ്ടായിരിക്കേണ്ട വളരെ പ്രധാനമായ ചില അടിസ്ഥാന മാനവിക ഗുണങ്ങള്‍ സത്യത്തിനും അസത്യത്തിനുമെല്ലാം ബാധകമാണ്. ജനാധിപത്യവും ബഹുസ്വരതയും ഇവയില്‍ ഏറെ പ്രധാനമായ രണ്ടെണ്ണമാണ്. ഇസ്‌ലാം പുറത്തുള്ളവരോട് മാത്രമല്ല, അകത്തും പുലര്‍ത്തിയ. ബഹുസ്വരതയുടെ നീണ്ടതും സമ്പന്നവുമായ ഒരു സാംസ്‌കാരിക ചരിത്രമുണ്ട്. മനുഷ്യ സമൂഹത്തിന്റെ സംസ്‌കാരങ്ങളെ കുറിച്ചു പഠിക്കുന്നവര്‍ ആദരവോടെ നോക്കിനില്‍ക്കുന്ന സംസ്‌കാര ചരിത്രത്തിന്റെ ഒരേടാണത്. അതിനെ നിരാകരിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ലോക സലഫി പ്രസ്ഥാനത്തിലെ തീവ്രധാരകളുടെ ദൗര്‍ബല്യവും അപകടവും.

നിര്‍ണ്ണിതമല്ലാത്ത ഒരു വിഷയത്തില്‍ ഇസ്‌ലാമിനകത്തെ അഭിപ്രായ വൈവിധ്യങ്ങള്‍ക്കിടയില്‍ നിന്നും ഒരഭിപ്രായത്തെയെടുത്ത് പ്രബലപ്പെടുത്തുകയാണ് സലഫികള്‍ ചെയ്യുന്നത്. ഇങ്ങനെ പ്രബലപ്പെടുത്തുന്നതിന് അവരൊരു രീതി ശാസ്ത്രം പിന്തുടരുന്നുണ്ട്. ഇതിനെയാണ് മന്‍ഹജു സലഫിയ എന്നുപറയുന്നത്. അത്രയും വരെ അത് ഇസ്‌ലാമികമായി കുഴപ്പമൊന്നുമില്ലാത്തതാണ്. ഇസ്‌ലാമിനകത്തെ നിരവധി മന്‍ഹജുകളിലും മദ്ഹബുകളിലും ഒന്നായി അത് കണക്കാക്കപ്പെടും. എന്നാല്‍ ലോകത്തിലെ ചില സലഫീ വിഭാഗങ്ങള്‍ കാര്യങ്ങളെ ഇവിടെ നിര്‍ത്താതെ തങ്ങള്‍ ശരിയെന്നു പറയുന്ന അഭിപ്രായം മാത്രമാണ് ശരിയെന്നും മറ്റെല്ലാം തെറ്റാണെന്നുമുള്ള നിലപാട് സ്വീകരിക്കുന്നു. എന്നിട്ട് അതിനെതിരെ സായുധ ജിഹാദ് വരെ പ്രഖ്യാപിക്കുന്നു. മതത്തിന്റെ വിശദാംശങ്ങളിലും ശരി ഒന്നു മാത്രമേയുള്ളൂ എന്നത് കേരളത്തിലെ മുജാഹിദുകള്‍ പ്രചരിപ്പിക്കുന്ന ഇസ്ലാമിലെ ഒരു പുത്തനാശയമാണ്. ഇമാം ശാഫി തന്റെ കര്‍മശാസ്ത്രാഭിപ്രായങ്ങളെയും എതിര്‍വാദക്കാരുടെ അഭിപ്രായങ്ങളെയും കുറിച്ചുപറഞ്ഞത് ‘തെറ്റാവാന്‍ സാധ്യതയുള്ള ശരിയാണ് ഞാന്‍ പറയുന്നത്. ശരിയാവാന്‍ സാധ്യതയുള്ള തെറ്റാണ് അവര്‍ പറയുന്നത്’ എ്ന്നാണ്. ഇസ്‌ലാമിക വൈജ്ഞാനിക പാരമ്പര്യത്തിന്റെ ഈ വിനയ വിശാല സംസ്‌കാരത്തെയാണ് സലഫീ തീവ്രവാദം തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഒരു നവോത്ഥാന പ്രസ്ഥാനം സ്വയം നവീകരിക്കുകയും സന്തുലിതമാവുകയും ചെയ്യേണ്ടതിന് പകരം അക്ഷര വായനാ ശാഠ്യത്തിലൂടെയും തീവ്രതയിലൂടെയും സ്വയം റദ്ദ് ചെയ്തുകൊണ്ടിരിക്കുകയാണ്.

ഇസ്‌ലാമിക പ്രമാണങ്ങള്‍ മുതല്‍ സംഘടനാ എതിരാളികളുടെ സാഹിത്യങ്ങള്‍ വരെ അക്ഷരത്തില്‍ വായിച്ച് പലപ്പോഴും തെറ്റായ നിഗമനത്തില്‍ എത്തിച്ചേര്‍ന്നതിന്റെ ദുരന്തം കൂടിയാണ് ഇത്.

അക്ഷരം വിമോചനത്തിന്റെ അഗ്നിയാണ്. പക്ഷെ അക്ഷരാരാധകരെ സംബന്ധിച്ചിടത്തോളം അത് ചരിത്ര നിരപേക്ഷതയുടെ തടവറയാണ്. പ്രമാണത്തിലെ കേവല വാചകത്തിന്റെ തടവറയില്‍ അകപ്പെട്ടുപോയ നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ടാണ് ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നത്.

Related Post