New Muslims APP

ചോദ്യഉത്തരങ്ങള്‍

ഇസ്ലാമിക  ശരീഅത്ത്

                      ചോദ്യ ഉത്തരങ്ങള്‍

നുണ പറഞ്ഞാല്‍ ?

ചോ: ഓണ്‍ ലൈനില്‍ ട്യൂഷനും മറ്റു ക്ലാസുകളും നടത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. പക്ഷേ ലൊക്കേഷന്‍ ഏതെന്ന് ചോദിക്കുമ്പോള്‍ പഠിതാവിനെ തൃപ്തിപ്പെടുത്താന്‍ അവരുടെ പട്ടണത്തില്‍ ഉള്ള ആളാണെന്ന് നുണപറയേണ്ടിവരും. അതെപ്പറ്റിയുള്ള വിധിയെന്താണ്?

ഉത്തരം: കളവുപറയുന്നതും വഞ്ചിക്കുന്നതും ഗുരുതരമായ പാപമായി ഇസ്‌ലാം കണക്കാക്കുന്നു. പ്രവാചകന്‍ മുഹമ്മദ് നബി(സ) ഇപ്രകാരം അരുള്‍ചെയ്തിരിക്കുന്നു: ‘നിങ്ങള്‍ സത്യത്തോട് പ്രതിബദ്ധത പുലര്‍ത്തുക. അത് നിങ്ങളെ നന്‍മയിലേക്കും നന്‍മ സ്വര്‍ഗത്തിലേക്കും കൊണ്ടെത്തിക്കുന്നു. കളവ് പറയുന്നതിനെ സൂക്ഷിക്കുക. കളവ് ദുര്‍വൃത്തികളിലേക്കും ദുര്‍വൃത്തികള്‍ നരകത്തിലേക്കും കൊണ്ടെത്തിക്കുന്നു. കള്ളംപറയുന്നവന്റെ പേര് നുണയന്‍ എന്ന് അല്ലാഹുവിന്റെ പക്കല്‍ എഴുതപ്പെടുന്നതുവരെ അവന്‍ നുണ പറഞ്ഞുകൊണ്ടേയിരിക്കും.'(മുസ് ലിം).

അതിനാല്‍ താങ്കള്‍ ലൊക്കേഷനെ ക്കുറിച്ച് ചോദിക്കപ്പെടുമ്പോള്‍ കളവ് പറയരുത്. ഉപജീവനം നേടാന്‍ കളവുപറയുന്നത് ഇസ് ലാമില്‍ അനുവദനീയമല്ല. ഹലാലല്ലാത്ത രീതിയില്‍ ഉപജീവനം കണ്ടെത്തുന്നവന്റെ പ്രാര്‍ഥന സ്വീകരിക്കുകയില്ലെന്ന് മുഹമ്മദ് നബി(സ)തിരുമേനി പറഞ്ഞിരിക്കുന്നു.
അതിനാല്‍ എത്രതന്നെ കൂടുതല്‍ ലാഭം പ്രതീക്ഷിച്ചുകൊണ്ടായാലും ശരി, നുണ പറയരുത്. അത്തരത്തില്‍ ലഭിക്കുന്ന വരുമാനം ഒട്ടുംതന്നെ അല്ലാഹുവിന്റെ അനുഗ്രഹം സിദ്ധിച്ചതാവുകയില്ല. ഹലാലായ മാര്‍ഗത്തില്‍ ചില്ലിക്കാശ് നേടുന്നതാണ് അധാര്‍മികരീതിയില്‍ ആളുകളെ പറ്റിച്ചും വഞ്ചിച്ചും കോടികള്‍ സമ്പാദിക്കുന്നതിനെക്കാള്‍ അല്ലാഹുവിന്റെ അനുഗ്രഹം നേടാന്‍ ഉത്തമമായത്.
ചുരുക്കത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് നടത്തി കുട്ടികളെ ആകര്‍ഷിക്കാനായി ലൊക്കേഷനെക്കുറിച്ച യഥാര്‍ഥവിവരം മറച്ചുവെക്കാന്‍ ദീന്‍ അനുവദിക്കുന്നില്ലെന്ന് മനസ്സിലാക്കുക.

ദേഷ്യം നിയന്ത്രിക്കാനാവുന്നില്ലേ ?

ചോ: എനിക്ക് വൈകാരിക വിക്ഷോഭങ്ങളെ നിയന്ത്രിക്കാനാവുന്നില്ല. നിസ്സാരകാര്യങ്ങളില്‍പോലും അസ്വസ്ഥത പ്രകടിപ്പിക്കുന്നു. പെട്ടെന്ന് തന്നെ കരയുകയും നെഞ്ചത്തടിച്ച് നിലവിളിക്കുകയുംചെയ്യും. തെറ്റാണ് ചെയ്യുന്നതെന്ന് അറിയാം. എന്നാലും മനസ്സിനെ നിയന്ത്രിക്കാനാവുന്നില്ല. ഞാനെന്താണ് ചെയ്യേണ്ടത് ?

ഉത്തരം: അല്ലാഹു പറയുന്നു: ‘ ധന്യതയിലും ദാരിദ്ര്യത്തിലും ധനം ചെലവഴിക്കുന്നവരും കോപം കടിച്ചിറക്കുന്നവരുമാണവര്‍; ജനങ്ങളോട് വിട്ടുവീഴ്ച കാണിക്കുന്നവരും. സല്‍സ്വഭാവികളെ അല്ലാഹു ഇഷ്ടപ്പെടുന്നു. വല്ല നീചകൃത്യവും ചെയ്യുകയോ, തങ്ങളോടുതന്നെ എന്തെങ്കിലും അക്രമം കാണിക്കുകയോ ചെയ്താല്‍ അപ്പോള്‍തന്നെ അല്ലാഹുവെ ഓര്‍ക്കുന്നവരാണവര്‍; തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പിരക്കുന്നവരും. പാപങ്ങള്‍ പൊറുക്കാന്‍ അല്ലാഹുവല്ലാതെ ആരുണ്ട്? അവരൊരിക്കലും തങ്ങള്‍ ചെയ്തുപോയ തെറ്റുകളില്‍ ബോധപൂര്‍വം ഉറച്ചുനില്‍ക്കുകയില്ല'(ആലുഇംറാന്‍ 133-134).
‘പിശാചില്‍ നിന്നുള്ള വല്ല ദുഷ്‌പ്രേരണയും നിന്നെ ബാധിച്ചാല്‍ നീ അല്ലാഹുവില്‍ ശരണംതേടുക. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്'(ഹാമീം അസ്സജദ 36)

ഇബ്‌നു മസ്ഊദ് (റ)ല്‍നിന്ന് : പ്രവാചകന്‍ തിരുമേനി(സ) പറഞ്ഞു: ‘മല്ലയുദ്ധത്തില്‍ തോല്‍പിക്കുന്നവനല്ല ; മറിച്ച്, കോപം വരുമ്പോള്‍ അത് അടക്കിനിറുത്താന്‍ കഴിയുന്നവനാണ് ശക്തന്‍'(മുസ്‌ലിം)
ലോകത്ത് യുദ്ധങ്ങള്‍, കൊലപാതകങ്ങള്‍, കുടുംബത്തകര്‍ച്ച എന്നുതുടങ്ങി എല്ലാ തിന്‍മയുടെയും മുഖ്യകാരണങ്ങളിലൊന്ന് കോപമാണെന്ന് ഇമാം ഗസ്സാലി തന്റെ മാസ്റ്റര്‍ പീസായ ഇഹ്‌യാ ഉലൂമിദ്ദീനില്‍ വിവരിക്കുന്നുണ്ട്.
അതിനാല്‍ നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ദേഷ്യം എന്നത് സ്വാഭാവികപ്രകൃതിയിലുള്ളതാണ്. അതിന് അതിന്റെതായ ലക്ഷ്യമുണ്ട്. ഒരുപ്രത്യേകസാഹചര്യത്തോട് പ്രതികരിക്കണമെന്ന് നമ്മെ ഉണര്‍ത്തുകയാണത് ചെയ്യുന്നത്. അതിനാല്‍ അത് ഗുണപരമായി ഉപയോഗിച്ചാല്‍ അതിന്റെ ഫലം മഹത്തരമായിരിക്കും. അതിനുപകരം നാം അക്രമിക്കാന്‍ തുനിഞ്ഞാല്‍ അത് നമുക്ക് ദോഷകരമായാണ് ഭവിക്കുകയെന്നറിയാമല്ലോ.

വിശ്വാസികള്‍ ആത്മനിയന്ത്രണം പരിശീലിക്കണമെന്ന് ഇസ്‌ലാം കല്‍പിക്കുന്നു. ചിന്താ-പ്രായോഗിക രീതികളിലൂടെ നമുക്ക് അത് പരിശീലിക്കാനാവും. ദേഷ്യം നിയന്ത്രിക്കാനായില്ലെങ്കില്‍ അത് നമ്മുടെ ശരീരത്തെയും മനസ്സിനെയും വളരെ ഗുരുതരമായി ബാധിക്കുമെന്ന തിരിച്ചറിവ് വെച്ചുപുലര്‍ത്തുന്നതാണ് ഒന്നാമത്തെ സംഗതി. ആ തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങളാണ് അടുത്തത്.
1.നമ്മുടെ ജീവിതത്തില്‍ ദുരന്തമുണ്ടാക്കുന്ന ഈ പ്രകൃതത്തെ ദുരുപയോഗംചെയ്യുന്ന പിശാചില്‍നിന്ന് അല്ലാഹുവില്‍ അഭയംതേടുകയാണ് ഒന്നാമതായി ചെയ്യേണ്ടത്. ദേഷ്യം നിയന്ത്രിക്കാന്‍ പ്രയാസപ്പെടുന്ന ചില അനുചരന്‍മാരോട് തിരുനബി(സ) ഇപ്രകാരം പ്രാര്‍ഥിക്കാന്‍ നിര്‍ദ്ദേശിച്ചു:’അഊദു ബില്ലാഹി മിനശ്ശൈത്വാനിര്‍റജീം'(ശപിക്കപ്പെട്ട പിശാചിന്റെ ഉപദ്രവത്തില്‍നിന്നും ഞാന്‍ അല്ലാഹുവിനോട് അഭയംതേടുന്നു).
2. ദേഷ്യം തോന്നിയാല്‍ അത് തണുപ്പിക്കാനായി ഉടന്‍ പോയി വുദു ഉണ്ടാക്കുക. സാധ്യമെങ്കില്‍ കുളിക്കുക. രണ്ട് റക്അത്ത് നമസ്‌കരിച്ചശേഷം അല്‍പദൂരം നടക്കുക.
എന്നാല്‍ കോപം വരുന്നത് ദീര്‍ഘനാളായുള്ള പ്രശ്‌നമാണെങ്കില്‍ അത്തരക്കാര്‍ പ്രൊഫഷണല്‍ കൗണ്‍സിലര്‍മാരുമായി പ്രശ്‌നം ചര്‍ച്ചചെയ്യേണ്ടതുണ്ട്. അതിവൈകാരികതകളെ നിയന്ത്രിക്കാന്‍ പരിശീലിപ്പിക്കുന്ന കോഴ്‌സുകള്‍ ഇക്കാലത്ത് യഥേഷ്ടമുണ്ട്. മാനസികാരോഗ്യത്തിനും ആത്മനിയന്ത്രണത്തിനും ഉതകുന്ന എല്ലാ ശാസ്ത്രീയമാര്‍ഗങ്ങളും മുസ്‌ലിംകളെന്ന നിലക്ക് നമുക്ക് അവലംബിക്കാവുന്നതാണ്. ആത്മനിയന്ത്രണം കൈവരിക്കാനായില്ലെങ്കില്‍ ജീവിതവിജയം കരസ്ഥമാക്കാനാവില്ലെന്ന് തിരിച്ചറിയുക.
അവസാനമായി, നല്‍കാനുള്ള ഉപദേശമിതാണ്: ദിക്‌റുകള്‍ ചൊല്ലുക. അല്ലാഹുവിനെക്കുറിച്ച സ്മരണയാണ് ദിക്‌റ്. അത് മനസ്സിനെ ശാന്തമാക്കുന്നു. ഇരുലോകത്തും മനുഷ്യന് മോക്ഷം സമ്മാനിക്കുന്നു. പ്രസ്തുതവിഷയത്തില്‍ നാം പ്രവാചകന്‍ തിരുമേനിയുടെ സുന്നത്തുകള്‍ അനുധാവനംചെയ്യുകയാണ് ഏറ്റവും ഉത്തമമായ വഴി.

വിവാഹിതയോട് ഇഷ്ടം ?

ചോ: ഞാനൊരു പെണ്‍കുട്ടിയെ സ്‌നേഹിക്കുന്നു. പക്ഷെ അവള്‍ എന്നെക്കാള്‍ പ്രായമുള്ളവളും വിവാഹിതയുമാണ് എന്നതാണ് പ്രശ്‌നം. മാത്രമല്ല, ഞാന്‍ സ്‌നേഹിക്കുന്നത് അവള്‍ക്കറിയില്ല. അവരെ എനിക്ക് സ്വര്‍ഗത്തില്‍ ലഭിക്കാന്‍ ഈലോകത്ത് ഞാനെന്താണ് ചെയ്യേണ്ടത് ?

ഉത്തരം: നിങ്ങള്‍ വിവാഹിതയായ ഒരു പെണ്‍കുട്ടിയെക്കുറിച്ച ചിന്ത മനസ്സില്‍വെച്ചുപുലര്‍ത്തുന്നത് തീര്‍ത്തും തെറ്റാണ്. അതെല്ലാം പൈശാചിക ദുര്‍ബോധനങ്ങളുടെ പ്രേരണയാലുണ്ടാകുന്ന ചിന്തകളാണ്. ശാരീരികവും മാനസികവും ആത്മീയവുമായ എല്ലാതരം ദുശ്ചെയ്തികളും മനുഷ്യന്‍ ചെയ്തുകൊണ്ടിരിക്കണമെന്ന് പിശാച് ആഗ്രഹിക്കുന്നു. അല്ലാഹു ഖുര്‍ആനില്‍ പറയുന്നു: ‘മനുഷ്യരേ, അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. അതിനാല്‍ ഇഹലോക ജീവിതം നിങ്ങളെ ചതിക്കാതിരിക്കട്ടെ. പെരുംവഞ്ചകനായ ചെകുത്താനും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ ചതിക്കാതിരിക്കട്ടെ'(ഫാത്വിര്‍ 5).

ജീവിതം വളരെ ഹ്രസ്വവും വിലപിടിച്ചതുമാണെന്ന യാഥാര്‍ഥ്യം വിസ്മരിക്കരുത്. നാം ഈ ലോകത്ത് ചെയ്യുന്ന നന്‍മകളാണ് നമ്മെ സ്വര്‍ഗത്തിലെത്തിക്കുക. ആഗ്രഹിച്ചതെന്തും ലഭിക്കുന്ന സ്വര്‍ഗത്തെ വിസ്മരിച്ച് വ്യര്‍ഥമായ ചിന്തകളിലും പകല്‍ക്കിനാക്കളിലും സമയം നഷ്ടപ്പെടുത്താതിരിക്കുക. അതുകൊണ്ട് പെണ്‍കുട്ടിയെക്കുറിച്ച ചിന്ത മനസ്സില്‍നിന്ന് പൂര്‍ണമായും തുടച്ചുമാറ്റുക. ഹലാലായ രീതിയില്‍ ദാമ്പത്യപങ്കാളിയെ ലഭിക്കാനും തൃപ്തികരമായ ജീവിതം ഉണ്ടാവാനും ആവശ്യമായ കാര്യങ്ങള്‍ക്കായി മുന്നോട്ടുനീങ്ങുക.
ഇതാണ് അല്ലാഹു നമ്മോട് ചെയ്യാന്‍ കല്‍പിച്ചിട്ടുള്ള കാര്യം. അത്തരം പ്രവര്‍ത്തനങ്ങളിലൂടെ അല്ലാഹുവിനുള്ള കീഴ്‌വണക്ക(ഇബാദത്ത്)മാണ് നാം സമര്‍പ്പിക്കുന്നത്. അത് നമ്മെ, ആഗ്രഹിച്ചതെന്തും കണ്‍മുന്നിലെത്തുന്ന സ്വര്‍ഗത്തിന്റെ അവകാശിയാക്കിമാറ്റുന്നു.
ഇമാം ശാഫിഈ പറയുന്നു:’നമ്മുടെ മനസ്സില്‍ നന്‍മയുളവാക്കുന്നതും പ്രയോജനമുള്ളതുമായ ചിന്തകള്‍ ഇല്ലെങ്കില്‍ പിശാച് തന്റെ പ്രവര്‍ത്തനങ്ങളില്‍ നമ്മെ ഏര്‍പ്പെടുത്തും.’

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.