വിശുദ്ധ ഖുര്‍ആന്‍

അബ്ദു റസ്സാക്ക്

മനുഷ്യരുടെ സന്‍മാര്‍ഗദര്‍ശനത്തിനായി ദൈവം അവതരിപ്പിച്ച അവസാനത്തെ വേദഗ്രന്ഥം. മുഹമ്മദ് നബിയുടെ 23 കൊല്ലക്കാലത്തെ പ്രവാചകത്വജീവിതത്തിനിടയില്‍ പലപ്പോഴായി ദൈവത്തില്‍നിന്ന് അവതരിച്ചുകിട്ടിയ വചനങ്ങള്‍. അറബി ഭാഷയിലുള്ള ഈ വചനങ്ങള്‍ ജിബ്‌രീല്‍(ഗബ്രിയേല്‍) എന്ന മലക്ക് മുഖേനയാണ് മുഹമ്മദ് നബിക്ക് നല്‍കപ്പെട്ടത്. 114 സൂറ(സര്‍ഗം)കളിലായി 6236 സൂക്തങ്ങള്‍(ആയത്തുകള്‍) ആണ് ഖുര്‍ആനിലുള്ളത്. ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിക്കുന്ന മുറക്ക് ധാരാളം പ്രവാചക ശിഷ്യന്മാര്‍ അത് എഴുതി സൂക്ഷിക്കുകയും ഹൃദിസ്ഥമാക്കുകയും ചെയ്തിരുന്നു. പ്രവാചകന്റെ വിയോഗശേഷം ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖിന്റെ കാലത്ത് പ്രവാചകന്‍ നിയോഗിച്ച എഴുത്തുകാരില്‍ ഒരാളായ സൈദുബ്‌നു ഥാബിതിനെ ഒറ്റഗ്രന്ഥമായി ക്രോഡീകരിക്കാന്‍ ഖലീഫ ചുമതലപ്പെടുത്തി. ഇങ്ങനെ സമാഹരിച്ച ഗ്രന്ഥം മുസ്ഹഫ് എന്നറിയപ്പെടുന്നു. പ്രവാചകന് അവതരിക്കുന്ന മുറക്ക് എഴുതിവെച്ച ഖുര്‍ആന്‍ വള്ളി പുള്ളി വ്യത്യാസമില്ലാതെ അതേരൂപത്തില്‍ തന്നെ ഇന്നും പാരായണം ചെയ്യപ്പെടുന്നു.

ലോകത്തു നിലനില്‍ക്കുന്ന ഇതരവേദങ്ങളുടെയെല്ലാം മൂലഭാഷകള്‍ മൃതമായിക്കഴിഞ്ഞിരിക്കുന്നു. മൂലഭാഷ സജീവമായ സംസാരഭാഷയായി നിലനില്‍ക്കുന്നുവെന്നതും മൂലഭാഷയില്‍തന്നെ പാരായണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നതും ഖുര്‍ആന്റെ മാത്രം സവിശേഷതയാണ്.quraan. അതിന് നടത്തപ്പെട്ട ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. ഖുര്‍ആനു തന്നെ, അതിന്റെ സ്വഭാവ പ്രകൃതികള്‍ അതേപടി ആവാഹിച്ച ഒരു തര്‍ജമ മറ്റൊരു ഭാഷയിലും നിര്‍മിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ഇത് ഖുര്‍ആന്റെ അലൗകികതയുടെയും ദൈവികതയുടെയും ദൃഷ്ടാന്തമായി കണക്കാക്കപ്പെടുന്നു.

മനുഷ്യ ജീവിതത്തിന്റെ വിജയകരമായ സാക്ഷാത്കാരത്തിനാവശ്യമായ തത്വങ്ങളും നിയമങ്ങളും മൗലിക രൂപത്തില്‍ സമ്പൂര്‍ണമായി ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്നു. പ്രവാചകന് ഓരോ ഖുര്‍ആന്‍ വചനവും അവതരിച്ചിരുന്നത് ആ വചനത്തിന്റെ ഉള്ളടക്കം ഏറ്റവും പ്രസക്തമാകുന്ന ചരിത്ര സാഹചര്യത്തിലായിരുന്നു. പ്രബോധകന്‍, സംഘാടകന്‍, സമൂഹനായകന്‍, സൈനികന്‍, അധ്യാപകന്‍, ഗൃഹനാഥന്‍, ന്യായാധിപന്‍, മര്‍ദിതന്‍, ജേതാവ് എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാ നിറങ്ങളെയും മാറിമാറി നേരിട്ടിട്ടുള്ള പ്രവാചകനാണ് മുഹമ്മദ് നബി. അതിനാല്‍ ജീവിതത്തിന്റെ എല്ലാ മുഖങ്ങളെയും ഖുര്‍ആന്‍ പ്രതിനിധീകരിക്കുന്നുണ്ട്. അതോടൊപ്പം അതിലെ തത്വങ്ങളും നിയമങ്ങളും കാലാതിവര്‍ത്തികളായി നിലകൊള്ളുകയും ചെയ്യുന്നു. ഓരോ കാലത്തും വായിക്കപ്പെടുമ്പോള്‍ അതതു കാലത്തിന്റെ സാമൂഹിക പരിതസ്ഥിതികളുമായി സംവദിക്കുന്ന പുതിയ പുതിയ ആശയങ്ങളും അര്‍ഥങ്ങളും പ്രസരിപ്പിക്കുന്നുവെന്നത് ഖുര്‍ആന്റെ നിത്യനൂതനത്വത്തെ വിളിച്ചോതുന്നു.

Related Post