ഹോമറിന്റെ ഇതിഹാസ കാവ്യം പോലെ കാവ്യാത്മകമാണ് ആത്മീയതയിലേക്കുള്ള എന്റെ യാത്ര. ആജ്ഞേയവാദവും പിന്നീട് അതിഭൗതികത്വത്തിലധിഷ്ഠിതമായ ജീവിത വീക്ഷണവും പരീക്ഷിച്ച് അവസാനം എനിക്ക് തൃപ്തി നല്‍കിയത്
ഇസ്ലാമികാശയങ്ങളായിരുന്നു-ഇത് പറയുന്നത് മിഖായേല്‍ ബര്‍ഡിന്‍ എന്ന മുഹമ്മദ് അസദ്. ഐറിഷ് വംശജനായ കത്തോലിക്കനായിരുന്നു ഇദ്ദേഹം. അറേബ്യന്‍-ബ്രിട്ടീഷ് ചരിത്ര പഠനങ്ങളില്‍ തല്പരനായിരുന്ന അദ്ദേഹം നല്ലൊരു ചരിത്രവിദ്യാര്‍ത്ഥിയും അക്കാദമീഷ്യനുമായിരുന്നു. ആധുനിക ബ്രിട്ടീഷുകാരും യൂറോപ്യന്‍ രാജാക്കന്മാരും എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയിരിക്കുന്നത്. ഇസ് ലാമിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ഇസ്ലാം തല്പരര്ക്ക് പ്രേരണയാകുമെന്ന് കരുതി ഇവിടെ ഉദ്ധരിക്കുന്നു.
തന്റെ കുട്ടിക്കാലം മുതലേയുള്ള അന്വേഷണത്വരയാണ് തന്നെ ഇസ്ലാമിലെത്തിച്ചെതെന്ന് ഓര്‍മിക്കുന്നു മിക്കായേല്‍ ബര്‍ഡിന്‍. ടെക്സാസിലെ ഓയില്‍ കമ്പനിയില്‍ എഞ്ചിനീയറായിരുന്നു ഇദ്ദേഹത്തിന്റെ അച്ഛന്. കമ്പനിആവശ്യത്തിനായി അറേബ്യന്‍ നാടുകളില്‍ സഞ്ചരിക്കേണ്ടി വന്നതിനാല്‍ ഒരു പാടുകാലം അറബികളുമായി ബന്ധപ്പെടുവാനും അറേബ്യന്‍ സ്കൂളുകളില്‍ പഠിക്കുവാനും സാധിച്ചു.മൂന്നുവയസ് മുതല്‍ എട്ടുവയസ് വരെ കുടുംബത്തോടൊപ്പം ബഹ്റൈനിലാണ് താമസിച്ചത്. പിന്നീടുള്ള വിദ്യാഭ്യാസം ഇന്ത്യയിലും ലണ്ടനിലുമായി തുടര്‍ന്നു.
ഇന്ത്യയില്‍ തമിഴ്നാട്ടിലെ കൊടൈക്കനാല്‍ ക്രിസ്ത്യന്‍ മിഷന് സ്കൂളിലാണ് തന്റെ അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ക്രിസ്ത്യാനിസത്തെക്കുറിച്ചും കത്തോലിക്കന് ആചാരങ്ങളെക്കുറിച്ചും പഠിക്കുന്നത് ഇവിടെ നിന്നാണ്. പക്ഷേ മതം സ്വന്തം നിലക്ക് പഠിക്കാനായിരുന്നു അസദിന് താല്പര്യം. അതിനാല്‍ അപ്പോള്‍ മതപഠനത്തിനായി പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ വിശ്വാസത്തിലേക്ക് ചുവടുമാറി. ഇത് അദ്ദേഹത്തിന്റെ പിതാവിനെ ഏറെ ഉത്കണ്ഠാകുലനാക്കി. അദ്ദേഹം മകനെ ഇന്ത്യയില്‍ നിന്ന് മാറ്റി റോമിലെ അമേരിക്കന്‍ ബോയ്സ് സ്കൂളില്‍ ചേര്‍ത്തു. അങ്ങനെ റോമിലെ പ്രസിദ്ധമായ നോറ്റര്ഡാം ഇന്റര്‍നാഷനല്‍ സ്കൂളില്‍ വിദ്യാര്‍ത്ഥിയായി. പ്രൊട്ടസ്റ്റന്റ് വിശ്വാസത്തില്‍ നിന്ന് രക്ഷിക്കാന്‍ പിതാവ് സ്വീകരിച്ച മാര്‍ഗം ലക്ഷ്യം കണ്ടു. മകന്റെ അന്വേഷണ മനസ്സ് മതനിരാസമെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചിരിക്കണം. അങ്ങനെ പിതാവിന്റെ നല്ല കുട്ടി എന്ന ആശീര് വാദത്തോടെ ആംസ്റ്റര്‍ഡാം സ്കൂളില്‍ നിന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1963ലായിരുന്നു അത്. അക്കാലത്ത് ക്രിസ്തുമതത്തോട് ഒരു മതതത്ത്വശാസ്ത്രം എന്ന നിലയില്‍ താല് പര്യം തോന്നിത്തുടങ്ങിയിരുന്നു. കത്തോലിക്കാസഭയില്‍ നിന്ന് ഉന്നതരായ പല സഭാധ്യക്ഷന്മാരും മതപ്രഭാഷണത്തിനായി സ്കൂളില്‍ വരികയും അവിടുത്തെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്യാറുണ്ടായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നടക്കുന്ന സമയം. കത്തോലിക്ക സഭാചരിത്രത്തിലെ ചരിത്രപരമായ ഒട്ടേറെ തീരുമാനങ്ങളുണ്ടായത് ഈ രണ്ടാം കൗണ്‍സിലിലാണ്. (രണ്ടാം വത്തിക്കാന്‍ സുനഹദോസ് എന്ന പേരില്‍ സാധാരണയായി അറിയപ്പെടുന്ന വത്തിക്കാനിലെ രണ്ടാമത്തെ സാര്‍വലൗകിക സുനഹദോസ്, കത്തോലിക്കാ സഭയുടെ ഇരുപത്തിയൊന്നാമത്തെ ആഗോള സുനഹദോസായിരുന്നു. ആധുനിക ലോകത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ കത്തോലിക്കാ സഭയെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വ്യാപകമായ പരിഷ്കാരങ്ങള്‍ക്ക് ഈ സഭാസമ്മേളനം തുടക്കമിട്ടു. യോഹന്നാന് 23-ാമന്‍ മാര്‍പ്പാപ്പ 1962 ഒക്ടോബര്‍ 11ന് ഉദ്ഘാടനം ചെയ്ത ഈ സംരംഭം, അദ്ദേഹത്തെ പിന്തുടര്ന്നുവന്ന പോള്‍ ആറാമന്‍ മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ 1965 ഡിസംബര്‍ 8നാണ് സമാപിച്ചത്. നാലു പില്ക്കാലമാര്പ്പാപ്പമാരെങ്കിലും സുനഹദോസിന്റെ പ്രാരംഭസമ്മേളനത്തില്‍ പങ്കെടുത്തു: യോഹന്നാന്23-ാമന്‍ മാര്‍പ്പാപ്പയുടെ മരണത്തെ തുടര്‍ന്ന് സുനഹദോസിനിടെ പോള്‍ ആറാമന്‍ എന്ന പേരില്‍ മാര്‍പ്പാപ്പയായ ജിയോവാനി ബറ്റീസ്റ്റാ കര്‍ദ്ദിനാള്‍ മൊണ്ടീനി; പിന്നീട് യോഹന്നാന് പൗലോസ് ഒന്നാമന് മാര്‍പ്പാപ്പയായ അല്‍ബീനോ ലൂസിയാനി മെത്രാന്; യോഹന്നാന് പൗലോസ് രണ്ടാമന് മാര്‍പ്പാപ്പയായ കരോള്‍ വൊയ്റ്റീവാ മെത്രാന്; ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയായിത്തീര്‍ന്ന ജോസഫ് റാറ്റ്സിഞ്ഞര്‍ എന്നിവരാണ് സൂനഹദോസില്‍ പങ്കെടുത്ത പില്ക്കാല മാര്‍പ്പാപ്പമാര്‍). വിദ്യാഭ്യാസാനന്തരം റോം വിട്ടുവെങ്കിലും പുരോഹിതനാകുവാനായിരുന്നു മിക്കായേല്ബര്ഡിന്ന് താല്പര്യം. അതിനായുള്ള പ്രവേശനപ്പരീക്ഷ എഴുതുക പോലുമുണ്ടായി. കാള്‍ടെക്സ് ഓയില്‍ കമ്പനിയില്‍ എക്സിക്യുട്ടീവ് ഉദ്യോഗസ്ഥനായിരുന്ന പിതാവിന്റെ ജോലി മാറുന്നതിനനുസരിച്ച് ഇന്ത്യയിലും ജര്‍മനിയിലും മാറിത്താമസിച്ചതിലൂടെ ഒരു പാട് സംസ്കാരങ്ങളുമായി ഇഴുകിച്ചേരുവാന്‍ ഇദ്ദേഹത്തിനായി. രാഷ്ട്രീയ രംഗത്തും സാഹിത്യ സാംസ്കാരിക രംഗത്തുമുള്ള ഉന്നതരായ ഒട്ടനവധി ആളുകള്‍ വീട്ടില്‍ അഥിതികളായി എത്താറുണ്ടായിരുന്നതുകൊണ്ട് ഉന്നതരായ ആളുകളുമായി നല്ല ബന്ധമുണ്ടായിരുന്നു.
പള്ളികളില്‍നിന്ന് കേള്‍ക്കാറുള്ള ബാങ്കിനോട്(അദാന്‍)ചെറുപ്പത്തിലെ അദ്ദേഹത്തിന് പ്രിയമുണ്ടായിരുന്നു. ബാങ്ക് കൊടുക്കുന്നതുകേട്ടാല് ചെവികൂര്പ്പിച്ചിരുന്ന് ആസ്വദിക്കും. പക്ഷേ ഇസ്ലാമെന്ന മതത്തോട് വലിയ താല്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇസ്ലാമിക പുസ്തകങ്ങളുടെ വായനയും ഐഡിയോളജിയെന്ന നിലയില്‍ ഇസ് ലാമിനെക്കുറിച്ച പഠനവും ഇക്കാലത്ത് അധികരിച്ചു.
മര്‍മഡ്യൂക്ക് പിക്താളിന്റെ ഖുര്‍ആന്‍ പരിഭാഷയും മറ്റ് അക്കാദമിക പുസ്തകങ്ങളും വഴി ഖുര്‍ആനിലേക്കും ഇസ്ലാമിക അക്കാദമികരംഗത്തേക്കും ഇക്കാലത്ത് പ്രവേശിച്ചു. ഇടക്കാലത്ത് വെച്ച് പാകിസ്ഥാനി അമേരിക്കന്‍ മുസ്ലിംകളുടെ കൂട്ടായ്മയിലും ചേര്‍ന്ന് പ്രവര്‍ത്തിച്ചു. മതപരിവര്‍ത്തനത്തിലൂടെ ഇസ്ലാംമതം സ്വീകരിച്ച കനേഡിയക്കാരിയായ മറ്റൊരു വനിതാ സുഹൃത്തിലൂടെ ഇസ് ലാമിനെക്കുറിച്ച് കൂടുതല്‍ പഠിച്ചു കൊണ്ടിരുന്നു. ഇസ്ലാമിന്റെ ആത്മീയ വശങ്ങള് പഠിച്ചപ്പോള്‍ ഇസ്ലാം സ്വീകരിക്കാതെ നിവൃത്തിയില്ലെന്നായി. അങ്ങനെ ഇസ്ലാം സ്വീകരിച്ച് മുഹമ്മദ് അസദ് എന്ന് നാമധാരണം ചെയ്തു.