പള്ളികള്‍: നന്മയുടെ വിളക്കുമാടങ്ങള്‍

 പള്ളികള്‍: നന്മയുടെ വിളക്കുമാടങ്ങള്‍
എഴുതിയത് : പി. അബ്ദുല്‍മജീദ്‌
المساجدമൂസാ പറഞ്ഞു: ‘എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നവരാണെങ്കില്‍ അവനില്‍ ഭരമേല്‍പിക്കുക. നിങ്ങള്‍ മുസ്ലിംകളെങ്കില്‍!’ അപ്പോഴവര്‍ പറഞ്ഞു: ‘ഞങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ അക്രമികളായ ഈ ജനത്തിന്റെ പീഡനങ്ങള്‍ക്കിരയാക്കരുതേ.’നിന്റെ കാരുണ്യത്താല്‍ ഞങ്ങളെ നീ സത്യനിഷേധികളായ ഈ ജനതയില്‍നിന്ന് രക്ഷിക്കേണമേ.’ മൂസാക്കും അദ്ദേഹത്തിന്റെ സഹോദരന്നും നാം ബോധനം നല്‍കി: നിങ്ങളിരുവരും നിങ്ങളുടെ ജനതക്കായി ഈജിപ്തില്‍ ഏതാനും വീടുകള്‍ തയ്യാറാക്കുക. നിങ്ങളുടെ വീടുകളെ നിങ്ങള്‍ ഖിബ്‌ലകളാക്കുക. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സത്യവിശ്വാസികളെ ശുഭവാര്‍ത്ത അറിയിക്കുകയും ചെയ്യുക. (യൂനുസ് 84-87)……………………………………………………………………………………………………………………………………
ഇസ്‌റാഈല്‍ സമൂഹത്തിന്റെ ശിഥിലമായ അവസ്ഥയെ വ്യക്തമാക്കുന്ന ഖുര്‍ആനിക സൂക്തമാണ് മുകളില്‍ പരാമര്‍ശിച്ചത്. ഇസ്‌റാഈല്‍ വംശം അഭിമുഖീകരിച്ചിരുന്ന കഷ്ട്തകളെക്കുറിച്ച് വിശുദ്ധഖുര്‍ആന്‍ പലയിടത്തായി പരാമര്‍ശിച്ചിട്ടുണ്ട്. സൂറത്തുബഖറയില്‍ അല്ലാഹു പറയുന്നു:
‘ഫറവോന്‍മാരുടെ അടിമത്തത്തില്‍നിന്ന് നാം നിങ്ങളെ മോചിപ്പിച്ചതോര്‍ക്കുക.അവര്‍ നിങ്ങളെ നിഷ്ഠുരമായി പീഡിപ്പിക്കുകയായിരുന്നു. നിങ്ങളുടെ പെണ്ണുങ്ങളെമാത്രം ജീവിക്കാനനുവദിച്ചുകൊണ്ട് ആണ്‍മക്കളെ അവര്‍ അറുകൊല ചെയ്തു. ആ അവസ്ഥയില്‍ റബ്ബിങ്കല്‍നിന്നുള്ള ഭയങ്കരമായ പരീക്ഷണത്തിലകപ്പെട്ടിരുന്നു നിങ്ങള്‍ ‘(അല്‍ബഖറ-49).ഈ തീക്ഷണമായ പരീക്ഷണ സന്ദര്‍ഭത്തില്‍ മൂസാ(അ)ക്ക് തന്റെ ജനങ്ങളെ ആശ്വസിപ്പിക്കാനാവശ്യമായ ഭൗതിക സന്നാഹങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക, നിങ്ങളുടെ മുന്നില്‍ ചെങ്കടലും പിന്നില്‍ ഫറോവയും സംഘവുമുണ്ട് രക്ഷ വേണമെങ്കില്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ച് അവനോട് പ്രാര്‍ത്ഥിക്കണം. അവരിലെ വിശ്വാസികള്‍ അല്ലാഹുവോട് പ്രാര്‍ത്ഥിച്ചപ്പോള്‍ അല്ലാഹു അവര്‍ക്ക് നല്‍കിയ മറുപടി ഇപ്രകാരമാണ്: നിങ്ങള്‍ ഈജിപ്തില്‍ പള്ളിയുണ്ടാക്കണം, പള്ളിയുണ്ടാക്കാന്‍ കഴിയാത്തവിധം ശക്തമായ നിയമങ്ങളാണ് ഈജിപ്തിലുള്ളതെങ്കില്‍ ആദ്യം വീടുണ്ടാക്കുകയും ആ വീടുകളെ പിന്നീട് സാവധാനം നിയമം അയവ് വരുന്നതിനനുസരിച്ച് പള്ളികളായി പരിവര്‍ത്തിപ്പിക്കണം. വിശുദ്ധ ഖുര്‍ആന്‍ അതിലേക്ക് വിരല്‍ ചൂണ്ടുന്നു: മൂസാക്കും അദ്ദേഹത്തിന്റെ സഹോദരന്നും നാം ബോധനം നല്‍കി: നിങ്ങളിരുവരും നിങ്ങളുടെ ജനതക്കായി ഈജിപ്തില്‍ ഏതാനും വീടുകള്‍ തയ്യാറാക്കുക. നിങ്ങളുടെ വീടുകളെ നിങ്ങള്‍ ഖിബ്ലകളാക്കുക. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സത്യവിശ്വാസികളെ ശുഭവാര്‍ത്ത അറിയിക്കുകയും ചെയ്യുക. (യൂനുസ് 87)

മുകളില്‍ സൂചിപ്പിച്ച ഖുര്‍ആന്‍ വചനങ്ങള്‍ വിശ്വാസി സമൂഹത്തിന് നല്‍കുന്ന വെളിച്ചമിതാണ്: നാട്ടിലെ പള്ളി നമ്മുടെ ആത്മീയ വളര്‍ച്ചയുടെ കേന്ദ്രം മാത്രമല്ല, മറിച്ച്, മൊത്തം സമൂഹത്തിന്റെ വളര്‍ച്ചയുടെ കേന്ദ്രം കൂടിയാണത്. സമൂഹത്തിന് അവിടെ നിന്ന് ആത്മീയ വളര്‍ച്ച മാത്രമല്ല ലഭിക്കേണ്ടത്. സാമൂഹികവും സാമ്പത്തികവുമായ ഉയര്‍ച്ചയുടെ കേന്ദ്രവും അതാവണം.
വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പള്ളിയെ നാടിന്റെ നിലനില്‍പിന്റെ ആധാരം എന്നര്‍ഥം വരുന്ന ‘ഖിയാമന്‍’ എന്ന പദം ഉപയോഗിച്ചാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഖുര്‍ആനില്‍ പിന്നീട് ഈ പദം സമ്പത്തിനെക്കുറിക്കാന്‍ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്.
ഉദാഹരണത്തിന്, പള്ളിയെക്കുറിച്ച് അല്ലാഹു പറയുന്നത് നോക്കൂ: ‘പവിത്ര ഭവനമായ കഅ്ബയെയും യുദ്ധം നിഷിദ്ധമായ മാസത്തെയും അല്ലാഹു ജനങ്ങളുടെ നിലനില്‍പിന് ആധാര(ഖിയാമന്‍)മാക്കിയിരിക്കുന്നു'(അല്‍മാഇദ-97). സമ്പത്തിന്റെ കാര്യത്തില്‍ ഉദാഹരിച്ചിരിക്കുന്നതിങ്ങനെ: ‘അല്ലാഹു നിങ്ങളുടെ നിലനില്‍പിനുള്ള മാര്‍ഗ്ഗമായി നിശ്ചയിച്ചു തന്നിരിക്കുന്ന നിങ്ങളുടെ സ്വത്തുക്കള്‍ നിങ്ങള്‍ വിവേകമില്ലാത്തവര്‍ക്ക് കൈവിട്ടു കൊടുക്കരുത്'(അന്നിസാഅ്:5).

സൂറത്തു ഖുറൈശില്‍ പള്ളി മുഖേനയുണ്ടാകേണ്ട അന്തരീക്ഷത്തെക്കുറിച്ച് പറയുന്നുണ്ട്: ‘അതിനാല്‍ ഈ ഭവനത്തിന്റെ നാഥനെ ആരാധിച്ച് കൊള്ളട്ടെ, (ആനാഥന്‍ ഈ പള്ളി മുഖേന)അവര്‍ക്ക് വിശപ്പിന് പകരം ഭക്ഷണവും ഭയത്തിന് പകരം നിര്‍ഭയവും നല്‍കി'(ഖുറൈശ്:3, 4).
ഇബ്‌റാഹീം (അ) ആദ്യ ദൈവഭവനമായ കഅ്ബ നിര്‍മച്ചതിന് ശേഷം പ്രാര്‍ത്ഥിച്ചതും ഈ നിര്‍ഭയത്വത്തെക്കുറിച്ചാണ്്: ‘ഇബ്‌റാഹീം പ്രാര്‍ഥിച്ചത് ഓര്‍ക്കുക: ‘എന്റെ നാഥാ! ഇതിനെ നീ ഭീതി ഏതുമില്ലാത്ത നാടാക്കേണമേ! ഇവിടെ പാര്‍ക്കുന്നവരില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് ആഹാരമായി കായ്കനികള്‍ നല്‍കേണമേ.’ അല്ലാഹു അറിയിച്ചു: ‘അവിശ്വാസിക്കും നാമതു നല്‍കും. ഇത്തിരി കാലത്തെ ജീവിതസുഖം മാത്രമാണ് അവന്നുണ്ടാവുക. പിന്നെ നാമവനെ നരക ശിക്ഷക്കു വിധേയനാക്കും. അത് ചീത്ത താവളം തന്നെ.’
(അല്‍ബഖറ-126)
ചുരുക്കത്തില്‍, മുകളില്‍ സൂചിപ്പിച്ച ഖുര്‍ആന്‍ വചനങ്ങളില്‍ നിന്ന് മനസ്സിലാവുന്നത് ഇതാണ്: നാട്ടില്‍ ഒരു പ്രഥമമായി ജനങ്ങളുടെ ആത്മീയ ഔന്നത്യത്തിനുള്ള കേന്ദ്രമാണ്. അതോടൊപ്പം നാടിന് നിര്‍ഭയത്വം നല്‍കുന്ന, നാടിന്റെ സാമൂഹിക സുഭിക്ഷതയുടെ കേന്ദ്രമാവുന്ന അവസ്ഥയിലേക്ക് പള്ളികള്‍ ഉയര്‍ന്നുവരണം. വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളുടെ സൂചനകള്‍ അത്തരം ചില പുനര്‍വായനകള്‍ക്കാണ് നമ്മെ പ്രേരിപ്പിക്കുന്നത്.

 

Related Post