ഏതുസംഗതിയിലും നാം ഉദ്ദേശിച്ച ഫലം ലഭിക്കണമെങ്കില്‍ അതിന്റെ കാരണങ്ങളുടെ വാതിലുകളില്‍ മുട്ടുകയാണ് വേണ്ടത്. കാരണങ്ങളെ എത്ര മാത്രം പരിഗണിക്കുന്നുവോ അതിനനുസരിച്ചായിരിക്കും ഫലങ്ങള്‍ രൂപപ്പെടുക. കാരണങ്ങളും ഫലവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. കഠിനാധ്വാനം ചെയ്തവന്‍ ഫലം കാണുന്നതാണ്. വിത്തിറക്കിയവനേ കൊയ്‌തെടുക്കാനാവൂ. ഔന്നത്യം തേടുന്നവന്‍ രാത്രികള്‍ ഉറക്കമിളച്ചേ മതിയാവൂ. ഓരോ കഠിനാധ്വാനിക്കും അവന്റെ ഓഹരിയുണ്ട്. ജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രായോഗിക നിയമങ്ങള്‍ വ്യക്തമാക്കുന്ന പൊതു തത്ത്വങ്ങളാണ് ഇവ. എല്ലാ തലമുറകളിലും, ദര്‍ശനങ്ങളും, സമൂഹങ്ങളും, വര്‍ഗങ്ങളുമെല്ലാം ഒരു പോലെ അംഗീകരിക്കുന്നവയാണ് ഇവ. അതിനെ ആദരിക്കുന്നവര്‍ ആദരിക്കപ്പെടുകയും, തള്ളിക്കളയുന്നവര്‍ ബഹിഷ്‌കൃതരാവുകയും ചെയ്യുന്നു.
മേല്‍പറഞ്ഞ തത്ത്വങ്ങളില്‍ വിശ്വസിക്കാന്‍ നാം നിര്‍ബന്ധിതരാണ്. കാരണം അവയുണ്ടാക്കിയ നാഥനിലുള്ള വിശ്വാസത്തിന്റെ ഭാഗം തന്നെയാണ് ഇവയും. മനുഷ്യന്റെ കര്‍മവും അധ്വാനവുമായി ബന്ധപ്പെട്ട ഇത്തരം തത്ത്വങ്ങളെ യഥാര്‍ത്ഥ രൂപത്തില്‍ സ്വീകരിക്കുകയും തദടിസ്ഥാനത്തില്‍ മടിയോ, ആലസ്യമോ ഇല്ലാതെ പ്രവര്‍ത്തിക്കുകയുമാണ് വേണ്ടത്. കാറ്റത്ത് തൂക്കിയിട്ട തൂവല്‍ ആണ് മനുഷ്യന്‍, കാറ്റടിക്കുന്നിടത്തേക്ക് ചായുകയാണ് അത് ചെയ്യുക എന്ന നിലപാടല്ല നമുക്കുള്ളത്. മറിച്ച് പരിവര്‍ത്തനത്തിനും, മാറ്റത്തിനും ശേഷിയുള്ള മാനുഷികേഛയില്‍ വിശ്വസിക്കുന്നവരാണ് നാം. ആകാശത്തേക്ക് കണ്ണും നട്ട്് സ്വര്‍ണവും രത്‌നവും പ്രതീക്ഷിച്ചിരിക്കുന്ന വ്യാമോഹികളല്ല നാം.
മേലുദ്ധരിച്ച ജീവിതയാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ പ്രഥമമായി ബാധ്യതയുള്ളത് മുസ്‌ലിംകള്‍ക്ക് തന്നെയാണ്. ജീവിതം പച്ചപിടിക്കുന്നതിനാവശ്യമായ കാരണങ്ങള്‍ മുറുകെ പിടിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യണമെന്ന് ഇസ്‌ലാമിന്റെ അടിസ്ഥാന സ്രോതസ്സായ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഒരുപോലെ വ്യക്തമാക്കുന്ന യാഥാര്‍ത്ഥ്യമാണ്. മനുഷ്യന്റെ ജീവിതത്തെ പരിഷ്‌കരിക്കാനും, വികസിപ്പിക്കാനും ആവശ്യമായ എല്ലാ സാധ്യതകളും വിശ്വാസികള്‍ ഉപയോഗപ്പെടുത്തുകയും ഏറ്റവും ഉത്തമമായതിലേക്ക് മുന്നേറുകയും ചെയ്യേണ്ടതുണ്ട്.
തിരുമേനി(സ)യുടെ ഹിജ്‌റ അത്തരത്തിലുള്ള ഒരു കാല്‍വെപായിരുന്നു. മനോഹരവും തീര്‍ത്തും സുരക്ഷിതവുമായ ഒരു ആസൂത്രണമായിരുന്നു അത്. സാധ്യതകളെ ഉപയോഗപ്പെടുത്തി ലക്ഷ്യത്തിലേക്ക് നീങ്ങുകയെന്ന നിയമത്തിന്റെ പ്രായോഗിക പരിഭാഷയായിരുന്നു അത്. ഇസ്‌ലാമിക സമൂഹത്തിന്റെ എല്ലാ ഘടകങ്ങളുടെയും, സാധ്യതകളുടെയും, തയ്യാറെടുപ്പുകളുടെയും ഏറ്റവും പൂര്‍ണമായ ആവിഷ്‌കാരമായിരുന്നു അത്.
അല്ലാഹു ജനങ്ങളുടെ കുതന്ത്രങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്ത പ്രവാചകനായിരുന്നു ഹിജ്‌റയിലേ കേന്ദ്രബിന്ദു. എന്നാല്‍പോലും തന്നെ വലയം ചെയ്തിരിക്കുന്ന ചുറ്റുപാടുകളോടും യാഥാര്‍ത്ഥ്യങ്ങളോടും എങ്ങനെ സംവദിക്കണമെന്ന പാഠം തിരുമേനി(സ) വളരെ മനോഹരമായി ഹിജ്‌റയിലൂടെ പകര്‍ന്നുനല്‍കുകയുണ്ടായി. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് അകന്നുനിന്ന്, കുതറി മാറി വീട്ടിലിരുന്ന് ആകാശത്തേക്ക് കയ്യുയര്‍ത്തി പ്രാര്‍ത്ഥിക്കുന്നതിന് പകരം, എല്ലാ സാധ്യതകളും പരിശോധിച്ച് ഏറ്റവും സുരക്ഷിതമായ മാര്‍ഗം കണ്ടുപിടിച്ച് വിജയത്തിന്റെ എല്ലാ കാരണങ്ങളെയും നിജപ്പെടുത്തി യാത്ര തുടങ്ങുകയായിരുന്നു അദ്ദേഹം ചെയ്തത്. കാരണങ്ങളെ കൂട്ടുപിടിക്കുകയും, ആസൂത്രണം കൃത്യമാക്കുകയും ചെയ്തതിന് ശേഷമാണ് അവ പൂര്‍ണാര്‍ത്ഥത്തില്‍ നിറവേറ്റുന്നതിനായി അല്ലാഹുവിന്റെ മുന്നില്‍ കൈകള്‍ തിരുമേനി(സ) കൈകള്‍ നീട്ടിയത്.
പ്രയാസകരമായ ദീര്‍ഘദൂര യാത്രക്ക് വേണ്ട രണ്ട് വാഹനങ്ങള്‍, ഹിജ്‌റക്ക് തെരഞ്ഞെടുത്ത സമയം, ഖുറൈശികളുടെ കണ്ണില്‍ പൊടിയിട്ട് വളരെ രഹസ്യമായി വീട്ടില്‍ നിന്ന് പുറത്തുകടന്നത്, മക്കയിലെ വിശേഷങ്ങള്‍ സമയാസമയം അറിയിക്കാന്‍ ചാരനെ ഏര്‍പെടുത്തിയത്, ഥൗര്‍ ഗുഹയില്‍ താമസിച്ചത്, വഴികാട്ടിയായി അമുസ്‌ലിമിനെ തന്നെ സ്വീകരിച്ചത് തുടങ്ങി ഒട്ടേറെ ആസൂത്രണങ്ങള്‍ തിരുമേനി(സ) ഹിജ്‌റക്കായി നടത്തുകയുണ്ടായി.
വിശ്വാസികളുടെ മാതൃകയാണ് തിരുദൂതര്‍(സ) എന്നിരിക്കെ നാം എന്തു കൊണ്ട് അവ അനുധാവനം ചെയ്യുന്നില്ല! നമ്മുടെ ലക്ഷ്യത്തിലേക്ക് നയിക്കുന്ന കാരണങ്ങളും സാധ്യതകളും മുതലെടുക്കുകയാണ് നാം പ്രഥമമായും അവസാനമായും ചെയ്യേണ്ടത്. നമ്മുടെ കാരണങ്ങള്‍ തീര്‍ന്നു പോയാല്‍, വഴിമുട്ടിയാല്‍ ആകാശം അതിന്റെ മഹത്തായ കവാടം തുറക്കപ്പെടുകയും അല്ലാഹു നേരിട്ട് ഇടപെടുകയുമാണ് ചെയ്യുക. നൂഹ് പ്രവാചകനെ പ്രളയത്തില്‍ രക്ഷിച്ചതും, ഇബ്‌റാഹീമിന് തീയില്‍ തണുപ്പുനല്‍കിയതും, ഫറോവയെ ചെങ്കടലില്‍ മുക്കിയതുമെല്ലാം അവക്കുദാഹരണങ്ങളാണ്.