വൈജ്ഞാനിക സത്യസന്ധത

Ibn-al-Nafis

ഇബ്നു അല്‍ നഫീസ്

ഡോ. റാഗിബുസ്സര്‍ജാനി

ഇസ്‌ലാം ലോകത്തിന് പരിചയപ്പെടുത്തിയ മൂല്യമാണ് വൈജ്ഞാനിക വിശ്വസ്തത എന്നത്.മതത്തിന്റെയും സ്വഭാവ മഹിമയുടെയും അഭാവത്തില്‍ മറ്റുള്ളവരുടെ ശാസ്ത്രീയ സംഭാവനകള്‍ പേരിനും പ്രസിദ്ധിക്കും വേണ്ടി തങ്ങളുടെ പേരിലേക്ക് ചേര്‍ക്കുന്നതില്‍ ജനങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുകയില്ല.

വൈജ്ഞാനിക സത്യസന്ധത ധൈഷണികവും ശാസ്ത്രീയവുമായ അവകാശങ്ങളെ വകവെച്ച് കൊടുക്കുന്നതിനും മറ്റുള്ളവരുടെ അദ്ധ്വാനവും പരിശ്രമവും കണക്കിലെടുക്കാനും പ്രാപ്തമാക്കുന്നു. ചരിത്രത്തില്‍ മുസ്‌ലിം ശാസ്ത്രജ്ഞരുടെ ധാരാളം ഗവേഷണങ്ങളും കണ്ടെത്തലുകളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്ക് ശേഷം പിറന്ന് വീണ പാശ്ചാത്യന്‍ ശാസ്ത്രകാരന്‍മാരുടെ പേരിലാണ് അവ ഇപ്പോള്‍ അറിയപ്പെടുന്നത്.

ഇബ്‌നു നഫീസില്‍ നിന്നും മോഷണം
മേല്‍ സൂചിപ്പിച്ച വിധത്തിലുള്ള വൃത്തികെട്ട മോഷണങ്ങള്‍ക്ക് ഇരയായ ശാസ്ത്രജ്ഞനാണ് ഇബ്‌നു നഫീസ്. രക്ത ചംക്രമണ വ്യവസ്ഥയെ കുറിച്ച തന്റെ കണ്ടെത്തലുകള്‍ ശറഹ് തശ്‌രീഹുല്‍ ഖാനൂന്‍ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം വിശദീകരിച്ചിരുന്നു. പക്ഷെ ഈ യാഥാര്‍ത്ഥ്യം വര്‍ഷങ്ങളോളം രഹസ്യമായി അവശേഷിച്ചു. പിന്നീട് അവ ഇംഗ്ലീഷ് ശാസ്ത്രജ്ഞനായ വില്യം ഹാര്‍വിയുടെ പേരിലാണ് അറിയപ്പെട്ടത്. ഇബ്‌നു നഫീസിന്റെ കാലം കഴിഞ്ഞ് മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇദ്ദേഹം കടന്ന് വരുന്നത്. ഈജിപ്ഷ്യന്‍ ഡോക്ടര്‍ മുഹ്‌യുദ്ധീന്‍ തത്വാവിയുടെ ഗവേഷണത്തിലൂടെയാണ് ഈ യഥാര്‍ത്ഥ്യം ലോകമറിയുന്നത് തന്നെ.

ഇറ്റാലിയന്‍ ഡോക്ടറായ അല്‍ ബാജോ 1547ല്‍ ഇബ്‌നു നഫിസിന്റെ പ്രസ്തുത കൃതിയുടെ ഏതാനും ഭാഗങ്ങള്‍ ലാറ്റിന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു. അദ്ദേഹം അറബി പഠിക്കുന്നതിന് വേണ്ടി മുപ്പത് വര്‍ഷത്തോളം റുഹാ എന്ന പ്രദേശത്ത് താമസിച്ചതിന് ശേഷമായിരുന്നു ഇത്. രക്ത ചംക്രമണവുമായി ബന്ധപ്പെട്ട ഇബ്‌നു നഫീസിന്റെ അഭിപ്രായങ്ങള്‍ അദ്ദേഹം വിവര്‍ത്തനം ചെയ്ത ഭാഗങ്ങളിലുണ്ടായിരുന്നു. പക്ഷെ ഈ വിവര്‍ത്തന ഗ്രന്ഥം നഷ്ടപ്പെട്ടു. പാരീസ് സര്‍വ്വകലാശാലയില്‍ പഠിതാവായിരുന്ന സെര്‍ഫിത്യൂസ് എന്ന ഒരു സ്‌പെയിന്‍കാരന്‍ ആ വിവര്‍ത്തന ഗ്രന്ഥം വായിക്കാനിടയായി. വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ സര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കപ്പെട്ട അദ്ദേഹം തന്റെ ചില ഗ്രന്ഥങ്ങളോടൊപ്പം കരിച്ച് കളയപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ചില ഗ്രന്ഥങ്ങള്‍ അവശേഷിക്കാനായിരുന്നു ദൈവ വിധി. അവയില്‍ അല്‍ ബാജോയുടെ വിവര്‍ത്തന ഗ്രന്ഥത്തില്‍ നിന്നും രക്ത ചംക്രമണ സംവിധാനത്തെകുറിച്ച് അദ്ദേഹം ഉദ്ധരിച്ചവ കാണാന്‍ കഴിഞ്ഞു. ഇദ്ദേഹമാണ് ഈ ശാസ്ത്രത്തിന്റെ പിതാവെന്നായിരുന്നു ഗവേഷകര്‍ 1924 വരെ കരുതിയിരുന്നത.് അതിനിടെയാണ് ഡോ. മുഹ്‌യുദ്ദീന്‍ തത്വാവി അവ പൊളിച്ചെഴുതിയത്. ബെര്‍ലിന്‍ ലൈബ്രറിയില്‍ നിന്നും ഇബ്‌നു നഫീസിന്റെ കൃതിയുടെ കയ്യെഴുത്ത് പ്രതി അദ്ദേഹം കണ്ടെടുക്കുയും അതിനെ കേന്ദ്രീകരിച്ച് തന്റെ ഡോക്ടറേറ്റ് പ്രബന്ധം തയ്യാറാക്കുകയും ചെയ്തു.
തന്റെ കണ്ടെത്തലുകള്‍ മുഖേന അദ്ധ്യാപകരെയും സൂപ്പര്‍വൈസറെയും അദ്ദേഹം അല്‍ഭുതപ്പെടുത്തി. അവര്‍ക്ക് വിശ്വസിക്കാന്‍ പോലുമാവാത്ത തരത്തിലായിരുന്നു അവ. അറബി ഭാഷയില്‍ അവഗാഹമില്ലാത്തതിനാല്‍ അവ വായിച്ച് പരിശോധിക്കാന്‍ ഓറിയന്റെലിസ്റ്റായ മയര്‍ഹോഫിനെ ചുമതലപ്പെടുത്തി. അദ്ദേഹം അക്കാലത്ത് കൈറോവിലായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹമാവട്ടെ ഡോ.തത്വാവിയെ പൂര്‍ണമായും പിന്തുണക്കുകയാണ് ചെയ്തത്.
ഇറ്റാലിയന്‍ ചിന്തകനായ അല്‍ഡോ മയ്‌ലി മസ്‌നയ്ന്‍ എന്ന ഗ്രന്ഥം വായിച്ചു ഇപ്രകാരം പറഞ്ഞുവത്രെ.’സെര്‍ഫിത്യൂസിന്റെ അഭിപ്രായങ്ങളോട് പൂര്‍ണമായും യോജിക്കുന്നവയാണ് രക്ത ചംക്രമണ വ്യവസ്ഥയെകുറിച്ച് ഇബ്‌നു നഫീസിനുള്ളത്. അതിനാല്‍ തന്നെ സെര്‍ഫിത്യൂസിലേക്കോ, ഹാര്‍വിയിലേക്കോ അല്ല മറിച്ച് ഇബ്‌നു നഫീസിലേക്കാണ് ഈ ശാസ്ത്രം ചേര്‍ക്കേണ്ടത്.’

പ്രസിദ്ധമായ വൈജ്ഞാനിക മോഷണത്തിന് ചില ഉദാഹരണങ്ങള്‍
വൈജ്ഞാനിക മോഷണത്തിന്‍രെ ഇരകളാകാനായിരുന്നു മുസ്‌ലിം ശാസ്ത്രകാരന്‍മാരുടെ വിധി. അവക്കുള്ള കുറച്ച് ഉദാഹരണങ്ങളാണ് താഴെ:-
– സാമൂഹിക ശാസ്ത്രം ചേര്‍ക്കപ്പെടുന്നത് ഫ്രഞ്ചുകാരനായ ജൂതന്‍ ഡോര്‍കെയിമിലേക്കാണ്. എന്നാല്‍ ഈ ശാസ്ത്രത്തിന് അടിത്തറയിടുകയും വികസിപ്പിക്കുകയും ചെയ്തത് ഇബ്‌നു ഖല്‍ദൂന്‍ ആയിരുന്നു.
– ചലന സിദ്ധാന്തം ഐസക് ന്യൂട്ടനിലേക്കാണ് ചേര്‍ക്കപ്പെടുന്നത്. അത് കണ്ടെത്തിയതോ ഇബ്‌നു സീനാ, വഹബതുല്ലാഹ് മല്‍ഖാ എന്നീ പണ്ഡിതരാണ്.
– റോജര്‍ ബേക്കന്റെ പ്രസിദ്ധ ഗ്രന്ഥമായ സെപസ് മാജസിലെ അഞ്ചാം അദ്ധ്യായം പൂര്‍ണമായും ഇബ്‌നു ഹൈതമിന്റെ അല്‍ മുനാളിറിന്റെ പദാനുപദ വിവര്‍ത്തനമാണ്. ഗ്രന്ഥത്തെക്കുറിച്ചോ, കര്‍ത്താവിനെ കുറിച്ചോ ഒരു സൂചന പോലും നല്‍കാതെയാണിതെന്ന് മനസ്സിലാക്കണം.

ഇത്തരത്തിലുള്ള അനീതികള്‍ എന്ത് കൊണ്ട് മുസ്‌ലിങ്ങള്‍ക്ക് നേരെ നടക്കുന്നു. അവരുടെ പതിവ് ഇതില്‍ നിന്നും ഭിന്നമാണല്ലോ. വൈജ്ഞാനിക വിശ്വസ്തയാണ് അവരുടെ മുഖമുദ്ര. അദ്ധ്വാനവും പരിശ്രമവും വകവെച്ച് കൊടുക്കുന്നവരാണവര്‍. മറ്റ് നാഗരികതയിലുള്ളവരുടെ വൈജ്ഞാനിക സംഭാവനകള്‍ മോഷ്ടിച്ച് തങ്ങളുടെ പേരില്‍ പ്രസിദ്ധീകരിക്കുന്നവരല്ല അവര്‍. എന്നല്ല ആശയങ്ങള്‍ കടമെടുത്തവരുടെ പേര് വിവരങ്ങള്‍ കൊണ്ട് സമ്പന്നമാണ് അവരുടെ രചനകള്‍. ഹിപ്പോക്രാറ്റ്‌സ, ഗാലിനെ, സോക്രട്ടീസ്, അരിസ്‌റ്റോട്ടില്‍ തുടങ്ങിയവര്‍ ഇവരില്‍ പെടും. അവര്‍ക്ക് അര്‍ഹമായ സ്ഥാനമാനങ്ങളും മതിയായ ആദരവുകളും നല്‍കുകയും പരിഗണിക്കുകയും ചെയ്തിട്ടുണ്ട്. ഒരാള്‍ പോരും വിസ്മരിക്കപ്പെട്ടിട്ടില്ല. അവരുടെ പങ്ക് കൃതിയില്‍ എത്ര നിസ്സാരമാണെങ്കില്‍ പോലും.
ലോക പ്രശസ്ത മുസ്‌ലിം വൈദ്യ ശാസ്ത്ര പണ്ഡിതനായ അബൂബക്കര്‍ റാസി തന്റെ ഗ്രന്ഥമായ- വൈദ്യ ശാസ്ത്ര ചരിത്രത്തിലെ മഹത്തായ ഗ്രന്ഥം- അല്‍ ഹാവിയെകുറിച്ച് ഇപ്രകാരം രേഖപ്പെടുത്തുന്നു. ‘ഹിപ്പോക്രാറ്റ്‌സ്, ഗാലിനെ തുടങ്ങി വൈദ്യ ശാസത്രകാരന്‍മാരും അല്ലാത്തവരുമായ ധാരാളം പേരുടെ ഗ്രന്ഥങ്ങളില്‍ നിന്നും ഞാന്‍ വിവരം ശേഖരിച്ചിട്ടുണ്ട്. കൂടാതെ പോള്‍സ്, അഹറോന്‍, ഹുനൈന്‍ ബിന് ഇസ്ഹാഖ് തുടങ്ങിയവരെയും ഞാന്‍ അവലംബിച്ചിട്ടുണ്ട്.’
എല്ലാറ്റിനുമുപരിയായി ഇസ്‌ലാമിക ലോകത്തെ ലൈബ്രറികള്‍ മറ്റുള്ളവരുടെ രചനകള്‍ കൊണ്ട് നിബിഢമാണ്. വിവര്‍ത്തനം ചെയ്യപ്പെട്ട് അവയില്‍ മൂല കൃതിയുടെ പേരും രചയിതാവും വളരെ വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. എന്നല്ല മുസ്‌ലിം ശാസ്ത്രകാരന്റെ അഭിപ്രായങ്ങള്‍ അനുബന്ധമായി ചേര്‍ക്കുകയാണ് ചെയ്യുക. കാരണം രചയിതാവിന്റെ അഭിപ്രായത്തിന് യാതൊരു വിധ പോറലുമേല്‍ക്കരുതല്ലോ. അരിസ്‌റ്റോട്ടിലിന്റെ ഗ്രന്ഥത്തിന് ഫാറാബി അനുബന്ധമെഴുതിയത് ഉദാഹരണം.
മുസ്‌ലിം പണ്ഡിതരുടെ ശ്രേഷ്ഠത കുടികൊള്ളുന്നത് ഈ വൈജ്ഞാനിക വിശ്വസ്തയിലായിരുന്നു. അത് മുഖേനയാണ് മറ്റ് നാഗരികതകളിലെ ശാസ്തകരാന്‍മാരുടെ മുന്നില്‍ ഉദാത്ത മാതൃക സൃഷ്ടിച്ചെടുക്കാന്‍ അവര്‍ക്ക് സാധിച്ചതും.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Post