അമൂല്യ രത്‌നങ്ങളാണ് മക്കള്‍

childrenഒരു സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കുന്നതിന്റെ ആദ്യ പടിയാണ് അതിലെ ചീത്ത സ്വഭാവങ്ങള്‍ മാറ്റുകയെന്നത്. ഒരു സമൂഹത്തിന് അതിന്റെ പ്രതാപവും ഉണര്‍ച്ചയും വീണ്ടെടുക്കാനും മറ്റുള്ളവയില്‍ നിന്ന് അതിനെ വ്യതിരിക്തവുമാക്കുന്ന മാറ്റമാണത്. ബാഹ്യവും ആന്തരികവുമായ ആ മാറ്റമാണ് യഥാര്‍ത്ഥവും ക്രിയാത്മകവുമായ മാറ്റം. അത് ദീനിനെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ശരിയായ വിശ്വാസത്തിലൂന്നിയുള്ള സന്താന പരിപാലനം അതിന്റെ പ്രേരകങ്ങളിലൊന്നാണ്. ഒരു സമൂഹത്തിന്റെ പുരോഗതിയില്‍ സുപ്രധാനമായ പ്രസ്തുത പങ്കിനെ കുറിച്ച് രക്ഷിതാക്കള്‍ ബോധവാന്‍മാരായിരിക്കേണ്ടതുണ്ട്. മക്കളോടുള്ള തങ്ങളുടെ ബാധ്യത രക്ഷിതാക്കള്‍ തിരിച്ചറിയുമ്പോള്‍ മാത്രമാണ് കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക് ഒരു മാറ്റം സാധ്യമാവുകയുള്ളൂ.

വളര്‍ന്നു വരുന്ന മനസ്സുകളുടെ സംസ്‌കരണം എല്ലാവരുടെയും ഒത്തൊരമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഫലപ്രാപ്തിയിലെത്തുകയുള്ളൂ. വീട്ടിലും സ്‌കൂളിലും അങ്ങാടിയിലും സമൂഹത്തിലും ഉള്ള എല്ലാവരും അതിനായി കൈകോര്‍ക്കണം. അറിവ് നേടുന്നതോടൊപ്പം തന്നെ സംസ്‌കാരവും സിദ്ധിക്കണം. വിദ്യാഭ്യാസത്തോടൊപ്പം സംസ്‌കരണവും അറിവിനനുസരിച്ചുള്ള പ്രവര്‍ത്തനവും ഒത്തൊരുമിക്കണം. സമൂഹത്തിലെ ഓരോ വ്യക്തിക്കും കൃത്യമായ പങ്ക് അതില്‍ നിര്‍വഹിക്കാനുണ്ട്. എന്നാല്‍ മക്കളുടെ സംസ്‌കരണത്തില്‍ രക്ഷിതാക്കളുടെ പങ്കാണ് ഏറ്റവും സുപ്രധാനം.

മക്കളുടെ സംസ്‌കരണത്തിന്റെ പ്രധാന ഉത്തരവാദിത്വം രക്ഷിതാക്കളുടെ ചുമലിലാണുള്ളത്. കുട്ടിയുടെ ആദ്യ അഭയ കേന്ദ്രം അവരാണ് എന്നത് തന്നെയാണതിന് കാരണം. അവര്‍ വളരുന്ന ജീവിത സര്‍വകലാശാലയിലെ ആദ്യ സ്‌കൂളും അധ്യാപകരും രക്ഷിതാക്കളാണ്. മുഹമ്മദ് ഖുതുബ് പറയുന്നു : ‘വീട്, അങ്ങാടി, സ്‌കൂള്‍, ചുറ്റുപാട് ഇവയെല്ലാം സംസ്‌കരണത്തിന്റെ അടിസ്ഥാനങ്ങളാണെങ്കില്‍, ഇവയില്‍ വീടാണ് ഏറ്റവും ആദ്യമായും ഏറ്റവും ശക്തമായും സ്വാധീനിക്കുന്ന ഘടകം. കാരണം കുട്ടിയെ അവന്റെ ആദ്യഘട്ടത്തില്‍ ഏറ്റുവാങ്ങുന്നത് അതാണ്. ഒരു കുട്ടി മറ്റെവിടെയും കഴിയുന്നതിനേക്കാള്‍ കാലം കഴിയുന്നതും വീട്ടിലാണ്. അതുകൊണ്ട് തന്നെ അവനെ ഏറ്റവും അധികം സ്വാധീനിക്കുക മാതാപിതാക്കളായിരിക്കും.’

അറിവുകളും സമ്പ്രദായങ്ങളും നല്ലതും ചീത്തയുമായ സ്വഭാവങ്ങളുമെല്ലാം കുടിക്കപ്പെടുന്ന ആദ്യ ഉറവയാണ് മാതാപിതാക്കള്‍. ഒരാളുടെ മതവും ആദര്‍ശവും രൂപപ്പെടുന്നതും അവിടെ വെച്ചാണ്. പ്രവാചകന്‍(സ) ഒരിക്കല്‍ പറഞ്ഞു: ‘ഓരോ മനുഷ്യനെയും അവന്റെ മാതാവ് ശുദ്ധ പ്രകൃതിയിലാണ് പ്രസവിക്കുന്നത്. പിന്നീട് അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനും ക്രിസ്ത്യാനിയും മജൂസിയുമെല്ലാം ആക്കുന്നത്. അവരിരുവരും മുസ്‌ലിംകളാണെങ്കില്‍ അവന്‍ മുസ്‌ലിമാകുന്നു.’ (മുസ്‌ലിം)

സന്താനങ്ങളെ ഏറ്റവും നന്നായി വളര്‍ത്തുന്നതിന് ഖുര്‍ആന്‍ പ്രത്യേക പ്രാധാന്യം കല്‍പിച്ചിട്ടുണ്ട്. മക്കള്‍ക്കും കുടുംബത്തിനും നല്ല പരിചരണം നല്‍കുന്നതിന് അത് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു: ‘വിശ്വസിച്ചവരേ, നിങ്ങളെയും കുടുംബാദികളെയും നരകാഗ്‌നിയില്‍നിന്നു രക്ഷിക്കുവിന്‍. അതിന്റെ വിറക് മനുഷ്യരും കല്ലുകളുമാകുന്നു. അതിന്മെല്‍ ക്രൂരരും ബലിഷ്ഠരുമായ മലക്കുകള്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹുവിന്റെ കല്‍പനയെ അവര്‍ അശേഷം ധിക്കരിക്കുന്നതല്ല’ (അത്തഹ്‌രീം : 6)

പ്രസ്തുത സൂക്തത്തില്‍ ഉപയോഗിച്ച ‘അന്‍ഫുസകും’ (നിങ്ങളെ) എന്ന പദം സന്താനങ്ങളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണെന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മക്കള്‍ നിങ്ങളുടെ തന്നെ ഭാഗമാണെന്നതാണ് അതിന് ന്യായം. അവനെ ഹലാല്‍-ഹറാമുകള്‍ പഠിപ്പിക്കേണ്ടതും തെറ്റുകളില്‍ നിന്ന് തടഞ്ഞു നിര്‍ത്തേണ്ടതും രക്ഷിതാക്കളാണ്. ഈ ആയത്ത് അവതരിച്ച സമയത്ത് ഉമര്‍(റ) നബി(സ)യോട് ചോദിച്ചതായി ഇമാം ഖുശൈരി റിപോര്‍ട്ട് ചെയ്യുന്നു ; ‘അല്ലാഹുവിന്റെ ദൂതരെ, ഞങ്ങളെ സംരക്ഷിച്ചിരിക്കുന്ന, ഞങ്ങളുടെ കുടുംബത്തിന്റെ കാര്യം എങ്ങനെയാണ്? അപ്പോള്‍ പ്രവാചകന്‍(സ) മറുപടി നല്‍കി : ‘അല്ലാഹു വിലക്കിയ കാര്യങ്ങളില്‍ നിന്ന് അവരെ നിങ്ങള്‍ തടയുക. അല്ലാഹു കല്‍പ്പിച്ച കാര്യങ്ങള്‍ അവരോട് കല്‍പിക്കുകയും ചെയ്യുക.’

നരകത്തില്‍ നിന്നും സ്വന്തത്തെ കാത്തു സൂക്ഷിക്കുന്ന ഒരു പിതാവ് അതിലൂടെ മക്കള്‍ക്ക് പിന്തുടരാനുള്ള നല്ല മാതൃക കാണിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. മാതാപിതാക്കള്‍ മക്കള്‍ക്ക് നല്‍കുന്ന ആദ്യ ഉപദേശം അവരുടെ പ്രവര്‍ത്തനങ്ങളാണ്. അല്ലാഹുവിന് വഴിപ്പെട്ടു കൊണ്ട് അവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഓരോ വാക്കും പ്രവര്‍ത്തിയും ഉപദേശമാണ്. ‘നിങ്ങളെയും കുടുംബാദികളെയും നരകാഗ്‌നിയില്‍നിന്നു രക്ഷിക്കുവിന്‍.’ ഖുര്‍ആന്‍ സൂക്തത്തെ വിശദീകരിച്ചു കൊണ്ട് മുജാഹിദ് പറയുന്നു: ‘നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹുവിനെ സൂക്ഷിക്കാന്‍ നിങ്ങളുടെ കുടുംബത്തെ ഉപദേശിക്കുകയും ചെയ്യുക. മക്കളെ അവര്‍ക്കും മറ്റുള്ളവര്‍ക്കും ഗുണകരമാവുന്ന തരത്തില്‍ പരിശീലിപ്പിക്കുന്ന പൂര്‍ണമായ പരിപാലനം അല്ലാഹുവെ അനുസരിക്കുന്നതിന്റെ ഭാഗമാണ്. അവനെ നേടുന്ന എല്ലാ പ്രയോജനകരമായ അറിവും, അവനെ അണിയുന്ന എല്ലാ സല്‍സ്വഭാവങ്ങളും, അവന്‍ സമൂഹത്തിലുണ്ടാക്കുന്ന എല്ലാ സംസ്‌കരണങ്ങളും, അനുവദനീയമായ സമ്പാദനത്തിന് അവന്‍ സ്വീകരിക്കുന്ന എല്ലാ പരിശ്രമങ്ങളും, ശരീരത്തിന്റെയും മനസിന്റെയും ബുദ്ധിയുടെയും സംരക്ഷണത്തിനായി അവന്‍ സ്വീകരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അല്ലാഹുവിനുള്ള അനുസരണമാണ്.

മുമ്പ പറഞ്ഞ ഗുണങ്ങളുടെ ഉടമകളായി മക്കളെ വളര്‍ത്തിയെടുക്കല്‍ രക്ഷിതാക്കളുടെ ബാധ്യതയാണ്. ദീന്‍ തന്റെ പ്രായോഗിക ജീവിതത്തില്‍ നിന്ന് വേറിട്ട ഒന്നല്ലെന്ന് അവന് തിരിച്ചറിയുന്നവനാക്കി മാറ്റണം. നമസ്‌കാരത്തിലും മറ്റ് ആരാധനാ കാര്യങ്ങളിലും പരിമിതമായ ഒന്നല്ല ദീന്‍ എന്ന് അവന്‍ മനസിലാക്കണം. ജനങ്ങളില്‍ നിന്ന് അകന്ന് സന്യസിക്കലുമല്ല മതമെന്ന് അവന് അറിയാന്‍ കഴിയണം. ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്ന ഒന്നാണ് ദീന്‍. ജീവിതത്തിന്റെ സകല മേഖലകളെയും ശക്തിയോടെ മുറുകെ പിടിക്കുന്നു എന്നത് തന്നെയാണ് ഈ ദീനിന്റെ പ്രധാന സവിശേഷത. എല്ലാ ഗുണങ്ങളെയും സംയോജിപ്പിച്ച് നമുക്കതിന് മാതൃക കാണിച്ചു തന്നിരിക്കുന്നത് പ്രവാചകന്‍(സ)യാണ്. ഭൂമിയിലൂടെ നടക്കുന്ന ഖുര്‍ആനായിരുന്നു നബി തിരുമേനി(സ). ആരാധനകള്‍ നിര്‍വഹിക്കുന്നതോടൊപ്പം തന്നെ മറ്റു ജോലികളിലും അദ്ദേഹം ഏര്‍പ്പെട്ടു. സഹനശീലനായ പ്രബോധകന്‍, രാഷ്ട്രീയക്കാരന്‍, നേതാവ്, പോരാളി തുടങ്ങിയ റോളുകളെല്ലാം അദ്ദേഹം കാണിച്ചു തന്നിട്ടുണ്ട്. ചുറ്റുമുള്ളവരോട് ഇടപഴകുകയും അവരില്‍ നിന്നുള്ള പ്രയാസങ്ങള്‍ സഹിക്കുകയും ചെയ്യുന്നവനായിരുന്നു പ്രവാചകന്‍(സ). അദ്ദേഹം നല്ല ഭര്‍ത്താവും പിതാവും മനുഷ്യനുമായിരുന്നു. അല്ലാഹു അദ്ദേഹത്തോട് കല്‍പ്പിച്ചു : ‘എന്റെ നമസ്‌കാരവും ആരാധനാകര്‍മങ്ങളഖിലവും എന്റെ ജീവിതവും മരണവും എല്ലാം സര്‍വലോകനാഥനായ അല്ലാഹുവിനു വേണ്ടിയാകുന്നു.’ (അല്‍-അന്‍ആം : 162) അവയെല്ലാം അല്ലാഹുവിന് മാത്രമാക്കണമെന്ന് ചുരുക്കം.

നമ്മോടൊപ്പവും നമുക്ക് ശേഷവും ഈ ദീനിന്റെ ഉത്തരവാദിത്വം വഹിക്കുന്നതിന് മക്കളെ നാം തയ്യാറാക്കേണ്ടതുണ്ട്. അത് നമ്മുടെ ബാധ്യതയായിട്ടാണ് നബി(സ) പരിചയപ്പെടുത്തിയിട്ടുള്ളത്. ഓരോരുത്തരും അവരുടെ സംരക്ഷണത്തിലുള്ളവരുടെ കാര്യത്തില്‍ ചോദ്യം ചെയ്യപ്പെടുമെന്നാണ് ഹദീസ് നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ മക്കളെ സംസ്‌കാരം പഠിപ്പിക്കുക എന്നത് രക്ഷിതാക്കളുടെ നിര്‍ബന്ധ ബാധ്യതയാണ്. അന്ത്യദിനത്തില്‍ മാതാപിതാക്കളുടെ കാര്യത്തില്‍ വീഴ്ച്ച വരുത്തിയ മക്കള്‍ ചോദ്യം ചെയ്യപ്പെടുന്നതിന് മുമ്പ് മക്കളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ ചോദ്യം ചെയ്യപ്പെടുമെന്ന് പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് മക്കളില്‍ നിന്ന് അവകാശങ്ങളുള്ളത് പോലെ തിരിച്ച് മക്കള്‍ക്കും മാതാപിതാക്കളില്‍ നിന്ന് അവകാശമുണ്ട്. അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കലും അവരെ സംസ്‌കാരമുള്ളവരാക്കലും രക്ഷിതാക്കളുടെ ബാധ്യതകളില്‍ പ്രധാനപ്പെട്ടതാണ്.

ഉപകാരപ്രദമായ അറിവുകളൊന്നും മക്കള്‍ക്ക് പകര്‍ന്നു നല്‍കാതെ അവരുടെ ഇഷ്ടത്തിന് വിട്ടു കൊടുക്കുന്നത് മക്കളോട് പുലര്‍ത്തുന്ന ഏറ്റവും നീചമായ നിലപാടാണ്. മിക്ക കുട്ടികളും തെമ്മാടികളായി മാറുന്നത് അവരുടെ രക്ഷിതാക്കള്‍ ശരിയായ ദീനീ വിദ്യാഭ്യാസം നല്‍കാതെ അവഗണിക്കുന്നത് കൊണ്ടാണ്. ദീനിന്റെ അടിസ്ഥാനങ്ങളോ മര്യാദകളോ അവര്‍ക്ക് പഠിക്കാന്‍ അവസരം ലഭിക്കാതെ പോകുന്നു. അവര്‍ വലുതാകുമ്പോള്‍ അവര്‍ക്കോ മാതാപിതാക്കള്‍ക്കോ ഉപകാരമില്ലാത്തവരായിട്ടായിരിക്കും വളരുക. ചെറുപ്പത്തില്‍ അവരോട് മാതാപിതാക്കള്‍ സ്വീകരിച്ച നിലപാട് അവര്‍ വലുതാകുമ്പോള്‍ അവരില്‍ നിന്ന് പല രക്ഷിതാക്കളും അനുഭവിക്കേണ്ടി വരും.

മക്കളെ അമൂല്യമായ രത്‌നമായിട്ടാണ് ഇമാം ഗസ്സാലി പരിചയപ്പെടുത്തുന്നത്. അദ്ദേഹം പറയുന്നത് കാണുക : ‘ഒരു കുട്ടി അവന്റെ മാതാപിതാക്കളെ സൂക്ഷിക്കാനേല്‍പ്പിച്ചിരിക്കുന്ന സ്വത്താണ്. അവന്റെ ശുദ്ധമായ ഹൃദയം വരയും കുറിയുമേല്‍ക്കാത്ത അമൂല്യമായ രത്‌നമാണ്. അവന്‍ അതില്‍ കൊത്തിവെക്കുന്ന ഓരോന്നും അവന്‍ സ്വീകരിക്കുന്നവനാണ്. അതിനെ ചായ്ക്കുന്നിടത്തേക്കെല്ലാം ചായുന്നവനുമാണ്. നന്മ ശീലമാക്കുകയും പഠിപ്പിക്കുകയും ചെയ്താല്‍ അവന്‍ അതില്‍ വളരും. ഇഹത്തിലും പരത്തിലും അവന്‍ സൗഭാഗ്യവാനുമായി. അവന് ലഭിക്കുന്ന പ്രതിഫലത്തില്‍ പിതാവിനും ഒരോഹരി ഉണ്ടാവും. അവനെ പഠിപ്പിച്ചവര്‍ക്കും സംസ്‌കരിച്ചവര്‍ക്കും അതില്‍ ഓഹരിയുണ്ടാവും. എന്നാല്‍ തിന്മയാണ് ശീലിപ്പിക്കുന്നതെങ്കില്‍, എന്നിട്ട് മൃഗങ്ങളെ പോലെ അവഗണിക്കുകയും ചെയ്തു. അവന്റെ ഭാരം അവനെ പരിശീലിപ്പിച്ചവരുടെ പിരടിയിലുമുണ്ടാകും.

ഈമാന്‍ മഗാസി ശര്‍ഖാവി
വിവ : അഹ്മദ് നസീഫ്‌

(Islam Onlive)

Related Post