അല്ലാഹുവിന്റെ നാമത്തില്‍

bismilla

ഫാതിഹ എന്ന അദ്ധ്യായത്തിന് മറ്റ് ചില പേരുകളുമുണ്ട്. സൂറത്തുല്‍ ഹംദ് (ദൈവസ്തുതിയുടെ അദ്ധ്യായം), ഉമ്മുല്‍ ഖുര്‍ആന്‍ (ഖുര്‍ആനിന്റെ മാതാവ്), ഉമ്മുല്‍ കിതാബ് (വേദത്തിന്റെ മാതാവ്), അസ്സബ്ഉല്‍ മസാനി (ആവര്‍ത്തിച്ചു വരുന്ന ഏഴ് സൂക്തങ്ങള്‍) എന്നിവയാണത്.

1. പരമകാരുണികനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
സുപ്രധാനവും ഗൗരവകരമായതുമായ മുഴുവന്‍ കാര്യങ്ങളും ഏകനായ അല്ലാഹുവിന്റെ നാമത്തില്‍ പ്രാരംഭം കുറിക്കുക എന്നത് വിശുദ്ധ ഖുര്‍ആന്‍ നമുക്ക് പകര്‍ന്നു തന്ന മഹത്തായ ചര്യകളിലൊന്നാണ്. ഒരു അധികാര പീഠത്തിന്റെയോ ദേശത്തിന്റെയോ രാജാവിന്റെയോ നേതാവിന്റെയോ നാമത്തിലല്ല നാം കാര്യങ്ങള്‍ തുടങ്ങുന്നത്, മറിച്ച് പ്രവാചകന് അവതീര്‍ണ്ണമായ പ്രഥമ സൂക്തത്തില്‍ കല്‍പിക്കപ്പെട്ടത് പോലെ ദൈവനാമത്തിലാണ് എല്ലാറ്റിന്റെയും തുടക്കം. ‘ നിന്നെ സൃഷ്ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ നീ തുടങ്ങുക.’ (അല്‍ അലഖ് : 1)

പ്രളയത്തെ അതിജീവിക്കാന്‍ നൂഹ് പ്രവാചകന്‍ കപ്പല്‍ പണിതപ്പോള്‍ ഇങ്ങനെ പറഞ്ഞു: ‘ആ കപ്പലില്‍ നിങ്ങള്‍ കയറുവിന്‍. അതിന്റെ സഞ്ചാരവും നങ്കൂരമിടലും അല്ലാഹുവിന്റെ നാമത്തിലത്രെ’. (ഹൂദ് : 41)

സബഇലെ രാജ്ഞിക്ക് സുലൈമാന്‍ നബി (അ) അയച്ച് സന്ദേശത്തില്‍ ഇപ്രകാരം കാണാം: ‘ (രാജ്ഞി പറഞ്ഞു) അത് (സന്ദേശം) സുലൈമാനില്‍ നിന്നുള്ളതാകുന്നു. ദയാപരനും കരുണാവാരിധിയുമായ അല്ലാഹുവില്‍ നിന്ന് ആരംഭിച്ചിട്ടുള്ളതാകുന്നു. വിഷയമൊ, ഇതത്രെ: എന്നോട് ധിക്കാരം പ്രവര്‍ത്തിക്കരുത്. അനുസരണമുള്ളവരായി എന്റെ സന്നിധിയില്‍ ഹാജരാവണം.’ (നംല് : 30, 31)

ബസ്മലയിലുള്‍ചേര്‍ന്ന മൂന്ന് നാമങ്ങള്‍
ഈ സൂക്തം (ബസ്മല) മൂന്ന് നാമങ്ങള്‍ ഉള്‍പ്പെട്ടതാണ്.
ഒന്ന്: ‘അല്ലാഹു’. ജലാലത്തിന്റെ (മാഹാത്മ്യം) നാമം എന്നാണ് ഇത് അറിയപ്പെടുന്നത്. ദൈവികതയുടെ അസ്തിത്വത്തെ കുറിക്കുന്ന പ്രധാന നാമമാണിത്. എതെങ്കിലും മൂല പദത്തില്‍ നിന്ന് നിഷ്പന്നമായ ഒരു പദമല്ല ഇത് എന്നതാണ് ശരിയായ നിരീക്ഷണം. മുഴുവന്‍ ന്യൂനതകളില്‍ നിന്നും മുക്തമായ പരിശുദ്ധിയുടെ പേരാണത്.

രണ്ട്: ‘ അര്‍റഹ്മാന്‍’ അഥവാ പരമകാരുണികന്‍. ഇതും അല്ലാഹുവിന്റെ ദിവ്യാസ്ഥിത്വത്തിന്റെ അടിസ്ഥാന നാമമാണ്. എന്നാല്‍ ‘ റഹ്മത്ത്’ എന്ന പദത്തില്‍ നിന്ന് നിഷ്പന്നമായി വന്നതുമാണ്. ഈ പദത്തിന്റെ ആശയം ‘റഹീം’ എന്ന പദത്തിന്റെ ആശയത്തെക്കാള്‍ മികച്ചു നില്‍ക്കുന്നുണ്ട്. ‘അല്ലാഹു’ എന്ന വിശിഷ്ട നാമത്തിന്റെ ഉള്ളടക്കത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന പദവും കൂടിയാണിത്. അല്ലാഹു എന്ന് വിളിക്കപ്പെടുന്നത് പോലെ ‘ റഹ്മാന്‍’ എന്ന് വിളിക്കപ്പെടുന്നുണ്ട്.
‘പരമദയാലു (അല്ലാഹു) ഈ ഖുര്‍ആന്‍ പഠിപ്പിച്ചു തന്നു.’ (അര്‍റഹ്മാന്‍ : 1-2)
‘ആ കരുണാവാരിധി (അല്ലാഹു) അധികാര പീഠത്തിലുപവിഷ്ടനായിരിക്കുന്നു.’ (ത്വാഹാ : 5)
‘പ്രവാചകരെ, ്അവരോട് പറയുക: ‘ അല്ലാഹുവിനെ വിളിച്ച് പ്രാര്‍ത്ഥിച്ച് കൊള്ളുക. അല്ലെങ്കില്‍ ‘ റഹ്മാനേ’ (കരുണാമയനെ) എന്നു വിളിച്ച് പ്രാര്‍ത്ഥിക്കുക. ഏത് പേരു വിളിച്ചും പ്രാര്‍ത്ഥിച്ചു കൊള്ളുക. വിശിഷ്ട നാമങ്ങളൊക്കെയും അവന്നുള്ളതാകുന്നു.’ (അല്‍ ഇസ്‌റാഅ് : 110)
‘ഇക്കൂട്ടരോട് റഹ്മാനെ (കരുണാമയനെ) സാഷ്ടാംഗം പ്രണമിക്കുവിന്‍ എന്ന് പറയപ്പെടുമ്പോള്‍, അവര്‍ ചോദിക്കുന്നു: ‘റഹ്മാനോ’ എന്താണത്? നീ പറയുന്നവരെ ഞങ്ങള്‍ പ്രണമിക്കണമെന്നോ? ഈ പ്രബോധനം അവരുടെ വെറുപ്പും വിരോധവും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്.’ (അല്‍ ഫുര്‍ഖാന്‍ : 60)
‘റഹ്മാന്റെ (കരുണാമയനായ അല്ലാഹുവിന്റെ) അടിമകള്‍ ഭൂമിയില്‍ വിനയത്തോടെ നടക്കുന്നവരാകുന്നു.’ (അല്‍ ഫുര്‍ഖാന്‍ : 63)
‘ജനം പരമകാരുണികനായ അല്ലാഹുവിന് കുട്ടികളുണ്ടെന്ന് വാദിച്ചു. ആരെയെങ്കിലും പുത്രനായി വരിക്കുക എന്ന് കാരുണികനായ തമ്പുരാന് ചേര്‍ന്നതല്ല. ആകാശഭൂമികളിലുള്ളവയൊക്കെയും ആ പരമകാരുണികന് അടിമകളാകേണ്ടവരാകുന്നു.’ (മര്‍യം : 91- 93)

മൂന്ന്: ‘റഹീം’  അഥവാ കരുണാവാരിധി. ‘റഹ്മാന്‍’ ‘റഹീം’ എന്നീ രണ്ട് പദങ്ങള്‍ ഒരുമിച്ച് വന്നതിന്റെ പൊരുള്‍ ഇതാണ്. അല്ലാഹു വിശാലമായ കാരുണ്യത്തിന്റെ ഉടമയാണ്. ഇപ്രകാരം അവന്‍ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ‘അവന്റെ കാരുണ്യം എല്ലാ വസ്തുക്കളെയും ചൂഴ്ന്ന് നില്‍ക്കുന്നു’. (അല്‍ അഅ്‌റാഫ് : 156)
ചിലരുടെ അഭിപ്രായത്തില്‍ ‘റഹ്മാന്‍’ എന്നാല്‍ സകല വസ്തുക്കളെയും ചൂഴ്ന്ന് നില്‍ക്കുന്ന കാരുണ്യത്തിനുടയവന്‍ എന്നാണെങ്കില്‍ ‘റഹീം’ എന്നാല്‍ അത്യധികം കരുണയുള്ളവന്‍ എന്നാകുന്നു.

മനുഷ്യനെ സംബന്ധിച്ച് കാരുണ്യമെന്നാല്‍ ആന്തരികമായ ഒരു വൈകാരിക അവസ്ഥയാണത്. സഹജീവികളോടുള്ള അലിവ്, സല്‍പെരുമാറ്റം തുടങ്ങിയവയിലേക്ക് നമ്മെ നയിക്കുന്ന അവര്‍ക്ക് നന്മ കൈവരുത്താനും അവര്‍ക്കുണ്ടാകുന്ന പ്രയാസങ്ങളെ ദൂരീകരിക്കാനും നമ്മെ പ്രേരിപ്പിക്കുന്ന ഹൃദയ നൈര്‍മല്യമാണ് മനുഷ്യനിലെ കാരുണ്യ ചോദന.

എന്നാല്‍ അല്ലാഹുവിലുള്ള കാരുണ്യം ഒരു പ്രത്യേക വൈകാരികാവസ്ഥയോ ഹൃദയ നൈര്‍മല്യമോ അല്ല. അത് അവന്റെ സത്തയിലും ഉണ്‍മയിലും നിലീനമായിട്ടുള്ള വിശേഷണമാണ്. തന്റെ അടിമകളോടുള്ള അലിവിന്റെ പ്രഭവകേന്ദ്രമതാണ്. സൂക്ഷ്മവും സ്ഥൂലവുമായ സകല അനുഗ്രഹങ്ങളും സൃഷ്ടികളിലെത്തുന്നത് ആ കാരുണ്യത്തില്‍ നിന്നാണ്. അല്ലാഹുവിന്റെ കഴിവ്, ഉദ്ദേശ്യം, ജീവിതം, കാഴ്ച്ച, കേള്‍വി തുടങ്ങി ‘അശ്അരിയാക്കള്‍’ അംഗീകരിച്ച സകല വിശേഷണ നാമങ്ങളുടെയും ആശയം അതര്‍ഹിക്കുന്നുണ്ട്. അല്ലാഹുവിന്റെ ജീവിതം, കേള്‍വി തുടങ്ങിയ അവസ്ഥ മനുഷ്യ ജീവിതവും അവന്റെ കേള്‍വിയും പോലെയുള്ള ഒന്നല്ല എന്നത് പ്രകാരം തന്നെ അല്ലാഹുവിന്റെ കാരുണ്യം മനുഷ്യന്റെ കാരുണ്യം പോലെയുള്ള ഒന്നല്ല.

‘റഹ്മാന്‍’, ‘റഹീം’ എന്നീ പദങ്ങളുടെ ആവര്‍ത്തനം:
വിശുദ്ധ ഖുര്‍ആനില്‍ അഞ്ചിടത്ത് ഈ രണ്ട് പദങ്ങളും ഒരുമിച്ച് വന്നിട്ടുണ്ട്. 113 സ്ഥലങ്ങളില്‍ ഖുര്‍ആനിലെ സൂറത്തുകളുടെ പ്രാരംഭത്തില്‍ വന്നതു കൂടാതെയാണിത്. ‘റഹ്മാന്‍’ എന്ന പദം 52 തവണയും ‘റഹീം’ എന്ന പദം 114 തവണയും സ്വതന്ത്രമായി വന്നിട്ടുണ്ട്. (തുടരും)

Related Post