പ്രവാചകന്‍ കുട്ടികളെ സ്‌നേഹിച്ച വിധം

children

പ്രവാചകന്‍ കുട്ടികളെ സ്‌നേഹിച്ച വിധം

തങ്ങള്‍ക്ക് ചുറ്റും നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച്>കുട്ടികള്‍ തീര്‍ത്തും അശ്രദ്ധരാണെന്ന ധാരണയാണ് ” പലര്‍ക്കുമുള്ളത്. എന്നാല്‍ ആ ധാരണ തികച്ചും തെറ്റാണ്. തങ്ങള്‍ക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെല്ലാം നിരീക്ഷിക്കുകയും മനസ്സിലാക്കുകയും അത് പിന്തുടരാന്‍ ശ്രമിക്കുന്നവരുമാണ് കുട്ടികള്‍. നൈര്‍മല്യമുള്ള ചെറിയ മനസ്സിന്റെ ഉടമകളാണ് കുട്ടികളെങ്കിലും ഉയര്‍ന്ന ഓര്‍മ്മ ശേഷി അവര്‍ക്കുണ്ട്. ഒരിക്കലും മാഴ്ച്ചുകളയാനാവാത്ത സ്വാധീനം ചുറ്റുപാടുകള്‍ അവരിലുണ്ടാക്കുന്നുമുണ്ട്.

കുട്ടികളുടെ സംസ്‌കരണ പ്രക്രിയയില്‍ ഇസ്‌ലാം ഇക്കാര്യം വളരെ പ്രാധാന്യത്തോടെ പരിഗണിക്കുന്നുണ്ട്. അതിനാല്‍ തന്നെ, ചെറുപ്പത്തില്‍ തന്നെ കുട്ടികളുടെ ഹൃദയത്തില്‍ പൗരുഷവും വെറുപ്പും വിദ്വേഷവും ഉണ്ടാക്കാതെ അവരുടെ മനസില്‍ സ്‌നേഹവും കാരുണ്യവും നൈര്‍മല്യവും വളര്‍ത്തി എടുക്കാനാണ് സംസ്‌കരണ പ്രക്രിയയില്‍ ഇസ്‌ലാം മുന്‍ഗണന നല്‍കുന്നത്. തലമുറകളുടെ അധ്യാപകനായ പ്രവാചകന്‍ (സ) ഇക്കാര്യത്തില്‍ കണിഷത പാലിച്ചിരുന്നു. ചെറിയ കുട്ടികളാണെങ്കില്‍ പോലും അവരെ പരിഗണിക്കുന്ന കാര്യത്തിലും അവരോട് കാരുണ്യവും അനുകമ്പയും പ്രകടിപ്പിക്കുന്ന കാര്യത്തിലും പ്രവാചകന്‍ പിശുക്ക് കാണിച്ചിരുന്നില്ല. അനസ് (റ) പറയുന്നു : ‘കുടുംബാംഗങ്ങളോട് പ്രവാചകനെപ്പോലെ കാരുണ്യത്തോടെ വര്‍ത്തിക്കുന്ന ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. പ്രവാചകന്റെ മകന്‍ ഇബ്രാഹീം മദീനയിലെ കുടുംബാംഗങ്ങള്‍ക്കിടയില്‍ മുലകുടിക്കുന്ന പ്രായത്തില്‍ പ്രവാചകന്‍ മകനെ കാണാന്‍ പുറപ്പെടും, ഞങ്ങളും അദ്ദേഹത്തോടൊപ്പം പോകും, അദ്ദേഹം വീട്ടില്‍ കയറി മകനെ എടുത്ത് ചുംബിച്ച് തിരിച്ചു പോരും’ (മുസ്‌ലിം)

മക്കളെ ചുംബിക്കുന്നവരായിരുന്നില്ല അക്കാലത്തെ അധികമാളുകളും, പ്രത്യേകിച്ച് സമൂഹത്തിലെ ഉന്നതരായ ആളുകള്‍. ഒരിക്കല്‍ പ്രവാചകന്‍ തന്റെ കുഞ്ഞിനെ ചുംബിക്കുന്നത് കണ്ട് ഒരു സ്വഹാബി ചോദിച്ചു : ‘പ്രവാചകനേ, അങ്ങ് താങ്കളുടെ മക്കളെ ചുംബിക്കാറുണ്ടോ? അല്ലാഹുവാണേ, എനിക്ക് പത്ത് മക്കളുണ്ട്, ഒരാളെയും ഞാനിതുവരെ ചുംബിച്ചിട്ടില്ല.’ പ്രവാചകന്‍ ദേഷ്യത്തോടെ അദ്ദേഹത്തിന് മറുപടി നല്‍കി ‘കാരുണ്യം കാണിക്കാത്തവര്‍ കാരുണ്യത്തിന് അര്‍ഹരാകുകയില്ല’. (ബുഖാരി).

കുട്ടികളോട് അടുത്തിടപഴകിയിരുന്ന പ്രവാചകന്‍ അവരുടെ മനസ്സില്‍ കാരുണ്യവും അനുകമ്പയും വളര്‍ത്തി. മാതൃഹൃദയത്തില്‍ നിന്നുണ്ടാകുന്ന സ്‌നേഹവും കാരുണ്യവുമാണ് കുട്ടികള്‍ പ്രവാചകനില്‍ നിന്നും അനുഭവിച്ചത്. ബറാഅ് (റ) പറയുന്നു : ‘ഒരിക്കല്‍ ഞാന്‍ പ്രവാചകനെ കാണുമ്പോള്‍ അദ്ദേഹത്തിന്റെ തോളില്‍ പേരക്കുട്ടിയായ ഹസനുബ്‌നു അലിയുണ്ട്. പ്രവാചകന്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു ‘അല്ലാഹുവേ ഇവനെ ഞാന്‍ ഇഷ്ടപ്പെടുന്നു, നീയും ഇവനെ ഇഷ്ടപ്പെടേണമേ’. (ബുഖാരി)

ഇത്തരത്തില്‍ കാരുണ്യത്തോടെയും നൈര്‍മല്യത്തോടെയുമുള്ള പെരുമാറ്റങ്ങളാണ് കുട്ടികളുടെ മനസ്സില്‍ സല്‍സ്വഭാവത്തിന്റെ ആദ്യവിത്ത് പാകുക. അവരുടെ പെരുമാറ്റവും സ്വഭാവവും രൂപപ്പെടുന്നിടത്ത് അത് ഏറെ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. അവരോടൊപ്പം കൂടുകയും അടുത്തിടപഴകുകയും ചെയ്യുന്നവരെയാണ് കുട്ടികള്‍ ഇഷ്ടപ്പെടുക. ദേഷ്യക്കാരും കഠിനമനസ്‌കരുമായവരെ കുട്ടികള്‍ വെറുക്കുകയും ചെയ്യുന്നു. ചെറുപ്രായത്തിലുള്ള കുട്ടികളുടെ പ്രകൃതം അറിയാവുന്ന പ്രവാചകന്‍ കുട്ടികളോട് പെരുമാറുമ്പോള്‍ അവരെ സന്തോഷിപ്പിക്കുന്ന തരത്തിലായിരുന്നു പെരുമാറിയിരുന്നത്. കുട്ടികളില്‍ സല്‍സ്വഭാവും ഉന്നത വ്യക്തിത്വവും വളര്‍ത്തിയെടുക്കാന്‍ ഉതകുന്ന രീതിയില്‍ തമാശ കലര്‍ത്തിയും നൈര്‍മല്യത്തോടെയും അദ്ദേഹം അവരോട് സംവദിക്കും.

അബൂഹുറൈറ (റ) പറയുന്നു : ഞങ്ങള്‍ റസൂലിനോടൊപ്പം ഇശാഅ് നമസ്‌കരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രവാചകന്‍ സുജൂദിലായ വേളയില്‍ ഹസനും ഹുസൈനും അദ്ദേഹത്തിന്റെ മുതുകില്‍ കയറി. അദ്ദേഹം തലയുയര്‍ത്തിയപ്പോള്‍ ഇരുവരെയും വളരെ പതുക്കെ പിടിച്ച് താഴെ വെച്ചു, അദ്ദേഹം വീണ്ടും സുജൂദ് ചെയ്തപ്പോള്‍ ഇരുവരും വീണ്ടും അദ്ദേഹത്തിന്റെ മുതുകില്‍ കയറി. നമസ്‌കാരം തീരുന്നത് വരെ ഇത് തുടര്‍ന്നു. ശേഷം അദ്ദേഹം ഇരുവരെയും പിടിച്ച് തന്റെ മടിയിലിരുത്തി. അബൂഹുറൈറ പറയുന്നു : ഞാന്‍ എഴുന്നേറ്റ് ചെന്ന് പ്രവാചകനോട് ചോദിച്ചു, ഇരുവരെയും ഞാന്‍ വീട്ടിലാക്കണമോ? അപ്പോള്‍ ആകാശത്ത് ഒരു മിന്നല്‍ പിണറുണ്ടായി, പ്രവാചകന്‍ ഹസനോടും ഹുസൈനോടും പറഞ്ഞു ‘നിങ്ങള്‍ ഉമ്മയുടെ അടുത്തേക്ക് പോയിക്കൊള്ളൂ’. (അഹ്മദ്).

ചെറുപ്പം മുതല്‍ പ്രവാചന്റെ സേവകനായിരുന്ന അനസ് (റ) പറയുന്നു : ‘ഞാന്‍ പ്രവാചകനെ 9 വര്‍ഷത്തോളം സേവിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും എന്തെങ്കിലും ചെയ്തതിന്റേയോ ചെയ്യാത്തതിന്റേയോ പേരില്‍ പ്രവാചകന്‍ എന്നെ ആക്ഷേപിച്ചിട്ടില്ല.’

കുട്ടികളുടെ അടുത്തുകൂടി പ്രവാചകന്‍ നടന്നുപോകാന്‍ ഇടയായാല്‍ അവരോട് പുഞ്ചിരിക്കാതെ അവരുടെ ഹൃദയത്തില്‍ എന്നെന്നും നിലനില്‍ക്കുന്ന നന്മ നിറഞ്ഞ ഓര്‍മ്മ സമ്മാനിക്കാതെ പ്രവാചകന്‍ കടന്നുപോയിരുന്നില്ല. യഅ്‌ലാ ബിന്‍ മുര്‍റ പറയുന്നു : ഒരിക്കല്‍ ഞാന്‍ പ്രവാചകനോടൊപ്പം ഭക്ഷണം കഴിക്കാനിറങ്ങി. വഴിയില്‍ വെച്ച് ഹുസൈനുബ്‌നു അലി കളിക്കുന്നത് കണ്ട് പ്രവാചകന്‍ ഹുസൈനെ എടുക്കാന്‍ കൈ നീട്ടി, ഉടന്‍ കുട്ടികളെല്ലാം ഓടി വന്നു, പ്രവാചകന്‍ അവരോടൊപ്പം ചേര്‍ന്ന് ചിരിച്ചുകൊണ്ട് ഉസാമതുബ്‌നു സൈദിനെയും ഹസനുബ്‌നു അലിയ്യിനെയും എടുത്ത് തന്റെ തുടയില്‍ വെച്ചു, കുട്ടികളെല്ലാം അദ്ദേഹത്തിന്റെ ചുറ്റും കൂടിനിന്നു. പ്രവാചകന്‍ ഇരുവരെയും ചേര്‍ത്ത്പിടിച്ച് ഇങ്ങനെ പ്രാര്‍ഥിച്ചു ‘അല്ലാഹു ഞാന്‍ ഇവരോട് കാരുണ്യം കാണിക്കുന്നു, നീയും ഇവര്‍ക്ക് കരുണ ചെയ്യേണമേ’ (ബുഖാരി).

ആരാധാനാ കര്‍മ്മങ്ങളില്‍ വരെ കുട്ടികളെ പ്രവാചകന്‍ പരിഗണിച്ചിരുന്നു. കുട്ടികള്‍ക്ക് പ്രയാസമാകാതിരിക്കാന്‍ നമസ്‌കാരം അധികം നീട്ടാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരിന്നു. പ്രവാചകന്റെ മകള്‍ സൈനബിന്റെ മകള്‍ ഉമാമ ഒരിക്കല്‍ നമസ്‌കാര സമയത്ത് പ്രവാചകന്റെ അടുക്കല്‍ വന്നു. നമസ്‌കാരത്തില്‍ ഉമാമയെ തോളിലെടുത്ത് വെച്ച പ്രവാചകന്‍ റുകൂഇലായപ്പോള്‍ അവളെ നിലത്ത് വെച്ചു. വീണ്ടും എഴുന്നേറ്റപ്പോള്‍ തോളെത്ത് വെച്ചതായി ‘മുവത്വ’യില്‍ ഇമാം മാലിക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജാബിറുബ്‌നു സംറ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു : ‘ഞാന്‍ പ്രവാചകന്റെ കൂടെ നമസ്‌കരിച്ചു. ശേഷം പ്രവാചകന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പുറപ്പെട്ടു, ഞാനും അദ്ദേഹത്തിന്റെ കൂടെ പുറപ്പെട്ടു. അപ്പോള്‍ കുറേ കുട്ടികള്‍ വന്ന് പ്രവാചകനെ സ്വീകരിച്ചു. പ്രവാചകന്‍ അവരുടെ ഓരോരുത്തരുടെയും കവിള്‍ തലോടി, എന്റെ കവിളും തലോടി. അപ്പോള്‍ എനിക്ക് തണുപ്പും നല്ല അത്തറിന്റെ സുഗന്ധവും അനുഭവപ്പെട്ടു’ (മുസ്‌ലിം)

ഇപ്രകാരമായിരുന്നു പ്രവാചകന്‍ കുട്ടികളോട് പെരുമാറിയിരുന്നതും അവരോട് സ്‌നേഹം കാണിച്ചിരുന്നതും. കുട്ടികളുടെ മജ്ജയിലും മാംസത്തിലും അവരുടെ കണ്ണീരിലും പ്രവാചകന്‍ ചേര്‍ന്നുനിന്നു. അവര്‍ അദ്ദേഹത്തിന്റെ സ്‌നേഹത്തെ അങ്ങേയറ്റം വിലയേറിയതായി കാണുകയും ചെയ്തു. ലോകത്തിന് ഈ ഉത്തമ മാതൃക കാണിച്ചു കൊടുക്കാന്‍ നമ്മള്‍ തയ്യാറാവുക.

ഖാലിദ് റൂശ

Related Post