കര്‍മങ്ങളെ മുക്തമാക്കണം; ലോകമാന്യത്തില്‍ നിന്ന്
ഇമാം അഹ്മദ്, ഇബ്നു ഖുസൈമ, ബൈഹഖി തുടങ്ങിയ ഹദീഥ് പണ്ഡിതര്‍ തിരുമേനി(സ)യില്‍ നിന്ന് നിവേദനം ചെയ്യുന്നു നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് ചെറിയ ശിര്‍ക്ക് അഥവാ ലോകമാന്യത്തെയാണ്’. ഈ ഹദീസ് ശരിയാണെന്ന് ഇമാം മുന്ദിരി തന്റെ തര്‍ഗീബില്‍ വ്യക്തമാക്കുകയും അല്‍ബാനി തന്റെ സ്വഹീഹുകളില്‍ അത് ഉള്‍പെടുത്തുകയും ചെയ്തിരിക്കുന്നു.
ജനങ്ങള്‍ തന്നെ പുകഴ്ത്തുന്നതില്‍ വിശ്വാസി സന്തോഷിക്കുന്നത് കുറ്റകരമല്ല. എന്നാല്‍ പ്രകടനപരത എന്നത് അല്ലാഹുവല്ലാത്തവരെ ഉദ്ദേശിച്ചുചെയ്യുന്ന നന്മകളിലാണ് കടന്നുവരുന്നത്. ഏകനായിരിക്കെ, സ്വകാര്യമായി ഒരു നന്മയും ചെയ്യാതെ ജനങ്ങളുടെ മുന്നില്‍ വെച്ച് മാത്രം ചെയ്യുന്നതാണ് അതിന് ഏറ്റവും അനുയോജ്യമായ ഉദാഹരണം.
പ്രകടനപരതക്ക് ഒട്ടേറെ തലങ്ങളുണ്ട്.
1. വിശ്വാസത്തില്‍ രിയാഅ് പ്രകടിപ്പിക്കുക. പുറമെ വിശ്വാസവും, അകത്ത് നിഷേധവുമായി ജീവിക്കുന്ന ഇവരെ വിശുദ്ധ ഖുര്‍ആന്‍ മുനാഫിഖ് എന്നാണ് വിളിച്ചിരിക്കുന്നത്.
2. ശരീരം കൊണ്ട് രിയാഅ് പ്രകടിപ്പിക്കുക. കൂടുതലായി ആരാധനകള്‍ നിര്‍വഹിക്കുന്നതായി കാണിക്കുക, നെറ്റിത്തടത്തില്‍ നമസ്കാരത്തിന്റെ അടയാളം സൃഷ്ടിക്കുക, നോമ്പിനെ അറിയിക്കുന്ന വിധത്തില്‍ ഇരു അധരങ്ങളും വരണ്ടതായി കാണിക്കുകയോ, തലതാഴ്ത്തി നടക്കുകയോ ചെയ്യുക.
3. വാക്കുകളില്‍ രിയാഅ് പ്രകടിപ്പിക്കുക. തന്റെ നന്മകള് മറ്റുള്ളവരുടെ മുന്നില്‍ വിളമ്പി അവര്‍ക്കിടയില്‍ തന്നെക്കുറിച്ച് സല്ക്കീര്ത്തിയുണ്ടാക്കുക. സല്‍ക്കര്‍മികളുടെ അവസ്ഥകളെക്കുറിച്ച് ജനങ്ങളോട് വിവരിക്കുകയും വലിയ തത്ത്വങ്ങളും, ഉപദേശങ്ങളും ചൊരിയുകയും ചെയ്യുക.
4. കര്‍മം കൊണ്ട് രിയാഅ് കാണിക്കുക. കൂടുതല്‍ നമസ്കരിക്കുക, റുകൂഇലും സുജൂദിലും ധാരാളം സമയം ചെലവഴിക്കുക, ഭയഭക്തിയുള്ളത് പോലെ പ്രകടിപ്പിക്കുക.
5. സ്ഥാനം കൊണ്ട് രിയാഅ് പ്രകടിപ്പിക്കുക. സമൂഹത്തില്‍ മഹത്ത്വവും, ഔന്നത്യവും ഉള്ള പണ്ഡിതന്മാരെയും മറ്റും സന്ദര്‍ശിക്കുകയും താന്‍ അവരുടെ ഗണത്തിലാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന വികാരമാണ് ഇവിടെ പരിഗണനീയം. ജനങ്ങള്‍ പുകഴ്ത്തുക, പ്രശംസിക്കുക എന്നതാണ് രിയാഇന്റെ അടിസ്ഥാനം. അവര്‍ തന്നെ ആക്ഷേപിക്കരുതെന്നും, അവരുടെ കയ്യിലുള്ളത് നേടിയെടുക്കണമെന്നും ആഗ്രഹിക്കുക.
ചിലയാളുകള്‍ രിയാഇനെ ഭയപ്പെട്ട് കര്‍മങ്ങള്‍ ഉപേക്ഷിക്കുന്നു. മറ്റ് ചിലര്‍ പിശാചിനോട് സന്ധി ചെയ്ത് നന്മകള് ഉപേക്ഷിക്കുന്നു. അടിസ്ഥാന വികാരം ശരിയായിരിക്കെ രിയാഇനെ ഭയപ്പെട്ട് നന്മ ഉപേക്ഷിക്കേണ്ടതില്ല. ഫുളൈല്‍ ബിന്‍ ഇയാള്‍ പറയുന്നു:’ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന കര്‍മങ്ങള്‍ ശിര്‍ക്ക് ആകുന്നു. ജനങ്ങള്‍ക്ക് വേണ്ടി കര്‍മം ഉപേക്ഷിക്കുന്നതും രിയാഅ് തന്നെ. അവ രണ്ടിലും അല്ലാഹു നിനക്ക് സൗഖ്യം നല്‍കുന്നതാണ് ഇഖ്ലാസ്’.
പുതുതായി പഠിച്ച് വരുന്ന വിദ്യാര്‍ത്ഥി ഫത്വ നല്കാന് ധൃതി കാണിക്കുകയും, വിനയം പ്രകടിപ്പിക്കുകയും ചെയ്തേക്കും. എനിക്ക് അറിയില്ല എന്ന് പറയാന്‍ അവന് പ്രയാസം തോന്നിയേക്കും. വലിയ പണ്ഡിതന്മാരെ അനുകരിച്ച് അവന് ‘എന്റെ അഭിപ്രായം, എനിക്ക് തോന്നുന്നത്, എന്റെ ചിന്തയില്‍ മുന്‍ഗണനയര്‍ഹിക്കുന്നത്, എന്റെ മനസ്സിന് നന്നായി തോന്നുന്നത്’തുടങ്ങിയ പ്രയോഗങ്ങള്‍ കടമെടുത്ത് സംസാരിച്ച് തുടങ്ങും.
മറ്റുള്ളവര്‍ക്ക് മറുപടി നല്കാന് ആവേശം കാണിക്കുകയും, മറ്റുളളവരുടെ തെറ്റുകളെക്കുറിച്ച് മാത്രം സംസാരിക്കുകയും ചെയ്യുന്നവരാണ് അത്തരക്കാര്‍. മറ്റുള്ളവര്‍ യാതൊരു ശരിയും ചെയ്യാത്തവരെപ്പോലെയാണ് ഇവരുടെ സമീപനം.
വ്യക്തിപരമായ ബാധ്യതകള്‍ ഉപേക്ഷിച്ച് സാമൂഹിക ബാധ്യതകള്‍ നിര്‍വഹിക്കുന്നവരാണ് അവരില്‍ ചിലര്‍. ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത ശാഖാപരമായ വിഷയങ്ങളിലായിരിക്കും അവരുടെ ശ്രദ്ധ. ആത്മാര്‍ത്ഥത, നന്മ, പുണ്യം, സല്‍സ്വഭാവം തുടങ്ങിയ വിഷയങ്ങള്‍ അവരില്‍ നിന്ന് പുറത്തുവരികയില്ല.
തര്‍ക്കത്തിലും സംസാരത്തിലും സന്തോഷം കണ്ടെത്തുന്നവരാണ് ഇവരില്‍ മൂന്നാം വിഭാഗം. സംവാദത്തിന് തയ്യാറാവുകയും ആദ്യപോരാട്ടത്തില്‍ തന്നെ ശാപപ്രാര്ത്ഥനയിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു അവര്‍. വിവര പ്രദര്‍ശനവും വാക്തര്ക്കങ്ങളുമാണ് മിക്ക സംവാദങ്ങളിലും നടക്കാറുള്ളത്. പ്രതിയോഗിയെ തറപറ്റിക്കുക, അദ്ദേഹത്തിന്റെ ദൗര്‍ബല്യം ബോധ്യപ്പെടുത്തുക തുടങ്ങിയവയാണ് അവയുടെ ലക്ഷ്യങ്ങള്‍!
പ്രതിയോഗിയില്‍ നിന്ന് ചില സത്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അവന്റെ ഹൃദയം കുടുസ്സാവുന്നു. അതോടെ അവന്റെ മുന്നില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ച് അവനെ സത്യത്തില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുന്നു. ഒരു സല്‍ക്കര്‍മിയായ മനുഷ്യനോട് ഇപ്രകാരം ചോദിക്കപ്പെട്ടുവത്രെ:’എന്തുകൊണ്ടാണ് പൂര്‍വസൂരികളുടെ വാക്കുകള്‍ നമ്മുടേതിനേക്കാള്‍ പ്രയോജനകരമായത്?’
അദ്ദേഹം പറഞ്ഞു :’അവര്‍ ഇസ്ലാമിന്റെ പ്രതാപത്തിനും, മനസ്സിന്റെ രക്ഷക്കും, ദൈവത്തിന്റെ തൃപ്തിക്കും വേണ്ടിയായിരുന്നു സംസാരിച്ചിരുന്നത്. നാം നമ്മുടെ പ്രതാപത്തിനും, ഐഹികനേട്ടത്തിനും, ജനങ്ങളുടെ പ്രീതിക്കും വേണ്ടിയാണ് സംസാരിക്കുന്നത്’.