സിനിമ ഇസ്ലാമില്‍

സിനിമ:

ശൈഖ് മുഹമ്മദുല്‍ ഗസ്സാലി
ghazali_939835843

imaam gazzali

ആധുനിക ഇസ്‌ലാമിക പണ്ഡിതന്‍മാരില്‍ സിനിമയെ സംബന്ധിച്ച അഭിപ്രായപ്രകടനത്തില്‍ ഇസ്‌ലാമിക ലോകത്തെ  വേറിട്ട ശബ്ദമാണ് മുഹമ്മദുല്‍ ഗസ്സാലിയുടേത്. ഒരു പക്ഷേ ഈ രംഗത്ത് ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ച ആദ്യവ്യക്തി ഇദ്ദേഹമായിരിക്കും. യാഥാസ്ഥിതികരായ പണ്ഡിതന്‍മാരും സലഫിപണ്ഡിതന്‍മാരുമൊക്കെ തികച്ചും പ്രതിലോമകരമായ രീതിയില്‍ മാത്രം സിനിമ എന്ന മാധ്യമത്തെ കണ്ടപ്പോള്‍ അതിനെ തീര്‍ത്തും ധനാത്മകമായി സമീപിക്കുകയായിരുന്നു ശൈഖ് മുഹമ്മദുല്‍ ഗസ്സാലി.

‘മിഅതു സുആലിന്‍ അനില്‍ ഇസ്‌ലാം’ (ഇസ് ലാമിനെ കുറിച്ചുള്ള നൂറ് ചോദ്യങ്ങള്‍) എന്ന തന്റെ കൃതിയില്‍ സിനിമയെ കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അടിസ്ഥാനപരമായി അനുവദനീയമാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. സിനിമ എന്ന മാധ്യമത്തെ ഖണ്ഡിതമായി നിരാകരിക്കുന്ന പ്രമാണങ്ങള്‍ ഇല്ലെന്നതാണ് അതിന് കാരണം. എന്നാല്‍ സിനിമയും നാടകവും പോലുള്ള കലാസ്വാദന-പ്രക്ഷേപണരീതികള്‍ ഹറാമാണെന്ന് തീര്‍പ്പുകല്‍പിക്കാന്‍ പലരും  വെമ്പല്‍ കൊള്ളുകയാണ്. ഇതു പ്രവാചകചര്യക്ക് നിരക്കുന്നതല്ല. രണ്ട് കാര്യങ്ങളില്‍ എളുപ്പമുള്ളതിനെയാണ് അവിടുന്ന് തെരഞ്ഞെടുത്തിരുന്നത്;അവ ചെയ്യുന്നതില്‍ കുറ്റമില്ലെങ്കില്‍. ഇനി അതില്‍ തിന്‍മയുണ്ടെങ്കില്‍ തിരുമേനിയായിരിക്കും ആദ്യം അതില്‍ നിന്ന്  അകന്നുനില്‍ക്കുക.

ആധുനിക നാഗരികതയുടെ ആസ്വാദനമാധ്യമമാണ് സംഗീതം. സംഗീതം ഇസ്‌ലാമില്‍ ഹറാമാണെന്ന കാഴ്ചപ്പാട് മുഹമ്മദുല്‍ ഗസ്സാലിക്കില്ല. നല്ല അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന, നിഷിദ്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യാതൊന്നും ഇല്ലാത്ത സംഗീതം ഹലാലാണെന്നാണ് അദ്ദേഹത്തിന്റെ വീക്ഷണം. അദ്ദേഹം പറയുന്നു. ‘വൃത്തികേടുകളും അശ്ലീലതയും പരത്തുന്ന ഗാനങ്ങളെയാണ് ഇസ്‌ലാം വിലക്കുന്നുള്ളൂ. പാട്ടിനെ നിരുപാധികം വിലക്കുന്നതായ ഒരു ഹദീസും വന്നിട്ടില്ല. തിരുമേനി തന്നെയും ഒരിക്കല്‍ അബൂമൂസല്‍ അശ്അരിയെ   അദ്ദേഹത്തിന്റെ സംഗീത സാന്ദ്രമായ ഖുര്‍ആന്‍ പാരായണം കേട്ട് പ്രശംസിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ശ്രവണമധുരമായ ഖുര്‍ആന്‍ പാരായണം കേട്ടപ്പോഴാണ് തിരുമേനി അദ്ദേഹത്തിന്റെ സ്വരമാധുരിയെ പ്രശംസിച്ചത്. ‘ദാവൂദ് നബിയുടെ കുടുംബത്തിനു കിട്ടിയതു പോലുള്ള സംഗീതോപകരണം നിനക്കും ലഭിച്ചിട്ടുണ്ടല്ലോ’ എന്നായിരുന്നു തിരുമേനിയുടെ പ്രശംസ. ഹദീസില്‍ മിസ്മാര്‍ എന്ന പദത്തിനര്‍ത്ഥം കാറ്റു മൂലം പ്രവര്‍ത്തിക്കുന്ന ഇന്നത്തെ ബ്യൂഗിളിന്റേതു പോലുള്ള ഒരു സംഗീത ഉപകരണമെന്നാണ്. അബൂ മുസല്‍ അശ്അരിയുടെ ഒരു നന്‍മയെ എടുത്തുപറയുകയാണ് തിരുമേനി. ആ സംഗീത ഉപകരണം മോശമോ ഇസ്‌ലാം വിലക്കിയതോ ആയിരുന്നുവെങ്കില്‍ അബൂ മൂസല്‍ അശ്അരിയുടെ ശബ്ദത്തെ തിരുമേനി ഒരിക്കലും അതിനോടുപമിക്കുമായിരുന്നില്ല.

ഇവ്വിധമായിരുന്നു ചിത്ര രചനയോടും ഫോട്ടോഗ്രാഫിയോടും സിനിമയോടുമുള്ള മുഹമ്മദുല്‍ ഗസ്സാലിയുടെ നിലപാട്. അടിസ്ഥാനപരമായി സിനിമ എന്ന മാധ്യമം ഹലാലാണ്. അതില്‍ ഇസ്‌ലാം വിരോധിച്ച അശ്ലീലവും അക്രമവും തിന്‍മകളും ഉണ്ടാകുമ്പോഴാണ് അത് ഹറാമാകുന്നത്.
ശൈഖ് മുഹമ്മദുല്‍ ഗസ്സാലി പറയുന്നു: ഞാന്‍ ഈ ജീവിതത്തെ സ്‌നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു മുസ് ലിമാണ്. ഈ ജീവിതത്തില്‍ അല്ലാഹു നല്‍കിയ എല്ലാ നന്‍മകളെയും ഐശ്വര്യങ്ങളെയും ഞാന്‍ ഇഷ്ടപ്പെടുന്നു. അല്ലാഹു അവന്റെ പ്രപഞ്ചത്തില്‍ അവന്‍ എനിക്ക് ആതിഥ്യമരുളിയിരിക്കുന്നു. അവന് എനിക്ക് നല്ല ഭക്ഷണം നല്‍കിയിരിക്കുന്നു. അവഗണനയോടെ അശ്രദ്ധയോടെ ഇത്തരം അനുഗ്രഹങ്ങളോട് പുറംതിരിഞ്ഞുനിന്നാല്‍ അതു എന്തു മാത്രം കൃതഘ്‌നതയല്ല? അല്ലാഹു നമുക്ക് നല്‍കിയ അനുഗ്രഹത്തോട് നാം നന്ദി ചെയ്യേണ്ടതില്ലേ? ആധുനിക നാഗരികതയും പൗരാണിക നാഗരികതകളും മനുഷ്യനു മുന്നില്‍ കൊണ്ടുവരുന്ന എല്ലാ സംവിധാനങ്ങളെയും സൗകര്യങ്ങളെയും ഈയടിസ്ഥാനത്തിലാണ് ഞാന്‍ നോക്കിക്കാണുന്നത്. ഭൂമിയിലുള്ളത് മുഴുവനും നിങ്ങള്‍ക്ക് വേണ്ടി സംവിധാനിച്ചത് അവനാണെന്നാണല്ലോ  ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അതിനാല്‍ ഇത്തരം നന്മകളെ അവ്വിധം സ്വീകരിക്കാനാണ് എനിക്കിഷ്ടം.
മുഹമ്മദുല്‍ ഗസ്സാലിയുടെ വീക്ഷണത്തില്‍ സിനിമ എന്ന ദൃശ്യശ്രാവ്യമാധ്യമം ഇസ് ലാമില്‍ ഹറാമല്ല. അതേസമയം അശ്ലീലതയും അക്രമവും പരത്തുന്ന  സിനിമകള്‍ ഏതു സാഹചര്യത്തിലും ഹറാമാണെന്ന കാര്യത്തില്‍ സംശയമില്ല.

Related Post